കൃഷ്ണ കവിത

   
                     എന്നും കാണുവാന്‍ ..........


എന്നും കാണുവാന്‍ മോഹിക്കുന്നൊരു
രൂപമുണ്ടെന്നിലുണ്ണിക്കണ്ണാ .....
മോദമോടുമാനന്ദമോടുമെന്‍
മനതാരിലെന്നും മിഴിപ്പൂ കണ്ണാ ........!



ഗോപിക്കുറിയണിഞ്ഞും
പൊന്നോടക്കുഴലൊന്നുമൂതി
 മേടുകള്‍ തോറും
പാടി നടന്നോരുണ്ണീ...!

നെറുകയില്‍ തിരുകിയ
മയില്‍പ്പീലിയോടും
മാമ്പൂ മണക്കും കാര്‍ -
മുകില്‍ ചേലോടും
മഞ്ഞത്തിരുവാടയൊ-
ന്നരയില്‍ വലിച്ചു ചുറ്റി
പൊന്നരളിക്കാടും ചെന്തൊണ്ടിയും
 തേനില വള്ളികളും ,

ഒന്നൊന്നോടു കെട്ടിപ്പിണഞ്ഞും
കൂട്ടുകാരൊത്തു കെട്ടിമറിഞ്ഞും
ബാല്യം നുണഞ്ഞോരുണ്ണീ.....!

പൊന്‍  കതിര്‍ക്കുല  പോലെ
കാറ്റോലും  കാമിനി പോലും
കാളിന്ദിയാറ്റില്‍ കളിയാടും
രാധിക പോല്‍ ;
പൊന്‍ വസന്തം തളിര്‍ത്തു
നീളെ നീളേ മേട്ടിലാകെ .

പാല്‍ ചുരത്തി വെണ്ണിലാവൊപ്പം
പാല്‍ക്കുടങ്ങള്‍ നിറച്ചൂ ധേനുവും.
മാനോടും മാഞ്ചുവട്ടില്‍
പൂന്തേനും തേന്‍ കിളികളും  
കളിയൂഞ്ഞാലില്‍ പൂപ്പന്തലു കെട്ടി
കണ്ണനാമുണ്ണിക്കു വിരുന്നൂട്ടി .

കണ്ണാന്തളിയും ചിരിമുല്ലപ്പൂക്കളും
കമ്മലു കെട്ടി, കടിഞ്ഞാണു കെട്ടി
കാട്ടാറിന്‍ തീരത്തെയോമല്‍
കിടാത്തിക്കു നാവോറു പാടി .
കള കളം കാല്‍ത്തളകിലുക്കി       

കാട്ടുമല്ലിയുമിളങ്കാറ്റും
വെറുമൊരു കാലിച്ചെറുക്കനാം
കണ്ണനെ കണ്‍ കുളിര്‍ക്കെ –
ക്കണ്ടാമോദം പൂണ്ടു .


മഞ്ഞണിക്കൊന്നകള്‍ പൂത്തും തളിര്‍ത്തും
മണി കിങ്ങിണി മുത്തുകള്‍ , മാലകള്‍
ദൂരേ മാമല മേലേ മേടപ്പുലരിക്കു
പൊന്‍ തൃക്കണിയേകി ;
അനുരാഗ ലോലനാം കോടക്കാര്‍
മുകില്‍ വര്‍ണ്ണനും ,ഗോക്കളെ മേച്ചും
തെളിച്ചുമാ ചോലയ്ക്കു
ഋതു ശോഭയായ്  പൊന്‍ പ്രഭ തൂകി !



എന്നും കാണുവാന്‍ മോഹിക്കുന്നൊരു
രൂപമുണ്ടെന്നിലുണ്ണിക്കണ്ണാ....
സുന്ദര രൂപാ നയന മോഹനാ
എന്‍ മനതാരിലെന്നും മിഴിപ്പൂ കണ്ണാ !

സ്നേഹപൂര്‍വം സ്നേഹിത
മായ ബാലകൃഷ്ണന്‍.

Comments

Popular posts from this blog

വാഴക്കുല യ്ക്ക് 80 വയസ്സ്

സൗഹൃദം ! സുകൃതം !!