മഴ പോലെ

മഴയോളങ്ങളില്‍ ഓര്‍മ്മയുടെ ചാറ്റല്‍മഴ പെയ്യുകയാണ് ! പുറമേ പെരും മഴയുടെ ഇരമ്പത്തില്‍ ഓര്മ്മകളും ആര്‍ത്തിരമ്പുകയാണ് .......... ഇവിടെ പകലുറങ്ങുന്ന വീടിന്‍റെ നിശബ്ദതയില്‍ ഒരു കുളിര്‍ കാറ്റ് വന്നെന്നെ തഴുകിയുണര്‍ത്തി. തുറന്നിട്ട ജാലകത്തിലൂടെ ഞാന്‍ കണ്ണുകള്‍ പായിച്ചു . അങ്ങകലെ ആകാശ ചെരുവില്‍ മഴ മേഘങ്ങള്‍ യാത്ര തുടങ്ങിയിരിക്കുന്നു , സൂര്യരശ്മികള്‍ തിളക്കമറ്റു , മാനമിരുണ്ട് , ഒരു സങ്കടപ്പെരുമഴയ്ക്കായ് പ്രകൃതി വിതുമ്പി നില്‍ക്കുന്നു . കാടിറങ്ങി മലയിറങ്ങി , തോടും പാടവും കടന്നു വന്ന കാറ്റില്‍ തലയിളക്കി മുറ്റത്തെ ചെത്തിയും ചെമ്പരത്തിയും ഓരോ മഴത്തുള്ളിയെയും വരവേല്‍ക്കാനായ് നൃത്തം വയ്ക്കുകയാണ് . ...