കൊച്ചു കൊച്ചു വല്യ സന്തോഷങ്ങള്‍

                           

കൊച്ചു കൊച്ചു വല്യ സന്തോഷങ്ങള്‍
  

          പ്രായത്തിന്റെ അസ്കതയും ക്ഷീണവും കാരണം അച്ഛന്‍ എല്ലാ കാര്യത്തിനും പതിയേ ആണ് . രാവിലെ പത്രം വായിച്ചു വായിച്ച് കുളിക്കാനും ഭക്ഷണം കഴിക്കാനും വൈകിയെത്താറുള്ള അച്ഛന്‍, അന്ന് നേരത്തേ തന്നെ കുളിച്ച് ക്ഷേത്രത്തില്‍ പോയി  വന്ന് ബ്രേക്ക് ഫാസ്റ്റ് കഴിക്കാനിരിക്കുന്ന കണ്ടപ്പോള്‍ എന്താണാവോ എന്ന് ഞാനും കരുതി . കൃത്യം ഒരു മണി ആയപ്പോള്‍ ഉച്ച ഭക്ഷണവും കഴിച്ച്, കണ്ണാടി നോക്കി മുടിയും  തലയുമെല്ലാം വീണ്ടുംവീണ്ടും ചീകി കൈ കഴുകലും തുടക്കലുമെല്ലാം കണ്ട് യ്യോ ! ഞാനും പേടിച്ചുപോയി. പ്രായമേറി  വരുമ്പോള്‍ കാണുന്ന വല്ല അസുഖ ലക്ഷണവുമായിരിക്കുമോ; എന്നിങ്ങനെ പലതും ചിന്തിച്ചു ..അലക്കി വച്ചിരുന്ന  ഖദര്‍ മുണ്ടും ഷര്‍ട്ടുമിട്ടു വാച്ചും കെട്ടി കസേരയില്‍ വന്ന് ഇരിപ്പായി . അമ്മയാണെങ്കില്‍ ഇതെല്ലാം വല്യ അസൂയയോടെ  നോക്കിയിരിപ്പുമുണ്ട്‌ .

     “ സ്കൂളില്‍ പോണതാ ...........” അമ്മ എന്നെ നോക്കി പറഞ്ഞു .
    അത് പറയുമ്പോള്‍ അമ്മയുടെ മുഖത്ത് എന്തോ ഒരു നഷ്ട ബോധം .വെറുതെയല്ല അമ്മയുടെ അസൂയ !അച്ഛന്‍ പ്രധാനാദ്ധ്യാപകനായി ജോലി ചെയ്തിട്ടുള്ള സ്കൂളിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് ഒന്ന് രണ്ടാഴ്ച മുന്‍പ്‌ വന്നു  ക്ഷണിച്ചിട്ടു പോയിട്ടുണ്ട് .ഞാനത് മറന്നിരുന്നു .എന്നാല്‍ എപ്പോഴും മറവി ആണെന്നു പറയുന്ന അച്ഛന്‍ ഇത് എത്ര കൃത്യമായി ഓര്‍ത്തിരിക്കുന്നു !! അങ്കമാലി മേയ്ക്കാട് സ്കന്ദ വിലാസം സ്കൂളിലാണ്  അദ്ധ്യാപകജീവിതം  തുടങ്ങിയത്. പിന്നീട്  സര്‍വീസ് ന്‍റെ അവസാന കാലത്ത് ആദ്യമായി പ്രധാനാധ്യപകാനായി എത്തുന്നതും ആ  സ്കൂളില്‍ തന്നെയാണ് . സര്‍വീസില്‍ നിന്ന് വിരമിച്ച്  ദീര്‍ഘ കാലത്തിനു ശേഷം ഒരു അതിഥി ആയിട്ടാണെങ്കിലും ആ തിരിച്ചു പോക്കില്‍  അച്ഛന്റെ മനസ്സ് നിറയെ ഉത്സാഹമായിരുന്നു .
 അദ്ധ്യാപക സംഘടനാ പ്രവര്‍ത്തനങ്ങളും . തുടര്‍ന്ന് പെന്‍ഷനേഴ്സ് യുണിയന്‍ ഭാരവഹിത്വങ്ങളും , NSS കരയോഗം , ക്ഷേത്ര ഭരണ സമിതി അങ്ങനെ നിരവധി കാര്യങ്ങളുമായി ഏതാനും വര്ഷം മുന്‍പ്‌  വരെ  വളരെ ആക്റ്റീവ് ആയിരുന്ന അച്ഛനെ വീണ്ടും അത്രയും പ്രസരിപ്പോടും ചുറുചുറുക്കോടും കണ്ടപ്പോള്‍ എനിക്കും സന്തോഷം തോന്നി .


 കിലോമീറ്ററുകളോളം നടക്കാന്‍ യാതൊരു മടിയുമില്ലാത്ത അച്ഛന്റെ ഇപ്പോഴുള്ള യാത്രകളൊക്കെ മക്കളെ കൂട്ടുപിടിച്ചിട്ടാണ് . 3 മണി ആകുമ്പോഴേക്കും റെഡിയായിരുന്നോളൂ എന്ന് പറഞ്ഞു പോയ ചേട്ടനെ കണ്ടപ്പോഴേക്കും അച്ഛന്‍ ചാടിയെണീറ്റു വന്നു വണ്ടിയില്‍ കയറി .

   ഇതെല്ലാം  കണ്ട അമ്മയുടെ അസൂയ മാറിയത്,പിന്നീട് ഡിസംബറില്‍ നായത്തോട് ജി മെമ്മോറിയല്‍ സ്കൂളിന്റെ ജന്മ ശതാബ്ദി ആഘോഷവും പൂര്‍വ അദ്ധ്യാപക വിദ്യാര്‍ത്ഥി സംഗമവും നടന്നപ്പോഴാണ് . തലേ ദിവസം മൂളിപ്പാട്ടും പാടി പതിവില്ലാതെ സാരിയൊക്കെ അയേണ്‍ ചെയ്തു വയ്ക്കുന്നു .അമ്മയുടെ ഇഷ്ടമുള്ള പാട്ടുകള്‍ ഏതാണെന്ന് ചോദിച്ചാല്‍ ONV യുടെ ചില്ലിലെ “ ഒരു വട്ടം കൂടിയാ ............    ......... വിദ്യാലയ തിരുമുറ്റത്തെത്തുവാന്‍ മോഹം ” എന്ന ഗാനമേ  ആദ്യം പറയൂ.
മുന്നിലിരിക്കുന്ന കുട്ടികള്‍ക്ക് ചൊല്ലിക്കൊടുത്തു പഠിപ്പിച്ച ആ വരികളോടുള്ള പ്രത്യേക ഇഷ്ടോം, പഠിച്ചിരുന്ന കാലത്തേ എന്ന പോലെ  അദ്ധ്യാപക ജീവിതത്തിലെ മധുര സ്മരണകളും ആകാം അതിനു കാരണം . 
അമ്മയ്ക്ക് വീട് കഴിഞ്ഞാല്‍ മറ്റൊരു വീടായിരുന്നു സ്കൂളും .സര്‍വീസിലെ ആദ്യ ഏതാനും വര്‍ഷങ്ങള്‍ ഒഴിച്ചാല്‍ തുടര്‍ച്ചയായി   28 വര്ഷം ജോലി ചെയ്ത്  ഇതേ സ്കൂളില്‍ നിന്ന് തന്നെ വിരമിക്കാന്‍ കഴിഞ്ഞു എന്നു പറയുന്നതും  കുറച്ചു അഭിമാനത്തോടെയാണ് ,ഒരു വീട് പോലെ കഴിഞ്ഞിരുന്ന സഹപ്രവര്‍ത്തകര്‍ !   ഇന്ന് അവരൊന്നും കൂടെയില്ലല്ലോ എന്ന വേദന മാത്രം ! അച്ഛനും നല്ലൊരു കാലം മുഴുവനും ഇവിടെ തന്നെ അദ്ധ്യാപകനായിരുന്നു.

  അങ്ങനെ രണ്ടു പേരും പോയി. വിശിഷ്ടാതിഥികളായി A മുതല്‍ Z വരെയുള്ള  അങ്കമാലി പ്രധാനമന്ത്രിയുടെ അനുചര വൃന്തങ്ങളെല്ലാം ക്ഷണ പത്രികയിലും അരങ്ങിലും സിംഹാസനസ്ഥരായിരുന്നു . ഘോരഘോര രാക്ഷ്ട്രീയ പ്രക്ഷാളനങ്ങള്‍ക്കിടയില്‍  സദസ്സില്‍ “തറ   പറ “ പറഞ്ഞു പഴയ വാദ്ധ്യാരന്മാരെല്ലാം ഗാപ്പീം കുടിച്ച് വിനയ കുനയരായി  “ഗപ്പും പതക്കോം “ ഒക്കെ വാങ്ങി ‘കമ’ ന്നു ഉരിയാടാന്‍ ...ങേ ,,,ഹേ !!ഒരു നന്ദി വാക്കു പോലും പറയാന്‍ അവര്‍ക്കൊന്നും  അവസരം നല്‍കാതെ , അനുവദിക്കാതെ.......!!, എങ്കിലും  അതിലൊന്നും   .........ലവലേശം അതൃപ്തിയും പ്രകടിപ്പിക്കാതെ സന്തോഷത്തോടെയാണ് അവരെല്ലാം  മടങ്ങിയത്‌ ..എല്ലാത്തിന്റെയും നല്ല വശങ്ങള്‍  മാത്രം കണ്ടാല്‍ മതിയെന്ന് ആ പ്യാവങ്ങള്‍ നമ്മെ  പഠിപ്പിക്കുന്നു ..

    വീട്ടില്‍  ക്കൊണ്ടു വന്നു ,അച്ഛന് കിട്ടിയിട്ടുള്ള നിരവധി അംഗീകാരങ്ങളില്‍ ചെറുപ്പത്തിന്റെ പ്രഭാവ കാലത്ത് ലഭിച്ച ചെറിയൊരു വെങ്കല ട്രോഫിയ്ക്ക് അരികേ ഈ എണ്‍പതുകളില്‍ കിട്ടിയ ആദരവും ചേര്‍ത്തു വച്ചു .എനിക്ക് ഓര്‍മ്മ വയ്ക്കുമ്പോഴേ ആ വെങ്കല ട്രോഫി വീട്ടിലുണ്ട് .
50 , 60 വര്ഷം മുന്‍പുള്ള ഞങ്ങളുടെ കുഗ്രാമത്തില്‍ ,വായനശാല പ്രസ്ഥാന പ്രവര്‍ത്തനങ്ങളും  , അന്നത്തെ സാമൂഹിക അസമത്വങ്ങള്‍ക്കും എതിരെ ചങ്ങമ്പുഴയുടെ രമണനും മറ്റും കഥാപ്രസംഗം രൂപത്തില്‍ അവതരിപ്പിച്ചു കാഥികനായും ,അന്നത്തെ യുവത്വങ്ങളെ സംഘടിപ്പിച്ചു നാടകാവതരണവും നടനായും നിറഞ്ഞുനിനിന്നിരുന്ന   അച്ഛന്‍! ഇതെല്ലാം അറിയുമ്പോള്‍ ഡിഗ്രികള്‍ ഏറെ നേടിയിട്ടുണ്ടെങ്കിലും ഞങ്ങള്‍  മക്കളൊന്നും ഈ അച്ഛനു മുന്നില്‍  ഒന്നുമല്ല ........!


   ഓര്‍മ്മകള്‍ ഇല്ലായിരുന്നെങ്കില്‍ ജീവിതം  എത്ര ശൂന്യമായി പോയേനെ ... ഓര്‍മ്മയുടെ നിലാ പായ് വഞ്ചിയേറി ,നിശ്ശബ്ദതയുടെ ,മഹാമൌനത്തിന്റെ പടുചുഴിയില്‍ തട്ടി വീഴാതെ ,ഒരു നൂല്‍പ്പാലത്തിലൂടെ യുള്ള സഞ്ചാരമാണ് വാര്‍ദ്ധക്യം ! ഇവിടെ കിട്ടുന്ന കൊച്ചു കൊച്ചു വല്യ സന്തോഷങ്ങള്‍ ......... അത് നമ്മുടെയും സന്തോഷമായി മാറുന്നു.......... !

സ്നേഹപൂര്‍വം സ്നേഹിത
മായ ബാലകൃഷ്ണന്‍ 




Comments

Popular posts from this blog

വാഴക്കുല യ്ക്ക് 80 വയസ്സ്

കൃഷ്ണ കവിത

സൗഹൃദം ! സുകൃതം !!