ജി സ്മരണ

              ജി സ്മരണയില്‍ ഓര്‍മ്മപ്പൂക്കള്‍  അര്‍പ്പിച്ചു ജന്മനാട്ടിലൂടെ ഒരു യാത്ര
     ................................................................      
   മലയാളത്തിന്‍റെ ഓടക്കുഴല്‍ നാദം നിലച്ചത് 1978 ഫെബ്രുവരി 2 നായിരുന്നു ,   അതെ , അന്നൊരു ഫെബ്രുവരി 2 ....! ഓര്‍മ്മയുടെ തീരത്തു  കുഞ്ഞോളങ്ങള്‍  തീര്‍ത്ത്‌   ആ ദിനം കടന്നു പോയത് ഞാനിന്നും ഓര്‍ക്കുന്നു !
                 മലയാള കാവ്യ നഭസ്സില്‍  മന്ദഹാസം    തൂകിയ സൂര്യ കാന്തിയും , നാലുമണിപ്പൂവുകളും മൊട്ടിട്ടത് എന്‍റെ ഈ മണ്ണില്‍ നിന്നുമായിരുന്നല്ലോ ! പ്രപഞ്ചത്തോടും അതിന്‍റെ മാസ്മരിക സൗന്ദര്യത്തോടും , നിതാന്ത പ്രണയം കാത്തു സൂക്ഷിച്ച് , ഭാവ തീവ്രതയോടെ , തന്‍റെ കവിതകള്‍ക്കു ദാര്‍ശനിക മാനം നല്‍കിയ മലയാളത്തിന്‍റെ സ്വന്തം ജി .,!!


1901 ജൂണ്‍ 3 നു ജനിച്ച മഹാകവി ജി ,ശങ്കര കുറുപ്പ് , !!  ഒരു സ്നിഗ്ദ്ധ നക്ഷത്രമായ്  കാലയവനികയില്‍  മറഞ്ഞിട്ട് ഇന്ന്  37 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു ,

   കവി ആരെന്നോ ; കവിത എന്തെന്നോ തിരിച്ചറിവില്ലാത്ത    പ്രായത്തില്‍ , ആ ഫെബ്രുവരി   എന്‍റെ ഓര്‍മ്മയില്‍ ഓടിയെത്തുന്നത് , അരമണിയും , വാളും ചിലമ്പുമണിഞ്ഞ വെളിച്ചപ്പാടിന്റെ രൂപത്തിലാണ് .!
    പതിവുപോലെ , ഞങ്ങളുടെ നായത്തോട് പാലയ്ക്കാട്ടു കാവിലെ കുംഭ ഭരണി ഉത്സവത്തിനു ഏതാണ്ട് , ഒരു മാസം മുന്‍പ്  വീട് വീടാന്തരം കയറിയിറങ്ങി ആഘോഷ പൂര്‍വ്വം  പറയെടുപ്പ് നടക്കുന്ന സമയം ;
  ചാണകമെഴുകിയ മുറ്റത്ത്‌ , അരിമാവണിഞ്ഞു പറയും നിലവിളക്കും കൊളുത്തി പറ  സംഘം എത്തുന്നതും കാത്തു സമയം ഏറെ വൈകി സന്ധ്യയോടടുത്ത് , അക്ഷമരായ് വീട്ടില്‍ ഞങ്ങളെല്ലാം നോക്കിയിരിക്കയാണ് ... പക്ഷെ ... ഏറെ പ്രതീക്ഷ നല്‍കി പറ സംഘം എത്തി ; പക്ഷെ , എന്തോ അനശ്ചിതത്വം ..... !! ചുറ്റും കൂടി നിന്നവരുടെ മുഖത്ത് നിന്നും ഞാന്‍ വായിച്ചെടുത്തു .

    ചെണ്ട കൊട്ടുന്ന പ്രേമന്‍ ചേട്ടന്‍ ചെണ്ട താഴെ വച്ചു .....   ചെണ്ട തൊടാന്‍ പാടില്ലാത്രേ !! ആ ചേട്ടനു പുലയായിരിക്കുന്നു ....! അടുത്ത ബന്ധുക്കള്‍ മരിച്ചാല്‍ ആണല്ലോ പുല വരുന്നത് ,,,
   പിന്നെ എന്‍റെ ഓര്‍മ്മയില്‍ തെളിയുന്നത് , അച്ഛ്നും അമ്മയും അടങ്ങുന്ന മറ്റു മുതിര്‍ന്നവരുടെ മുഖത്തു നിഴലിച്ചു കണ്ട ആകാംക്ഷയും , ഉത്തരമില്ലാത്ത ഒരു പിടി ചോദ്യങ്ങളും സംശയങ്ങളുമാണ്  . എപ്പോഴാ ? എവിടെ വച്ചായിരുന്നു ...നാട്ടിലേക്ക് കൊണ്ടു വരുമോ ....എന്നിങ്ങനെ .....
       വാര്‍ത്തകള്‍ അറിയാന്‍ പരിമിതമായ സൗകര്യങ്ങളുള്ള കാലം , വല്ലപ്പോഴും മാത്രം വാഹനങ്ങള്‍ എത്തി ചേരുന്ന ഞങ്ങളുടെ കുഗ്രാമം ;രാവിലെ 9 , 10    , മണിയോടെ പത്രം എത്തുന്നതും കാത്ത് വഴിക്കണ്ണ്‍മായിരിക്കുന്ന .... വാര്‍ത്തകള്‍ക്കായ് റേഡിയോക്കു മുന്നില്‍ കാതു കൂര്‍പ്പിക്കുന്ന  , അച്ഛനിലൂടെ
       ഞാന്‍ അറിയാതെ അറിയുകയായിരുന്നു ! ....അദ്ദേഹം ആരൊക്കെയോ ..!എന്തൊക്കെയോ ആയിരുന്നു എന്ന് !!!
   അക്ഷരം കൂട്ടി വായിക്കാന്‍ തുടങ്ങിയിട്ടില്ലാത്തതിനാല്‍ അന്നത്തെ ആ വാര്‍ത്തകള്‍ ഒന്നും എന്നെ സ്പര്‍ശിച്ചിട്ടില്ല .
       ഒരു കവിയെ , എഴുത്തുകാരനെ , അറിയേണ്ടത് അവരുടെ കൃതികളിലൂടെ ,എഴുത്തിലൂടെയാകണം എന്നുണ്ട് !  കുഞ്ഞു നാവില്‍ ചൊല്ലി പഠിച്ചിട്ടുള്ള  , ‘ നാണമില്ലിങ്ങനെ കിടന്നുറങ്ങാന്‍ നേരമിങ്ങനെ നാലു മണി വരെ .... ‘’   ‘’ നെല്ലിന്‍ തോളിലെ കൈ വച്ച് നിന്നു നെല്ലിന്‍ കതിര്‍ക്കുലയെന്തി മെല്ലെ ....’’     മാമരം കോച്ചും തണുപ്പത്ത് ..........’’ എന്നിങ്ങനെയുള്ള  കവിതാ ശകലങ്ങളിലൂടെയും  ,പിന്നീട് ചന്ദനക്കട്ടില്‍ , പഥികന്റെ പാട്ട്  , പെരുന്തച്ചന്‍ , ഓടക്കുഴല്‍ , വിശ്വ ദര്‍ശനം , തുടങ്ങി  മലയാള ഭാഷയിലെ പ്രൌഢഗംഭീര കൃതികളിലൂടെയും  ജി എന്ന കവിയെ ഏതാണ്ട് അറിഞ്ഞെങ്കിലും ,
    നാട്ടുകാരന്‍ എന്ന തിരിച്ചറിവ് എനിക്ക് നേടി തന്നത് ആത്മ കഥയായ ‘ ഓര്‍മ്മയിലെ ഓളങ്ങള്‍ ‘ തന്നെയാണ് !!    
       അദ്ദേഹം നടന്നു തീര്‍ത്ത വഴികള്‍ , പാട വരമ്പുകള്‍ , , കൈ കൂപ്പിയ . മുങ്ങിക്കുളിച്ച , നീന്തിക്കളിച്ച , ക്ഷേത്രക്കുളങ്ങള്‍ , ക്ഷേത്രനടകള്‍ ....എല്ലാം ...എല്ലാം ..എന്റേതു തന്നെ ! ഞങ്ങളുടെ !, നായത്തോട് ന്‍റെ സ്വന്തം മണ്ണില്‍ !!


ചെറുപ്പത്തില്‍ തുടര്‍ വിദ്യാഭ്യാസം മുടങ്ങി പോകുമോ എന്ന് ആശങ്കപ്പെട്ട നാളുകളില്‍ , അദ്ദേഹം‍ നിറ കണ്ണുകളോടെ കൈ കൂപ്പി നിന്നത് തിരു നായത്തോട്ടപ്പനു മുന്നിലായിരുന്നല്ലോ ..; തുടര്‍ന്ന് പഠിപ്പി ക്കാമെന്നു വാക്ക് കൊടുക്കുന്ന അമ്മ തന്നെ ; ചൊല്ലി കൊടുത്തിട്ടുള്ള പഴം പാട്ടുകളും  ശീലുകളും  , പിന്നീട് തന്‍റെ ചില കാവ്യ സൃഷ്ടിക്കു പ്രചോദനമായി എന്നും  അദ്ദേഹം പറയുന്നുണ്ട് .

 1920…കളില്‍ നാട്ടില്‍ വസൂരി പടര്‍ന്നു പിടിച്ച കാലം , ഉന്നത പരീക്ഷ തയ്യാറെടുപ്പുകളുമായ് നാട്ടില്‍ നിന്നും  തൃശൂര്‍ല്‍   പോയി വരുന്ന ദുരിത യാത്രകളും വിവരിക്കുന്നുണ്ട് . ആ യാത്രകളില്‍ ഒരിക്കല്‍ അങ്കമാലിയില്‍ നിന്നു കാല്‍ നടയായി നായത്തോട്ടെക്ക് രാത്രി ഇരുട്ടില്‍ വരുമ്പോള്‍ എന്തോ കണ്ടു ഭയന്ന് , കടുത്ത പനിയും വിറയലും മായി !, വസൂരിയുടെ ഭീതിയും പരീക്ഷകള്‍ എഴുതാന്‍ കഴിയില്ലെന്ന സങ്കടവുമായ് ,വേദനിക്കുമ്പോള്‍ , അദ്ദേഹത്തിന്‍റെ അമ്മ പ്രാര്‍ത്ഥിച്ച് വഴിപാടുകള്‍ നേരുന്നത് നായത്തോടിന്റെ ഗ്രാമ ലക്ഷ്മിയായ കാവിലമ്മയ്ക്കു മുന്നിലാണ് !

     എന്നാല്‍  ഭയന്നതു പോലൊന്നും സംഭവിക്കുന്നില്ല . രണ്ടു ദിവസ്സത്തിനു ശേഷം ആരോഗ്യം വീണ്ടെടുത്ത്‌ , പരീക്ഷകള്‍ക്ക് പോകുന്നതിനു മുന്‍പ്  രാവിലെ ഭഗവതിക്കു മുന്നില്‍ വന്നു തൊഴുതു മടങ്ങുന്നതും മറ്റും അദ്ദേഹം എഴുതിയത് , ജന്മ നാടിന്‍റെ , നായത്തോടിന്റെ , ഹൃദയത്തില്‍ തൊട്ടു കൊണ്ടാണ് !

    പഠന കാലവും , വിവാഹവും കഴിഞ്ഞു ,ഒദ്യോഗിക ജോലിയുമായ് എറണാകുളത്ത് സ്ഥിര താമസമാക്കിയപ്പോഴും നാട്ടിലേക്കുള്ള പതിവ് യാത്രകള്‍ അദ്ദേഹം  മുടക്കിയില്ല .
    തൂവെള്ള വസ്ത്രത്തിനുള്ളില്‍ ,ഒരു കറുത്ത  മുടിയിഴനാരു പോലുമില്ലാതെ ചീകിയൊതുക്കിയ  വെളുത്ത മുടിയുമുള്ള  വെളുത്ത  തേജസ്സുറ്റ രൂപം ;!  വെളുത്ത ഫിയറ്റ് കാറില്‍നിന്നും ക്ഷേത്രത്തിനു മുന്നില്‍ വന്നിറങ്ങുന്ന അദ്ദേഹത്തെ . എന്‍റെ മൂത്ത സഹോദരങ്ങള്‍ കണ്ടിട്ടുള്ളതായ്‌ ഞാനും പറഞ്ഞു കേട്ടിട്ടേയുള്ളൂ ! സഹ യാത്രികനായ് നാട്ടുവഴികളിലൂടെ കുറച്ചു സമയം അദ്ദേഹ ത്തോടൊപ്പം ചെലവഴിക്കാന്‍ കഴിഞ്ഞ നിമിഷങ്ങളെയും അച്ഛനും പറഞ്ഞുള്ള  അറിവെയെനിക്കുള്ളൂ .....

       എന്നാല്‍ തേജസ്സു തുളുമ്പുന്ന ആ ച്ഛായ ചിത്രം കാണാനായി പലപ്പോഴും , ഞാന്‍ പ്രാഥമിക വിദ്യാഭ്യാസം ചെയ്തിരുന്ന നായത്തോട് ജി മെമ്മോറിയല്‍ സ്കൂള്‍ന്‍റെ പ്രധാന ഓഫീസ്‌ മുറിയുടെ മുന്നിലെത്തിയാല്‍ , പാളി നോക്കുന്നതും  എന്‍റെ പതിവായിരുന്നു.

ഈ പോസ്റ്റ്‌ നു കൊടുത്തിരിക്കുന്ന ചിത്രവും അത് തന്നെയാണ് ! .പ്രശസ്ത എണ്ണ ച്ഛായ ചിത്രകാരനും ,അദ്ദേഹത്തോട് നേരിട്ട ഇടപഴകിയിട്ടുമുള്ള സ്വന്തം നാട്ടുകാരനായ   ശ്രീ P D നായര്‍ വരച്ച ഈ ചിത്രത്തിനു പകരംവെക്കാന്‍ ഇന്നു സ്കൂള്‍ കവാടത്തില്‍ വച്ചിരിക്കുന്ന ആ അര്‍ദ്ധപൂര്‍ണ്ണ കായ പ്രതിമക്കു പോലുമാകില്ല !!  
     
   പക്ഷെ ഇതിനെല്ലാം എത്രയോ മുന്‍പ് ; ഓര്‍മ്മകള്‍ ഇതള്‍ വിരിയുന്ന പ്രായത്തില്‍ , എന്‍റെ മനസ്സില്‍ പച്ച പിടിച്ചു നില്‍ക്കുന്ന ഒരു വീടും പുരയിടവുമുണ്ട് ! അത് എന്റെതായിരുന്നില്ല , കാവ്യാന്തരീക്ഷം തുളുമ്പി നിന്നിരുന്ന അദ്ദേഹത്തിന്‍റെ ആ ജന്മ ഗൃഹവും , കൊച്ചു തെങ്ങിന്‍ തോപ്പും , അങ്ങേയറ്റത്ത് അതിനോട് ചേര്‍ന്ന് കിടക്കുന്ന  വിശാലമായ പാടവുമുള്ള , ഹരിതാഭമായ ഒരു പ്രദേശം !! 

    ഞാന്‍ അക്ഷര വിദ്യ പഠിച്ച , ജി സ്മാരക വായനശാല മന്ദിരം എന്ന ഓടുമേഞ്ഞ ഒറ്റമുറി കെട്ടിടം ,സ്ഥിതി ചെയ്തിരുന്നതു , തിരു നായത്തോട് ക്ഷേത്രത്തിന്‍റെ തെക്ക് പാടശേഖരത്തിനു നടു ഭാഗത്താണ് .. അങ്ങോട്ടുള്ള യാത്രകളില്‍ , ചരിത്ര പെരുമകള്‍ ഏറെയുള്ള തിരു നായത്തോട് ക്ഷേത്രത്തിന്‍റെ വന്‍ ചുറ്റുമതില്‍ വലം വയ്ക്കാതെ ചില കുറുക്കുവഴികള്‍  തേടിയാണ് ഞങ്ങള്‍ കുട്ടികള്‍ , ആദ്യമെല്ലാം ആ  മുറ്റത്തെത്തി കൊണ്ടിരുന്നത്  .

        പടിഞ്ഞാറേ ഗോപുര വാതിലിനോടു ചേര്‍ന്ന് ഇടതു ഭാഗത്തു  , മരം കൊണ്ടു പണി കഴിച്ച ഗേറ്റ് ഉം ,തുറന്ന വരാന്തയും , തളവും , ഇട നാഴിയും , അടുക്കള കെട്ടും , മുറ്റത്തോടു ചേര്‍ന്ന കളപ്പുര മുറിയും എല്ലാമുള്ള  ഓടുമേഞ്ഞ ഭംഗിയുള്ള ഒരു വീട്..!!
         അവിടെ  പ്രകൃതി അതിന്‍റെ വിസ്മയചെപ്പില്‍ ഒളിപ്പിച്ചു വച്ച കാഴ്ചകള്‍ , തുടര്‍ന്ന് അങ്ങോട്ടു രാവിലെയും വൈകുന്നേരങ്ങളിലുമുള്ള  ഞങ്ങളുടെ യാത്രകളെ ആവേശം കൊള്ളിച്ചത് , എന്‍റെ ജീവിതത്തിലെ നിത്യവിസ്മയ ചിത്രങ്ങളിലോന്നാണ് !!

       ഗേറ്റ് എത്തിയാല്‍  മുറ്റവും  കളപ്പുര വാതിലും വരെ കുതിച്ചു ഓടും  പിന്നെ ഒരു നിമിഷം ,  മുകളില്‍ ഇളകിയാടുന്ന തെങ്ങോല തലപ്പുകളില്‍ ,  തൂങ്ങി ഊഞ്ഞാലാടുന്ന , തുന്നല്‍ക്കാരന്‍ പക്ഷി ക്കൂടുകള്‍ ,! പിന്നെ അതിലേക്ക്  കയറാന്‍  ചിറകിട്ടടിച്ചു നില്‍ക്കുന്ന കുഞ്ഞു പക്ഷികള്‍ ! മനോഹരമായ ആ ദൃശ്യം കൊതിയോടെ  നോക്കി നിന്നു പോകും . .ചകിരി നാരും വാഴ നാരുകള്‍ കൊണ്ടും ,നെയ്തെടുത്ത  നടുഭാഗം ഉരുണ്ട  മണ്‍കൂജയുടെ ആകൃതിയിലുള്ള ആ കൂടുകള്‍ ,നമ്മുടെ വീട്ടിലും കൊണ്ടു തൂക്കിയാല്‍ അവിടെയും ഇത് പോലെ നിറയെ പക്ഷികളും കൂടും ഉണ്ടാകും എന്നൊരു  ധാരണ ഞങ്ങളുടെ കുഞ്ഞു മനസ്സിലും അന്ന് ഉണ്ടായിരുന്നു ! ഇതിനിടയില്‍ ‘ സൂര്യന്‍ കണ്ണില്‍ കുത്തുന്നു എന്നും പറഞ്ഞു നോട്ടം പിന്‍വലിച്ചു , ആ കൊച്ചു തെങ്ങിന്‍ തോപ്പിലൂടെ തലങ്ങും വിലങ്ങും കൂടിനായ് ഓട്ടമായിരിക്കും.. വെള്ളമൊഴുകുന്ന കൊച്ചു കൈചാലുകളും ,തൊട്ടാവാടി ചെടികളും കറുകയും നിലപ്പനകളുമുള്ള സ്വല്പം ചതുപ്പുള്ള പാടത്തിനോടു ചേര്‍ന്നുള്ള ഭാഗം ,ഒരിക്കല്‍ പത്തു പൈസ വട്ടത്തില്‍  നിറയെ കാലുകളുള്ള ഒരു ജീവി ഓടി പോകുന്നതു  കണ്ടു ഭയന്നതും  , അതാണ്‌ ഞണ്ട് എന്ന് ഞാന്‍ ആദ്യമായ് അറിഞ്ഞതും ; .നിലത്തു കണ്ട ആ  തുളകലാണ്  ഞണ്ടിന്റെ  മാളമെന്നു ഞാനറിയുന്നതും എല്ലാം  അവിടുന്നാണ് . അങ്ങനെ  പ്രകൃതിയുടെ  ഈ ജൈവ വൈവിധ്യത്തെ  ഞാന്‍  മനസ്സിലാക്കി തുടങ്ങിയതും    ഇവിടെ ഈ മണ്ണില്‍ നിന്നുമാണ് . .

        വീണ്ടും തെക്കേ വേലിയരികെ ഓടിയെത്തി , ഒരു നിമിഷം , ഞാറു പാകത്തില്‍  പച്ച പരവതാനിവിരിച്ചും. വിളഞ്ഞു തല കുമ്പിട്ട നെല്‍ കതിരുകളാല്‍ സ്വര്‍ണ്ണ വര്‍ണ്ണ മണിഞ്ഞും , വിശാലമായ പാടവും കതിരു കൊയ്യാന്‍ കൂട്ടമായെതുന്ന കിളികളും , പാടത്തിനപ്പുറം കാളവണ്ടികളും സൈക്കിള്‍ മണികളും മാത്രം കേട്ടിരുന്ന റോഡുമെല്ലാം അന്നത്തെ കാഴ്ചകളുടെ ഭാഗമായിരുന്നു !വികസനം വിഴുങ്ങിയ, ഈ നാടിന്‍റെ  ഇന്നത്തെ നെടുമ്പാശ്ശേരി ...കാലടി ..കോട്ടയം റോഡ്‌ !! ആയിരുന്നു അത് ..........

        റോഡിനപ്പുറമുള്ള കരയിലാണ് അദ്ദേഹത്തിന്‍റെ അച്ഛന്റെ ഗൃഹമായ നെല്ലിക്കാപ്പിള്ളി വാര്യവും ,അതെ അച്ഛന്റെ നാടും ഇതുതന്നെ !!
      .അദ്ദേഹത്തിന്‍റെ അമ്മ അന്ത്യ വിശ്രമം കൊണ്ടതും ഞങ്ങള്‍ ഓടി നടന്ന ആ മണ്ണില്‍ തന്നെ .  ജ്ഞാനപീഠപുരസ്കാരം ലഭിക്കുന്നതിനു ഏതാനും മാസങ്ങള്‍ മുന്‍പ് മാത്രമാണ് അമ്മയുടെ  വേര്‍പാട് . ആ സന്തോഷ വാര്‍ത്ത അറിയിക്കാന്‍ അമ്മയുണ്ടായില്ലലോ എന്നത് തന്‍റെ ഏറ്റവും വലിയ വേദന കളിലോന്നാണെന്ന് അദ്ദേഹം പറയുന്നുണ്ട് ! തനിക്ക് എന്നും താങ്ങും പ്രചോദനവുമായിരുന്ന അമ്മയോടുള്ള ആത്മ ബന്ധത്തിന്‍റെ പരിച്ചെദ്ദമാണ് ആ വാക്കുകള്‍ !!
  അന്ന് ആ മുറ്റത്ത്‌ ഞങ്ങള്‍ കുട്ടികളെ ഒച്ച വച്ച് ഓടിക്കാനോ ശല്യം ചെയ്യാനോ ആരുമുണ്ടായില്ല . എങ്കിലും വല്ലപ്പോഴും ഇട നാഴിയില്‍ ഒരു നിഴലാട്ടം പോലെ കാണാറുള്ള മുത്തശ്ശിയെ , ശ്രീ കോവിലിലെ ഭഗവതിയെ നോക്കും പോലെ ഞങ്ങള്‍ ഉറ്റു നോക്കും !
        പിന്നെയും എത്രയോ വട്ടം ഞാന്‍ ആ   മുറ്റത്തെത്തിയിട്ടുണ്ട് ! വരാന്തയിലും ഇടനാഴിയിലും മുറികളിലും ഓടി നടന്നിട്ടുണ്ട് ,,, ആ കളപ്പുര മുറിയില്‍ ചെലവഴിച്ചിട്ടുണ്ട് !!! പക്ഷെ അന്നൊന്നും  ഞാന്‍ അറിഞ്ഞിരുന്നില്ല ,.....മനസ്സിലാക്കിയിരുന്നില്ല .....!
         ഭാരതീയ സാഹിത്യത്തില്‍ മലയാളത്തിനു തിലകക്കുറി യായി , ആദ്യ  ജ്ഞാനപീഠപുരസ്കാര സമ്മാനിതനായ മലയാളത്തിന്‍റെ സ്വന്തം    ‘ ജി ‘ ! ആ മഹാ കവിയുടെ കാലടികള്‍ പതിഞ്ഞ മണ്ണ് !  അദ്ദേഹത്തിന്‍റെ കാവ്യ ജീവിതത്തിനു ഉയിരും ആത്മാവും നല്‍കിയ അന്തരീക്ഷം !!
    പക്ഷെ അന്ന് അതെനിക്ക് , എന്‍റെ കൂട്ടുകാരി അപര്‍ണ്ണയുടെ വീട് മാത്രമായിരുന്നു ... അന്ന് ആ കട്ടിലില്‍ കാലും നീട്ടിയിരുന്നത്  അവളുടെ അച്ഛമ്മ മാത്രമായിരുന്നു ! [ ജി ‘ യുടെ അനന്തിരവന്‍ ശങ്കരന്‍കുട്ടി കുറുപ്പ് മാഷിന്റെ മകളാണ് അപര്‍ണ്ണ ....അന്ന് ഇട നാഴിയില്‍ നിഴലാട്ടമായ് കണ്ട മുത്തശ്ശി...., ആ അച്ഛമ്മ ജി യുടെ സഹോദരിയും ] അപര്‍ണ്ണാ ,,,,,,,,,,,നീ  ഇന്ന്  എവിടെ !!?



         ആ മുറ്റത്ത്‌ വിരിഞ്ഞ കുഞ്ഞു പൂവിനോടാണോ ..!!?’‘ ഇത്തിരി പൂവേ ചുമന്ന പൂവേ ...ഇത്ര നാളും നീയെങ്ങു പോയി,,, ‘ എന്ന് കവി  കിന്നാരം ചൊല്ലിയത് !! ഗഹനവും ഭാവ തീവ്രവുമായ കൃതികള്‍  എഴുതിയ കവിയാണോ ; വാ കുരുവി വരൂ കുരുവീ .....വാഴയില കൈയ്യിലിരൂ കുരുവി ....’’എന്നും , വാര്‍മഴവില്ലേ  മായല്ലേ ,,,’’ എന്നിങ്ങനെ ഇളം ചുണ്ടുകളില്‍ തത്തിക്കളിക്കാവുന്ന വരികള്‍ എഴുതിയതു എന്നും  നമുക്ക് ആശ്ചര്യം തോന്നാം ,.! ‘ ഇളം ചുണ്ടുകള്‍ ‘ ഓല പീപ്പി , ഇതെല്ലാം അദ്ദേഹത്തിന്‍റെ ബാല കവിത സമാഹാരങ്ങളാണ് .
        പദ്യം പോലെ കാവ്യാത്മകമാണ് അദ്ദേഹത്തിന്‍റെ ഗദ്യവും ! ഭാഷ വിവര്‍ത്തകന്‍ എന്ന നിലയില്‍ ടാഗോര്‍ ന്‍റെ ഗീതാഞ്ജലി യുടെ മലയാള പരിഭാഷയാണു പെട്ടന്നു ഓര്‍മ്മയില്‍ വരുന്നത് ,
   മികച്ച ഭാഷ പ്രവര്‍ത്തകനായിരുന്നു . അദ്ദേഹം . പാശ്ചാത്യ സംസ്കാരത്തോടും ആംഗലേയത്തോടുമുള്ള അഭിനിവേശം നമ്മുടെ ഭാഷയുടെയും സംസ്കാരത്തിന്‍റെയും മൂല്യച്യുതിക്കു കാരണമാകുന്നു എന്ന് 1950  കളില്‍ തന്നെ അദ്ദേഹം ചൂണ്ടി കാണിച്ചിട്ടുണ്ട് .
          ജ്ഞാനപീഠപുരസ്കാര സമ്മാനിതനായ അദ്ദേഹത്തിന് ,
ജന്മ നാടു നല്‍കിയ സ്വീകരണ യോഗത്തില്‍ കവി കുറ്റിപ്പുഴ കൃഷ്ണപിള്ള ഇങ്ങനെ പറയുകയുണ്ടായി , ഈ ഗ്രാമ സൗന്ദര്യമാണ് ജി  യെ കവിയാക്കിയത് എന്ന് !!
      തന്‍റെ കാവ്യചേതനയെ ധന്യമാക്കിയ ഗ്രാമത്തെ ; ‘ മുത്തും ചിപ്പിയും ‘ എന്ന രചനയില്‍ ജി  ഇങ്ങനെയും  കുറിച്ചു.
      ‘’ എന്‍റെ ഹൃദയം ,എന്‍റെ വ്യക്തിത്വത്തിന്‍റെ അങ്കുരം , ഞാന്‍ ശ്വസിച്ചിരുന്ന ഗ്രാമാന്തരീക്ഷത്തില്‍ നിന്നുമാണ് വായുവും വെളിച്ചവും കുളിര്‍മ്മയും വലിച്ചെടുത്തിരുന്നത് , എന്‍റെ കവിത ഈ ഗ്രാമാന്തരീക്ഷത്തിന്‍റെ തന്നെ ഭാഗമാണ് .!! ’’
     നാട്ടിലുള്ള കാലം സ്വസ്ഥമായിരുന്നു , എഴുതാന്‍ അദ്ദേഹം ഏറ്റവും ഇഷ്ട്ടപ്പെട്ടിരുന്ന ഇടം തിരുനായത്തോട് ക്ഷേത്രത്തിന്‍റെ മാളിക മുകളിലെ കിഴക്ക് ഭാഗത്തെ മുറിയാണ് . പഴമകളും പ്രൌട്ടികളും [ പ്രൌഢ ]  നഷ്ടപ്പെടാതെ അത് ഇന്നും ഇവിടെ തന്നെയുണ്ട്  ! അവിടെ നിന്നു കിഴക്കോട്ടു നോക്കിയാല്‍ കാണുന്ന മനോഹര ദൃശ്യം , കാലത്തിന്‍റെ ജീര്‍ണ്ണതകള്‍ ബാധിക്കുന്നതിനു മുന്‍പ് ഞാനും കണ്ടിട്ടുണ്ട് .
     നായത്തോട് എന്ന ഗ്രാമത്തിന്‍റെ ഹൃദയ ഭൂമി എന്ന് പറയാവുന്ന ഇടം ! അതിന്‍റെ ജീവ ദായിനിയായ്  തുറ ,
[ പെരിയാറിന്റെ കൈ വഴിയായോഴുകുന്ന തോട് ആണ് തുറ ]  
അതിനു കരയിലുള്ള തുറങ്ങര ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം . രണ്ടു ക്ഷേത്ര ത്തിനുമിടയ്ക്കും ചുറ്റും കണ്ണെത്താ ദൂരം വിശാലമായ പാട ശേഖരവും സിരകളയ് പാട വരമ്പുകളും ...പിന്നെയും അങ്ങ് ദൂരെ ഒരു പൊട്ടു പോലെ കാണാവുന്ന  മലയാറ്റൂര്‍ കുരിശുമുടിയുടെ മുകള്‍ ഭാഗം , തിരു നായത്തോട്ക്ഷേത്രത്തില്‍ നിന്നും തുറങ്ങര യിലേക്കുള്ള വഴികളില്‍ ഉയര്‍ന്നു കാണുന്ന രണ്ടു ആല്‍ വൃക്ഷങ്ങള്‍,!!
     വൈകുന്നേരങ്ങളില്‍ തുറയില്‍ പോയി കുളിച്ചു അതിന്‍റെ കരയിലെ ആല്‍മര ചുവട്ടില്‍ ആ ശാന്ത ഗംഭീരമായ അന്തരീക്ഷത്തില്‍ , പ്രകൃതി മനോഹാരിത ആസ്വദിച്ചു , ഒറ്റയ്ക്ക്‌ അങ്ങനെ ഏറെ സമയം ഇരിക്കാന്‍ അദ്ദേഹം ഒത്തിരി ഇഷ്ടപ്പെട്ടിരുന്നു , തന്നിലെ കാവ്യ ഭാവന അങ്കുരമിടുന്ന നിമിഷങ്ങളാണ് അതെന്നു അദ്ദേഹം പറയുന്നുണ്ട്  .
  ഈ മണ്ണിന്‍റെ , നാടിന്‍റെ ആത്മാവ് കടം കൊണ്ട് എഴുതിയ കൃതികള്‍ !  കര്‍ഷകരും , കൈത്തൊഴില്‍ ചെയ്യുന്ന സാധാരണ തൊഴിലാളികളും , നിരക്ഷരരും , ക്ഷേത്രങ്ങളും പള്ളികളും , വിവിധ ജാതി മതസ്ഥരും ഇട പഴകി ജീവിച്ച ഒരു  സമൂഹം ! ആ സമൂഹത്തില്‍ വേരുകള്‍ പടര്‍ത്തി വളര്‍ന്നു , പൂക്കളും കനികളുമായ് ,കവിതകള്‍ വിളയിച്ച കവി  !!  ആ കവിതകളില്‍ ഇവിടത്തെ മണ്ണുണ്ട് ,മനുഷ്യരുണ്ട് ! മനുഷ്യ സ്നേഹത്തിന്‍റെ ,ദേശ സ്നേഹത്തിന്‍റെ വിത്തുകള്‍ ഉണ്ട് ......
 നമ്മുടെ ഭാഷയെയും സംസ്കാരത്തെയും സമ്പുഷ്ടമാക്കിയ മഹാത്മാക്കളാണ് കവികള്‍ ! അവരുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ നാം എന്നും  കടപ്പെട്ടിരിക്കുന്നു ! തിരൂരില്‍ തുഞ്ചന്‍ സ്മാരകം , ചെമ്പഴന്തിയില്‍ ആശാന്‍ സ്മാരകം ,  തകഴിയ്ക്കും  !! ചങ്ങമ്പുഴയ്ക്കും  !!  
          ഇവിടെയോ ....................
  കാലാ കാലങ്ങളായി , അവഗണനയിലാണ്ട് , ക്ഷയോന്മുഖമെങ്കിലും കാലത്തിന്നു മുന്നില്‍ നോക്കു കുത്തിയായ് , പ്രൌട്ടികള്‍ നഷ്ട്ടപ്പെട്ടു ഒരു മഹാ കവിയുടെ ജന്മ ഗൃഹം ഇന്നും ഇവിടെയുണ്ട് !
      സംരക്ഷകരില്ലാതെ അവഗണനയിലാണ്ട് കിടക്കുന്ന ജന്മ ഗൃഹം !! ഒരു ജന്മനാടോ , നാട്ടുകാരോ , ഇനി ആരുടേയും മുന്നില്‍  ദയാ വായ്പിനായ്  യാചിക്കേണ്ടതില്ല !! ;
       കാരണം ; അദ്ദേഹം ഈ ജന്മ നാടിന്റെയോ , ഇവിടുത്തെ ഒരു ജന സമൂഹത്തിന്റെയോ മാത്രം കവിയല്ല ! ;
മലയാളത്തിന്‍റെ . ശ്രേഷ്ഠമലയാളഭാഷയുടെ , സാഹിത്യത്തിന്‍റെ , സംസ്കാര ത്തിന്‍റെ . പൈതൃക ത്തിന്‍റെ , ഉള്‍ തുടിപ്പുകള്‍ ,നെഞ്ചേറ്റിയ
മഹാത്മാവ് !
            അദ്ദേഹത്തിന്‍റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന ഈ ആത്മ കുടീര ത്തിനു മുന്നില്‍ , അങ്ങ് തീണ്ടാപ്പാട് അകലെ  എറണാകുളം നഗര ത്തിന്‍റെ ചതുപ്പുകളില്‍ എവിടെയോ , ലക്ഷങ്ങളോ കോടികളോ  ചെലവിട്ടു     പണിയുന്ന മഹാ സൗധം ,  ആത്മാവ് നഷ്ടപ്പെട്ടാല്‍ എന്ത്  സ്മാരകം !!  അത്      ശ്രേഷ്ഠ മലയാളത്തിനു നേരെ ഒരു ചോദ്യചിഹ്ന മാവുകയേയുള്ളൂ ......!

     വികസനം ഒരു പെരുമ്പാമ്പിനെ പോലെ വായും പിളര്‍ത്തി , എറണാകുളം നഗരത്തിന്‍റെ മുഖ കവാടമായ് ഇങ്ങു നെടുമ്പാശ്ശേരി യുടെ ഓരങ്ങളെയും വിഴുങ്ങി ,ഇവിടെ വരെയെത്തി . കാലാ കാലങ്ങളായി അവഗനയിലാണ്ട് കിടക്കുന്ന ഈ പ്രദേശത്തിന്റെ പേര് ഇനി ഒരു ശിലാ ഫലകത്തിലും കൊത്തി വയ്ക്കേണ്ടതില്ല ! ; അത് ഇവിടത്തെ ഭാഷാസ്നേഹികളുടെ മനസ്സില്‍ സുവര്‍ണ്ണ ലിപികളില്‍ എന്നും എഴുതപ്പെട്ടിട്ടുണ്ടാവും  !
   ആ ശരീരം  ഏറ്റു വാങ്ങാന്‍ ഈ മണ്ണിനു കഴിഞ്ഞില്ല ! എന്നത് ഒരു ദുഃഖ സത്യം !
                    ഇന്ത്യന്‍ രാഷ്ട്രീയം കൊടുമ്പിരികൊണ്ട കാലം ,രാഷ്ട്രീയ  ചോരന്മാര്‍  മഹാ കവിയേയും അദ്ദേഹത്തിന്‍റെ കൃതിയെയും  ഒരേ നിമിഷം പിച്ചിചീന്തപ്പെടുകയുണ്ടായി  .. അന്ന് തല്പര കക്ഷികള്‍ ഈ മണ്ണിലും മുള്ളുകള്‍ വിതറിയോ !!  ?
    ഏതാനും വര്‍ഷങ്ങള്‍ മുന്‍പ് , അനാച്ഛാദന കര്‍മ്മമെന്ന പ്രഹസനത്തില്‍ കുരുങ്ങി ,  അദ്ദേഹത്തിന്‍റെ അര്‍ദ്ധ പൂര്‍ണ്ണ കായ പ്രതിമ  രാഷ്ട്രീയ ചരടു വലികളില്‍ ശ്വാസം മുട്ടി , മാസങ്ങളോളം സ്കൂള്‍ കവാടത്തില്‍ അപരിഹാസ്യമാകുന്ന കാഴ്ച , വിദ്യാ സമ്പന്നരും    ഭാഷാ സ്നേഹികളുമായ ,ഇവിടുത്തെ പുതു തലമുറയ്ക്ക് പൊറുത്തുകൊടുക്കുക്കാനായില്ല ..   
                       അന്ന്‍ , അതിരുകളില്ലാത്ത ആകാശങ്ങള്‍ സാക്ഷി , അനന്തകോടി നക്ഷത്രങ്ങളും ചന്ദ്രനും സാക്ഷി , പൂനിലാവൊഴുകുന്ന രാത്രിയുടെ അന്ത്യ യാമങ്ങളില്‍ , അധികാരത്തിന്‍റെ മൂട് പടങ്ങള്‍  വലിച്ചു മാറ്റി ആ  മഹാത്മാവിനു പുഷ്പ വൃഷ്ടി നടത്തി പുഷ്പ ഹാരമണിയിച്ചു  നമോവാകമേകിയ  പുതു തലമുറ കഴിഞ്ഞ കാല ചരിത്ര ത്തോട് മധുര പ്രതികാരം തീര്‍ക്കുകയായിരുന്നു  !
       ഇന്നു ശതാബ്ദിയുടെ നിറവില്‍ നില്‍ക്കുന്ന നായത്തോട് ജി സ്മാരക ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ !! ജന്മ നാട്ടിലെ സ്മാരകം ,
ഒരു നാടിനു മുഴുവന്‍ അക്ഷര വെളിച്ച മേകിയ ഈ സരസ്വതി വിദ്യാലയ ത്തില്‍ ഒരു കാലം ജി യും വിദ്യാര്‍ത്ഥിയായിരുന്നു ..

      അദ്ദേഹത്തിന്‍റെ മരണാനന്തരം , കേവലം അപ്പര്‍ പ്രൈമറി ആയിരുന്ന സ്കൂള്‍ നെ അദ്ദേഹത്തിന്‍റെ ശിഷ്യനായ ഒരു  മുഖ്യമന്ത്രി ഹൈസ്കൂള്‍ ആയി up grade ചെയ്തു !  ജന്മ നാടിനു ലഭിച്ച ഒരേ ഒരു അംഗീകാരം !!! അന്നും ഇന്നും ഇതു മാത്രം ...................

        ജന്മ ദിനമായ ജൂണ്‍ 3 നും [  1901 ]  ചരമദിനമായ ഫെബ്രുവരി     2 .നും [ 1978 ] ഈ വിദ്യാലയ മുറ്റത്തു ,  കാവ്യാഞ്ജലിയര്‍പ്പിച്ചും പുഷ്പ വൃഷ്ടി നടത്തിയും ആ മഹാ ഗുരുവിന്‍റെ ഓര്‍മ്മയ്ക്ക്‌ മുന്നില്‍  നമ്രശിരസ്കരായി  ഇവിടുത്തെ കുരുന്നുകളും ഈ ജന്മ നാടും എന്നുമുണ്ടാകും .............
    ഭാരതീയ സാഹിത്യത്തിലെ പരമോന്നത
   ബഹുമതിയായ ആദ്യ ജ്ഞാനപീഠ പുരസ്കാര      ജേതാവ് !

  ജ്ഞാനപീഠം കയറിയ ശങ്കരന്മാരില്‍ ആദ്യ ശങ്കരന്‍!
  ആദി ശങ്കരന്‍റെ സമീപ നാട്ടുകാരന്‍ ശങ്കരന്‍ !!

  വിശ്വ ദര്‍ശനത്തിന്‍  കാഹളം മുഴക്കിയ കവി !
       ഭാഷയുടെ കൊടിയടയാളം ആകെണ്ടുന്ന ,മഹാ കവിയേയും അദ്ദേഹത്തിന്‍റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന്‍ ഈ മണ്ണിനെയും ആത്മ കുടീരത്തെയും തിരസ്കരിക്കുമ്പോള്‍ ............ അവഗണിക്കുമ്പോള്‍ ,,,,,,

     ഇവിടെ നമ്മുടെ മലയാളം മരിക്കുകയാണ് !!!
     ഇവിടെ നമ്മുടെ സംസ്കാരം ചിതലരിക്കുകയാണ്

                           എവിടെ എന്‍റെ ശ്രേഷ്ഠ മലയാളം !!?  ?

    ‘ വിശ്വദര്‍ശന’ ത്തിന്‍ കാഹളം മുഴക്കിയ
     ‘ഓടക്കുഴല്‍’നാദവും ചോദിക്കുന്നു !

    എവിടെ എന്‍റെ ശ്രേഷ്ഠമലയാളം !?

    വരും തലമുറകളും ഈ ചോദ്യം ആവര്‍ത്തിക്കപ്പെടും !!

                         പ്രണാമം മഹാ ഗുരോ ...................!

           ഈ സ്മരണ ദിനത്തില്‍ ഓര്‍മ്മപ്പൂക്കള്‍ അര്‍പ്പിച്ച്
         ജന്മ നാട്ടില്‍ നിന്നും ഞാന്‍


സ്നേഹപൂര്‍വം സ്നേഹിത
     മായാ ബാലകൃഷ്ണന്‍
      നായത്തോട്  30 / 1/ 2014 .....................        
      അങ്കമാലി

  

Comments

Popular posts from this blog

വാഴക്കുല യ്ക്ക് 80 വയസ്സ്

കൃഷ്ണ കവിത

സൗഹൃദം ! സുകൃതം !!