കലയും കേരളവും !
.............ആസ്വാദകരുടെ മുന്നിലെത്തുമ്പോഴേ കല കലയാകൂ ....... അല്ലെങ്കില്‍
കല വെറും കോലമാകും?” കളിയച്ഛന്‍” മാരുടെ കാലം
കഴിഞ്ഞു .കൈ നിറയെ വേഷങ്ങളും അരങ്ങുകളും ശിഷ്യന്മാര്‍ക്കും ഇന്നു ലഭ്യമാണ് .
...പിന്നെ എന്തിനാണീ
കോലം കെട്ടല്‍?കോലം കെട്ടിക്കല്‍....... ?! കഥ അറിയാതെയും ആട്ടം കാണാം.പക്ഷെ അത് വെറും
കെട്ടുകാഴ്ച്ചയാവുന്നില്ല.! അവിടെ അറിയാനും ആസ്വദിക്കാനുമുള്ള അദമ്യമായ ആഗ്രഹമുണ്ട് !നിലാവ് പൊഴിയുന്ന ഓര്‍മ്മകളിലൂടെ ...............!
കഥകളി
മഞ്ഞും പൂനിലാവും ഒഴുകുന്ന
മകര സംക്രാന്തിക്ക് ഞങ്ങളുടെ
നായത്തോട്ടപ്പന് ഉത്സവം കൊടിയേറും .പത്തു ദിവസ്സം നീളുന്ന
ഉത്സവത്തില്‍ ഒരു ദിവസം കഥകളിയായിരിക്കും. അതും അന്നെല്ലാം എന്റെയോര്‍മ്മയില്‍ കലാമണ്ഡലം മേജര്‍ സെറ്റ് സംഘത്തിന്റെ കളിയായിരിക്കും ! രാത്രി തുടങ്ങിയാല്‍ നേരം പുലരുവോളം രണ്ടും
മൂന്നും കളികള്‍ വരെയുണ്ടാകും .
കഥകളി ദിവസ്സം സന്ധ്യക്ക് ദീപാരാധനക്ക് നേരത്തേ ക്ഷേത്രത്തിലെത്തും.
ക്ഷേത്രം ഊട്ടുപുരയില്‍ അപ്പോള്‍ കളിയൊരുക്കങ്ങള്‍ നടക്കുന്നുണ്ടാവും . മരയഴികള്‍
ഇട്ട അതിന്‍റെ വരാന്തയില്‍ ഞങ്ങള്‍ കുട്ടികള്‍ നിരന്നു നിന്ന് അകത്തെ കാഴ്ചകള്‍
കാണാന്‍ തിക്കിതിരക്കും. ഇലക്ട്രിക് ബള്‍ബിന്റ അരണ്ട മഞ്ഞ വെളിച്ചത്തില്‍, നിറയെ തൂക്കിയിട്ടിരിക്കുന്ന നീലയും ചോപ്പും
വെളുപ്പും നിറത്തിലുള്ള കണ്ണഞ്ചിപ്പിക്കുന്ന കളിവേഷങ്ങളുടെ വസ്ത്രങ്ങളും , കഴുത്തിലും
കാതിലും അണിയുന്ന ,മിന്നിതിളങ്ങുന്ന മുത്തുമാലകളും കാപ്പും കാതിലോലകളും
കിരീടങ്ങളും മുടികളും പിന്നെ ഇവയെല്ലാം കൊണ്ടുവരുന്ന മരം കൊണ്ടുള്ള വലിയ വലിയ പെട്ടികളും ,അങ്ങനെ കൌതുകവും
വിസ്മയവും ഒരുക്കുന്ന കാഴ്ചകള്‍ കണ്‍ നിറയെ
കാണും . വെള്ള മുണ്ടും തോള്‍ മുണ്ടുമിട്ട്,
ക്ലീന്‍ ഷേവും ചെയ്ത്, വല്യ ഗൌരവത്തോടെ, മുറുക്കി ചുമപ്പിച്ച്, അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന ചിലരെ കാണുമ്പോഴേ കളിക്കരാവുമെന്ന് ഊഹിക്കാം .അവരെ കാണുമ്പോള്‍
കുട്ടികളെല്ലാം ഭയഭക്തി ബഹുമാനത്തോടെ അടങ്ങി ഒതുങ്ങി ശബ്ദമുണ്ടാക്കാതെ നില്‍ക്കും . .
അതിനുള്ളില്‍ ഒരു ഭാഗത്ത് നിലവിളക്ക് കൊളുത്തി
വച്ചിരിക്കുന്ന കാണാം. ഒന്നു രണ്ടു പേര്‍ തറയില്‍ പായിട്ടു അതില്‍ നിവര്‍ന്നു കയ്യും കാലും നീട്ടി നിശ്ചലരായി മണിക്കൂറുകള്‍ തന്നെ കിടക്കുന്നതു കണ്ടു ആശ്ചര്യപ്പെട്ടു പോകും
നമ്മള്‍ !! അവരുടെ അരികെ കുനിഞ്ഞിരുന്നു മുഖത്ത് പച്ചയും വെള്ളയും കറുപ്പും
ചായമിട്ട് ചുട്ടി കുത്തി കൊടുക്കുന്ന
വിദഗ്ദ്ധ കലയും നോക്കി നിന്നാല്‍ സമയം പോകുന്ന കാര്യം പോലും അറിയില്ല .
തലേദിവസം ‘മായ’ നെല്ലിയോട് ന്‍റെ അരങ്ങേറ്റമുണ്ടായിരുന്നു .വീട്ടില്‍ വന്നു ഞാനും
കിടന്നു , കയ്യും കാലും നീട്ടി വച്ചു ചലിക്കാതെ കുറെ സമയം ! , പിന്നേ..... അവള്‍
കഥകളി പഠിക്കാന്‍ കെടക്കണൂ ന്നും പറഞ്ഞ് ചേച്ചി വന്നു ഒരു തട്ടും വച്ചു തന്നു ; അതോടെ
ന്‍റെ കഥകളി പഠിത്തോം പരീക്ഷണോം തീര്‍ന്നു .എന്തായാലും കാണുന്ന പോലെ അത്ര സുഖമുള്ള പരിപാടി അല്ല ഈ കഥകളി എന്ന് അന്ന്
മനസ്സിലാക്കിയതാണ് . രാത്രി മുഴുവന്‍ ഉറക്കമിളയ്ക്കുന്ന അവരെല്ലാം ഈ സമയങ്ങളില്‍
നല്ല ഉറക്കം പാസ്സാക്കുകയാണെന്നു അറിയുന്നതെല്ലാം ഇക്കാലത്താണ് .
അങ്ങനെ എല്ലാ വര്‍ഷവും
കഥകളിക്കു പോകും .തോടയവും പുറപ്പാടും കഴിയുമ്പോഴേക്കും
ഉറക്കം കലശലായി അടുത്തിരിക്കുന്നവരുടെ ചുമലിലേക്ക് ചായും. വീണ്ടും ഉണര്‍ന്ന്
നിലത്ത് പുല്ലിലും മണ്ണിലും പടിഞ്ഞിരുന്ന കല്ലും മണ്ണും 2, 3 ആവര്‍ത്തി തട്ടിക്കളഞ്ഞു ഉഷാറു വരുത്തി കണ്ണും തുറന്ന്
വലിച്ചു പിടിച്ചിരിക്കും ..പിന്നേം രക്ഷയില്ലാതെ,പോകാം പോകാം എന്ന് പറഞ്ഞു ,അവസാനം
കൂടെ വരുന്ന ചേട്ടനും ഉറക്കം
പിടിക്കിട്ടാതെ വരുമ്പോള്‍ ഞങ്ങള്‍ മടങ്ങും . അടുത്ത വര്‍ഷം എല്ലാം കണ്ടിട്ടേ പോരൂ എന്ന ശപഥവും എടുത്തിട്ടായിരിക്കും മടക്കം .
പിറ്റേ
ദിവസ്സം അടുത്ത വീട്ടിലെ കുട്ടികള്‍ പറഞ്ഞു കേള്‍ക്കും; “ ഇന്നലെ എന്തു
രസമായിരുന്നെന്നോ !! നളചരിതത്തിലെ ഹംസം!!
അരയന്നത്തിന്റെ വേഷം ഉണ്ടായിരിന്നു .അതിന് നീണ്ട ചുണ്ട് എല്ലാം
പിടിപ്പിച്ചു നല്ല ഭംഗിയാണ് കാണാന്‍ ! കല്യാണ സൗഗന്ധികത്തിലെ ഹനുമാനെ കാണണമായിരുന്നു !
തലയില്‍ വട്ട മുടിയും കിരീടവും, വെള്ള
താടിയും, രാക്ഷസന്മാര്‍ക്ക് ചുമന്ന താടിയും..........നേരം
വെളുക്കുവോളം ഉണ്ടായിരുന്നു ”. ഇതെല്ലാം കേള്‍ക്കുമ്പോള്‍ നിരാശയും സങ്കടവും
തോന്നും .അന്നേ മനസ്സില്‍ കരുതും അടുത്ത വര്‍ഷത്തെ കളി മുഴുവനും കണ്ടിട്ടേ മടങ്ങൂ
എന്ന് .
അങ്ങനെ പിറ്റേ വര്‍ഷവും കഥകളി കാണാന്‍ ഞാനും ചേട്ടനും
കൂടി ഒരു പോക്കുണ്ട് .രാത്രി 9 , 10 മണി ആകുമ്പോഴേക്കും ഇട്ടിരിക്കാന്‍ പഴയ ഒരു
ന്യൂസ്‌പേപ്പറും മഞ്ഞു കൊള്ളാതെ തലയില്‍
കെട്ടാന്‍ തോര്‍ത്ത് മുണ്ടും ടോര്‍ച്ചുമെല്ലാം അമ്മ തന്നു വിടും
.ദീപാരാധനയും കൂത്തും പാഠകവും വിളക്കിനെഴുന്നള്ളിപ്പും കഴിയുന്നതോടെ സാധാരണ അമ്മയുടെ ഉത്സവം കാണല്‍ എല്ലാം കഴിഞ്ഞിരിക്കും . രാവിലെ ജോലിക്ക് പോകാനുള്ളതാ ഉറക്കമിളക്കാന്‍
കഴിയില്ല എന്ന് പറഞ്ഞ് അമ്മയും ഉത്സവ കമ്മിറ്റിയും ഉത്സാഹ കമ്മിറ്റിയുമായ് നടക്കുന്ന അച്ഛനും
ഞങ്ങളെ കളി കാണിക്കാനൊന്നും മെനക്കെടാറില്ല .
എങ്കിലും
അടുത്ത ക്ഷേത്രങ്ങളിലെ ഒരു ഉത്സവവും ഞങ്ങള്‍ മുടക്കില്ല .
കഥാപ്രസംഗവും നാടകവും ബാലെയും
കാണാന്‍ അമ്മായീമാരോ കസിന്‍സ് ശ്രീദേവി ചേച്ചിയോ ഉഷേച്ചിയോ രത്തേച്ചിയോ, അടുത്ത
വീട്ടിലെ സുഭദ്രയോ,മല്ലികേച്ചിയോ അങ്ങനെ പലരുടേയും കൂട്ട് കൂടി ഞങ്ങള്‍ പോകും.
ക്ഷേത്രത്തിന്‍റെ തെക്ക് കിഴക്ക് ഭാഗത്ത് സ്ഥിരമുള്ള തറയും അതിനു മുകളില്‍
താല്‍ക്കാലികമായി ടാര്‍പോളിന്‍
കെട്ടിയുണ്ടാക്കുന്ന സ്റ്റേജും
അതിനു ഏറ്റവും മുന്നില്‍ നിലത്ത്
കുട്ടികള്‍ക്കൊപ്പം ഞങ്ങളും സ്ഥാനം പിടിക്കും .
സ്റ്റേജ് നു മുന്നിലെ തെളിഞ്ഞു കത്തുന്ന നെഞ്ചോളം പൊക്കമുള്ള കളി വിളക്ക് !അന്നെല്ലാം
വല്യ ഒരു കാഴ്ച തന്നെയായിരുന്നു അത് . അത്രയും ഉയരമുള്ള വിളക്ക് കഥകളിക്കു മാത്രമേ
കണ്ടിട്ടുള്ളൂ . പിന്നില്‍ ഒരു ഭാഗത്ത് വാദ്യ മേളക്കാര്‍, ചെണ്ടയും മദ്ദളവും ,പിന്നെ കഥകളിപദം ചൊല്ലുന്ന പാട്ടുകാര്‍ ,ഒരാള്‍ പാടി പകുതി ആകുമ്പോഴേക്കും
അടുത്തയാള്‍ കൂടെ പാടി തുടങ്ങും . അവരില്‍ ഒരാളുടെ കയ്യില്‍ ഇലത്താളവും
അടുത്തയാളുടെ പക്കല്‍ സ്കൂള്‍ ബെല്‍ പോലെ വട്ടത്തില്‍ കൊട്ടി പാടുന്ന ഒന്നും ഉണ്ടാകും .
അങ്ങനെ കുറേ സമയം അവരെയെല്ലാം
കണ്ടും കേട്ടുമിരിക്കും .
നളന്‍
വരും ദമയന്തി വരും എന്നൊക്കെ കഥ പറഞ്ഞു കേട്ടു പോയിട്ട് ആരും വരണില്ല .ക്ഷമ
കെട്ടിരിക്കുമ്പോള്‍ രണ്ടു പേര്‍ വന്നിട്ട് കളിവിളക്കിന് തൊട്ടു പിന്നില്‍
അപ്പുറവും ഇപ്പുറവും നിന്ന് ഒരു തിരശ്ശീല
പിടിത്തമുണ്ട് .നല്ല നീലയും ചുമപ്പും
നിറമുള്ള അതിന്‍റെ ഭംഗിയും ആസ്വദിച്ച് പിന്നേം
കുറച്ചു സമയം അങ്ങനെയിരിക്കും.
അവസാനം ക്ഷമയുടെ നെല്ലിപ്പടി എത്തി എന്നു പറയുന്ന ഘട്ടത്തില്‍
ഒരു വേഷം തിരശ്ശീലക്കു പിന്നിലെത്തും . അത് കാണുമ്പോള്‍ ആശ്വാസമാകും.. ഒത്തിരി
സന്തോഷത്തോടും ഉത്സാഹത്തോടും കൈയും കാലുമെല്ലാം തിരിച്ചും മടക്കീം വച്ചു ഉഷാറു
വരുത്തി പിന്നേം ഇരിപ്പു തുടങ്ങും ..
തിരശ്ശീലക്കു പിന്നില്‍ കിരീടത്തിന്‍റെ മുകള്‍
ഭാഗവും താഴെ കാല്പാദങ്ങളും മാത്രം ഇളകുന്നതു കാണാം. മറയില്ലാതെ ആ വേഷമോന്നു കാണാന്‍
കൊതിയാകും. ഇടയ്ക്കു മേളം മുറുകുമ്പോള്‍ ഞങ്ങള്‍ക്ക് വളരെ പ്രതീക്ഷ നല്‍കി വേഷത്തിന്‍റെ
രണ്ടു കൈപ്പത്തികള്‍ തിരശ്ശീലയുടെ മുകള്‍
ഭാഗത്ത് ബലപ്പെട്ട് താഴ്ത്താന്‍
ശ്രമിക്കുന്ന കാണാം.. നീളമുള്ള സ്റ്റീല്‍ നെയില്‍ ക്യാപ്പുകള്‍ വെട്ടി തിളങ്ങുന്ന കാണുമ്പോള്‍ ഞങ്ങളുടെ പ്രതീക്ഷകളും
ആവേശവും ഇരട്ടിക്കും .തിരശ്ശീല ഇപ്പൊ മാറ്റും, വേഷം കാണാം എന്ന്
സന്തോഷിച്ചിരിക്കും.പക്ഷേ ഞങ്ങളെ നിരാശപ്പെടുത്തി കൊണ്ട് വീണ്ടും മേളവും ആട്ടവും
മന്ദഗതിയിലാവും. പലയാവര്‍ത്തി തുടരുന്ന ഈ കലാപ്രകടനം ഞങ്ങളെ കുറച്ചൊന്നുമല്ല
സങ്കടപ്പെടുത്തുന്നത്.
പിന്നേയും
തിരശ്ശീലയുടെ കീഴെ കാണുന്ന കാല്‍പാദങ്ങളുടെ നൃത്ത ചുവടുകള്‍ !, അവര്‍ എപ്പോഴും
കാലുകള്‍ ഒരു പ്രത്യേക രീതിയില്‍ ചെരിച്ചു ചവിട്ടുന്നതും മറ്റും കുറച്ചു സമയം കൂടെ
കൌതുകത്തോടെ കണ്ടിരിക്കും.. അപ്പോഴും ആ വെഷമോന്നു കണ്ടാല്‍ മതിയെന്നാകും .അവര്‍ക്കു
കൈ കുഴയില്ലേ ;എന്‍റെ തിരുനായത്തോട്ടപ്പാ അങ്ങനെയെങ്കിലും ആ തിരശ്ശീലയൊന്നു മാറ്റി വേഷം കണ്ടാല്‍
മതിയായിരുന്നു എന്ന് പ്രാര്‍ത്ഥിച്ചു പോകും !
അങ്ങോട്ടും ഇങ്ങോട്ടും ചാഞ്ഞും ചെരിഞ്ഞും
ഇരുന്നു നാഴിക വിനാഴിക അങ്ങനെ മണിക്കൂറുകള്‍ കഴിഞ്ഞിരിക്കും .എന്നിട്ടും തിരശ്ശീല മാറ്റി
കാണാതെ വരുമ്പോള്‍ സങ്കടവും നിരാശയും കൊണ്ട് നമുക്ക് പോകാം പോകാമെന്നു പറയുമ്പോള്‍.
നീ പാട്ട് ശ്രദ്ധിക്കൂ, എന്നൊക്കെ പറഞ്ഞു
ചേട്ടനും, എന്നെ പിടിച്ചിരുത്താന്‍ ശ്രമിക്കും .
”
കഥ ! കഥ ! നായരേ ...........
കസ്തൂരി നായരേ .....!!”
എന്നേക്കാള്‍ 3 , 4 വയസ്സ് മൂപ്പുണ്ടായിരുന്ന ചേട്ടന് അന്നു എന്ത് മണിപ്രവാളം മനസ്സിലയിട്ടാണ് കഥ കേട്ടിരുന്നത്
.!!? സംസ്കൃതവും മലയാളവും ചേര്‍ന്നു
കഠിനമായിരുന്നു ആ ശ്ലോകങ്ങള്‍ !.ഇടയ്ക്കു ചില വാക്കുകള്‍ മനസ്സിലാകും
എന്നെല്ലാതെ എനിക്കൊന്നും മനസ്സിലായില്ല .
നിരാശപ്പെട്ട് ഉറക്കം തൂങ്ങി ചേട്ടന്‍റെ
ചുമലിലേക്ക് ,പതിയെ നിലത്തേക്ക്, തല ചായ്ച്ചു മണ്ണില്‍ ചുരുണ്ട് കൂടും .
ഇടയ്ക്കു വേഷം വരുമ്പോ ചേട്ടന്‍
തട്ടിയുണര്‍ത്തും . ചാടിപ്പിടഞ്ഞു ഉണര്‍ന്ന് നോക്കുമ്പൊ കളിവിളക്കിന് മുന്നില്‍ കണ്ണഞ്ചിപ്പിക്കുന്ന
ആടയാഭരണങ്ങളോടെ ഒരു വേഷം നിറഞ്ഞു നില്‍ക്കുന്നുണ്ടാവും
! പച്ച ചായംതേച്ച മുഖവും ചെമ്പരത്തിപ്പൂ
പോലെ ചുമന്ന കണ്ണുകളും അരയ്ക്കു ചുറ്റും
വൃത്ത ഭാണ്ഡാകാരത്തിലുള്ള ഉടുത്തുകെട്ടും, പിന്നില്‍ അതിനെ കവിഞ്ഞു നിറഞ്ഞു നില്‍ക്കുന്ന
നീളമുള്ള മുടിയും കണ്ടാല്‍ അത്ഭുതവും
വിസ്മയവും !! ആകെ ഒരാനച്ചന്തം !! ആ ചെറിയ
കാലുകള്‍ എങ്ങനെ ഈ ഭാരം താങ്ങും എന്നൊക്കെ ചിന്തിച്ചിരുന്നു പോകും .സ്ത്രീ വേഷമാണ്
ഏറെ മനോഹരം! .പുരുഷന്മാരാണ് സ്ത്രീ വേഷം കെട്ടുന്നത് എന്നെല്ലാം പറഞ്ഞാല്‍
വിശ്വസിക്കില്ല .നെറ്റിയുടെ അരികു പറ്റി മിന്നുന്ന അലുക്കുകളും മിന്നി
ത്തിളങ്ങുന്ന ശിരോവസ്ത്രവും !
മുദ്രകള്‍ , ഇടയ്ക്കു താമര വിരിയുന്നതും വണ്ട് മൂളിപ്പറക്കുന്നതും ചേട്ടന്‍
പറഞ്ഞു തരും .പുരികക്കൊടികളും നെറ്റിയും കണ്ണും ചലിപ്പിച്ചു കൊണ്ടുള്ള മുദ്രകളോ പാട്ടോ ഒന്നും കാര്യമായ് മനസ്സില്ലകാതെ അങ്ങനെ
എത്ര നേരം ആട്ടം കാണാനാകും !!? അത്യാവശ്യ
ആസ്വാദനം കഴിയുമ്പോഴേക്കും വീണ്ടും കണ്ണില്‍ കട്ട പിടിച്ച ഉറക്കം വന്നിട്ടുണ്ടാകും .
ചേട്ടനും പോകാം എന്ന് സമ്മതിക്കും .
നിറഞ്ഞു നില്‍ക്കുന്ന അമ്പല മൈതാനം .കയര്‍ കെട്ടി രണ്ടു ഭാഗങ്ങളായി
സ്ത്രീകളും കുട്ടികളും പുരുഷന്മാരും,; പീപ്പിയും ബലൂണുകളും ഇഞ്ചി മിട്ടായി ഇഞ്ചി
മിട്ടയിയേ....എന്ന് വിളിച്ചു പറഞ്ഞു കൊണ്ട് കടല കപ്പലണ്ടി വില്‍പ്പനക്കാരും; ആകെ ഒരാഘോഷം!
,ഇതിനിടയിലൂടെ ഓരോ ഇഞ്ചി മിട്ടായിയും
വാങ്ങി വായിലിട്ടു ഞങ്ങള്‍ പടിഞ്ഞാറേ ഗോപുരത്തിന്‍റെ ആനവാതിലും കടന്നു
പുറത്തേക്കു എത്തും .
.ഷാരത്തെ പടിയും ജി യുടെ വാതിലും കടന്നു വളഞ്ഞു പുളഞ്ഞ ചെറിയ ഇട
റോഡിലൂടെ വേലിപ്പത്തലുകളും പൊട്ടക്കിണറും കുറ്റിക്കാടും നിറഞ്ഞ അരികുകള്‍
പറ്റി നടക്കുമ്പോള്‍ മുകളില്‍ ഇരുള്‍
നീലിമയില്‍ ആകാശം പൂത്തുലഞ്ഞു നില്‍പ്പുണ്ടാവും ! പൂഴി
വാരിയിട്ടതു പോലെ നക്ഷത്രങ്ങള്. ചിലതെല്ലാം ഇടയ്ക്കു ഒളിഞ്ഞും തെളിഞ്ഞും മിന്നി
മിന്നിത്തെളിഞ്ഞു കൊണ്ടിരിക്കും .
പൂനിലാവോഴുക്കി ചന്ത മാമ ! തലയുയര്‍ത്തി നോക്കുമ്പോഴൊക്കെ ചന്ത മാമയും ഞങ്ങള്‍ക്കൊപ്പം
നടക്കുന്നുണ്ടാവും .
അരണ്ടവെളിച്ചത്തില്‍ ചെറിയൊരു പേടി. ഇടുങ്ങിയ വഴിയിലൂടെ എതിരെ ആനയെങ്ങാനും വന്നാലോ !!? ഈ നേരത്തൊന്നും
ആന വരില്ല എന്ന് ചേട്ടന്‍ ധൈര്യപ്പടുത്തും.എന്നാലും പോകുന്ന വഴിയില്‍ പച്ച
പപ്പടത്തിന്റെ മണം വന്നാലോ ?! അവിടെ പാമ്പുകള്‍ ഉണ്ടാകും എന്നൊരു പേടി .പിന്നെയും
ദുര്‍മരണം നടന്നിട്ടുണ്ടെന്ന് പറയുന്ന ചില ഭാഗങ്ങളും എത്തുമ്പോള്‍ ഒരു പരിഭ്രാന്തി
! പേടി കുറയാനായി അപ്പോഴെല്ലാം ഞങ്ങള്‍ നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരിക്കും. മണി
കിലുക്കി പാഞ്ഞെത്തുന്ന സൈക്കിളോ, അമ്പലത്തില്‍ നിന്ന് വര്‍ത്തമാനം പറഞ്ഞു
ഒറ്റപ്പെട്ടു വരുന്നവരെയോ പോകുന്നവരെയോ എതിരെ
കാണുമ്പോള്‍ തെല്ലു പിരിമുറുക്കം ഒഴിഞ്ഞു കിട്ടും .
ഈ
സംഭ്രമങ്ങള്‍ക്കും ഭീതിക്കുമിടയില്‍ സുഖമുള്ള തഴുകലായി, ഒരു പിന്‍വിളി പോലെ
ക്ഷേത്രത്തില്‍ നിന്നും ഉയരുന്ന ഘനഗംഭീരമായ ശബ്ദത്തില്‍ ഒഴുകിയെത്തുന്ന കഥകളിസംഗീതവും മേളപ്പെരുക്കങ്ങളും ഒരു സുരക്ഷാ കവചം പോലെ
ഞങ്ങളെ അനുഗമിക്കുന്നുണ്ടാവും .വീട്ടില്‍
വന്നു കയ്യും കാലും കഴുകി കിടന്ന് ഉറക്കത്തിലേക്ക് മയങ്ങി വീഴുമ്പോഴും ആ പാട്ടും
ദൃശ്യവും മനസ്സില്‍ നിറഞ്ഞു നില്‍ക്കും.
കറുത്ത ഫ്രെയിമുള്ള കട്ടി കണ്ണട വച്ച ,കാഴ്ച്ചയില്‍ ഇരട്ട സഹോദരന്മാരെ പോലെ
തോന്നിക്കുന്ന രണ്ടു പേര്‍ . കലാമണ്ഡലം ശങ്കരന്‍ എമ്പ്രാന്തിരിയും കലാമണ്ഡലം
ഹരിദാസ് എന്ന വെണ്മണി ഹരിദാസും ;ഇന്നും ആ അനശ്വര
കലാകാരന്മാര്‍ ഓര്‍മ്മയില്‍
നിറയുന്നു .പ്രശസ്തരായ എത്രയെത്ര കഥകളി ആചാര്യന്മാര്‍ നിറഞ്ഞുനിന്ന കഥകളാണ്
നായത്തോട് ശിവ നാരായണ ക്ഷേത്ര അരങ്ങിനുണ്ടായിരുന്നത് !
ആട്ത്യമുള്ള മനകളും ഊരണ്മകളും കേന്ദ്രീകരിച്ച് നടന്നിരുന്ന കഥകളി
അരങ്ങുകളെ ‘കളിയോഗങ്ങള്‍’ എന്ന്
വിളിച്ചിരുന്ന കാലം.. കളിയോഗങ്ങളില്‍ നായത്തോട് കളിയോഗം പേരെടുത്ത
ഒന്നായിരുന്നെന്ന്‍ കലാമണ്ഡലം രാമന്‍ കുട്ടിയാശന്‍ തന്‍റെ മറക്കാനാവാത്ത കളി അരങ്ങുകളില്‍ പരാമര്‍ശിച്ചിട്ടുണ്ട് .തനിക്ക് ഏറെ കീര്‍ത്തി നേടി കൊടുത്ത പരശുരാമ
വേഷത്തിലെ സ്റ്റൂള്‍ ചവിട്ടി ഒടിക്കുന്ന പ്രകടനത്തിന് നിദാനമായ സംഭവം നായത്തോട് അരങ്ങിനു അവകാശപ്പെട്ടതാണ്
എന്ന് അദ്ദേഹം തന്‍റെ ആത്മകഥയില്‍ വിസ്തരിക്കുന്നുമുണ്ട് .
സീതാസ്വയം
വരത്തിലെ പരശുരാമന്‍!; ഉഗ്ര രോഷചിത്തനായി വേദിയില്‍ പകര്‍ന്നാട്ടം
നടത്തുന്നതിനടിലാണ്, ക്ഷണിക്കപ്പെടാത്ത അതിഥിയായി, സ്റ്റേജ് നടുത്ത പൊന്തയില്‍
നിന്നും, പുല്ലു നിറഞ്ഞ വേദിയിലേക്ക് ഒരു
പാമ്പ് ഇഴഞ്ഞെതിയത് . രാവണനായാലും
കൃഷ്ണനായാലും കീചകനായാലും പകര്‍ന്നാട്ടം നടത്തുമ്പോഴും ആ കലാകാരന്‍റെയുള്ളില്‍ ഒരു
സാധു മനുഷ്യനുണ്ടാകുമല്ലോ! ഭയചകിതനെങ്കിലും
കളിക്ക് ഭംഗം വരുത്താതെ സംയമനം വീണ്ടെടുത്ത നമ്മുടെ ‘ഭാര്‍ഗവ രാമന്‍, ‘രൌദ്ര
താണ്ണ്‍ഡവം പൂണ്ട് വേദിയില്‍ അടുത്തു
കിടന്ന സ്റ്റൂളിലേക്ക് പ്രാണ രക്ഷാര്‍ത്ഥം ചാടി ചവിട്ടി കയറി . സാമാന്യം പഴക്കം
ചെന്ന സ്റ്റൂള്‍ ,ഞെരിഞ്ഞു അമര്‍ന്നിരുന്നു .ഇതിനിടയില്‍ കളിവിളക്കിന് മുന്നിലൂടെ
അതിഥി ‘കിങ്കരന്‍’ ഒന്നുമറിയാത്തപോലെ വഴി കടന്നു പോയി . സദസ്യരോ അരങ്ങിലോ നിന്ന
ആരുടെയും ശ്രദ്ധയില്‍ ഇക്കാര്യം പെട്ടില്ല
.പതിവ് പോലെ കളി കഴിഞ്ഞു എത്തിയ ആശാനെ അന്നത്തെ
‘കളിഭ്രാന്തര്‍’ അനുമോദനം കൊണ്ട് പൊതിഞ്ഞു. “ഇന്നത്തെ കളി അസ്സലായി ആശാനെ !
ആ സ്റ്റൂള്‍ ചവിട്ട്യോടിക്കുന്ന രംഗമുണ്ടല്ലോ ബഹുകേമായിരിക്കണൂ ! ഭേഷായി !” എന്നെല്ലാം
കേട്ടപ്പോള്‍ അദ്ദേഹത്തിനും ആവേശമായി .സാന്ദര്‍ഭികമായിട്ടെങ്കിലും തുടങ്ങിയ ഈ
അവതരണം തുടര്‍ന്നങ്ങോട്ടുള്ള എല്ലാ കളിയിലും അദ്ദേഹം തുടര്‍ന്നു വരുകയായിരുന്നു
.പിന്നീട് കേരളത്തിലെ കലാസ്വാദകര്‍ ഇങ്ങനെയൊരു രംഗമില്ലാത്ത രാമന്‍ കുട്ടിനായരാശാന്റെ
പരശുരാമനെ കാണാന്‍ ഇഷ്ട്ടപ്പെട്ടില്ല .
കലാമണ്ഡലം പത്മന്ഭാനാശാന്‍ ,കലാമണ്ഡലം കൃഷ്ണന്‍
കുട്ടിനായര്‍ ,രാമന്‍ കുട്ടിയാശാന്‍, കോട്ടയ്ക്കല്‍ ശിവരാമന്‍ , കുടമാളൂര്‍
എന്നിങ്ങനെ കേഴ്വി കേട്ട എത്രയെത്ര കലാകാരന്‍മാരുടെ സാന്നിധ്യം നിറഞ്ഞു നിന്ന
അരങ്ങുകളായിരുന്നു അന്നെല്ലാം ഈ ക്ഷേത്രത്തിനുണ്ടായിരുന്നത്.!!.
ക്ഷേത്രം അതിന്‍റെ
പ്രതാപങ്ങളില്‍ മുങ്ങി നിന്ന കാലം , 10 ദിവസവും കഥകളി ഉണ്ടായിരുന്നു എന്നാണ്
പണ്ടുള്ള കാരണവന്മാര്‍ പറഞ്ഞു കേട്ടിട്ടുള്ളത് .ഈ ഒരു കര മുഴുവനും നായത്തോട്ടപ്പന്‍റെ
മണ്ണാണ് .കൃഷിയും വിത്തിറക്കലും കൊയ്ത്തും പാട്ടം അളക്കലും, ഉത്സവമായാല്‍
ക്ഷേത്രവുമായി ബന്ധപ്പെട്ട് ആര്‍ക്കും
വീട്ടില്‍ അടുപ്പ് പൂട്ടേണ്ടിയിരുന്നില്ല എന്നൊക്കെ പറയും .
മേല്‍ശാന്തി മുതല്‍ അടിച്ചു തളിയും, കൊടിമരം
പണിയുന്നവരും ,എഴുന്നള്ളിപ്പിന് കുത്തുവിളക്ക് പിടിക്കുന്നവരും,വാദ്യക്കാര്‍ക്കും ,ശ്രീ കോവിലിലും ആനപ്പുറത്തും ഭഗവാനു ചാര്‍ത്താന്‍
തിരുവാട ഞോറിഞ്ഞു ഉടയാതെ എത്തിക്കുന്നേനും ,നിറമാല കെട്ടുന്നേനും, മാസപ്പടിക്കും
വരെ അവരവരുടെ അവകാശമായി ഓരോ കുടുംബത്തിനും ക്ഷേത്രത്തില്‍ ചെമ്പിലും വാര്‍പ്പിലും
വച്ചുണ്ടാക്കുന്ന പടച്ചോര്‍ കിട്ടും .നല്ല പുന്നെല്ലിന്റെ ഉണക്കലരി കൊണ്ടുള്ള ചോറ്
അതിത്തിരി ഇഞ്ചിതയിര്‍ കൂട്ടി ഒരു പിടിത്തം പിടിച്ചാലുണ്ടല്ലോ...! പണ്ട് വരരുചിക്ക്
പഞ്ചമി വിളമ്പിയ 101കൂട്ടം വിഭവം കൂട്ടി ഊണ് കഴിച്ച പ്രതീതിയായിരിക്കും .
ഇന്നും ഉത്സവം വരാന്‍ ഞാന്‍ കാത്തിരിക്കും
.അവകാശമായി അമ്മായിമാര്‍ക്ക് കിട്ടുന്നതില്‍ നിന്നും ഒരു പങ്ക് എനിക്കും കിട്ടും
ക്ഷേത്ര മതില്‍ കെട്ടുകളും കടന്നു, ഇന്ന്
കഥകളിയുടെ പെരുമ കടലും കടന്നു, കലാസ്വാദകരുടെ നിറഞ്ഞ സദസ്സുകളില്‍
എത്തിയിരിക്കുന്നു.. കാലോചിതമായി ഏവര്‍ക്കും ആസ്വദിക്കാന്‍ കഴിയും വിധം ഭാഷ
ലളിതമാക്കിയിട്ടുണ്ട് . വിശ്വസാഹിത്യ കൃതികളും ബൈബിള്‍ കഥകളും വരെ മുദ്രകളും
അലങ്കാരങ്ങളും ചാര്‍ത്തി അരങ്ങില്‍ നിറഞ്ഞു .
ഇതെല്ലാം നമുക്ക് അഭിമാനത്തിന് വക നല്‍കുന്നുണ്ടെങ്കിലും ഘോഷയാത്രകളിലും
കാര്‍ണിവലുകളിലും ഒരു പ്രദര്‍ശന
വസ്തുവാക്കി ഒരുക്കി കെട്ടി നിര്‍ത്തിയിരിക്കുന്ന കളിവേഷങ്ങള്‍ ! മഹത്തായ ഒരു കലയെ
ഇങ്ങനെ അപമാനിക്കരുത് .അപഹസിക്കലാണ്.വര്‍ഷങ്ങള്‍ നീണ്ട കഠിന അഭ്യാസത്തിലൂടെ ഈ കലയെ വശത്താക്കിയ കലാകാരന്മാര്‍ !!അവരെ തെരുവില്‍ വില്‍പ്പന ചരക്കുകളാക്കരുത്,
താഴ്ത്തിക്കെട്ടരുത് .
ഇത്
പറയുമ്പോള്‍ ഇന്നും മറക്കാനാവില്ല ആ
സംഭവം ! 1998 ഡിസംബറില്‍ ബംഗളുരു വില്‍
വച്ചു നടന്ന വിശ്വസുന്ദരി പട്ടവേദി ! നിരത്തി നിറുത്തിയിരിക്കുന്ന കളിവേഷങ്ങള്‍ക്ക്
മുന്നിലൂടെ, കുണ്ടി കുന്തിച്ചു ക്യാറ്റ് വാക് ഷോയും അന്നനടയും നടത്തി ,അല്‍പ
വസ്ത്രധാരികളായ വിശ്വ സുന്ദരികള്‍ വിലസിയ രംഗം, TV യില്‍ ലൈവ് ഷോ കണ്ടിരുന്ന
അഭിമാനമുള്ള ഒരു മലയാളിക്കും മറക്കാനാവില്ല . എന്നാല്‍ ആ വേദി
അണിയിച്ചൊരുക്കുന്നതില്‍ മുഖ്യ സംഘാടക ചുമതല വഹിച്ചിരുന്നതു ഒരു മലയാളിയാണെന്ന്
കൂടി ഓര്‍ക്കുമ്പോള്‍ തല താഴ്ത്തിയേ പറ്റൂ ........മോളിവുഡ് നും ബോളിവുഡ് നും
ഒരുപോലെ പ്രിയങ്കരനായ പ്രിയദര്‍ശന്‍....എങ്ങനെ
നമുക്ക്, സാംസ്ക്കാരിക കേരളത്തിനു പ്രിയങ്കരനാകും ?!
പവിത്രമായ ഒരു കലയും കലാകാരന്മാരും വെറും വില്പന
ചരക്കുകളോ?! .............ആസ്വാദകരുടെ മുന്നിലെത്തുമ്പോഴേ കല കലയാകൂ .......
അല്ലെങ്കില്‍ കല കോലമാകും .. ‘കളിയച്ഛന്‍മാരുടെ”
കാലം കഴിഞ്ഞു . കൈ നിറയെ വേഷങ്ങളും അരങ്ങുകളും ഇന്നു ശിഷ്യന്മാര്‍ക്കും ലഭ്യമാണ് .
...പിന്നെ
എന്തിനാണീ കോലം കെട്ടല്‍?കോലം കെട്ടിക്കല്‍....... ?! കഥ അറിയാതെയും ആട്ടം കാണാം.പക്ഷെ അത് വെറും
കെട്ടുകാഴ്ച്ചയാവുന്നില്ല.! അവിടെ അറിയാനും ആസ്വദിക്കാനുമുള്ള അദമ്യമായ ആഗ്രഹമുണ്ട് !നിലാവ് പൊഴിയുന്ന ഓര്‍മ്മകളിലൂടെ ...............!
തിരുനായത്തോട് ഉത്സവ ആശംസകളോടെ
സ്നേഹപൂര്‍വം സ്നേഹിത
മായ ബാലകൃഷ്ണന്‍.
കാവുങ്ങല്‍ .
ചിത്രങ്ങള്‍ കടപ്പാട് ; നവീന്‍രാജ് നായത്തോട് ,
തിരുനായത്തോട് ക്ഷേത്രം ഫേസ്ബുക്ക് പേജ് ,ശ്രീജേഷ് കാവുങ്ങല്‍ .
Comments
Post a Comment