അങ്ങനെയും ഒരു അസുര വിത്ത് !
ആ അസുര വിത്തിനെ അന്നേ എനിക്കിഷ്ട്ട മായിരുന്നു .എന്നാണ് അവനെ ആദ്യമായ്
കണ്ടത് എന്നൊന്നും ഓര്‍മ്മിക്കുന്നില്ല .എങ്കിലും വീട്ടില്‍ ഞങ്ങള്‍ കുട്ടികള്‍ക്കൊപ്പം
കളിച്ചും ഭക്ഷണം കഴിച്ചും ഞങ്ങളില്‍ ഒരാളായാണ് അവനും വളര്‍ന്നത് .
ചുരുട്ടിയെറിഞ്ഞു മഴയില്‍ കുതിര്‍ന്ന പേപ്പര്‍
തുണ്ടിലെ മഷി കലര്‍ന്ന്‍ അവ്യക്തമായ ചിത്രങ്ങള്‍ പോലെ ഓര്‍മ്മയുടെ മുറ്റത്ത്
മുളപൊട്ടിയ ചിത്രങ്ങള്‍ ! മുറ്റത്തും പറമ്പിലും അവിടവിടെ കൂനകൂട്ടിയും നിരത്തിയും
ഇട്ടിരിക്കുന്ന വൈക്കോല്‍ കച്ചികള്‍ക്കിടയിലൂടെ ഒരു കുട്ടിയുടുപ്പുകാരി കിതച്ച്
ഓടുകയാണ്. തൊട്ടു പിന്നില്‍ അവനുമുണ്ട് ,ഓട്ടത്തിന്റെ
വേഗമൊന്നു കുറച്ചാല്‍!!, അവസാനം അത് തന്നെ സംഭവിച്ചു.
മാഞ്ഞു പോയ ചിത്രങ്ങള്‍ കൂട്ടി വയ്ക്കുമ്പോള്‍ മണ്ണില്‍ കാലും നീട്ടി
പടിഞ്ഞിരിക്കുന്ന എനിക്കു ചുറ്റിലും ചേച്ചി യുടെയോ ചേട്ടന്മാരുടെയൊ ആരുടെയൊക്കെയോ
ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ട് . കണങ്കാലിന് തൊട്ടു മേല്‍ഭാഗത്ത് അവന്‍റെ കുഞ്ഞു
കോമ്പല്ലുകള്‍ ആഴ്ന്നിറങ്ങിയ മുറിപ്പാടില്‍ നിന്നും ചോര
ചാലിട്ടൊഴുകുകയാണ്.മുന്നില്‍ വല്യ കാഴ്ച്ചക്കാരനായി അവനുമുണ്ട് . മഷിയെഴുതിയ
പോലുള്ള കുസൃതി നിറഞ്ഞ അവന്‍റെ കണ്ണുകള്‍
, നല്ല ഓമനത്വമുള്ള മുഖം .നാടന്‍
ഇനമെങ്കിലും തടിച്ച് ഉരുണ്ട് തവിട്ടു
നിറമുള്ള സുന്ദരനായ പട്ടിക്കുട്ടനാണവന്‍ .ആ സമയം അവനോട് തെല്ലും ഈര്‍ഷ്യയോ ദേഷ്യമോ
ഒന്നും തോന്നിയില്ല.
ഇളം ചൂടുള്ള പാല്‍
പാത്രത്തിലൊഴിച്ച് കൊടുത്ത് അടുത്തിരിക്കും. ച്ളം ച്ളം ശബ്ദത്തോടെ നക്കികുടിക്കുന്നത്
കണ്ടിരിക്കാന്‍ വല്യ ഇഷ്ടായിരുന്നു .അന്നൊരിക്കല്‍ കളിച്ചു കൊണ്ടിരുന്ന ഞങ്ങള്‍ക്കിടയില്‍ നിന്നും
എന്തിനായിരുന്നു ! അവന്‍ റോഡിലേക്ക് ഇറങ്ങിയോടിയത്.!!? അപരിചിതനായ ആ മനുഷ്യന്‍ അവനെ ‘’ പോ
മോനേ.............പോക്കോടാ ‘’ എന്നും പറഞ്ഞു ഞങ്ങളുടെ അടുത്തേക്ക് പറഞ്ഞു
വിട്ടിട്ടും അവനതു കൂട്ടാക്കാതെ , ആ ചേട്ടന് ചുറ്റും വട്ടമിട്ടു നിന്നു. കറുത്തിരുണ്ട്
തടിച്ച ശരീരവും കൈലിയും മുഷിഞ്ഞ തോര്‍ത്തും തോളത്തിട്ട അയ്യപ്പന്‍ കുട്ടി ചേട്ടന്‍
.അന്ന് അവനെ വാരിയെടുത്ത് ഞങ്ങള്‍ക്ക്
മുന്നില്‍ കൊണ്ട് വച്ചു. മക്കളില്ലാത്ത അയ്യപ്പന്‍ കുട്ടി ചേട്ടനാണ് , പെറ്റിട്ട
ആദ്യ 3 മാസത്തോളം അവനെ വളര്‍ത്തിയത് .ഒരു കുഞ്ഞിനോളം സ്നേഹവും വാത്സല്യവും നല്‍കി
പോറ്റിയതിന്റെ നന്ദിയും കൂറും , ആജീവനാന്തം അവന്‍ അയ്യപ്പന്‍ കുട്ടി ചേട്ടനെ ,
എപ്പോ എവിടെ വച്ചു കണ്ടാലും വാലാട്ടി പുറകെ ചെന്ന് കാണിക്കുമായിരുന്നു ..ഞങ്ങളെ
ഒഴിവാക്കി കൊണ്ടുള്ള ഈ സ്നേഹ പ്രകടനം അന്നൊന്നും എനിക്ക് തീരെ പിടിച്ചിരുന്നില്ല.പിന്നീട്
അതെല്ലാം കണ്ട് വല്ലാത്ത അത്ഭുതം തോന്നിയിരുന്നു .
വളര്‍ച്ചയുടെ
പടവുകളില്‍ അവനു അലങ്കാരമായി തോന്നിച്ച ആ സ്റ്റീല്‍ ചങ്ങലയില്‍ മുറ്റത്തെ പുളിമര
ചോട്ടിലെ ‘ ഠ’ വട്ടത്തില്‍ കിടന്നു അവന്‍ നടത്തിയ
നിരന്തര തൊണ്ട സാധകത്തിലൂടെ ഒരു വീര ശൂര പരാക്രമിയെന്നു തെളിയിക്കുക തന്നെ
ചെയ്തു .അതോടെ അതില്‍നിന്നും അവനു മോചനം കൊടുത്തു .തുടര്‍ന്ന് വീട്ടു കാവലിന്റെ
നെടുനായകത്വം ഏറ്റെടുത്ത അവന്‍ അപരിചിതരെയോ അന്യന്‍റെ കോഴിയേയോ പോലും പരിധിക്ക് പുറത്തേ
നിറുത്തിയിരുന്നുള്ളൂ.പഠിക്കാനും ജോലിക്കും പോകുന്ന ഞങ്ങളെയെല്ലാം യാത്രയയ്ക്കാനും
സ്വീകരിക്കാനും മുറ്റത്തും പടിക്കലും എന്നും അവനുണ്ടാകും .ഞങ്ങളുടെ
നിത്യയാത്രകളെയും ചുറ്റുവട്ട യാത്രകളെയും അവന്‍ എങ്ങനെയോ തിരിച്ചറിഞ്ഞിരുന്നു.
നന്ദികേടിന്‍റെ
കറയുറ്റ ചിത്രമായി ഓര്‍മ്മയില്‍ കല ചാര്‍ത്തിയ ആ സംഭവം ഇന്നും
നൊമ്പരപ്പെടുത്തും.നല്ലൊരു സഞ്ചാരപ്രിയ്യനായിരുന്ന അവന്‍ , അന്നൊരു
നവരാത്രിപൂജാകാലം വീട്ടില്‍ നിന്ന് ഏതാണ്ട് 3 ,4 കിലോമീറ്റര്‍ ദൂരത്തുള്ള സരസ്വതീ
ക്ഷേത്രത്തിലെക്ക് , ഞങ്ങള്‍ അയല്‍ വീടുകളിലെ പെണ്‍കുട്ടികളടങ്ങുന്ന സംഘത്തെ
നയിച്ചുകൊണ്ട് , ക്ഷണിക്കാതെ തന്നെ ഞങ്ങള്‍ക്കൊപ്പം കൂടി .പോകുന്ന വഴിയിലെ മൈല്‍ക്കുറ്റി
കളെയെല്ലാം വിഗ്രഹമാക്കി ഒറ്റക്കാലില്‍ അഭിഷേകവും ചെയ്ത് മൂക്ക് മുട്ടിച്ചു
നമസ്കാരവും പ്രദക്ഷിണവും വയ്ക്കുന്നത് കണ്ടു ‘’ ശ്ശോ.........!! ഇതേതോ പട്ടി ..
ഞങ്ങളൊന്നും അറിയില്ല്യേ ............’’ എന്നും പറഞ്ഞ് പാതയോരം മാറി നടക്കും .
നിറയെ കൃഷി
യിടങ്ങളും ഒറ്റപ്പെട്ട ഓടിട്ട ചെറിയ വീടുകളുമുള്ള പുരയിടങ്ങളുടെ വേലിപ്പടര്‍പ്പുകളില്‍
, എത്തി നോക്കി അവന്‍റെ ഗണത്തില്‍പ്പെട്ട ചഞ്ചലാക്ഷിമാര്‍ കൊക്കിയും കുരച്ചും
കാണിക്കും .അതുകണ്ട് തിരിഞ്ഞു നിന്ന് ഒന്നും രണ്ടും കിസ്സാ പറഞ്ഞാലും അവന്‍ ഞങ്ങള്‍ക്കൊപ്പം
ഓടിയെത്തും.കാളവണ്ടികളും സൈക്കിള്‍ ചക്രങ്ങളും ഒഴുകിയ ആ വഴികളില്‍ ഇന്ന് Air
ഇന്ത്യ യുടെയും സിങ്ക് air wase ന്‍റെയും ചക്രങ്ങളാണ് ഉരുളുന്നത്.
എന്നാല്‍ മടക്ക യാത്രയില്‍ , ക്ഷേത്രത്തിനു വെളിയില്‍ കാത്തു കിടന്ന അവനെ
മറന്നു ,ഞങ്ങള്‍ പുതിയ കാഴ്ച കളും കുറുക്കുവഴികളും തേടി
മറുപുറത്തൂടെ യാത്ര തിരിച്ചു .
വീട്ടില്‍ വന്നു ഭക്ഷണവും കഴിച്ചു,നടന്ന ക്ഷീണവും
തീര്‍ക്കുമ്പോഴാണ് യ്യോ !!!
അവനെന്തിയേ..തിരിച്ചു വരാന്‍ വഴിയറിയുമോ!? എന്നെല്ലാം ആവലാതി
പൂണ്ട് വിഷമിച്ചത് .ഈ സമയം വല്ലാതെ ക്ഷീണിതനായി നിസ്സംഗനായി, ഒരു പരിഭവമോ പരാതിയോ പ്രകടിപ്പിക്കാതെ , അലസമായി വീട്ടിലേക്ക് കടന്നു വരുന്ന അവനെ
കണ്ടപ്പോള്‍ കുറ്റബോധത്താല്‍ തല കുനിഞ്ഞു പോയി .വല്ലാത്ത വേദനയും സങ്കടവും തോന്നി
. ഈശ്വരാ ! അവന്‍ നമ്മോടു കാണിച്ച കരുതല്‍
. ഒരിക്കല്‍ അമ്മയുടെ മുന്നില്‍ ,കുത്താന്‍ ആഞ്ഞു
വന്ന പശുവിനു നേരെ കുരച്ചു, ചാടി വീണു ജീവന്‍ രക്ഷിക്കുക പോലുമുണ്ടായി .
അന്നെല്ലാം നാട്ടില്‍ പട്ടി പിടുത്തക്കാര്‍ ഇറങ്ങിയിട്ടുണ്ടെന്നു കേട്ടാല്‍,
വീട്ടിലെത്തി ,അവനെ കാണുന്നത് വരെ, സ്കൂളില്‍ ഇരിക്കുമ്പോള്‍ ഉള്ളില്‍
തീയായിരിക്കും...
നാട്ടിലെ വളര്‍ത്തു നായ്ക്കളെല്ലാം
മാരക രോഗത്താല്‍ ചത്തു പോയപ്പോള്‍ ,അച്ഛന്‍ അവനെ
ഡോക്ടറെ കാണിച്ചു മരുന്ന് കൊടുത്തു രക്ഷിച്ചെടുക്കുകയായിരുന്നു . വീട്ടിലെ ചെറിയ
കുട്ടിയായ എനിക്ക് പോലും കിട്ടാത്ത പരിഗണന അവനു കൊടുക്കന്നത് കണ്ടപ്പോള്‍
എനിക്കവനോട് വല്ലാത്ത അസൂയ തോന്നി .അവനു സ്ഥിരമായി കൊടുത്തിരുന്ന നല്ല ഭംഗിയുള്ള
പിങ്ക് കളര്‍ മരുന്ന് കണ്ടു എനിക്കും കൊതി വന്നു .. ചത്തു പോകും എന്ന്
പേടിച്ചിട്ടാ അന്ന് അതെടുത്ത് കഴിക്കാതിരുന്നത്
. എങ്കിലും ആ അസുഖം , ആത്സ്മാ രോഗിയെ പോലെത്തെ കിതപ്പും ഇടറിയ കുരയും
എന്നും അവനില്‍ അവശേഷിപ്പിച്ചാണ് കടന്നു പോയത് .
പിന്നെയും അവന്‍ വളര്ന്നു
കൊണ്ടേയിരിക്കുകയായിരുന്നു . .കാഴ്ചയില്‍ നല്ല ആരോഗ്യമുള്ള സുന്ദരന്‍ !പതിയെ വീട്
വിട്ടു അത്യാവശ്യം ഊരുസഞ്ചാര പ്രിയ്യനായി തുടങ്ങി. ഒരിക്കല്‍ അവന്‍ ഞങ്ങളെയെല്ലാം
വെറുപ്പിച്ചു .അയല്‍ വീട്ടിലെ അടുക്കള മുറ്റത്ത് വാഴച്ചുവട്ടില്‍ രാത്രിയില്‍
പതുങ്ങി പതുങ്ങി മണം പിടിച്ച് നിന്നത് പറഞ്ഞു കേട്ടപ്പോള്‍ നാണം കെട്ടുനനഞ്ഞു പോയി
,അശ്രീകരം....! അസത്ത്.... , അതിനെ കുടുംബത്തില്‍ കയറ്റരുത് , ഭക്ഷണം പോലും കൊടുക്കരുത് ,എന്നെല്ലാം പറഞ്ഞു ഒരു അസുര വിത്തിനെ പോലെ
ആട്ടിപ്പായിക്കുന്ന കണ്ടപ്പോള്‍, പാവം!എനിക്കെന്തോ
സങ്കടം വന്നു . എന്നും ഊണ് കഴിഞ്ഞാല്‍, ഞാന്‍ വീണ്ടും
പ്ലേറ്റിലേക്ക് കുറച്ചൂടെ ചോറും കറികളും ചേര്‍ത്തു കുഴച്ച് അവന്‍റെ
പാത്രത്തിലേക്ക് പകര്‍ന്നു കൊടുക്കുമ്പോള്‍ ,അനുസരണയുള്ള
കുട്ടിയെ പോലെ മുന്നില്‍ വന്നു നില്‍ക്കുന്നവന്‍ !.കൊടുക്കുന്നതെന്തും മടി കൂടാതെ
കഴിക്കും . എന്നും എപ്പോഴും അവന്‍റെ മുഖത്ത് ഒരു ദൈന്യ ഭാവമുണ്ടായിരുന്നു , ദൂരെ മാറി കിടക്കുമ്പോ ,അന്ന് ,ആ മുഖത്ത്
സ്വതവേയുള്ള ദൈന്യത്തിനുമപ്പുറം , ഏന്തോ...; ആ
കണ്ണുകളില്‍ , ഒരു ക്ഷമാപണം നടത്തുന്ന ഭാവമായിരുന്നു .
അല്ലെങ്കിലും അച്ഛന്റെ സസ്യാഹാര
ശീലത്തില്‍ ഞങ്ങളെ തളച്ചിടാന്‍ കഴിയുമെങ്കിലും ,എത്ര
കാലം അവനീ ചോറും സാമ്പാറും മോരും തൈരുമൊക്കെ സഹിക്കും !! വല്ല എല്ലോ മുള്ളോ
കടിക്കാന്‍ തോന്നിയില്ലെങ്കില്‍ പിന്നെ
അവനെന്തോന്നു പട്ടി ......!!? അതോടെ അവന്‍റെ ഈ
പോക്ക് ഞങ്ങള്‍ക്കും ഗുണം ചെയ്തു .
. വര്‍ഷങ്ങള്‍
പത്തും പതിനഞ്ചും കടന്നു .ചെറുപ്പത്തില്‍ പാല് കുടിപ്പിക്കാനും .കുളിപ്പിച്ച്
പൊട്ടു കുത്തിക്കാനും, ചെള്ള് പെറുക്കി കൊടുക്കാനും കാണിച്ച വാത്സല്യവും
അടുപ്പവും വിട്ടു , പതിയെ പതിയെ ഞാന്‍ എന്നിലേക്കും അവന്‍ അവന്‍റെ
ലോകത്തേക്കും വിരാജിച്ചു .ഇതിനകം അവന്‍ ഞങ്ങളുടെ കുടുംബത്തിലെ ഒരംഗം ആയി
ക്കഴിഞ്ഞിരുന്നു .
കാലത്തിന്‍റെ ഗതിവിഗതികള്‍
ക്കിടയില്‍ വേദന ഒരു നീറ്റലായി എന്നില്‍ പടര്‍ന്നു കഴിഞ്ഞു .അന്നൊരിക്കല്‍ എന്റെ
കലങ്ങിയ കണ്ണുകള്‍ കണ്ട് അവന്‍ അസ്വസ്ഥനായി .അന്നൊരു സന്ധ്യാ സമയം ,എനിക്കും അവനുമിടയിലെ മൌനത്തെ ഭേദിച്ചുകൊണ്ട് , ആ സമയം വീട്ടില്‍ ആരുമില്ലാതിരുന്നതിന്റെ വിഷമം ,മുറ്റത്തിനും ഗേറ്റിനുമിടയിലുള്ള ദൂരം അവന്‍
അങ്ങോട്ടുമിങ്ങോട്ടും നടന്നു തീര്‍ത്തു .
പിന്നീട് എന്‍റെ ഹോസ്പിറ്റല്‍ ഡയറി യുടെ
ആദ്യ ഏടുകള്‍ മറിയുമ്പോള്‍ ഒരിക്കല്‍ , ഏതാണ്ട് ഒരു
മാസത്തെ ഇടവേളയ്ക്കു ശേഷം വീട്ടില്‍ തിരിച്ചത്തിയ ഞാന്‍ മുറ്റത്തും പറമ്പിലും ഓരോ
മുക്കിലും മൂലയിലും നടന്നു , മാവും പ്ലാവും
മുരിങ്ങയും മൈലാഞ്ചിയും കായിട്ടതും കിളിര്‍ത്തതുമെല്ലാം കണ്ടു . പക്ഷേ എങ്ങും അവന്‍റെ
ഒരു സ്പര്‍ശം പോലുമില്ല . അവനെ കാണാനില്ല എന്നും എങ്ങോ ചത്ത് കെടക്കുന്നത്
ആരൊക്കെയോ കണ്ടു എന്നെല്ലാം നേരത്തെ പറഞ്ഞു കേട്ടിരുന്നു .എങ്കിലും , ഇന്ന് അവനീ മുറ്റത്തു ഇല്ല എന്ന സത്യം !ആ
തിരിച്ചറിവിലേക്ക് , ആഴത്തില്‍ ആഴത്തിലേക്ക് ചെല്ലുംന്തോറും
അംഗീകരിക്കാന്‍ കഴിയാതെ ഞാന്‍
പൊട്ടിക്കരഞ്ഞു. അതുമിതും പുലമ്പി .
അമ്മയുടെ
അഭാവത്തില്‍ അന്ന് കോളേജില്‍ പഠിച്ചു
കൊണ്ടിരുന്ന ചേച്ചിയായിരുന്നു അടുക്കള കൈകാര്യം ചെയ്തു കൊണ്ടിരുന്നത് . ‘’ ആവോ ..! കുറച്ചു ദിവസ്സമായി അതിനെ ഇവിടെയൊന്നും
കാണാനില്ല ‘’ എന്ന് വളരെ അലസമായിരുന്നു ചേച്ചിയുടെ മറുപടി.ഒരു
ജീവനില്ലാത്ത വസ്തു വിനോടെന്ന പോലെ..എനിക്കതു
സഹിച്ചില്ല . ചേച്ചി സമയത്തിനു ഭക്ഷണം കൊടുത്തില്ല ,അതാണ് അവന്‍ ഇവിടം വിട്ടു പോയത് എന്നും പറഞ്ഞു
എന്‍റെ സങ്കടവും രോഷവും വിങ്ങിപ്പൊട്ടലായി . അടുത്തിരുന്ന അമ്മയുടേയും തൊണ്ട ഇടറി
.ആശ്വാസ വാക്കുകള്‍ അന്തരീക്ഷത്തില്‍ അലിഞ്ഞു പോയി .കണ്ണും മൂക്കും ചുമന്ന്, തുടച്ചും പിഴിഞ്ഞ് ചേച്ചിയും ...
അന്ന്
ആ നിറഞ്ഞ സന്ധ്യയില്‍, ഉമ്മറത്തെ
കൊളുത്തി വച്ച നിലവിളക്കിനു മുന്നില്‍ ഞങ്ങള്‍ മൂവരും കണ്ണീരില്‍ പൊതിഞ്ഞ് അവന്
യാത്ര ചൊല്ലി .
ഞാനൊന്നു നീട്ടി വിളിച്ചാല്‍ ഏതു മഞ്ഞിലും
മഴയിലും , ഇരുട്ടിലും എന്റെ വിളിപ്പുറത്ത് ഓടിയെത്തുന്നവന്‍
! അനുസരണയുള്ള കുട്ടിയേ പോലെ ,ക്ഷമയോടെ എനിക്ക് മുന്നില്‍
വാലാട്ടി നില്‍ക്കാറുള്ളവന്‍ ! ഒരിക്കലും ഒരു പരാതിയോ മുറുമുറുപ്പോ കാണിക്കാത്തവന്‍!
ഞാന്‍ ഉണ്ടിട്ടുണ്ടെങ്കില്‍ അവനും ഉണ്ടിട്ടുണ്ടാവും .........! ചില നേരങ്ങളില്‍
മുറ്റത്തിനപ്പുറം ഇളം വെയില്‍ കാഞ്ഞു കറുക നാമ്പ് കടിച്ചു തിന്നുന്ന അവന്‍റെ ദയനീയ
മുഖം ! ഉച്ച സമയങ്ങളിലെ ചൂട് ചാരത്തില്‍ കിടന്നുള്ള സുഖമായുള്ള ചെറു മയക്കം .....
ഇതിനിടയിലും ശ്വാസമെടുക്കുമ്പോഴുള്ള കുറുകലോടുള്ള കിതപ്പ് ... അപരിചിതരെ
കാണുമ്പോഴുള്ള, ശബ്ദം
തൊണ്ടയില്‍ കുരുങ്ങിയതു പോലെ
ബദ്ധപ്പെട്ടുള്ള കുരയ്ക്കല്‍.....!എല്ലാം ....എല്ലാം ഇന്നും ഞങ്ങളുടെയെല്ലാം
കണ്ണില്‍........ കാതില്‍ ......... അവനുണ്ട് !!മനസ്സിന്റെ പൂമുഖത്തു കൊളുത്തി
വെച്ച നിലവിളക്കായ് !ഹൃദയത്തില്‍ ഒരു
തംബുരു നാദം പോലെ തംബീ ............എന്ന അവന്‍റെ ആ പേരും !! എനിക്ക്
ജനിക്കാതെ പോയ ഒരു സഹോദരനായിരുന്നോ അവന്‍ !!? അതെ അകാലത്തില്‍ പൊലിഞ്ഞുപോയ ഒരു സഹോദരനായിരുന്നു
എനിക്കാ അസുര വിത്ത് ... മനസ് മന്ത്രിക്കുന്നു !!
ഇന്നും ഏതു
നായ്ക്കളെ കണ്ടാലും അവരുടെ മുഖത്ത് ഞാന്‍ അവനെ തിരയും ,ഇല്ല എങ്ങും കണ്ടില്ല ;അവന്‍റെ ആ ദൈന്യതയും സ്നേഹവും വാത്സല്യവും
തുടിക്കുന്ന മുഖം .!!
അതായിരിക്കാം അവനു ശേഷം
മറ്റൊരുത്തനെ സ്വീകരിക്കാന്‍ ഞങ്ങളുടെ മനസിന്‍റെ വാതിലുകള്‍ പിന്നെ തുറക്കാനായില്ല .
പക്ഷെ ഇന്നും ഈ മുറ്റവും വാതിലുകളും അവനു മുന്നില്‍ മലര്‍ക്കെ
തുറന്നിട്ടിരിക്കുകയാണ്.....ഇനിയും വരുമോ ..മുറ്റത്തെ ചരലില്‍ ഒരു നേര്‍ത്ത ഞരക്കം
..അറിയാതെ കാതോര്‍ത്തു പോകയാണ് ..............!
സ്നേഹപൂര്‍വം
സ്നേഹിത , മായ ബാലകൃഷ്ണന്‍...........
Comments
Post a Comment