ഗീതാ ദര്‍ശനം ! സ്വാധീനം !

   

                             .............. ജീവിതത്തിനു മേല്‍ പൊന്‍ വെളിച്ചം തൂകുന്ന  സൂര്യ തേജസ്സാണ് ......................!.ഗീതാ        ദര്‍ശനങ്ങളുടെ സ്വാധീനം ........................



         കൊളുത്തി വച്ച നിലവിളക്കിന്‍ പ്രഭയായി ജപമന്ത്രങ്ങളും ഭഗവദ് വചനങ്ങളും ഇന്ന് എന്റെയുള്ളില്‍ പ്രകാശം ചൊരിയുന്നു .

             ഇനിയും ഒരു ജന്മമുണ്ടെങ്കില്‍ അന്നും  വേദനകളും വിഷമങ്ങളും നിറഞ്ഞ ജീവിതം തരൂ !! ഭഗവാനെ..എന്ന് കുന്തീ ദേവിയെ പോലെ ,ഭക്തി പ്രേമാനന്ദ നിര്‍വൃതിയില്‍, ഞാനും പലപ്പോഴും  പ്രാര്‍ത്ഥിച്ച് പോകാറുണ്ട് !
    
          എന്നാല്‍  ഇടറി വീഴും  ജീവിത യാത്രയില്‍,  ഒരു നിഷേധിയുടെ  തികഞ്ഞ അഹങ്കാരത്തോടെ , പ്രതികാരവാഞ്ച്ഛയോടെ ,എല്ലാ വിശ്വാസ സംഹിതകള്‍ക്ക് മുന്നിലും പിന്തിരിഞ്ഞു നിന്നിരുന്ന കാലവും എനിക്കുണ്ടായിട്ടുണ്ട് . അതെല്ലാം എന്നെ തളര്ച്ചയുടേയും   നിരാശയുടേയും  ,പടുകുഴിയിലേക്ക് തള്ളി വിടുകയാണുണ്ടായത് .

        ആ ദിനങ്ങളില്‍ ഒരു സ്നേഹ തലോടല്‍ എന്നപോലെ എനിക്ക് നേരെ നീട്ടിയ ഭഗവദ് വചനങ്ങള്‍ നിറഞ്ഞ ഗീതോപദേശം , ഏതൊരു  സാധാരണ ബുക്കും എന്ന പോലെയാണ് ഞാനും വായിക്കാനെടുത്തത് . തുടക്കത്തില്‍ രണ്ടാമൂഴം പകര്‍ന്നു തന്ന ആവേശം ,എന്നാല്‍ ഒടുക്കം ശ്രീ ചുള്ളിക്കാടിന്‍റെ വരികള്‍  കടമെടുത്ത് പറയുക യാണെങ്കില്‍ ... “വചനമേ നീയെന്‍റെ ജീവിതത്തില്‍ പുലര്‍കാല നക്ഷത്രമായുദിച്ചു,.”  എന്ന് പറയുന്നതുമാണ് സംഭവിച്ചത് , 
     
      കുരുക്ഷേത്ര ഭൂമിയില്‍ സ്വന്തം ആചാര്യന്മാരോടും ,ഗുരുക്കന്മാരോടും ,പിതൃ ,പുതൃ ,സഹോദര തുല്യരായവര്‍ക്ക് നേരെയും ആയുധം എടുക്കാന്‍ കഴിയില്ലെന്നും പറഞ്ഞു ,മരവിച്ച മനസ്സുമായ് തേര്‍ത്തട്ടില്‍ ,തളര്‍ന്നിരുന്ന അര്‍ജ്ജുനന്‍റെ അതേ സ്ഥിതി വിശേഷത്തിലായിരുന്നു അന്ന്  ഞാനും .
 
    ആദ്യ ഭാഗങ്ങളില്‍ കേവലം ഒരു തത്ത്വജ്ഞാനി യായിട്ടാണ് പാര്‍ത്ഥസാരഥിയെ എനിക്കനുഭവപ്പെട്ടത് . എന്നാല്‍ രണ്ടാം അദ്ധ്യായമായ സാംഖ്യ ത്തിലെത്തുമ്പോള്‍ , അത്രയും സമയം അര്‍ജ്ജുനനു നേരെ ചൂണ്ടിയ കൈകള്‍ പതിയെ വാക് ശരങ്ങളായി എന്നിലേക്കു പതിച്ചു . തുടര്‍ന്ന് ഭഗവാന്‍ സംസാരിച്ചതു മുഴുവനും എന്നോടായിരുന്നു .

    അങ്ങനെ സാംഖ്യം , കര്‍മ്മം,  ജ്ഞാന , ജ്ഞാന സംന്യാസം . ജ്ഞാനവിജ്ഞാന , ധ്യാന , ഭക്തി .....യോഗങ്ങളിലൂടെ, അദ്ധ്യായങ്ങളിലൂടെ , അദ്ധ്യാത്മ ജ്ഞാന ദീപം തെളിച്ച് അവസാനം ഭഗവാന്‍ എനിക്കാ വിശ്വ രൂപം , സത്യം ! വെളിപ്പെടുത്തി തന്നു . എന്നിലും നിന്നിലും ..ഓരോ അണുവിലും പരമാണുവിലും നിറഞ്ഞിരിക്കുന്ന ആത്മ ജ്ഞാനമെന്ന ആ പരമ സത്യം !!
     
         കേവല തത്ത്വജ്ഞാനി യില്‍ നിന്നും അഭൌമിക സത്യത്തിലേക്ക് !.  ഞാനാ ഭഗവദ് പാദപത്മങ്ങളില്‍ പ്രണമിച്ചു , സര്‍വ്വം സമര്‍പ്പിച്ചു !!
  
     കണ്ണീരുറവ പൊട്ടി ,  കല്പാന്ത കാലത്തോളം അതി ജീവിക്കാന്‍ പോന്ന ഒരു കൃഷ്ണ ശിലയായ് തീര്‍ന്നു അങ്ങനെ ഞാനും !!.
     
        ഇന്നും കുസൃതിക്കു കണ്‍നിറയുമ്പോള്‍, സന്തോഷങ്ങളില്‍ , ആവലാതികളില്‍ ,ഏകാന്തതയില്‍, ഒരു സുഹൃത്തായോ , അതോ , എന്നിലലിഞ്ഞ ഞാനായോ ...! കണ്ണടച്ചാല്‍ ഭഗവാന്‍ എനിക്കൊപ്പമുണ്ട് ..!! 

                   തനിക്ക് അമ്മയുടെ മടിത്തട്ട് പോലെയാണ്  ഭഗവദ് ഗീതോപദേശം ; എന്ന് ഗാന്ധി ജി പറയുന്നുണ്ട് ,
എന്നാല്‍ ഒന്നു കൂടി കടത്തി പറയട്ടെ... ചില സന്ദര്‍ഭങ്ങളില്‍ ഒരമ്മയ്ക്ക് പോലും നല്‍കാന്‍ കഴിയാത്ത കരുത്തും ശക്തിയുമാണ്  നമുക്ക്  ഗീതാ മാതാവില്‍ നിന്നും 
ലഭിക്കുക !!

  ജീവിതത്തിലെ ഏതവസ്ഥയിലും;  ഏതു പ്രതി സന്ധിയിലും പെട്ടുഴലുന്നവര്‍ക്ക് അതിനുള്ള ഉത്തരം  ഗീതയില്‍ നിന്ന് കണ്ടെത്താന്‍ കഴിയും .

     എനിക്കൊന്നേ പറയാനുള്ളൂ  , വായിക്കുകയാണെങ്കില്‍  ഏറ്റവും വേദനിച്ചിരിക്കുന്ന , വിഷമിച്ചിരിക്കുന്ന സമയങ്ങളില്‍ മാത്രം വായിക്കണം ...എന്നാലെ നമുക്ക് ഇത് പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ കഴിയുകയുള്ളൂ  !.

          ആത്മാവിലെ നെരിപ്പോട് അണയ്ക്കാന്‍ ആത്മാവിനെ അറിയണം !!  അതിനുള്ള ദിവ്യ ഔഷധമാണ്‌ രണ്ടാം അധ്യായമായ സാംഖ്യ യോഗം എന്ന് കൂടി പറയട്ടെ. സമചിത്തതയാണ് യോഗം എന്ന് പറയുന്നുണ്ട്  ഭഗവാന്‍ ..സുഖമായാലും ദുഖമായാലും ലഭിക്കുന്നതെന്തോ ,അതിനെ സ്വീകരിക്കാന്‍,അതില്‍ തൃപ്തിപ്പെടാന്‍  മനസ്സിനെ പഠിപ്പിക്കണം .
     
        ഇനിയെങ്കിലും ,ഇത്രയെങ്കിലും ,എഴുതിയില്ലെങ്കില്‍ ഈ ജീവിതം വ്യര്‍ത്ഥമാകില്ലേ എന്നൊരു തോന്നല്‍ ...!!
      എന്‍റെ വിശ്വാസത്തിന്‍റെ, അനുഭവത്തിന്‍റെ....  വെളിച്ചത്തില്‍ മാത്രം എഴുതിയ വരികളാണ് .

    1994 നു ശേഷം ഗീതാ വചനങ്ങള്‍  എന്‍റെ ജീവ ശ്വാസമാണ്, എന്‍റെ ജീവിതത്തിനു മേല്‍ പൊന്‍ വെളിച്ചം തൂകുന്ന സൂര്യ തേജസ്സാണ് ! അതിനു കീഴെ ഇന്ന്  ഏതു ചൂടിലും ഉരുകാത്ത ഒരു
    കൃഷ്ണ ശിലയാണ് !! ഞാന്‍ ..............

    ഇനിയും ഒരു ജന്മം കൂടി എനിക്കു വേണം ! അതും ഈ അധ്യാത്മ ഭൂവില് തന്നെ !  ഭാരതത്തിന്‍റെ ആത്മാവുറങ്ങുന്ന ഈ ഹൈമവത ഭൂവിലൂടെ , പുണ്യ സ്നാന ഘട്ടങ്ങളില്‍ മുങ്ങി നിവര്ന്ന്‍ ജന്മസാഫല്യം നേടാന്‍ ഒരു ജന്മം !!
   
    മറ്റുളളവരുടെ വിശ്വാസങ്ങളെ    ഹനിക്കാതെ..  ഞാനിത് എല്ലാ സുഹൃത്തുക്കള്‍ക്കുമായി  സമര്‍പ്പിക്കുന്നു !

   ഓം ശ്രീകൃഷ്ണ പരമാത്മനേ നമ!


സ്നേഹപൂര്‍വം സ്നേഹിത
....മായ ബാലകൃഷ്ണന്‍.....
   
   

Comments

Popular posts from this blog

വാഴക്കുല യ്ക്ക് 80 വയസ്സ്

കൃഷ്ണ കവിത

സൗഹൃദം ! സുകൃതം !!