വാഴക്കുല യ്ക്ക് 80 വയസ്സ്

  വാഴക്കുല ക്കു 80  വയസ്സ് 
=============  ചങ്ങമ്പുഴ


കാലഘട്ടത്തോട് കലഹിക്കുന്ന , അടിമ ഉടമ, ജന്മി കുടിയാൻ   സമ്പ്രദായവും ഉച്ചനീചത്വവും നിലനില്ക്കേ,വിശപ്പിനോട് പൊരുതിയ ഒരു സമൂഹവും പ്രതിപാദ്യമായ് 1937 ഇൽ  ചങ്ങമ്പുഴ രചിച്ച അതിപ്രശസ്തമായ വാഴക്കുല എന്ന കൃതി പിറന്നിട്ട് ഏതാണ്ട് 80 വർഷമാകുന്നു! 


സമൂഹത്തിൽ ചലനങ്ങൾ സൃഷ്ടിക്കാൻ പോന്ന , ഒരു തലമുറയ്ക്കു മുഴുവനും വിപ്ലവോർജ്ജം പകർന്ന കവിതയാണു.ഇത്. 

തോൽക്കുന്നവന്റെ, പുറംതള്ളപ്പെടുന്നവന്റെ  മനഃസാക്ഷിക്കൊപ്പം നിന്ന കവിത ,അതുകൊണ്ടുതന്നെ കാലത്തെ അതിജീവിക്കാൻ പോന്ന കവിതയായി ഇന്നും വാഴക്കുലയെ കാണാം! 

 ഭാഷയും ലളിതപദങ്ങളും അഞ്ചിക്കുഴഞ്ഞുലഞ്ഞാടി കാവ്യനർത്തകി ലയലാസ്യനൃത്തം വച്ച തൂലികയിൽ നിന്നും ആ സൗന്ദര്യം ഒട്ടുംചോരാതെയാണു കാലത്തോടു പൊരുതുന്ന ,വെല്ലുവിളിക്കുന്ന ,
വാഴക്കുല പോലൊരു കൃതി കവി രചിച്ചിരിക്കുന്നത്. 



മരതകക്കൂമ്പു പൊടിച്ചുവന്ന പോലെയാണു മനതാരിലോരോരോ   ആശകൾ എന്നതിൽ  , ആ 'മരതകക്കൂമ്പു ' എന്നതു എത്ര സുന്ദരപദമാണു!!  സുന്ദരോപമയാണു !
മലയപ്പുലയന്റേയും കുടുംബത്തിന്റെയും ആശയും പ്രതീക്ഷയുമായാണു മാടത്തിൻ മുറ്റത്തെ വാഴവളർന്നുവരുന്നത്. ആ പ്രതീക്ഷകൾക്ക് വെള്ളമൊഴിച്ചു കതിരിടുന്ന പോലെയാണു,   അരുമക്കിടാങ്ങളിലൊന്നായി പുലക്കള്ളി അതിനെ ഓമനിച്ചു എന്നുമൊക്കെയുള്ള വരികൾ വരുന്നത്.  

 "മനതാരിലാശകൾപോലതിലോരോരോ
മരതകക്കൂമ്പു പൊടിച്ചുവന്നു.
അരുമക്കിടാങ്ങളിലൊന്നായതിനേയു -
മഴകിപ്പുലക്കള്ളിയോമനിച്ചു.".   
 അതിമനോഹരമായ സംജ്ഞയാണീ വരികളിലുള്ളത് ! ഭാഷയിലും പ്രയോഗങ്ങളിലും വരുത്തിയിരിക്കുന്ന കീഴാളതയും ശ്രദ്ധേയമാണു. തമ്പിരാൻ,സാദൊള്ള .....തുടങ്ങി അവരുടെ പേരുകളിൽ തുടങ്ങി  ഈ പദസമ്പന്നത നിറഞ്ഞുനിൽക്കുന്നു. 

എന്നാൽ  ഇല്ലായ്മയിലും വല്ലായ്മയിലും കഴിഞ്ഞിരുന്ന ജാതിവ്യവസ്ഥിതിയിൽ താഴേക്കിടയിലുള്ള ഒരു വിഭാഗത്തെ കേന്ദ്രസ്ഥാനത്ത് നിറുത്തി മേലെക്കിടയിലുള്ളവർ നിർമ്മിച്ച നീതിവ്യവസ്ഥയെ ചോദ്യം ചെയ്യുകയും സ്വയം നിസ്വനുമാവുന്ന  കവിയേയും കാണാം !. 

" അവശന്മാ,രാർത്തന്മാരാലംബഹീനന്മാ -
രവരുടെ സങ്കടമാരറിയാൻ?
പണമുള്ളോർ നിർമ്മിച്ച നീതിക്കിതിലൊന്നും 
പറയുവാനില്ലേ ? --- ഞാൻ പിൻവലിച്ചു !"  
ഹൊ!ഹോ..എനിക്കിനിയൊന്നും പറയാനില്ലേ , ഞാനൊന്നും പറഞ്ഞില്ലേ എന്നു നിലവിലുള്ള വ്യവസ്ഥിതിയോട് കലഹിച്ചും അസഹ്യതയോടെയുമാണു കവി   "ഞാൻ പിൻവലിച്ചു " എന്നുമൊക്കെ എഴുതുന്നത് !അതൊരിക്കലും അധികാരവ്യവസ്ഥയെ ഭയന്നിട്ടാവാൻ സാധ്യതയില്ല .   

മലയപ്പുലയനും ഭാര്യ അഴകിയും കരുമാടിക്കുട്ടന്മാരായ മക്കൾ മാതേവനും  ,തേവനും, വള്ളോനും കരുവള്ളോനും,കേളനും നീലിയും മാത്രമല്ല മുറ്റത്തെ വാഴയും ആ കുടുംബത്തിൽ ഒരംഗമായി അനുഭവപ്പെടും! 

"പകലൊക്കെപ്പൈതങ്ങളാ വാഴത്തൈത്തണൽ-
പ്പരവതാനിക്കുമേൽ ചെന്നിരിക്കും .
പൊരിയും വയറുമായുച്ചക്കൊടുംവെയില്
ചൊരിയുമ്പൊ,ഴുതപ്പുലക്കിടാങ്ങൾ,
അവിടെയിരുന്നു കളിപ്പതു കാൺകിലേ -
തലിയാത്ത ഹൃത്തുമലിഞ്ഞുപോകും ! " 

വാഴ കുലയ്ക്കുന്നതും പഴം കട്ടുതിന്നുന്നതും മറ്റും പറഞ്ഞു കുട്ടികൾ 
തമ്മിൽത്തല്ലുന്നതും അവരുടെ കുസൃതികളെങ്കിലും മലയന്റെ വികാരങ്ങൾ ചിന്തനീയവും വേദനിപ്പിക്കുന്നതുമാണു .ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള /ജന്മിയും കുടിയാനും തമ്മിലുള്ള അന്തരം ആ വരികളിൽ എടുത്തുപറയുന്നുണ്ട്.  

" ഉടയോന്റെ മേടയിലുണ്ണികൾ പഞ്ചാര-
ച്ചുടുപാലടയുണ്ടുറങ്ങിടുമ്പോൾ,
അവനുടെ കണ്മണിക്കുഞ്ഞുങ്ങൾ പട്ടിണി -
യ്ക്കലയണമുച്ചക്കൊടുംവെയിലിൽ !" 

ആ കുഞ്ഞുങ്ങൾക്ക് തൊണ്ട നനയ്ക്കാൻ തോട്ടുവെള്ളമേ ഉള്ളൂ എന്ന് കവിയും സങ്കടപ്പെടുന്നു . വാഴകുലച്ചപ്പോൾ പുലക്കുടിലിൽ തിരുവോണം വന്നൂ എന്നാണു കവി പറയുന്നത്.ആരുടെയും ഹൃദയത്തിൽ തട്ടുന്ന രചനാപാടവം!

     കുല വെട്ടിവിറ്റു അച്ഛൻ അരിവാങ്ങുമെന്ന് ,കളിചിരിക്കിടെ കുട്ടികൾ  പറയുമ്പോൾ  അവരറിയാതെപോലും ആ ഒരു ആശങ്കയും രുചിയേറിയ ഭക്ഷണം അവർക്കെത്ര അന്യമാണെന്നാണു വിവക്ഷിക്കുന്നത്.വാഴക്കുലയെ ചുറ്റിയുള്ള കുട്ടികളുടെ സംവാദങ്ങൾ കേട്ടുകേട്ട് ഒരുവേള വാഴപോലും വേഗം കുലയ്ക്കണമെന്നു ആഗ്രഹിച്ചുപോയിട്ടുണ്ടാവും എന്നു  കവിവാക്യം! 

"കഴിവതും വേഗം കുലയ്ക്കണമെന്നുള്ളിൽ -
ക്കരുതിയിരിക്കുമാ വാഴ പോലും !"

കാവ്യം ,ഭാവന എല്ലാം ലളിതസുന്ദരം എന്നു പറയുന്നത് ഇതാവാം അല്ലേ...!

കാത്തുകാത്തിരുന്ന വാഴ കുലയ്ക്കുമ്പോൾ കുട്ടികൾക്കുണ്ടാവുന്ന 
സന്തോഷവും ആനന്ദവും അതിന്റെ പരമാനന്ദ ലഹരിയിലാണു കവി വർണ്ണിച്ചിരിക്കുന്നത്.

"തെരുതെരെക്കൈകൊട്ടിത്തുള്ളിക്കളിക്കുന്നു
പരമസന്തുഷ്ടരായ്ക്കണ്മണികൾ."

"സരസമായ് മാതേവൻ കേളന്റെ തോളത്തു
വിരൽ തട്ടിത്താളം പിടിച്ചു നില്പൂ ." 

"അമിതസന്തുഷ്ടിയാൽ തുള്ളിക്കളിക്കയാ -
ണരുമക്കിടാങ്ങൾ തൻ ചുറ്റുമായി ;"

"അരുമക്കിടാങ്ങൾ തന്നാനന്ദം കാൺകയാ -
ലഴകിക്കു ചിത്തം നിറഞ്ഞുപോയി ."
ഇത്രയേറെ ആശിച്ചു കൊതിച്ച കുട്ടികളുടെ മുന്നിൽ ,  
"'കുലവെട്ടാൻ കത്തിയുയർത്തിയ കൈയുകൾ
നിലവിട്ടു വാടിത്തളർന്നുപോയി .'"

' കുല വെട്ടി -- ശൈശവോല്ലാസകപോതത്തിൻ ' 

  ഉല്ലാസം നിറഞ്ഞുവരുന്ന ശൈശവത്തിന്റെ  കഴുത്തിനാണു ആ വെട്ട് കിട്ടിയിരിക്കുന്നത് .
എന്നിങ്ങനെ ഇടനെഞ്ചു വിങ്ങുന്ന വേദനയുമായ് നിൽക്കുന്ന മലയനെന്ന വെറും കുടിയാന്റെ മനസ്സിന്റെ പൊട്ടലുകളും നിസ്സഹായതയും വളരെ തന്മയത്വവും കാവ്യഭാവന ചോർന്നുപോകാതെയും ശക്തമായ ഭാഷയിലുമാണു കവി വിവരിച്ചിരിക്കുന്നത്.

' ഒരു വെറും പ്രേതംകണക്കതാ മേൽക്കുമേൽ
മലയന്റെ വക്ത്രം വിളർത്തുപോയി !
കുല തോളിലേന്തി പ്രതിമയെപ്പോലവൻ ...." 

" ഇരുൾ വന്നു മൂടുന്നു മലയന്റെ കൺമുമ്പി, -
ലിടറുന്നു കാലുകളെന്തു ചെയ്യും ?"

ഇങ്ങനെ വിങ്ങിവിങ്ങി അവസാനം കനിവറ്റ ലോകത്തോടു കവി രോഷം കൊള്ളുന്നതിങ്ങനെയാണു.

"ഇടനെഞ്ഞു പൊട്ടി,യിപ്പാവങ്ങളിങ്ങനെ -
യിവിടെക്കിടന്നു തുലഞ്ഞിടട്ടേ .
അവർതൻ തലയോടുകൾകൊണ്ടു വിത്തേശ്വര -
രരമന കെട്ടിപ്പടുത്തിടട്ടേ .
അവരുടെ ഹൃദ്രക്തമൂറ്റിക്കുടിച്ചവ -
രവകാശഗർവ്വം നടിച്ചിടട്ടേ ."
'കുല തോളിലേന്തി പ്രതിമ പോലങ്ങനെ
മലയനാ മുറ്റത്തു നിന്നുപോയി . 

വാക്കുകൾ കിട്ടാതെ തൊണ്ടയിടറി മലയൻ എന്തുപറയണമെന്നറിയാതെ  കല്പിച്ചു തമ്പിരാൻ എന്ന ഏതാനും വാക്കുകൾ തീകോരിടുന്നു  ...

"ഒരുവിധം ഗദ്ഗദം ഞെക്കിഞെരുക്കിയ
കുറെയക്ഷരങ്ങൾ തെറിപ്പൂ കാറ്റിൽ :
" കരയാതെ മക്കളേ ..... കല്പിച്ചു ... തമ്പിരാൻ...
ഒരുവാഴ വേറെ ...ഞാൻ കൊണ്ടുപോട്ടെ ! "

പിന്നിൽ കുട്ടികൾ അലമുറയിടുമ്പോൾ എല്ലാ വേദനയും നെഞ്ചിലേറ്റി തമ്പുരാന്റെ കല്പനയിൽ , എല്ലുമുറിയെ പണിയെടുത്തവന്റെ എല്ലാ സ്വപ്നങ്ങളും വിശപ്പും ദാഹവും അടിയറ വച്ച ,പീഡിതരായ ഒരു വിഭാഗത്തിന്റെ വക്താവായി കവി ചോദിക്കുന്നു .....

"അവശന്മാ,രാർത്തന്മാരാലംബഹീനന്മാ -
രവരുടെ സങ്കടമാരറിയാൻ?
പണമുള്ളോർ നിർമ്മിച്ച നീതിക്കിതിലൊന്നും
പറയുവാനില്ലേ ? --- ഞാൻ പിൻവലിച്ചു !" 

സമൂഹത്തിൽ ചലനങ്ങൾ സൃഷ്ടിക്കാൻ പോന്ന , ഒരു തലമുറയ്ക്കു മുഴുവനും വിപ്ലവോർജ്ജം പകർന്ന കവിതയാണു.ഇത്. 

തോൽക്കുന്നവന്റെ, പുറംതള്ളപ്പെടുന്നവന്റെ  മനഃസാക്ഷിക്കൊപ്പം നിന്ന കവിത ! അതുകൊണ്ടുതന്നെ കാലത്തെ അതിജീവിക്കാൻ പോന്ന കവിതയായി ഇന്നും വാഴക്കുലയെ കാണാം!,

വരും തലമുറകൾക്ക് നേരെ ചോദ്യചിഹ്നമുയർത്തിക്കൊണ്ടാണു കവിയും പിൻ തിരിയുന്നത്...അല്ലെങ്കിൽ 
ഇതിനൊക്കെപ്രതികാരം ചെയ്യാതടങ്ങുമോ
പതിതരേ , നിങ്ങൾതൻ പിന്മുറക്കാർ?" എന്നു ചോദിക്കുമ്പോൾ ഒരുപക്ഷേ പ്രതികാരം ചെയ്യും എന്നു സംശയലേശമന്യേ പ്രസ്താവിക്കുന്നതുമായ് വായിക്കാം!  

 "അഴിമതി,യക്രമ,മത്യന്തരൂക്ഷമാ -
മപരാധം, നിശിതമാമശനിപാതം !
കളവെന്തെന്നറിയാത്ത പാവങ്ങൾ പൈതങ്ങൾ
കനിവറ്റ ലോകം , കപടലോകം !
നിസ്വാർത്ഥസേവനം, നിർദ്ദയമർദ്ദനം
നിസ്സഹായത്വം, ഹാ, നിത്യദുഃഖം !
നിഹതാനിരാശാ തിമിരം ഭയങ്കരം !
നിരുപാധികോഗ്രനിനിയമഭാരം ! --
ഇതിനൊക്കെപ്രതികാരം ചെയ്യാതടങ്ങുമോ
പതിതരേ , നിങ്ങൾതൻ പിന്മുറക്കാർ?" 

കവിത ആസ്വാദ്യകരമായിരിക്കണം! അപ്പോൾ അത് വികാരങ്ങളാൽ നിറഞ്ഞുകവിഞ്ഞു കയ്പ്പും മധുരവും കണ്ണീരുമൊക്കെയായി വായിക്കുന്നവന്റെ മനസ്സിൽ തൊടും.

80 വർഷങ്ങൾക്കിപ്പുറം കാലത്തിനും  കവിതയിലും വന്ന മാറ്റങ്ങൾ ...  എത്രയൊക്കെയായാലും ഇന്നും ഈ കവിതക്ക് ജീവനുണ്ട്...  കാരണം ഇതിനു ആത്മാവുണ്ട് . ഇതിൽ ജീവിതമുണ്ട്.   
മഹാകവിക്കു പ്രണാമം!
സ്നേഹപൂർവ്വം  
മായ ബാലകൃഷ്ണൻ.

Comments

  1. The cricket betting app download process on Khelraja is quick, safe, and user-friendly. With simple installation steps, users can start enjoying matches in minutes. The app is optimized for smooth performance, secure transactions, and fast access, making Khelraja a reliable choice for mobile users across India.

    ReplyDelete

Post a Comment

Popular posts from this blog

കൃഷ്ണ കവിത

ഇതിഹാസ വഴിയിലൂടെ !