സ്നേഹ സന്ദേശം !

   

                     നിങ്ങളോട് ഒരു വാക്ക് .......
         *************************

   മതത്തിന്‍റെ  പേരില്‍ ഭ്രാന്തെടുത്ത മനുഷ്യര്‍ !

രാജ്യങ്ങള്‍ തമ്മിലും, മതങ്ങളും മതത്തിനുള്ളില്‍ തന്നെ വിവിധ വിഭാഗങ്ങള്‍ തമ്മിലും, യുദ്ധങ്ങളും പോരാട്ടങ്ങളും നടത്തുന്നു.  ആത്യന്തികമായി  ജീവന്‍റെ പിടച്ചിലിനു മുന്നില്‍ ,വിശപ്പിനും ദാഹത്തിനും, രോഗത്തിനും, മുന്നില്‍  അതിജീവനത്തിനു ഒരു മതമേ ഉള്ളൂ .
കാരുണ്യത്തിന്‍റെ, സ്നേഹത്തിന്‍റെ, സാഹോദര്യത്തിന്റെ, മനുഷ്യത്വമെന്ന ഒരു മതം .


 ഓരോ രാജ്യത്തിന്റെയും സമൂഹത്തിന്റെയും അടിത്തറ  ഈ ഒരു മതത്തില്‍ അധിഷ്ഠിതമാണെങ്കില്‍ ലോകം എത്ര സുന്ദരമായിരുന്നെനേ.! 

സമാധാനം കാംക്ഷിക്കുന്ന ജനങ്ങള്‍ക്കിടയില്‍ നിന്നും ഉടലെടുത്ത പുതു യുഗ ഭസ്മാസുരന്മാരാണ് തീവ്രവാദ മുഖം പൂണ്ട ഭീകര സംഘടനകള്‍ . മത ഗ്രന്ഥങ്ങളെ ഇളം ചുടു ചോര കൊണ്ട്  കഴുകി വിശുദ്ധ സാമ്രാജ്യം സ്ഥാപിക്കാന്‍  ശ്രമിക്കുന്ന ഇക്കൂട്ടരുടെ വാള്‍മുനയിലാണ് ഇന്ന് ലോകം .ചോര കൊണ്ട് ചരിത്രം തിരുത്തിയെഴുതുന്ന ഇവരാണ് ഇന്നിന്റെ ശാപവും വേദനയും !

മുംബൈയിലും ഗുജറാത്തിലും കറാച്ചിയിലും അഫ്ഗാനിസ്ഥാനിലും ഇറാക്കിലും സിറിയയിലും പാലസ്തീനിലുമെല്ലാം എത്രയെത്ര ചോരക്കളങ്ങളാ ണ്, ലോകത്തിന്‍റെ നാനാഭാഗങ്ങളിലുമായ്  നമ്മള്‍ കണ്ടത് .!കാണുന്നത് !!

തങ്ങളുടെ വിശ്വാസങ്ങള്‍ക്കും അധീശത്വങ്ങള്‍ക്കും വഴങ്ങാത്തവരെ നിഷ്ക്കരുണം തോക്കിന്‍ കുഴയില്‍ വരുതിക്ക് നിര്‍ത്തുന്നവര്‍ ;.പേ പിടിച്ച നായ്ക്കളെപ്പോലെ രക്ത ദാഹികളായി തെരുവില്‍ അലഞ്ഞു നടന്നു മുന്നില്‍  കണ്ട നിരപരാധികളെ കൊന്നൊടുക്കുന്നു .

 ഒന്ന് വാവിട്ടു കരയാന്‍ പോലും അനുവദിക്കാതെ , കൊതുകിനെ കൊല്ലും പോല്‍ ,  പിഞ്ചു കുഞ്ഞുങ്ങളുടെ രക്തം കുടിച്ചവര്‍ ,വ്യാളീ മുഖം പൂണ്ട നരാധമന്മാര്‍ !!നിരപരാധികളെ   ബന്ദികളാക്കി വില പേശി ബലി മൃഗത്തെപ്പോലെ കഴുത്തറുത്തും ഇരുമ്പ് കൂട്ടില്‍ അടച്ചുപൂട്ടി പെട്രോള്‍ ഒഴിച്ച്  തീ കൊളുത്തിയും ....... ഇല്ല ഇല്ലാ........ സഹിക്കാനാവില്ല മനുഷ്യ ജന്മമെടുത്ത   ആര്‍ക്കും നിങ്ങളുടെ ചെയ്തികള്‍. .
      ഇവിടെ നിങ്ങള്‍ പുതിയ സാമ്രാജ്യം പടുത്തുയര്‍‍ത്താമെന്നു സ്വപ്നം കാണുന്നു .
 പക്ഷെ ശവക്കൂമ്പാരങ്ങളുടെ , മാതാപിതാക്കള്‍ നഷ്ട്ടപ്പെട്ട കുഞ്ഞുങ്ങളുടെ , മക്കള്‍ നഷ്ട്ടപ്പെട്ട വൃദ്ധ മാതാ പിതാക്കളുടെ , നിങ്ങളുടെ തോക്കിന്‍ കുഴയിലും ഷെല്ലാക്രമണത്തിലും പാതി ജീവന്‍ പൊലിഞ്ഞു മൃത പ്രായരായവര്‍ , മുറിവേറ്റവരും അംഗ ഭംഗം വന്ന്‍  യുവത്വത്തിന്‍റെ തുടിപ്പും ജീവനും നഷ്ട്ടപ്പെട്ടവര്‍ ! ഇവരല്ലേ   നിങ്ങളുടെ  പ്രജകള്‍ ! അവരുടെ ആരോഗ്യവും സ്വാതന്ത്ര്യവും നിങ്ങള്‍ക്ക്  മുന്നില്‍ അടിയറവ് വച്ചു കഴിഞ്ഞില്ലേ ............

അവര്‍ക്ക് എന്തിനാണ് ഒരു ഭരണാധികാരി !? സൃഷ്ട്ടിക്കാനോ സംരക്ഷിക്കാനോ നിങ്ങള്‍ക്ക് കഴിയുമോ ?

നിങ്ങള്‍ കനിഞ്ഞു നല്‍കിയ അനാഥത്വത്തില്‍ ചുട്ടു പുളഞ്ഞ്, ഒരു സ്നേഹ തലോടലിനായ് , മാറോട് ചേര്‍ത്തണയ്ക്കാന്‍ കരഞ്ഞു കലങ്ങിയ കുഞ്ഞുക്കള്‍ക്ക് അവരുടെ അച്ഛനമ്മമാരേ കൊടുക്കാന്‍ നിങ്ങള്‍ക്കാകുമോ  ........... ;


      മരണാസന്ന നിലയില്‍ ഒരിറ്റു വെള്ളം കൊടുക്കാന്‍ ആ വൃദ്ധ മാതാപിതാക്കള്‍ക്ക് മക്കളെ തിരിച്ചു കൊടുക്കാനാകുമോ  ;
എവിടെ നിങ്ങള്‍ ? ഇവരുടെ ദീനരോദനങ്ങള്‍ക്ക്, നിങ്ങള്‍ സ്ഥാപിച്ചെടുക്കുന്ന മത സംഹിതകള്‍ക്കോ പ്രസ്ഥാനങ്ങള്‍ക്കോ പകരം നല്‍കാന്‍ കഴിയുമോ !!?

       ഏതു മതമാണ്‌ നിങ്ങളെ ചോര കൊണ്ട് വിശുദ്ധരാവാം എന്ന് പഠിപ്പിക്കുന്നത്‌ . മതങ്ങള്‍ വിഭാവനം ചെയ്യുന്ന നന്മകളെ കാറ്റില്‍പ്പറത്തി, തങ്ങളുടെ അധീശത്വം സ്ഥാപിച്ചെടുക്കാന്‍ വേണ്ടി പുണ്യ ഗ്രന്ഥങ്ങളെ, വിശുദ്ധന്മാരെ നിങ്ങള്‍ മലിനമാക്കുകയല്ലേ . ഇവിടെ  ഏതു വിശുദ്ധ മതമാണ്‌ നിങ്ങള്‍ക്ക് മാപ്പ് തരിക ??!

ക്രൂരതയില്‍ വിനോദം കണ്ടെത്തുന്ന ദുര്‍ബലരിലും നിരപരാധികളിലും ആധിപത്യം സ്ഥാപിച്ചെടുക്കുന്ന ,നിങ്ങളിലെ കുമിഞ്ഞു കൂടിയ അഹന്തയെന്ന ജ്വരയെ ശിരസ്സിലേറ്റി, തന്‍റെ കാല്‍ച്ചുവട്ടില്‍ മുച്ചൂടും നശിപ്പിക്കുന്ന ഭീകരവാദം !
നിങ്ങള്‍ക്ക് കണ്ണുകള്‍ ഉണ്ടായിട്ടെന്താ ..........  കാണുന്നില്ലല്ലോ ........
കാതുകള്‍ ഉണ്ടായിട്ടെന്താ .......കേള്‍ക്കുന്നില്ലല്ലോ ?!

  നിങ്ങള്‍ക്ക് കൈകാലുകള്‍ ഉണ്ടായിട്ടെന്താ ........ നല്ലത്  പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്കാവുന്നില്ലല്ലോ.........?

 നിങ്ങള്‍  ഈ ലോകത്തിന്‍റെ നന്മകള്‍ അറിയുന്നില്ലല്ലോ ........?
നിങ്ങളെ മനുഷ്യ ഗണത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്നില്ലല്ലോ ?!
നിരപരാധികളുടെ ശാന്തിയും സമാധാനവും കട്ടെടുത്തു ജീവിക്കാമെന്ന് കരുതുന്ന നിങ്ങള്‍ നേടുന്നതും നരകം മാത്രമല്ലേ ......... ?/

     നിങ്ങളെ തലോടിയ ,വളര്‍ത്തിയ കൈകള്‍ തന്നെ നിങ്ങളുടെ അന്ത്യവും കുറിക്കപ്പെട്ടതിനു ചരിത്രം സാക്ഷി !.
ബിന്‍ ലാദനും സദ്ദാമും ! വംശക്കുരുതി നടത്തിയ  ഹിറ്റ്ലറോ !!?സ്വയം തലയില്‍ കൈവച്ചു അന്ത്യം വിധിച്ച മറ്റൊരു  ഭസ്മാസുരന്‍ !

തീവ്രവാദികള്‍, ഭീകര വാദികള്‍ എന്ന് ചാപ്പ കുത്തി  ലോകം നിങ്ങളെ ഭര്‍ല്സിക്കുന്നു!!

എന്തിനു പെറ്റമ്മ പോലും നിങ്ങളെ തള്ളിപ്പറയുന്നൂ .ജനനിയാണ് ജന്മം നല്കുന്നവളാണ് അമ്മ  . സൃഷ്ട്ടിയുടെ മഹത്വവും  വേദനയും അറിയുന്നവളാണ് അമ്മമാര്‍ .ജന്മ ദേശത്തെ ഒറ്റിക്കൊടുത്തും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന തീവ്രവാദിയും  ഭീകരവാദിയും  , കൊലപാതകിയായും, ഒരു മകനെ  കാണാന്‍ ഒരമ്മയും ഇഷ്ട്ടപ്പെടില്ല .

 ആത്യന്തികമായി യുദ്ധം സര്‍വ്വ നാശമല്ലാതെ ഒന്നും നേടി തരുന്നില്ല .ധര്‍മ്മ യുദ്ധമായ മഹാഭാരത യുദ്ധത്തിലും ആരും ഒന്നും നേടുന്നില്ല. 

      മനുഷ്യ രൂപം പൂണ്ട നിങ്ങള്‍ മനുഷ്യരാകൂ... മറ്റൊരുത്തന്റെ ജീവനും  സ്വാതന്ത്ര്യവും ശാന്തിയും സമാധാനവും അവര്‍ക്കു വിട്ടു കൊടുക്കൂ .നിരപരാധികളിലും ദുര്‍ബലരിലും ,നിങ്ങളുടെ അഹന്തയെ ,ദൈവം നിങ്ങള്‍ക്ക് കനിഞ്ഞു നല്‍കിയ ആരോഗ്യമുള്ള ശരീരത്തെ ആയുധമാക്കാതിരിക്കൂ ..!

കൈക്കുമ്പിളില്‍ ഇറ്റിച്ചു തരുന്ന ദാഹ നീരിനു നിങ്ങള്‍ വിശ്വസിക്കുന്ന  നിങ്ങളുടെ  ദൈവത്തോട് കടപ്പാടുണ്ടെങ്കില്‍ ,ഈ ലോകത്തിന്‍റെ ഒരു തുണ്ട് വെളിച്ചമായ് നിങ്ങളും ജീവിക്കൂ ! ഈ ലോകത്തിന്‍റെ വെളിച്ചം നിങ്ങള്‍ക്കും കൂടിയുള്ളതാണ് .നിങ്ങളുടെ ഹൃദയം തുറന്നു വയ്ക്കൂ .........ഉടുവസ്ത്രമില്ലാത്തവര്‍ , ഭക്ഷണത്തിനും മരുന്നിനും വകയില്ലാത്തവര്‍ ..മഞ്ഞിലും മഴയിലും ഒരു കൂരയുടെ തണല്‍ മറ ഇല്ലാത്തവര്‍ .........നിങ്ങള്‍ അവര്‍ക്കു മേല്‍ വിധിച്ച ക്രൂരതകള്‍ കണ്‍ തുറന്നു കാണൂ .........!

നിങ്ങളുടെ സിരകളിലൂടെ ഓടുന്നത് രക്തമാണെങ്കില്‍ , ആ രക്തത്തെ , ചോരയെ നിങ്ങള്‍ തിരിച്ചറിയൂ .ഇവര്‍ നിങ്ങളില്‍ ഒരാളാണ് !   എന്‍റെ കൈകള്‍ ഇവരെ താങ്ങാനുള്ളതാണ്.....! ഇവരുടെ കൈകളില്‍ സ്നേഹത്തില്‍ പൊതിഞ്ഞ ഹൃദയ പുഷ്പം വച്ചു കൊടുക്കൂ .ശാന്തിയുടെ സമാധാനത്തിന്‍റെ സൗരഭ്യം നിങ്ങളും അറിയൂ .വിലങ്ങുകളല്ല, വിലാപങ്ങളല്ല ,വിശ്വ സ്നേഹത്തിന്‍റെ വിഭാത സൂര്യന്‍ അതാ അങ്ങകലെ കാണുന്നില്ലേ ...........


ക്രൌര്യത്തിന്‍റെ മുഖം മൂടി വലിച്ചെറിഞ്ഞു ,   തോക്കും ഷെല്ലുകളും വലിച്ചെറിഞ്ഞു , സ്നേഹത്തിന്‍റെ സാഹോദര്യത്തിന്‍റെ , കാരുണ്യത്തിന്റെ നിറ കൈകളുമായ് കടന്നു വരൂ... ഈ ലോകം നിങ്ങളുടേത് കൂടിയാണ് .... നിങ്ങളോട് കൂടെയാണ് ..!!

.....ലോകാ സമസ്താ സുഖിനോ ഭവന്തു .

സ്നേഹപൂര്‍വം സ്നേഹിത
മായ ബാലകൃഷ്ണന്‍

 

 

 

 

 

 

 

 

Comments

Popular posts from this blog

വാഴക്കുല യ്ക്ക് 80 വയസ്സ്

കൃഷ്ണ കവിത

സൗഹൃദം ! സുകൃതം !!