സാമൂഹിക പ്രതിബദ്ധത !!


   ഞാനും നീയും നിങ്ങളുമാണ് ഈ സമൂഹം ...  !എല്ലാ വര്‍ഷവും   ഒക്ടോബര്‍ ലെ രണ്ടാം ശനിയാഴ്ച   world Palliative care day ആയി ലോകം അംഗീകരിച്ചിരിക്കുന്നു .

കലാമൂല്യമോ രചനാ പാടവമോ ഒന്നും അവകാശ പ്പെടാനുള്ളവയല്ല ഞാന്‍ വരയ്ക്കുന്ന ചിത്രങ്ങള്‍. വരുതിയില്‍ വരാന്‍ മടിക്കുന്ന കൈ വിരലുകളില്‍, പെന്‍സിലും ബ്രഷ് ഉം വളരെ സൂക്ഷ്മ നിയന്ത്രണത്തോടും ക്ഷമയോടും, വളരെ സമയമെടുത്ത്, ദിവസ്സങ്ങള്‍ തന്നെയെടുത്ത് ചെയ്യുന്ന കേവലമൊരു മാനസിക വ്യാപാരം മാത്രമാണിത് .


ഒന്ന് ശ്വാസമെടുക്കാന്‍ പോലും വിഷമിച്ച്,കൂനിന്മേല്‍ കുരു പോലെ ഏതാനും വര്ഷം മുന്‍പ്‌ ഹൃദയ പ്രവര്‍ത്തനമികവേറി ?!! നീരും നീലിച്ച ശരീരവുമായി ,ഹൃദയ മിടിപ്പിന്‍റെ ഭാരം താങ്ങാനാവാതെ ,ഇരുളാണ്ട കാലം ,ഒരു കുടന്ന നിലാവുമായാണ് അന്ന്  ഡോക്ടര്‍ മാം എന്നിലേക്ക്‌ കടന്നു വന്നത് !

 ഇനിയൊരു ഡോക്ടര്‍ എങ്കില്‍ !! രോഗിയുടെ മുഖം പോലും കാണാതെ ,കേള്‍ക്കാതെ,പ്രിസ്ക്രിപ്ഷന്‍ തന്നു എത്രയും വേഗം രോഗിയെ പറഞ്ഞു വിടാന്‍ തിടുക്കപ്പെടുന്ന , തിരക്കുള്ള ഒ പി റൂമുകളില്‍ ശ്വാസംമുട്ടി കഴി യുന്ന ഒരു ഡോക്ടര്‍ !! എനിക്ക് വേണ്ട എന്ന നിലപാടില്‍ ഞാന്‍ ഉറച്ചു നിന്നിരുന്നു  .

 2009 ല്‍ കേരളത്തില്‍ NRHM ന്റെ സാന്ത്വന ചികിത്സാ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടന്നുവരുകയാണ് . മലയാള മനോരമ പത്രത്തില്‍ പ്രസിദ്ധീകരിച്ച ‘ഞങ്ങളുണ്ട് കൂടെ ‘ എന്ന ഫീച്ചര്‍ വായിച്ച എനിക്കും  തോന്നി , ഇതുപോലൊരു പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഡോക്ടര്‍ റെയാണ് എനിക്ക് ആവശ്യം .! പത്രത്തില്‍ കൊടുത്ത ഓരോ ജില്ലയിലെയും പെയ്ന്‍ ആന്‍ഡ്‌ പാലിയേറ്റിവ് കെയര്‍ കോ ഓഡിനേറ്റര്‍ മാരുടെയും നമ്പറില്‍ നിന്നും ഏറണാകുളം ജില്ലയുടെ കോ ഓര്‍ഡിനേറ്റര് ശ്രീ M A യൂസഫ്‌ ന്റെ നമ്പരില്‍ വിളിച്ചു . അങ്ങനെ അദ്ദേഹത്തിന്റെ കാര്യക്ഷമതയും പ്രവര്‍ത്തന മികവും കൊണ്ട് ഏതാനും മണിക്കൂ രു കള്‍ക്കുള്ളില്‍ ഡോക്ടര്‍ വീട്ടിലെത്തി . ഞങ്ങളുടെ പ്രതീക്ഷകള്‍ക്കും അപ്പുറമായിരുന്നു ആ സംഭവം .

ഹോസ്പിറ്റല്‍ ലില്‍ കാത്തു നില്‍ക്കുന്ന രോഗികളില്‍ നിന്നും അര മണിക്കൂര്‍ കടം എടുത്താണ് ഡോക്ടര്‍ മാം അന്ന് എനിക്കരികെ എത്തിയത് .

കാപട്യങ്ങള്‍ ഇല്ലാത്ത പെരുമാറ്റവും സ്നേഹ നിര്‍ഭരമായ സംസാരവും എന്തോ !! ഒരമ്മയുടെ സാമീപ്യമാണ് എനിക്ക് അനുഭവപ്പെട്ടത് .’’എന്ത് വിഷമം വന്നാലും ഏതു പാതിരാത്രി ക്കാണ്‌എങ്കിലും വിളിച്ചോളൂ ‘’ എന്നും പറഞ്ഞു മൊബൈല്‍ നമ്പര്‍ ഉം തന്ന നിമിഷം ,ദീര്‍ഘകാലമായി  ഡോക്ടര്‍മാരുമായുള്ള സംസര്‍ഗ്ഗത്തില്‍ എനിക്ക് ഒരു ഡോക്ടറുടെ പുതിയ മുഖമാണ് അന്ന് കാണാനായത്‌ .അന്ന് മുതല്‍ എനിക്ക് ഒരു അമ്മയെ കൂടുതലായി കിട്ടി .Dr EV രത്നമ്മ .!

എറണാകുളം ജില്ലയിലെ കാലടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റെര്‍ ഇല്‍ ദീഘകാലം പ്രവര്‍ത്തിച്ച ത്തിനു ശേഷം വിശ്രമ ജീവിതത്തിന്റെ ഇടവേള യിലും പാലിയേട്ടീവ് കെയര്‍ ന്റെ പ്രവര്‍ത്തന ങ്ങളില്‍ മുഴുകി നിരവധി പേര്‍ക്ക് വേദനകളില്‍ കൂട്ടായി ഒപ്പം നിന്ന അമ്മ .
മരുന്നും മധുരങ്ങളുമായി പിന്നീട് എല്ലാ മാസങ്ങളിലും ഡോക്ടര്‍ അമ്മയും ആശ ചേച്ചി മാരും മധുര സാന്നിധ്യമായി എനിക്കരികിലെ ത്തും. റുമാറ്റോയ്ട് ആര്ത്രൈറ്റിസ് വികൃതി കളിച്ച കൈകളില്‍ പേന പിടിക്കാനുള്ള ശ്രമം ഫലിച്ചു കണ്ടപ്പോള്‍ ഡോക്ടര്‍ മാം ക്ക് ഒരു ആഗ്രഹമേ ഉണ്ടായുള്ളൂ .. എന്റെ ആ കൈ കളില്‍ പെന്‍സില്‍ പിടിപ്പിക്കണം ; ഒരു ഉണ്ണിക്കണ്ണനെ വരപ്പിക്കണം . അങ്ങനെയാണ് മ്യൂറല്‍ പെയിന്റിംഗ് വിദഗ്ധയായ റാണി രാജേഷ്‌ നേയും ഗ്ലാസ് പെയിന്റിങ്ങില്‍ പ്രഗത്ഭയായ [Mini Suresh] മിനി സുരേഷ് നേയും ഡോക്ടര്‍ മാം എനിക്ക് പരിചയപ്പെടുത്തുന്നത്.

ആദ്യമാദ്യം പെന്‍സിലും പേപ്പറും തമ്മില്‍ നടത്തിയ ഒളിച്ചുകളിയില്‍ ഞാന്‍ സുല്ലിട്ടു ,എന്നിട്ടും ഒരു lkg കുട്ടി യോടെന്ന പോലെ അവരെല്ലാം അടുത്തിരുന്നു എന്നെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു .അവരോടു തന്നെ എനിക്ക് കഷ്ടം തോന്നി .എന്തു വന്നാലും ടോം ജെറിയേ പിടിക്കുമോ !!? പക്ഷെ ഞാന്‍ പിടിച്ചു ; അവസാനം കനം കുറഞ്ഞ ഹാര്‍ഡ് ബോര്‍ഡ് ചാച്ചും ചെരിച്ചും തല തിരിച്ചും പിടിച്ച് ,കിടന്നു കൊണ്ട് തന്നെ താളം കണ്ടെത്തിയപ്പോള്‍ റാണി വരച്ചു തന്ന ചതുരത്തിനുള്ളില്‍ ഒരു അഞ്ചിതള്‍ പൂവ് വിടര്‍ന്നു .
അവരെന്നെ വാനോളം എടുത്തുയര്‍ത്തി .


എന്നാല്‍  വല്യ ഗമയോടെ ഞാനത് വീട്ടിലെ ഡിങ്കനേം ലുട്ടാപ്പി യേം കാണിച്ച പ്പോള്‍ അവരെന്നെ കുന്തത്തുമ്മേ കയറ്റി വിട്ടൂന്നു പറഞ്ഞാ മതി .ദവനും ലവനും വല്ലാത്ത പുഞ്ജം!! പിന്നേ.........ഞാന്‍ അത്രേം കഷ്ടപ്പെട്ടത്തിന്റെ വില എനിക്കല്ലേ അറിയൂ ..ഇത്രയും കഴിഞ്ഞെങ്കില്‍ ഇനിയും മെച്ചപ്പെടുത്താന്‍ കഴിയുമെന്ന ഒരാത്മവിശ്വാസം. അങ്ങനെ സങ്കടം വാശിക്ക് മാറി.
 ഹോം വര്‍ക്ക് പോലെ ഓരോ പൂക്കളും ഡിസൈനുമായി, പതിയെ പതിയെ കിതച്ചും അണച്ചും അവസാനം ഡോക്ടര്‍ മാം ആഗ്രഹിച്ച   ഉണ്ണി ക്കണ്ണനെ വാര്‍ത്തെടുത്തു . സാമാന്യം എളുതായ ഗ്ലാസ് പെയ്ന്റിംങ്ങി ല്‍ മിനി എനിക്ക് പ്രാക്ടീസ് തന്നെങ്കിലും കൈ കാര്യം ചെയ്യാന്‍ വളരെ ബുദ്ധിമുട്ടി .അങ്ങനെ പെന്‍സിലിങ്ങ് തന്നെ തുടര്‍ന്നു. ഒരു ഉണ്ണികൃഷ്ണനു പകരം കൃഷ്ണന്റെ ബാലലീലകള്‍ മുഴുവനും പകര്‍ത്തി .ഞാനിഷ്ടപ്പെട്ട ദേവി ദേവതമാര്‍ സാഹിത്യ സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍ അങ്ങനെ ചിലതൊക്കെ.... അപാകതകള്‍ ഏറെ ,എങ്കിലും മനസ്സ് എത്തുന്നിടത്ത് കൈ എത്തിക്കാന്‍ കഴിയില്ല എന്ന് സ്വയം ആശ്വസിക്കും .
ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട ശേഷം ,ത്രിപ്തി തരാത്ത ചിത്രങ്ങള്‍ പലപ്പോഴായി വീണ്ടും വരയ്ക്കുകയുണ്ടായി . വരയ്ക്കാന്‍ വളരെ വിഷമിപ്പിച്ച ഒരു ചിത്രം ആലില കണ്ണനാണ് . 3 ആം വട്ട ശ്രമത്തില്‍ സംതൃപ്തി നല്‍കിയ ചിത്രമാണ് ഈ പോസ്റ്റ്‌ നു നല്‍കിയിരിക്കുന്നത് .

റേഡിയോയില്‍ പാട്ടുകള്‍ കേട്ട് കൊണ്ട് ഒരു ചിത്രം വരയ്ക്കുക ! വല്ലാത്തൊരു അനുഭൂതിയാണ് അത് .കിതപ്പോ വേദനയോ വിഷമങ്ങളോ ഒന്നും അറിയില്ല .അങ്ങനെ ഓരോ ചിത്രങ്ങളി ലൂടെയും ഞാന്‍ ഉണരുകയായിരുന്നു! .ഉയരുകയായിരുന്നു ! അവര്‍ എന്നെ ഉണര്‍ത്തുക യായിരുന്നു!അവര്‍ എന്നെ ഉയര്‍ത്തുകയായിരുന്നു!  ആദ്യ കൂടിക്കാഴ്ചയില്‍ പിന്തിരിഞ്ഞു നിന്ന് നിറഞ്ഞ കണ്ണുകള്‍ തുടച്ച ഡെയ്സി ചേച്ചിയും മറ്റും പിന്നീട് കുപ്പിവള കിലുക്കത്തോടെ എന്‍റെ മുന്നില്‍ പൊട്ടിച്ചിരിച്ചു.
 ദീര്‍ഘകാലം TV പത്ര മാധ്യമങ്ങള്‍ക്ക് നടുവില്‍ കാഴ്ചകളെയും അക്ഷരങ്ങളെയും കൂട്ടുപിടിച്ച് 4 ചുമരുകള്‍ക്കുള്ളില്‍ ഞാന്‍ സൃഷ്ടിച്ചെടുത്ത ലോകത്ത് ,ആ വാതില്‍പ്പഴുതിലൂടെ പ്രകാശ ധൂളികളായി ആകാശവാണി കൊച്ചിയും റേഡിയോ ജോയ് ആലുക്കാസ് ആശേച്ചി, ബാലേട്ടന്‍, രഘു രാജ് ടീമിനു മുന്നില്‍ എഴുത്തിന്റെ ബാലപാഠങ്ങള്‍ കടന്നു ,ആര്‍ക്കും മുഖം കൊടുക്കാനോ സംസാരിക്കാനോ ഇഷ്ടപ്പെടാതിരുന്ന ഞാനിന്നു നിങ്ങള്‍ക്ക് മുന്നില്‍ നിങ്ങളില്‍ ഒരാളായി .........!!
പുറംലോകത്തിനു കേട്ടുകേള്‍വിയുള്ള  സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലെ ചതിക്കുഴികളില്‍ ഒളിഞ്ഞിരിക്കുന്ന എഴുത്തിന്റെയും വായന യുടെയും ലോകം എത്തിപ്പിടിക്കാന്‍ കഴിഞ്ഞതും ഭാഗ്യം .ഇവിടെ  ഈ ഫേസ് ബുക്ക്‌ കൂട്ടായ്മയില്‍ നല്ല സൗഹൃദങ്ങള്‍ ലഭിച്ചതാണ് എന്‍റെ ഭാഗ്യം ,ലൈക് സും കമെന്റ്സുമായി മെല്ലെ  കൈ പിടിച്ചു  നടത്തിയവര്‍ .നന്ദിയുണ്ട് സുഹൃത്തുക്കളെ ഒത്തിരി നന്ദിയുണ്ട്.  നിറയെ സ്നേഹവും പ്രോത്സാഹനവും തന്ന സുഹൃത്തുക്കള്‍.! ആരുടേയും പേര് എടുത്തു പറയുന്നില്ല ;എങ്കിലും ഗുരു ദക്ഷിണയായി മലയാള ലിപി എഴുത്തിനും ബ്ലോഗ്‌ എന്ന സ്വപ്നത്തിനും വിത്തുകള്‍ പാകി തന്ന അക്കു എന്ന അക്കാകുക്കാ യെ പറയാതിരിക്കാന്‍കഴിയുന്നില്ല .

ഒന്നുമല്ലാത്ത എന്നെ, ഔപചാരികതകള്‍ ഇല്ലാതെ ,ആരോഗ്യപ്രശ്നങ്ങളും ആവലാതികളും ഇറക്കി വയ്ക്കാവുന്ന ഒരു സുഹൃത്താക്കി ഹോം ഓഫ് ഹോപ്‌ ലെ Dr ജെറിയും അവിടത്തെ സുഹൃത്തുക്കൾ ഷീനയും ഷൈനിയും എന്നെ  കൂടെ കൂട്ടി. ഇനിയും നല്ലൊരു കാലം, ആരോരുമില്ലാതെ ഞാന്‍ എന്റെ വേദനകളില്‍ സ്വയം സമാധി പൂണ്ട കാലം , അണയാത്ത ആത്മാവിനെ കുട ചൂടിച്ചു നെടുംതൂണായ നിന്ന എന്റെ കളിക്കൂട്ടുകാരി ബിന്ദുവും [ dr.PS Bindu NIMHANS Bangaluru]......

      ഒരര്‍ത്ഥത്തില്‍ നമ്മള്‍ എല്ലാവരും ഒറ്റയാണ്. വരുന്നതും പോകുന്നതും ഒറ്റയ്ക്ക് ! എന്നാല്‍ ഒറ്റയാണ് എന്ന് തിരിച്ചറിയപ്പെടുന്ന നിമിഷത്തില്‍ മാത്രമാണ് ഒരാള്‍ യഥാര്‍ത്ഥത്തില്‍  ഒറ്റയാകുന്നത് ! ആരൊക്കെയോ കൂടെ ഉണ്ടെന്നൊരു തോന്നല്‍ ഉണ്ടാക്കുകയാണ് വേണ്ടത് .


ഈ സമൂഹത്തോടു എനിക്കൊന്നേ പറയാനുള്ളൂ . അവിചാരിതമായ് എത്തുന്ന അപകടങ്ങളാലും രോഗങ്ങളാലും ഇനിയൊന്നും നേടാനില്ലാതെ അനന്ത ശൂന്യതയിലേക്ക് കണ്ണും നട്ട് ഇരിക്കുന്നവര്‍ ... മരണ മെത്തുന്നേരം ഇത്തിരി നേരമരികിലിരിക്കണേ.......എന്ന് ചൊല്ലുന്നവര്‍ .......ഇവര്‍ക്ക് നേരെ കണ്ണടയ്ക്കുകയല്ല ; ഓടിയൊളിക്കുകയല്ല, ഞങ്ങളുണ്ട് കൂടെ എന്ന് പറഞ്ഞു ഓടിയെത്താനുള്ള ആര്‍ദ്രതയും സ്നേഹവുമാണ് വേണ്ടത് ! അടുത്ത് നില്‍ക്കുന്നവന്റെ കണ്ണീരൊപ്പാന്‍ കഴിയാത്ത ആ ദുര്‍ബല ഹൃദയം നമുക്കെന്തിനാണ് ? പാഴായ ദൌര്‍ബല്യത്തെ വലിച്ചെറിയൂ !അവരുടെ  വേദനകളെ പിഴുതെടുക്കാന്‍ നമുക്കാവില്ല ; പക്ഷെ ആത്മ നിയന്ത്രണം വിട്ടു പോകുമ്പോള്‍ ഒരു തുഴയായി നമുക്ക് കൂടെ നില്‍ക്കാം .

  കാന്‍സര്‍ ,ചികിത്സിച്ചു സുഖപ്പെടുത്താം എന്ന സന്ദേശം നല്‍കുമ്പോഴും , ഇനിയൊന്നും ചെയ്യാനില്ല എന്ന ഘട്ടത്തിലെത്തുമ്പോള്‍ ,ഇനിയാണ് ചെയ്യാനുള്ളത് എന്നും പറഞ്ഞു അവരിലെക്കിറങ്ങി ചെന്ന ഡോക്ടര്‍ ആണ് Dr Jerry Joseph. മരണത്തിന്‍റെ ചിലമ്പിച്ച കാലൊച്ച കേള്‍ക്കുമ്പോള്‍ , അവസാന ശ്വാസത്തിലും കൈ പിടിച്ച്, വേദനകള്‍ അറിയിക്കാതെ ,അവരെ  ചിരിച്ചു കൊണ്ട് വിട പറയാന്‍  പ്രാപ്തരാക്കുന്നതാണ് സാന്ത്വന ചികിത്സ.


 .മെഡിക്കല്‍ ബിരുദ ബിരുദാനന്തരവും സാന്ത്വന ചികിത്സയില്‍ പ്രത്യേക അംഗീകാരവും നേടിയ അദ്ദേഹം, വിദേശ ജോലിയും ഉപേക്ഷിച്ചു, തന്‍റെ സേവനം നാടിനു ഉപയോഗപ്പെടുത്തണം എന്ന ആഗ്രഹത്തിലാണ് തൃശൂര്‍ പുതുക്കാട് സ്വന്തം നാട്ടില്‍ Home Of Home എന്നകാരുണ്യ പദ്ധതിക്ക് തുടക്കമിട്ടത് . www.home-of-hope.org  ഡോക്ടറെ പരിചയപ്പെട്ട നാള്‍ ഒരിക്കല്‍ ഞാനും ചോദിക്കുകയുണ്ടായി , ‘’വേദനകള്‍ക്ക് മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുന്നവര്‍ക്കൊപ്പം എങ്ങനെയാ ഇങ്ങനെ മുഴുവന്‍ സമയവും !!?’’ഞാന്‍ അത്ഭുതം കൊണ്ടു.

എന്റെ സേവനം ആവശ്യമുള്ളവര്‍ക്ക് ഞാന്‍ അത് കൊടുക്കുന്നു. താന്‍ ചെയ്യുന്നത് അത്ര മഹത്തര മൊന്നുമല്ല എന്ന മട്ടില്‍ എത്ര സിമ്പിള്‍ ആയിട്ടാ ഡോക്ടര്‍ അന്ന് മറുപടി പറഞ്ഞതെന്നോ !?
    നമുക്ക് ചുറ്റും നന്മയുടെ അംശം വറ്റി യിട്ടില്ല . ഡോക്ടര്‍ മം നെ പോലെ ,സ്വന്തം അനാരോഗ്യം മാറ്റി വച്ചും തന്‍റെ സേവനം ,ഗ്രാമ ഗ്രാമാന്തരങ്ങളില്‍ ചെന്ന് ,അര്‍ഹതപ്പെട്ടവരില്‍ എത്തിക്കുന്ന മാണിക്യമംഗലം ജീവഗ്രാം മിലെ എന്റെ ഉഷ ഡോക്ടര്‍ ,  


Dr ജെറി, അങ്ങനെ നമ്മളറിയാതെ നിരവധി പേര്‍  .home of hope ലെ വാളണ്ടിയേഴ്സ് , ആശ വര്‍കേഴ്സ് , സന്നദ്ധ ആരോഗ്യ പ്രവര്‍ത്തകര്‍,ഒരു പ്രതിഫലവും പറ്റാതെ നടത്തുന്ന  ഇവരുടെയൊന്നും സേവനങ്ങള്‍ നമ്മള്‍ കണ്ടില്ലെന്നു നടിക്കരുത് . അവര്‍ക്ക് പ്രചോദനവും പ്രോത്സാഹനവുമേകാന്‍ നമുക്കാവണം .
 ചികിത്സയുടെയും  മരുന്നിന്റെയും  സാമ്പത്തിക ഭാരം താങ്ങാനാവാതെ ഉലയുന്ന കുടുംബങ്ങള്‍ക് ഒരു കൈ താങ്ങാവാന്‍.... നമ്മുടെ ജന്മദിനങ്ങളിലോ
 ,വിവാഹ വാര്‍ഷിക ങ്ങള്‍ക്കോ പൊടി പൊടിക്കുന്നതില്‍ നിന്നും,അല്ലെങ്കില്‍ , വൈകീട്ടെന്താ പരിപാടി എന്ന് ചോദിക്കുന്നതില്‍ നിന്നും  ഒരംശം മാറ്റി വയ്ക്കാം . ഞാനും നീയും നിങ്ങളുമാണ് ഈ സമൂഹം .സമൂഹത്തോടുള്ള നമ്മുടെ പ്രതിബദ്ധത മറച്ചു വയ്ക്കാതെ ! ജീവിതം അര്‍ത്ഥ ശൂന്യമാവാതെ .........!!

     ‘’ ഒരു നോക്ക് ...!
    ഒരു വാക്ക് ,ഒരു താങ്ങ് !’’എന്ന
  മലയാളത്തിന്‍റെ സ്വന്തം സാഹിത്യകാരന്‍ ശ്രീ പി കേശവ ദേവ് ന്‍റെ വാക്കുകളോടെ .........എല്ലാവര്‍ക്കും നന്മകള്‍ ; ആശംസകള്‍....നമസ്ക്കാരം !

സ്നേഹപൂര്‍വം സ്നേഹിത
മായ ബാലകൃഷ്ണന്‍   


                

Comments

  1. ശ്രമിക്കണം.... .
    വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി

    ReplyDelete
  2. സോറി....ഒരു അബദ്ധം....!!
    കമന്റ് അറിയാതെ ഡിലീറ്റ് ആയതാ ട്ടൊ ചാത്തങ്കരി

    ReplyDelete

Post a Comment

Popular posts from this blog

വാഴക്കുല യ്ക്ക് 80 വയസ്സ്

കൃഷ്ണ കവിത

സൗഹൃദം ! സുകൃതം !!