ലച്ചുവിലൂടെ ....!
നീല വിരിയിട്ട ജാലകം
**************
ടെസ്റ്റ് ക്രിക്കറ്റും പരസ്യങ്ങളും കണ്ടു വിരസമായപ്പോള്‍ , തുറന്നിട്ട ജാലകത്തിലൂടെ , കണ്ണുകള്‍ പായിച്ചു. പുറമേ നല്ല പച്ചപ്പ് .കണ്ണിന് നല്ല കുളിര്‍മ്മ !. മുറ്റത്തെ അല്‍ഫോണ്‍സോ മാവില്‍ മാങ്ങകള്‍ മൂത്ത് പഴുത്തിട്ടുണ്ട് . അധികം ഉയരമില്ലാത്ത അതിന്‍റെ ചില്ലകളില്‍ ‘ചില്‍ ചില്‍’’ ചിലച്ചുകൊണ്ട് ഒന്ന്‍ രണ്ടു അണ്ണാര കണ്ണന്മാര്‍ എത്തിയിരിക്കുന്നു .അവന്മാര്‍ അങ്ങോട്ടോട്ടം ഇങ്ങോട്ടോട്ടം. ഹോ ! എന്തൊരു പൂവാലാട്ടം !! ഇവന്മാരെന്താ കുച്ചുപ്പുടി കളിക്കയാണോ ?! കള്ളബടുക്കൂസുകള്‍; വെറുതെയല്ല സുല്‍ത്താന്‍ അങ്ങനെ വിളിച്ചത് ! കള്ളബടുക്കൂസുകള്‍ തന്നെ !!
ഒരു പാദസര കിലുക്കം കേട്ടാണ് തിരിഞ്ഞു
നോക്കിയത് . ഹാ.......യ് ! ഒരു പൂമ്പാറ്റ ; മുന്‍ വാതിലൂടെ സ്വീകരണ മുറിയും
ഇടനാഴിയും കടന്നു അതാ എന്‍റെ മുറിയുടെ വാതിലിനു മുന്നില്‍ !. മാനത്തൂന്നു പൊട്ടി വീണതാണോ ; ആകെ
നീലയില്‍ കുളിച്ച മട്ടുണ്ട് , നിറയെ ഞോറിവുകളുള്ള മുട്ടിറങ്ങുന്ന ഇളം നീല
ഫ്രോക്കും ,തിളക്കമുള്ള നീല മേലാപ്പുമിട്ടു; തലയിലെ രണ്ടു കൊമ്പിനും നീല
ക്ളിപ്പുകള്‍ ,കാതിലെ തൂങ്ങിയാടുന്ന കുന്ജ മണികള്‍ക്കും നീല ,നെറ്റിയിലെ
തിളക്കത്തിലും നീല ! കയ്യിലെ കിലുക്കങ്ങള്‍ക്കും നീല ! കുസൃതി ഒളിപ്പിച്ച വിടര്‍ന്ന
കണ്ണുകളും . ആകെ ഒരാനച്ചന്തം .
നല്ലൊരു ഇരയെ കിട്ടിയിരിക്കുന്നു.
ഹോ ......!! നന്നായിട്ടൊന്നു ട്രീറ്റ് ചെയ്യണം ! സന്തോഷം മറച്ചു വയ്ക്കാതെ ആദ്യം നല്ലൊരു
പുഞ്ചിരി അങ്ങോട്ടു സമ്മാനിച്ചു. എന്നിട്ട് ഞാനവളെ മുറിയിലേക്ക് ക്ഷണിച്ചു .
മോളിങ്ങു വരൂ ........
അവള്‍ക്ക് അതിലും സന്തോഷം .ഏതാണാവോ
ഈ കുട്ടി ? ഒരു നൂറു കാര്യങ്ങള്‍ ചോദിച്ചറി യണമെന്നുണ്ട് .പക്ഷേ അവള്‍ അങ്ങനെ
നിന്ന് തരണ മട്ടില്ല . നാലുപാടും കൌതുകത്തോടെ നോട്ടവും ,ചിന്നിച്ചിതറിയ പോലത്തെ നടത്തവും
.അവള്‍ ഡാന്‍സ് പഠിക്കുന്നെണ്ടെന്നു തോന്നണു . അങ്ങനെ വിട്ടു കൊടുക്കാന്‍ പറ്റോ
,ഞാന്‍ ചോദിച്ചു
‘’ മോളേ...... മോളുടെ പേരെന്താ ?
‘ ലച്ചു ’ ; ഒരു മടിയും കൂടാതെ അവള്‍
പറഞ്ഞു .ഇതിനിടയില്‍ അവള്‍ ഡ്രസ്സിങ്ങ് ടേബിള്‍ നു അടുത്ത് ഓടിയെത്തി .അവിടിരുന്ന
നെയില്‍ പോളിഷ് എടുത്തു മണത്തു നോക്കിയിട്ട്, ഒരു കള്ളച്ചിരിയോടെ എന്നെ നോക്കി .
“ മ്ങ്ങും എടുത്തോളൂ..”
ഞാന്‍ പറഞ്ഞു .അത് കേട്ടതും അവളുടെ കണ്ണില്‍ പൂത്തിരി കത്തി .
ഞാന്‍ പിന്നെയും ചോദ്യമിട്ടു . മോളേതാ ? വീടെവിടെയാ ..........
അവള്‍ കുപ്പി തുറന്നു വിരലില്‍ പെയിന്റ് അടിക്കാന്‍ തുടങ്ങി.
‘ അതോ ..... വിരലില്‍ ശ്രദ്ധിച്ചു
കൊണ്ട് അവള്‍ വീണ്ടും ‘അതോ.......... മ്മും .. അത് .. ’’,
അവള്‍ ചുണ്ടനക്കി വരുന്നേയുള്ളൂ .എന്‍റെ ക്ഷമ
പരീക്ഷിക്കാനാണെന്നാ തോന്നുന്നേ .. അവള്‍ പിന്നെയും തുടര്‍ന്നു.
അത് ഇവിടന്നു അങ്ങോട്ട്
അങ്ങോട്ട് കൊറേ പോണം ‘. മ്ങ്ങും പോണം, ഞാനും മൂളി . എന്നിട്ടോ ?
‘’ എന്നിട്ട് പിന്നേം കൊറേ പോണം .
മ്ങ്ങും! ഇത് എവിടെ വരെ പോകൂംന്നു കാണണല്ലോ . ഞാന്‍ പിന്നേം മൂളി .
എന്നിട്ടോ!! എന്നിട്ട് അവിടെ ചെല്ലുമ്പോ ഒരു ടെണിങ്ങ് കാണും
, മ്ങ്ങും ! എന്നിട്ടോ ?പിന്നേം അവിടുന്ന് പോകുമ്പോ ഒരു കട കാണും .
മ് ങ്ങും മതി !മതി ! ഒരു കടേം ടെണിംങ്ങും ; മൂക്കേല്‍
തൊടാനാ ഇവളീ പറഞ്ഞു വരുന്നേ ..........;
ഞാന്‍ അപ്പോഴേക്കും അടുത്ത ചോദ്യമെറിഞ്ഞു .
നീ ഏതു സ്കൂളിലാ പഠിക്കുന്നേ? അവള്‍ ചോദ്യം കേട്ട ഭാവമില്ല . കണ്ണാടിക്കു
മുന്നില്‍ നീന്ന് ചാഞ്ഞും ചെരിഞ്ഞും
നോട്ടമാണ് .അതിനിടയില്‍ “ഡിങ്കിരി ഡിങ്കിരി ഡിങ്കിരി പട്ടാളം ... ഡുമുക്കി ഡുംക്കി
പട്ടാളം ..... ”എന്നും പറഞ്ഞു ഒരു
മൂളിപ്പാട്ടും. പിന്നേം അവിടെയിരിക്കുന്ന ടാല്‍ക്കം പൌഡറും പൊട്ടും മഷീം ഓരോന്നും
തൊട്ടും മണത്തും കൊണ്ടിരുന്നു . ഞാന്‍ പിന്നെയും
ചോദ്യമിട്ടു കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍
അവള്‍
എന്നെ ഒന്ന് പാളി നോക്കി .പെട്ടെന്നാ എന്‍റെ ഉള്ളിലൊരു പേടി ഉദിച്ചത്. അല്ലാ... ഈ കൊച്ച് ഇനി എടുത്താ പൊങ്ങാത്ത ചോദ്യം വല്ലതും
ഇങ്ങോട്ടെഴുന്നള്ളിച്ചാലോ!!
ഇനി എത്രയും വേഗം ഇതിനെ ഇവിടുന്നു
പുകച്ചു പുറത്ത് ചാടിക്കണതാ നല്ലത് ,അല്ലെങ്കില്‍ ആകെ കുഴപ്പാവും .മനസ്
മന്ത്രിച്ചുകൊണ്ടിരുന്നു.
ഹ്ഉം, അവസാനം അത് തന്നെ സംഭവിച്ചു !.
പെട്ടെന്നായി പോയ് അവളുടെ ചോദ്യം .
മ് മും...ഇനീപ്പോ എന്ത് പറയണം ; എങ്ങനെ പറയണം !?
‘അല്ലാ.... ഈ പക്ഷികള്‍ എന്തു
കൊണ്ടാ പറന്നു നടക്കുന്നേ !?’....മ്മും മ്.. വേണ്ടല്ലേ , വല്ല്യ യുക്തി
ചിന്തയൊന്നും വേണ്ട; ഇവളൊരു കൊച്ചു കുട്ടിയല്ലേ .അല്ലെങ്കിലും അവളുടെ ചോദ്യത്തിലെ ആ
നിഷ്ക്കളങ്കതയും ലാഘവത്വവും ഓര്‍ത്തപ്പോള്‍ പെട്ടെന്ന്‍ എനിക്കൊരു കുസൃതി തോന്നി.
“ ശ്ശോ........ ഒന്നൂല്ല്യ മോളെ ,
നല്ല ക്ഷീണം , വെറുതെയങ്ങു കിടന്നതാ കുറച്ചു നേരം.....! ”
വളരെ അലസമായി പറഞ്ഞിട്ട് ഞാന്‍ അവളെയൊന്ന് നോക്കി . സംഗതി ഏറ്റാവോ? അവള്‍ എന്‍റെ ‘ഗള്ളം’
കണ്ടു പിടിക്ക്വോ !! ഒരു വീര്‍പ്പുമുട്ടല്‍ .
ഒരു ചെറു ചിരിയോടെ ; എന്തോ അവള്‍ ഒന്ന്
പരുങ്ങിയത് പോലെ . ചെറുതായ ആ ചിരിയില്‍ , ചോദിച്ചത് തെറ്റായോ എന്നാണോ അവള്‍
ചിന്തിച്ചത് !?
പിന്നെ പതുക്കെ പിന്തിരിഞ്ഞ് ചെന്ന് അവള്‍ ആ
കര്‍ട്ടന്‍ ക്ലോത്തില്‍ കയറി പിടിച്ചു.
“ നല്ല ഭംഗിയുണ്ട് ല്ലേ ചേച്ചീ ഇത് ! എനിക്കിഷ്ട്ടായി ഇതിന്റെ കളറും ഡിസൈനും ;ന്‍റെ
മുത്തശ്ശിടെ വീട്ടിലുംണ്ട് ഇതുപോലൊന്ന് .’’ പൂമ്പാറ്റ കൂടുതല്‍ ഉന്മേഷവതിയായി. അവളൊന്നും
അറിഞ്ഞിട്ടില്ല .ഇപ്പോ അവളുടെ മുന്നില്‍ ഞാന്‍ എല്ലാം തികഞ്ഞവളായിരിക്കണു. എന്തോ
ഒരു ഗൂഡാനന്ദം ന്ക്കും!
പക്ഷേ അവള്‍ മുറിയില്‍ നില്‍ക്കുന്തോറും
എന്റെ വീര്‍പ്പുമുട്ടല്‍ കൂടിക്കൂടി വന്നു. ഞാനൊരു കള്ളത്തിയാണെന്ന്
കണ്ടുപിടിച്ചാലോ .ഇനി ഒട്ടും വൈകിക്കേണ്ട
.ഞാനൊരു നമ്പറിട്ടു.
“ ലച്ചൂ ....... ദാ നിന്നെയാരോ വിളിക്കുന്നു ണ്ടെന്നു തോന്നണു .”
“ഉവ്വോ ...!
മുത്തശ്ശിയായിരിക്കും. എന്നാ ഞാന്‍ പോണൂ
ട്ടോ ചേച്ചീ ” ന്നും പറഞ്ഞു തിടുക്കത്തില്‍, അവള്‍ ഇറങ്ങിയോടി.
വഴി തെറ്റി വന്ന പൂമ്പാറ്റ വന്ന
വഴിയെ മടങ്ങുമ്പോള്‍ കണ്ണില്‍ നിന്നും വര്‍ണ്ണങ്ങളുടെ ചാകര മാഞ്ഞു പോയതിന്‍റെ ഒരു കുഞ്ഞു നൊമ്പരം
അനുഭവപ്പെട്ടു . എങ്കിലും നേര്‍ത്തു പോകുന്ന ആ പാദസര കിലുക്കത്തില്‍ ,അത്രയും സമയം
എന്നെ പൊതിഞ്ഞിരുന്ന ഗൂഡാനന്ദം പരമാനന്ദമായി എന്നില്‍ പൊട്ടിത്തരിച്ചു .
ഒരു ദീര്‍ഘ നിശ്വാസത്തോടെ വീണ്ടും T V യിലേക്ക്
കണ്ണ് തിരിച്ചു .നമ്മുടെ L ബാലാജി ബൌളിംഗ് നു ഇറങ്ങിയിരിക്കണു. ക്രീസില്‍ യുനിസ്
ഖാനും അഫ്രീദിയും . അഫ്രീദിയുടെ തീപ്പൊരി ബാറ്റില്‍ നിന്നും പറന്നുയര്‍ന്ന പന്ത്
ബൌണ്ടറി ലൈനും കടന്നുപോയി .അതു കണ്ട് ,ആയുധം നഷ്ടപ്പെട്ടവനായിട്ടും , കൈവിട്ട
പന്തിനെ നോക്കി ചിരിക്കുകയാണ് ബാലാജി .നഷ്ടങ്ങളുടെ മുന്നില്‍ പതറാതെ ,പരിതപിക്കാതെ
വെറും കാഴ്ചക്കാരനായി ബാലാജി !
ശ്രദ്ധിച്ചിട്ടുണ്ടോ ,അല്ലെങ്കിലും
ഈ ക്രിക്കറ്റ് കളി എന്ന് പറഞ്ഞാ ഒരു വിധത്തില്‍ ജീവിതം പോലെ തന്നെയാ .ശെരിയായ
രീതിയില്‍ അതിനെ നേരിട്ടാലെ വിജയിക്കൂ . ദ്രാവിഡ് നെ കണ്ടോ ; എന്തൊരു അച്ചടക്കവും
ക്ഷമയോടെയുമാ !,തകര്‍ന്ന്‍ തരിപ്പണമായി നില്‍ക്കുമ്പോഴും ‘ ഒന്നേ ‘ ഒന്നേ ന്നു
മുട്ടി മുട്ടി വന്മല ഉരുട്ടി കയറ്റും പോലെ ; ഹ്മും ... നമുക്ക് ദേഷ്യം വരും . എന്നാല്‍
ആ സമയങ്ങളില്‍ വീരുവോ ലക്ഷ്മണോ വന്നാലോ ! “ ഡക്കെ ഡക്കേ ....ന്നു ” പോണേ0 കാണാം ....
മ്ഹും ... പോയെ പോയേ......! ;
എല്ലാരും പോയെ, ഞാന്‍ കളി കാണട്ടെ !!
സ്നേഹപൂര്‍വം സ്നേഹിത,
മായ ബാലകൃഷ്ണന്‍.
Comments
Post a Comment