സൗഹൃദം ! സുകൃതം !!
സൗഹൃദങ്ങള്‍ സുകൃതമാകണം ! ജീവിത അദ്ധ്യായത്തില്‍ നിന്ന് പറിച്ചെടുത്ത ഒരേടാണിത് ! ഇന്നെനിക്ക് ഒത്തിരി സൗഹൃദങ്ങള്‍ ഉണ്ട് . എങ്കിൽ തന്നെയും എന്‍റെ ജീവിതത്തിന്‍റെ തന്നെ ഭാഗമായി ,ബാല്യ കൗമാര ,യൗവനങ്ങളെ പുണർന്ന് , സ്നേഹ ഗംഗയായി ഒഴുകിയ ഒരു അസുലഭ സൗഹൃദത്തിനു ഭാഗ്യം സിദ്ധിച്ചവളാണു ഞാൻ !
ചില സൗഹൃദങ്ങള്‍ അങ്ങനെയാണ് .അവ മുറിഞ്ഞു പോകുന്നത് നമുക്ക് സങ്കല്‍പ്പിക്കാനേ കഴിയില്ല .തായ് വേരു പോലെ നമ്മെ പിടിച്ചു നിറുത്തുന്നവയായിരിക്കും .
നാലു വയസ്സില്‍ തുടങ്ങി ഇന്നും അതിരുകളില്ലാതെ ,അതിര്‍വരമ്പുകളില്ലാതെ ഒഴുകുന്ന സൗഹൃദമാണ് ഞങ്ങളുടെത് . ആശാന്‍ പള്ളിക്കൂടത്തിലേക്ക് പാട വരമ്പിലൂടെ മുന്നില്‍ പിന്നില്‍ പോകുമ്പോള്‍ തിരിഞ്ഞു നോക്കി,തിരിഞ്ഞു നോക്കി ചിരിച്ചു കാട്ടി , ആ വരമ്പില്‍ കുത്തിയിരുന്ന് ചെളി വെള്ളത്തില്‍ കയ്യിട്ടു പൊടി മീനുകളെ തപ്പിപിടിച്ച്, ആ മുറ്റത്തെ പച്ചപ്പുല്ലില്‍ തുള്ളിച്ചാടി, കൈമാറി തുടങ്ങിയ സൗഹൃദം ,
പിന്നീട് ,ആദ്യമായി ഒന്നാം ക്ലാസ്സ് മുറിയുടെ വാതിക്കല്‍ പരിഭ്രമിച്ച് നില്‍ക്കുമ്പോള്‍, കുട്ടികളുടെ ഇടയില്‍ നിന്നും ചിരിക്കുന്ന മുഖവുമായി , ഒരു കുഞ്ഞു കൈ എന്നെ മാടി വിളിച്ചു. അത് അവളായിരുന്നു . ഓടി അടുത്ത് ചെന്നപ്പോള്‍ ബെഞ്ചില്‍ ഒതുങ്ങിയിരുന്ന് ഇത്തിരി ഇടം ഉണ്ടാക്കി എന്നെയും അരികില്‍ പിടിച്ചിരുത്തി . അന്നൊരുക്കി തന്ന ആ സൗഹൃദ തണല്‍ എന്നത്തേക്കുമാകുമെന്ന്മ ഞാനുറിഞ്ഞിരുന്നില്ല .
അവിടന്നങ്ങോട്ട് പരസ്പരം രണ്ടു ബിന്ദുക്കളായി ,നിഴലായി ഇടവും വലവും തോളുരുമ്മി, വായിച്ചും കളിച്ചും പഠിച്ചും, കൊച്ചു കൊച്ചു പരീക്ഷണങ്ങളും നിരീക്ഷണങ്ങളുമായി നടന്ന, ഞങ്ങളുടെ ആദ്യ പത്തു പതിനൊന്നു വര്‍ഷങ്ങള്‍ . വഴി പിരിയലുകള്‍ അനിവാര്യമാണ് . എങ്കിലും യാത്ര ചൊല്ലാതെ, ഇരു ദിശകളിലായി, പരസ്പര വൈരുദ്ധ്യങ്ങളുടെ നെറുകയിലൂടെയായി ഞങ്ങളുടെ യാത്രകള്‍ എന്നു മാത്രം .
സ്റ്റെത്തും ,കോട്ടും അണിഞ്ഞ് മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തു അവളും , സ്പിരിറ്റും മരുന്നും മണക്കുന്ന ഹോസ്പിറ്റല്‍ റൂമുകള്‍ തോറും വൈദ്യശാസ്ത്ര മേഖലയില്‍ ഒരു പരീക്ഷണ വസ്തുവായി ഞാനും എന്‍റെ യാത്രകള്‍ തുടങ്ങി. .എന്നിരിക്കിലും മാസങ്ങളുടെ ഇടവേളകളില്‍ കൃത്യമായും അവൾ എന്നെത്തേടിയെത്തുന്ന ദിനങ്ങള്‍ .ഞാനും കാത്തിരിക്കും . ആര്‍ത്തിയോടെ പരസ്പരം കെട്ടുപൊട്ടിക്കാന്‍ കാത്തു വയ്ക്കുന്ന വിശേഷങ്ങളുടെ ഒരു ഭാണ്ഡം തന്നെയുണ്ടാകും ഞങ്ങള്‍ക്കിടയില്‍.
അരിഷ്ട് വും കുഴമ്പും മണക്കുന്ന, കയ്പ്പും ചവര്‍പ്പും നിറഞ്ഞ ആ ഇരുണ്ട ദിനങ്ങളിലും എന്‍റെ കുട്ടീ , നീ ഓടി വന്നു എന്‍റെ കട്ടിലിനരികെ മുട്ടുകുത്തി ഇരുന്നു, എന്തുമാത്രം വിശേഷങ്ങളാണ് എന്നോട് പറഞ്ഞിരുന്നത് .ഞാന്‍ എന്നെ തന്നെ മറന്നു പോയ നിമിഷങ്ങളായിരുന്നു അവയെല്ലാം . ഞാന്‍ കാണാത്ത ക്യാമ്പസ് , സൗഹൃദങ്ങള്‍, തികച്ചും അപരിചിതമായ മെഡിക്കല്‍ വിദ്യാഭ്യാസ രംഗങ്ങള്‍ ,അങ്ങനെ പരസ്പരം കാണാത്ത നിന്‍റെ സുഹൃത്തുകള് എന്‍റെയും സുഹൃത്തുക്കളായി . പരസ്പരം കാണാതെ സ്നേഹാന്വേഷണങ്ങളും സൗഹൃദങ്ങളും കൈമാറി . കടിച്ചു കീറുന്ന വേദനകളുടെ കൊടുങ്കാട്ടില്‍ ഒടുങ്ങാതെ, എന്നെ നീ ചേര്‍ത്തു നിര്‍ത്തി .
പിന്നെയും, കാറും കോളും ഒഴിഞ്ഞ ദിനങ്ങളില്‍ പരസ്പരം വായിച്ചു തീര്‍ത്ത പുസ്തകങ്ങള്‍ , കഥാകാരന്മാര്‍ , അന്നെല്ലാം ആഴ്ച്ചപ്പതിപ്പിന്റെ താളുകളിലൂടെ ദൈവത്തിന്‍റെ കണ്ണുമായ് N P യും, മരുന്നും കുഞ്ഞിക്കയും , മുൻപേ പറക്കുന്ന പക്ഷിയുമായ് സി രാധാകൃഷ്ണനും അരങ്ങു കാണാത്ത നടനിലൂടെ തിക്കോടിയനും ,കോവിലനുമെല്ലാം വായനയുടെ തട്ടകത്തില്‍ അരങ്ങു തകര്‍ത്ത കാലം .ഞങ്ങളും വായനയുടെ പുതുലോകത്ത് എത്തിപ്പെടുകയായിരുന്നു .
നീ പറഞ്ഞു തരുന്ന , തിയറ്ററില്‍ എത്തുന്ന പുതു സിനിമ വിശേഷങ്ങല്ക്കൊപ്പം ,TV കാഴ്ച്ചകളുടെ ആരംഭ ദശയില്‍ , നിഴലും, ഇലയനക്കവും കണ്ടു, വായുവില്‍ ഊതിവിടുന്ന ബീഡിപ്പുകയുടെ ദിശയും നോക്കിയിരുന്ന്, ഉറക്കമിളച്ചു വാശിയോടെ കണ്ടു തീര്‍ത്ത പവിത്രന്റെയും ബക്കറിന്‍റെയും സിനിമകള്‍ മുതല്‍ , വളരെ ആകാക്ഷയോടെ കണ്ട പഥേര്‍ പാഞ്ചാലിയും ,ചാരുതയും വരെ സംസാര വിഷയമാകും .! സത്യജിത് റോയിയേയും മണി കൌള്‍ നെയും പോലുള്ള അതുല്യ പ്രതിഭകളെ നമ്മുടെ തലമുറ, അറിയുന്നത് ആ കാഴചകളിളൂടെയാണു. . പിന്നെയും ഗിരീഷ് കര്‍ണാട് ,ഓം പുരി നസറുദ്ദീന്‍ ഷാ,രോഹിണി ഹട്ടംഗഡി തുടങ്ങിയ അഭിനയ പ്രതിഭകളുടെ ഷോര്‍ട്ട് ഫിലിംമുകളും ഡോകുമെന്ററി ചിത്രങ്ങള്‍ , സ്പോര്‍ട്സും രാഷ്ട്രീയവും എന്നു വേണ്ട, അന്നത്തെ T V ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്ത വായനക്കാരും ,നാട്ടു വീട്ടു വിശേഷങ്ങള്‍ വരെ, ഇടതടവില്ലാതെ സംസാരം നീണ്ടു പോകുമ്പോള്‍ അമ്മമാര്‍ ചോദിക്കുന്നുണ്ടാവും . എന്താ ഈ കുട്ടികള്‍ക്ക് ഇത്ര മാത്രം സംസാരിക്കാനുള്ളത്.എന്ന് !!
എന്നാല്‍ ഈ വര്‍ത്തമാനങ്ങള്‍ക്കിടെ ഒരിക്കല്‍ പോലും കണ്ണുകള്‍ കലങ്ങാനോ തുളുമ്പാനോ ഇടമില്ലാതെ ,80 പതുകളുടെ അവസാന പാദങ്ങളും , 90 കളിലും ഞാനും അവള്‍ക്കൊപ്പം നടന്നു തീര്‍ത്തു .
ചിലപ്പോള്‍ കാത്തിരുന്ന് കാണാതെ വരുമ്പോള്‍ ,ഇടവേളകളുടെ ദൈര്‍ഘ്യം കൂടുമ്പോള്‍, മനസ്സ് വല്ലാതെ വിങ്ങും. വേരുകള്‍ അറ്റ് ഒന്നൊന്നായി അടര്‍ന്നു ഞാന്‍ ഒറ്റപ്പെടുകയാണോ ?! എന്നെ കൈ വെടിഞ്ഞു പോകയാണോ !?,മനസ്സ് കലമ്പും വിതുമ്പും . എന്നാല്‍ ആ ദിനങ്ങളില്‍ തന്നെ ഒരു കോളിംഗ് ബെല്ലിന്‍റെ അകമ്പടി പോലുമില്ലാതെ തിടുക്കപ്പെട്ടു എന്റെയരികിലേക്ക് ഓടിയെത്തുമ്പോള്‍ , ഒരു കുറ്റബോധം എന്നെ വിഴുങ്ങും .പക്ഷെ ആശങ്കകള്ക്കോ പരിഭവങ്ങള്‍ക്കോ ഇട നല്‍കാതെ മനസ്സിലെ കൊടുങ്കാറ്റ് അതിനകം കെട്ടടങ്ങിയിട്ടുണ്ടാകും .
ശാരീരികമായി ഞാന്‍ ഏറെ വിഷമിച്ചിരിക്കുന്ന ദിനങ്ങളില്‍ ,ഒരു ദേവദൂതികയെ പോലെ എന്‍റെ മുന്നില്‍ പ്രത്യക്ഷപ്പെടാറുണ്ട് .അപ്പോഴെല്ലാം ഒരു Six ‘th സെന്‍സ് ഞങ്ങള്‍ക്കിയില്‍ പ്രവര്‍ത്തിക്കുന്നില്ലേ എന്ന് എനിക്കു തോന്നിയിട്ടുണ്ട് .
എന്‍റെ മുറിവുകള്‍ ഡ്രസ്സ് ചെയ്ത് തന്നിട്ടുണ്ട് ,എനിക്ക് ബ്രഷ് ചെയ്ത് തന്നിട്ടുണ്ട്, മരുന്നുകള്‍ കുറിച്ച് തന്നിട്ടുണ്ട് , അപ്പോഴൊക്കെ എന്‍റെ കണ്ണുകള്‍ നിറയും .എന്തിനാ കുട്ടീ ! ഇത്രയൊക്കെ ?നിനക്ക് എന്നെ മറന്നു പോകാമായിരുന്നില്ലേ ? ഒന്നൊഴിയാതെ സൗഹൃദങ്ങള്‍ എല്ലാം കൊഴിഞ്ഞു പോയിട്ടും നീ മാത്രം ! മനസ്സ് ഇടറും . പക്ഷെ ഒരിക്കല്‍ പോലും അങ്ങനെ ചോദിക്കാന്‍ എനിക്കായിട്ടില്ല .
ഇതിനിടയില്‍ ഏവിടെയെങ്കിലുമൊക്കെ ഹോസ്പിറ്റല്‍ റൂം അഡ്രസ്സുകളിലെക്കും വീട്ടിലേക്കുമെല്ലാം എന്നെ തേടി എത്തുന്ന കത്തുകളും ഗ്രീറ്റിങ്ങ്സ് കാര്‍ഡുകളും .പലപ്പോഴും അവയ്ക്കെല്ലാം മറുപടി എഴുതാനും എനിക്കാവാറില്ല .എങ്കിലും എന്‍റെ എല്ലാ പരിമിതികളും അറിഞ്ഞു കൊണ്ട് , എനിക്കെഴുതുമായിരുന്നു .
പതിയെ കത്തുകളില്‍ നിന്നും ലാന്‍ഡ് ഫോണിലേക്കും മൊബൈലിലെക്കും ,കാലത്തിനൊത്ത് ഞങ്ങള്‍ ഒഴുകി ;
വര്‍ഷങ്ങള്‍ക്കിപ്പുറം പഴയ ആ സ്കൂള്‍ ഓട്ടൊഗ്രാഫ് താളുകള്‍ മറിച്ചു നോക്കുമ്പോഴാണ് ഞാനും ആ സത്യം അറിയുന്നത് ; അവളുടെ ആ ഉരുണ്ട മുത്തുമണികള്‍ പോലുള്ള അക്ഷരങ്ങളില്‍ ,ഒരു വരി പോലും എനിക്കായി അതില്‍ കുറിച്ചിട്ടിട്ടില്ല . ഇല്ല ,ഞാനും !! കൂട്ടുകാര്‍ മത്സരിച്ചു എഴുതി നിറയ്ക്കുമ്പോഴും ഞങ്ങള്‍ മാത്രം എന്തേ പരസ്പരം മറന്നു പോയി ?!! ഉത്തരം കിട്ടാത്ത ചോദ്യമായി തോന്നി ആദ്യം അത് .
പക്ഷേ, അതൊരു സത്യം തന്നെയായിരുന്നു . തിരിച്ചറിവായിരുന്നു . അങ്ങനെ ഒട്ടൊഗ്രാഫ് താളുകളില്‍ സൗഹൃദം കുത്തിക്കുറിച്ചു വഴി പിരിയേണ്ടവരായിരുന്നില്ല
ഞങ്ങള്‍ !
ആത്മാവിന്‍റെ പുസ്തകത്താളില്‍ സ്നേഹ ലിപികളാല്‍, ഹൃദയം ചേര്‍ത്ത് വച്ച് സൗഹൃദം കുറിച്ചവരായിരുന്നു എന്ന് കാലം തെളിയിക്കുകയായിരുന്നു .
ഒന്നായ കണ്ണി മാങ്ങകള്‍ പകുത്ത് നല്കുമ്പോഴോ ,ഒരുമിച്ചുള്ള യാത്രകളില്‍ പരസ്പരം , കാത്തു നില്‍പ്പിന്‍റെ മുഷിച്ചിലുകള്‍ അലട്ടാതെ സമയം കടന്നു പോകുമ്പോഴോ, അറിഞ്ഞിരുന്നില്ല ,അന്ന് പകുത്ത് കൊടുത്ത സ്നേഹം ഇത്രയേറെ തിരിച്ചു കിട്ടുമെന്ന് !!
ഇന്ന് എന്‍റെ വിരല്‍ ത്തുമ്പില്‍ അവള്‍ ഒളിച്ചിരുപ്പുണ്ട്. ജീവിതത്തിലെ മറക്കാനാവാത്ത ചില നിമിഷങ്ങള്‍ എന്ന് പറയുമ്പോള്‍ അന്ന് നീ എന്നെ സ്നേഹം കൊണ്ട് വീര്‍പ്പു മുട്ടിച്ച സന്ദര്‍ഭമാണ് ഓര്‍മ്മ വരുന്നത് . ഒരു മോളു ജനിച്ച ആ ദിവസ്സങ്ങളില്‍,ഹോസ്പിറ്റല്‍ റൂമില്‍ നിന്ന് എന്നെ വിളിച്ചു സന്തോഷം പങ്കിടുമ്പോള്‍ ,എന്നോട് ചോദിച്ചല്ലോ ... “മായേ ....അപര്‍ണ്ണ എന്ന പേര് മായയ്ക്ക് ഇഷ്ടമാണോ ? .നല്ലതാണോ, അതിടട്ടേ ?മായേ ”
എന്‍റെ കുട്ടീ എനിക്ക് ഇതില്‍ പരം എന്ത് വേണം . ഇന്നും നിനക്ക് ഒരു മാറ്റവും വന്നിട്ടില്ലല്ലോ . വിദ്യയേറുമ്പോള്‍ വിനയമേറുമോ !
മുളങ്കുന്നത്തു കാവില്‍ നിന്നും കുമാരപുരത്തു നിന്നും കോട്ടയത്തു നിന്നും ഓടിയെത്തിയിരുന്ന പോലെ , ഇന്ന് ഒരു അസ്സോസിയേറ്റ് പ്രൊഫസ്സറുടെ തലക്കനമൊന്നുമില്ലാതെ, ബംഗളുരുവില്‍ നിന്നും,വീണു കിട്ടുന്ന അവസരങ്ങളില്‍ ,ആ പഴയ കൂട്ടുകാരിയായി ഓടി വന്നു എന്‍റെ അരികിലിരിക്കുന്ന നിന്നെ ഞാന്‍ ഇങ്ങനെയല്ലാതെ എങ്ങനെയാണ് എന്‍റെ പുതിയ കൂട്ടുകാര്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുക !
വേണമെങ്കില്‍ ഇങ്ങനെ പറയാമായിരുന്നു . മുന്‍ പ്രസിഡണ്ട് ശ്രീ ഡോ . APJ അബ്ദുല്‍ കലാം മിന്‍റെ വാക്കുകളെ ശിരസ്സാവഹിക്കുന്ന ഒരു കൂട്ടുകാരി . അല്ലെങ്കിലും എനിക്ക് അഭിമാനമുണ്ട് .കവിതകള്‍ ചൊല്ലിയും കഥകള്‍ എഴുതിയും നടന്ന അന്ന്, ആ ഇളം മനസ്സില്‍,എന്തിനേക്കാളും ജീവന്‍റെ മൂല്യമറിയുന്ന , പാവങ്ങളോട് കാരുണ്യവും ദയയും അലിവുമുള്ള ഒരു കുഞ്ഞു ഡോക്ടര്‍ ഒളിച്ചിരുപ്പുള്ളത് ഞാന്‍ അറിഞ്ഞിട്ടുള്ളതാണല്ലോ .
ഒന്നു മനസ്സയയ്ച്ചാല്‍ , ഇന്ന് ഏതു വിദേശ യൂണിവേഴ്സിറ്റിയും രണ്ടു കയ്യും നീട്ടി സ്വീകരിക്കുമെന്ന് ഉറപ്പുണ്ടായിട്ടും , പാതി കുടുംബം വിദേശത്തായിരുന്നിട്ടും പലപ്പോഴും ഞാനും ചോദിച്ചു പോയിട്ടുണ്ട് .എന്തേ പോകാമായിരുന്നില്ലേ എന്ന് !? അപ്പോഴൊക്കെ ,എനിക്കിവിടെയാണ് ഇഷ്ടം സാധാരണ മനുഷ്യരാണ് ഇവിടെയെത്തുന്ന രോഗികള്‍ , ഇത്രയും പറഞ്ഞ് അവര്‍ക്കിടയില്‍ ജോലി ചെയ്യുന്നതിന്‍റെ സന്തോഷവും സംതൃപ്തിയും ഒരു ചെറു ചിരിയില്‍ ഒതുക്കി എന്നത്തേയും പോലെ വിനയാന്വിതയാവും .
ശരിയാണല്ലോ ! രാജ്യത്തിന്‍റെ നാനാ ഭാഗത്തു നിന്നും അവസാന അത്താണിയായിട്ടാണല്ലോ, തങ്ങളുടെ കുഞ്ഞുങ്ങളെയും വാരിയെടുത്ത് റഫര്‍ ചെയ്ത കേസുമായി ഓരോ മാതാപിതാക്കളും ബംഗളുരുവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് മെന്‍റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോളോജി വിഭാഗത്തില്‍ എത്തുന്നത് .വാടിക്കൊഴിഞ്ഞ ആ കുഞ്ഞു പൂക്കളില്‍ ചിറകു മുളപ്പിച്ചു കൊടുക്കുമ്പോള്‍ കിട്ടുന്ന സന്തോഷം ;അതും സ്വന്തം രാജ്യത്ത് ,തന്‍റെ ബൌദ്ധികോര്‍ജ്ജവും സേവനവും വിദേശ രാജ്യങ്ങള്‍ക്ക് അടിയറ വയ്ക്കേണ്ടതല്ലെന്ന , അഗ്നിച്ചിറകുള്ള ആ മഹാ ഗുരുവിന്‍റെ വാക്കുകള്‍ ഉള്‍ക്കൊള്ളുന്ന ........വേണ്ട ;അത്രയ്ക്കു ചിന്തിച്ച് വന്മല കേറണ്ട . എനിക്ക് എന്‍റെ ആ പഴയ കൂട്ടുകാരിയെ മതി . എന്നും ഒരുമിച്ചു നടന്നപ്പോഴും സ്നേഹവും ആദരവും മാത്രമെയുണ്ടായിട്ടുള്ളൂ .എന്‍റെ എല്ലാ വേദനകളിലും സന്തോഷത്തിലും കൂടെ നിന്നവള്‍ !നിന്‍റെ എല്ലാ വളര്‍ച്ചയും അടുത്ത് നിന്ന് കാണാന്‍ ഭാഗ്യമുണ്ടായവള്‍ ! എനിക്ക് നിന്നില്‍ അഭിമാനവും സന്തോഷവുമുണ്ട് .
ഒരു പക്ഷെ നീ പോലും അറിഞ്ഞിട്ടുണ്ടാവില്ല ,അന്ന് എന്‍റെ വാതില്‍പ്പഴുതിലൂടെ കടന്നു വന്ന പ്രകാശ ഗോപുരമായിരുന്നു നീയെന്ന് . ചുട്ടു പൊള്ളുന്ന മരുഭൂവില്‍ നീ തന്ന തണല്‍ , ഓരോ കുടം ജീവാമൃതമായ് എന്നില്‍ പൊഴിച്ച സ്നേഹം , വാടാതെ കെടാതെ എന്നെ തഴുകിയത് ! ,എങ്ങനെ ഈ കടം മുഴുവനും ,ഏതു ജന്മത്തില്‍ ഞാന്‍ തന്നു തീര്‍ക്കും .!
അപര്‍ണ്ണ കുട്ടിക്ക് മലയാളം കഥകളും പാട്ടും ചൊല്ലി കൊടുക്കണം , PG സ്റ്റുടെന്റ്സ് നു ക്ലാസ് എടുക്കണം , ഏതു സമയത്തും എത്തുന്ന അവരുടെ സംശയങ്ങള്‍ക്ക് മറുപടി കൊടുക്കണം ,OP യിലും IP യിലും ഓടി നടന്ന് ഓള്‍ റൌണ്ടര്‍ ആകണം .ഇതിനിടയില്‍ കവിതകള്‍ ചൊല്ലി നടന്ന വേദികളില്‍ നിന്ന്,ഇന്ന് അന്താരാഷ്ട്ര സെമിനാറുകളില്‍ പ്രബന്ധം അവതരിപ്പിച്ചും, പണ്ടത്തെ കഥയെഴുത്തുകാരിയില്‍ നിന്നും , ബ്രിട്ടന്‍ , യു എസ് , ഓസ്ട്രിയന്‍ മെഡിക്കല്‍ ജേണലുകളില്‍ , എഴുത്തുകാരിയായി ,ഇങ്ങനെ തിരയൊടുങ്ങാത്ത തിരക്കുകളുടെ ലോകത്ത് ശ്വാസം മുട്ടുമ്പോഴും ,മായേ........ ഇടയ്ക്കൊക്കെ ഒരു മിസ്സ്ഡ് കോള്‍ എങ്കിലും തരണേ , എന്നെ സാധാരണ ലോകത്തേക്ക് തിരിച്ചു കൊണ്ടു വരണേ ,എന്നെല്ലാം പറയുമ്പോള്‍ അകലങ്ങളിലിരുന്നും ആ വറ്റാത്ത സ്നേഹത്തിന്‍റെയും സൗഹൃദ ത്തിന്റെയും ഊഷ്മളത ഞാനിന്നും തൊട്ടറിയുന്നുണ്ട്..
സൗഹൃദങ്ങള്‍ സുകൃതമാകണം !സുഖത്തില്‍ കൂടാന്‍ നമുക്കൊപ്പം പലരും ഉണ്ടാകും .എന്നാല്‍ വേദനയില്‍ കൂടെ,നില്ക്കാന്‍ അധികം ആര്‍ക്കും ഇഷ്ട്ടമുണ്ടാകില്ല . അങ്ങനെ കൂടെ നിന്നവരെ ഒരിക്കലും മറക്കാനുമാവില്ല . അവിടെയാണ് യഥാര്‍ത്ഥ സൗഹൃദം !! ഇന്ന് എന്നോടൊപ്പമുള്ള പ്രിയ സൗഹൃദങ്ങള്‍ക്കെല്ലാം സ്നേഹാശംസകള്‍ ! നന്ദി .
സ്നേഹപൂർവ്വം സ്നേഹിത
മായ ബാലകൃഷ്ണൻ
ഞാനെന്തു പറയാൻ.... അസ്സലായി!
ReplyDeleteവയിച്ചല്ലൊ ! കമന്റ് എഴുതിയല്ലോ !ആദ്യമായിട്ടാണെന്നു തോന്നുന്നു ബ്ലോഗിൽ ഒരു കമന്റ് കിട്ടുന്നത് !
ReplyDeleteവളരെ സന്തോഷം ! നന്ദി സ്നേഹം!
സൗഹൃദങ്ങള്‍ സുകൃതമാകണം !സുഖത്തില്‍ കൂടാന്‍ നമുക്കൊപ്പം പലരും ഉണ്ടാകും .എന്നാല്‍ വേദനയില്‍ കൂടെ,നില്ക്കാന്‍ അധികം ആര്‍ക്കും ഇഷ്ട്ടമുണ്ടാകില്ല . അങ്ങനെ കൂടെ നിന്നവരെ ഒരിക്കലും മറക്കാനുമാവില്ല . അവിടെയാണ് യഥാര്‍ത്ഥ സൗഹൃദം...... ഇഷ്ടം..... ഒരുപാട്
ReplyDeleteഒരുപാട് സന്തോഷം വായിച്ചതിനും അഭിപ്രായം എഴുതിയതിനും !നന്ദി..സ്നേഹം 🙏🌹
Delete