കഥ

                                     നിഴലായ് മായുന്നു 
                                                *********

        ഓര്‍മ്മയുടെ താഴിട്ടു പൂട്ടി കുഞ്ഞനന്തന്‍ നമ്പ്യാര്‍ പുറം ലോകത്തിന്‍റെ വാതിലുകള്‍ ഓരോന്നായി കൊട്ടിയടയ്ക്കുമ്പോള്‍, മകള്‍ ലക്ഷ്മി അച്ഛന്റെ വിരല്‍തുമ്പ് പിടിച്ച് തന്‍റെ ബാല്യത്തിലേക്ക് നടന്നിറങ്ങി .
അപ്പുണ്ണിയേയും ഗോവിന്ദന്‍ കുട്ടിയേയും പോലെ സഹദേവേട്ടനും ശരത്തും താനും.  
   രാത്രി മുട്ട ബള്‍ബിന്‍റെ മഞ്ഞ വെളിച്ചത്തില്‍, എല്ലാവരും ഇട്ടിരിക്കാനുള്ള  അവരവരുടെ പലകയുമെടുത്തു അത്താഴമുണ്ണാന്‍ തറയില്‍ നിരന്നിരിക്കുകയാണ് .അമ്മ ചോറ് വിളമ്പി വച്ചിട്ടും ലക്ഷ്മി കൂട്ടാക്കുന്നില്ല .പാവക്ക തീയലും മോരുകറിയും മെഴുക്കുപുരട്ടിയും ഒന്നും അവള്‍ക്ക് വേണ്ട .പാവയ്ക്കക്കൊണ്ടാട്ടം വേണം .അതുണ്ടെങ്കില്‍ മതി എനിക്ക് ചോറ് എന്നും പറഞ്ഞു അവള്‍ മാറി നിന്ന് കിണുങ്ങാന്‍ തുടങ്ങി .പപ്പടമുണ്ട് കൊണ്ടാട്ടം നാളെ ഉണ്ടാക്കി തരാം എന്നും പറഞ്ഞു അമ്മ ഭാനുമതിയമ്മ, അനന്തന്‍ നമ്പ്യാര്‍ കാണാതെ ലക്ഷ്മിയെ ചോറുണ്ണാന്‍ നിര്‍ബന്ധിക്കുന്നുണ്ട് .

“ വേണ്ട ! കഴിക്കണ്ട  ; നിര്‍ബന്ധിക്കണ്ട !” അനന്തന്‍ നമ്പ്യാരുടെ  കനത്ത ശബ്ദം . വിശപ്പുണ്ടെങ്കില്‍ കഴിച്ചോളും .കേട്ടിട്ടില്ലേ .. വിശപ്പാണ് ഏറ്റവും രുചിയുള്ള ഭക്ഷണം .ഇതു പറഞ്ഞു അനന്തന്‍നമ്പ്യാര്‍ രണ്ടു വരി ശ്ലോകം അങ്ങോട്ട്‌ ചൊല്ലി . ഭാനുമതിയമ്മ നീരസം കടിച്ചു പിടിച്ചു. കുനിഞ്ഞിരുന്നു ചോറുണ്ടു കൊണ്ടിരുന്ന സഹദേവേട്ടനും ശരത്തും ഒരു ഇളിച്ച ചിരി ,വാതില്‍ പിറകില്‍ മറഞ്ഞു നിന്നിരുന്ന ലക്ഷ്മിക്ക് എറിഞ്ഞു കൊടുത്തു . ദേഷ്യം വന്ന  അവള്‍, പാത്തു നിന്ന് അവരെ നോക്കി കൊക്കിരി കാണിച്ചു  .

  ‘ ഭാനുമതിയേ..... ഭാനുമതിയേ...’ എന്ന ഒരു  പതിഞ്ഞ വിളി കേട്ടാണ് ലക്ഷ്മി പൂമുഖത്തേക്ക്  ഓടിയെത്തിയത്. ”എന്താ, എന്താ അച്ഛാ !!?” .
 “അവള്‍, അവളെന്തിയേ !? അവള്‍ എനിക്ക് ഇന്ന് ഒന്നും തന്നില്ലാലോ മോളേ ......” എനിക്ക് വിശക്കുന്നു .
ലക്ഷ്മിയുടെ മനസ്സ് വിങ്ങി. അമ്മ പോയതും മറന്നിരിക്കുന്നു . എന്താ അച്ഛന്‍ പറയുന്നേ ,ഒന്നും കഴിച്ചില്ലെന്നോ !?അവള്‍ അച്ഛന്റെ അടുത്ത് ചെന്നു. തോളില്‍ കൈ ചേര്‍ത്തു പിടിച്ച്  കുനിഞ്ഞു ഒരു കുഞ്ഞിനോട് എന്ന പോലെ “അച്ഛന്‍ ഒന്ന് ഓര്‍ത്ത് നോക്ക്യേ ........ അച്ഛന്‍ കുറച്ചു മുന്‍പ്‌ കഴിച്ചതാണല്ലോ..?!! ‘ ഉവ്വോ .......’ അനന്തന്‍ നമ്പ്യാര്‍ എന്ന ഗര്‍ജ്ജിക്കുന്ന സിംഹം പതിഞ്ഞ ശബ്ദത്തില്‍ ! എന്തോ ചിന്തിച്ച് ,പിന്നേം ഭാനുമത്യെ.... ഭാനുവോ... എന്നും വിളിച്ചോണ്ട് എങ്ങോട്ടെന്നില്ലാതെ അടുത്ത അടുത്ത മുറികളിലേക്ക് നടക്കാന്‍ തുടങ്ങി .അച്ഛാ ഇങ്ങോട്ട് വാ, ഇവിടെ ഇരിക്കൂ എന്നും പറഞ്ഞു ലക്ഷ്മി അച്ഛനെ കൈ പിടിച്ച് കട്ടിലില്‍ കൊണ്ടിരുത്തി . അനുസരണയുള്ള കുട്ടിയെ പോലെ ഒരെതിര്‍പ്പും കാണിക്കാതെ അദ്ദേഹം അവിടെയിരുന്നു .ലക്ഷ്മിയുടെ കണ്ണുകള്‍ നിറയാന്‍ തുടങ്ങി  .

സന്ധ്യക്ക്‌ വിളക്കു വയ്ക്കുന്നതിനു മുന്‍പുള്ള തിരക്ക് ജോലികളിലാണ് ലക്ഷ്മി .അപ്പുണ്ണി അവന്‍റെ മുറിയില്‍ നിന്നും അലമുറയിട്ടു വിളിച്ചു കൂവുന്നുണ്ട് ,അമ്മേ അമ്മേ ........  ഈ അപ്പൂപ്പന്‍ ! ചെന്നു നോക്കുമ്പോള്‍ ഒരു യുദ്ധം കഴിഞ്ഞ പോലുണ്ട് . കൊച്ചു മോന്‍റെ സ്കൂള്‍ ബാഗ്‌ അപ്പൂപ്പന്‍ എടുത്തു പിടിച്ചിരിപ്പാണ്.മോളെ എന്‍റെ ഫയല്‍ മുഴുവന്‍ ഇതിനുള്ളിലാ .കോടതിയിലുള്ള സ്ഥലത്തിന്‍റെ കേസും പേപ്പറുകളും ,അത് ഒന്ന് വക്കീലിനെ പോയി കണ്ടിട്ട് വരണം .അതിനാ ......
ഇതിനിടയില്‍ അപ്പുണ്ണി ബാഗും കുടഞ്ഞു പറിച്ചെടുത്തോണ്ട്‌ ഓടി . അവള്‍ അച്ഛനു അരികെ ചെന്നു ശാന്തതയോടെ ‘‘അച്ഛാ ..ഇപ്പൊ രാത്രിയാവുകയല്ലേ !!? ഇനിയിന്നു ബസ്സൊന്നും ഉണ്ടാവില്ല. നാളെ രാവിലെയാകാം ‘’ . അല്ലാ ,ഇപ്പൊ സമയം രാവിലെയാ .നീ നോക്ക്യേ ...ഇല്ലച്ചാ ....... ദേ ക്ലോക്കിലേക്ക് നോക്ക്യേ എന്നും പറഞ്ഞു ലക്ഷ്മി അച്ഛനെ വീണ്ടും സമാധാനിപ്പിച്ചു .

        മകളുടെ വാക്കുകള്‍ കേട്ടു അനന്തന്‍ നമ്പ്യാര്‍ ശാന്തനായി .കഷണ്ടി കയറി വിശാലമായ നെറ്റിയും ഉയര്‍ന്ന നാസികാഗ്രവും .കണ്ണാടി പോലെ തിളങ്ങുന്ന തലയിലൂടെ കൈ ഓടിച്ചു എന്തോ പിറുപിറുത്തു കൊണ്ട് വീണ്ടും അദ്ദേഹം ചിന്തയിലാണ്ടു കിടന്നു  .

പലപ്പോഴും ഒത്തു തീര്‍പ്പില്‍ എത്താവുന്ന കേസുകള്‍ .എന്നാല്‍ ഒരു തരി മണ്ണുപോലും അന്യായമായി വിട്ടു കൊടുക്കാന്‍ ആവില്ല എന്നുള്ള വാശിയില്‍ സിവില്‍ കേസുകളുടെ ഒരു പരമ്പര തന്നെയുണ്ടായിരുന്നു . വച്ച വരമ്പിനും കോരിയ മണ്ണിനും പൊന്നും വില മാത്രമായിരുന്നില്ല ,അത് അഭിമാനത്തിന്റെയും ആട്യത്വത്തിന്റെയും പ്രശ്നം കൂടിയായിരുന്നു കുഞ്ഞനന്തന്‍ നമ്പ്യാര്‍ക്ക് .അല്ലെങ്കില്‍ മധ്യസ്ഥതക്കു വന്ന കണാരേട്ടനോട് അങ്ങനെ കയര്‍ത്തു സംസാരിക്കില്ലായിരുന്നല്ലോ .
” എന്‍റെ പെണ്ണിനെ ഒരാള്‍ തട്ടിക്കൊണ്ടുപോയാല്‍ ഞാനത് നോക്കി നിക്കണോ .എനിക്ക് എന്‍റെ മണ്ണും പെണ്ണും ഒരു പോലാടോ .” ധാര്‍ഷ്ട്ട്യത്തിന്‍റെ ആ ശബ്ദം ഇന്നും ലക്ഷ്മിയുടെ കാതില്‍  മുഴങ്ങുന്നു .

  മുന്‍സിഫ്‌ കോടതികള്‍ മുതല്‍ ഹൈക്കോടതി വരെ നീളുന്ന കേസുകള്‍ക്കായി മാസങ്ങളുടെ ഇടവേളകളില്‍ അനന്തന്‍ നമ്പ്യാര്‍  തലശ്ശേരിക്കും കൊച്ചിക്കും വണ്ടി കയറുമ്പോള്‍ ലക്ഷ്മിക്കും ഏട്ടന്മാര്‍ക്കും അത് അവരുടെ മാത്രം ദിനങ്ങളായിരുന്നു  . ഓടി നടന്നു കളി പറഞ്ഞു പൊട്ടിച്ചിരിക്കാം, ഒച്ച വയ്ക്കാം , ഉച്ചത്തില്‍ വര്‍ത്തമാനം പറയാം  ,റേഡിയോയില്‍ സിനിമാ പാട്ട് കേള്‍ക്കാം ,കൂടെക്കൂടെയുള്ള അമ്മയുടെ അടക്കിപ്പിടിച്ച ഓര്‍മ്മപ്പെടുത്തലുകള്‍ ഇല്ല !.അല്ലെങ്കില്‍ ഉറക്കെ ഒന്ന് വര്‍ത്തമാനം പറഞ്ഞാല്‍  ശ്ശ് ...ബഹളം വയ്ക്കല്ലേ കുട്ടികളേ,...അച്ഛന്‍ അപ്പുറത്തുണ്ട് എന്നും പറഞ്ഞു കണ്ണുരുട്ടി കാണിക്കലും .......ഹോ ! അത്യുഗ്രന്‍ സ്വാതന്ത്ര്യ ആഘോഷമായിരുന്നു ആ ദിനങ്ങള്‍ .

അങ്ങനെ കടിഞ്ഞാണ്‍ പൊട്ടിച്ച് കാലവും കടന്നു പോയി . പിറകെ ചുണ്ടില്‍ ബീഡിയും തലയില്‍ തീ പിടിച്ച ‘ഇസ‘ങ്ങളുമായ് മൂത്ത മകനായ സഹദേവന്‍ അച്ഛന്റെ വഴി മാറി നടന്നു .കണ്ട ചാമനും ചോതിക്കും വേണ്ടി തത്വം  വിളമ്പുന്നവന്‍ പടിക്കുപുറത്ത് എന്നും പറഞ്ഞു ആ പുതൃ പിതൃ ബന്ധം കൊട്ടിക്കലാശിച്ചതും അന്ന് ഈ മുറ്റത്താണല്ലോ  .
ഓര്‍മ്മകളിലേക്കുള്ള പിന്‍ വിളികളില്‍ വിങ്ങുന്ന മനസ്സുമായ് അവള്‍ ആ ഉമ്മറപ്പടിയില്‍ ഇരുന്നു .ഇത് പോലൊരു നിറഞ്ഞ സന്ധ്യക്ക്, അമ്മയുടെ ചിത എരിയുന്ന ആ സന്ധ്യയിലാണ്  ഒരു പ്രേത രൂപം പോലെ, ഒരു നിഴലായി വീണ്ടും  ആ മുറ്റത്തു അവള്‍ തന്‍റെ എട്ടനെ കണ്ടത്‌ .

  ലാന്‍ഡ്‌ ഫോണ്‍ നിര്‍ത്താതെ അലയ്ക്കുന്നുണ്ട് .ശരത്ത് ആയിരിക്കും .! എന്താണ് അവന് അറിയാനുള്ളത് !? ഭാഗം വച്ച ഭൂമി വില്‍ക്കാന്‍ അച്ഛന്‍ സമ്മതിച്ചോ എന്നോ !!?ഹ്മും അവിടെ കിടന്നു അടിക്കട്ടെ .” എങ്ങനെയെങ്കിലും പണം ഉണ്ടാക്കണം .ബിസിനസ് ചെയ്യണം “. അതായിരുന്നു എന്നും  അവന്‍റെ ചിന്ത ! പഠനം പോലും പൂര്‍ത്തിയാക്കാതെയാണ് അവന്‍ എല്ലാത്തിനും ഇറങ്ങി പുറപ്പെട്ടത് . ആര്‍ക്കു പറ്റും കൃഷി ചെയ്യാനൊക്കെ ?!ഈ കാട്ടുമൂലയില്‍ വന്നു കിടക്കേണ്ട വല്ല കാര്യമുണ്ടോ ?!!  എന്നാണ് അവന്‍റെ ഭാഷ്യം .പണം നല്‍കിയാല്‍ നടക്കാത്ത കാര്യമുണ്ടോ ; അച്ഛനു സുന്ദരമായി ജീവിക്കാനുള്ള ഇടം അവന്‍ തരപ്പെടുത്തി വച്ചിട്ടുണ്ടത്രേ............

            അപ്പുണ്ണി ഓടി വന്നു തോളില്‍ കൈയിട്ടു മുഖം പിടിച്ചുയര്‍ത്തി .എന്താ അമ്മേ, അമ്മ കരയാണോ .... നമ്മള്‍ എന്നാ അച്ഛന്റെ അടുത്തേക്ക് പോണേ ....?.പോകാം മോനെ, അപ്പൂപ്പന് സുഖമാവട്ടെ !

ഭാനുവോ .......ഭാനുമതിയേ എന്ന  മന്ത്രണം പോലുള്ള പതിഞ്ഞ വിളി .ലക്ഷ്മിയുടെ ഹൃദയം വിങ്ങി വിങ്ങി ഞെരുക്കും . എന്നും ഭര്‍ത്താവിനു രണ്ടടി പിന്നില്‍ ,ആജ്ഞാനുവര്‍ത്തിയായ് ഒരു നിഴല്‍ പോലെ പറ്റി ചേര്‍ന്ന് നടന്നിട്ടേയുള്ളൂ ഭാനുമതി എന്ന തന്‍റെ അമ്മ  . ഒരു മൂളല്‍ അല്ലെങ്കില്‍ മുരള്‍ച്ചയില്‍ സ്തംഭിച്ചു പോകുമായിരുന്നു  കുടുംബം.  നിലാവ് പോലെ തെളിനീരു പോലുള്ള ഈ ഒരു കടലോളം പോന്ന സ്നേഹം ഇത്രയും കാലം ഒളിപ്പിച്ചുവെച്ചത് ഏതു കല്‍തുറുങ്കിലായിരുന്നു .!? അവള്‍ എന്തെന്നില്ലാതെ ആലോചിച്ചുകൊണ്ടിരുന്നു .

ദാസേട്ടനോട് ഇനി താന്‍ എന്തു പറയും ! ഇനിയും എത്ര കാലത്തേക്ക് ഇങ്ങനെ ഇവിടെ !!?  ‘സ്നേഹതീരം’ എന്നൊക്കെ പറയുന്നുണ്ടെങ്കിലും !! ; അങ്ങകലെ കാതങ്ങള്‍ക്കപ്പുറം, പിടയുന്ന ആ വിളി കേള്‍ക്കാതെ, ഒരു നിഴലാട്ടം എങ്കിലും കാണാതെ തനിക്കെങ്ങനെ സ്വസ്ഥമായി  ജീവിക്കാന്‍ കഴിയും !! അമ്മയുണ്ടായിരുന്നെങ്കില്‍ എന്ന് ഇടയ്ക്ക് അറിയാതെ മനസ്സ് പിടഞ്ഞു പോകും .

തന്‍റെ മക്കള്‍ ആര്‍ക്കും പിന്നിലാവരുത്. മംഗലാപുരത്തോ മണിപ്പാലിലോ അയച്ചു പഠിപ്പിച്ച് സഹദേവനെ ഡോക്ടര്‍ ആക്കണം .ശരത്തിനെ വക്കീല്‍ ആക്കണം .അവരുടെ പേരിലായിരിക്കണം ഇനി വരും കാലം താന്‍ അറിയപ്പെടേണ്ടത് !ഹൃദയം നുറുങ്ങുന്ന വേദനയോടെ കണ്ഠമിടറി കൊണ്ടാണ് അന്ന് സഹദേവേട്ടന്‍ ഇറങ്ങി പോയ ആ രാത്രിയില്‍ കുഞ്ഞനന്തന്‍ നമ്പ്യാര്‍ എന്ന അച്ഛന്‍ തന്‍റെ തകര്‍ന്ന സ്വപ്നക്കൂട് തുറന്നു വിട്ടത്. അന്ന് അതെല്ലാം താനും കേട്ടതാണല്ലോ .

     ഇനി ഈ അവസ്ഥയില്‍ തനിയെ വിട്ടിട്ട് !! ഭാണ്ഡങ്ങള്‍ അഴിഞ്ഞുവീണ ഒരു പടു വൃദ്ധന്‍ ! മൗനം കടന്നല്‍ കൂട് വച്ച് ലക്ഷ്യമില്ലാതെ വേച്ചു വേച്ചു പരതി നടക്കുന്നു . .ചിലപ്പോള്‍ അങ്ങകലെ അനന്തതയിലേക്ക് കണ്ണും നട്ട് ഉമ്മറത്തെ ചാരുകസേരയില്‍ . ഇടയ്ക്ക് ഓര്‍മ്മയുടെ കണ്‍ ചിമിഴുകളില്‍ പാതി വെന്ത ജീവിതം അനക്കമറ്റ് !! അപ്പോഴും ഒരു നിഴല്‍ പോലെ തന്നെ പിന്തുടര്‍ന്ന നല്ല പാതിയെ മാത്രം തപ്പി തടഞ്ഞു കൂടെ നിര്‍ത്തിയിരിക്കുന്നു  ! ഓര്‍മ്മകള്‍ക്ക് ക്ലാവുപിടിച്ച് കുഞ്ഞനന്തന്‍ നമ്പ്യാര്‍ എന്ന മനുഷ്യന്‍റെ നിഴല്‍ മാത്രം ബാക്കി .
അമ്മേ ......അമ്മേ  ഗോവിന്ദന്‍ കുട്ടി കുലുക്കി വിളിച്ചു .ദാ അപ്പൂപ്പന്‍ എങ്ങോട്ടാ പോണെന്നു നോക്ക്യേ........മുറ്റത്ത് ഒരു  നിഴല്‍ നീണ്ടു നീണ്ടു പോകുന്നു . ഓര്‍മ്മയുടെ നിലാ പായ് വഞ്ചിയേറി ആടിയുലഞ്ഞ് അനന്തന്‍ നമ്പ്യാരുടെ തോണി സഞ്ചാരം തുടരുകയാണ് ...........


സ്നേഹപൂര്‍വം
മായ ബാലകൃഷ്ണന്‍                                     











Comments

Popular posts from this blog

വാഴക്കുല യ്ക്ക് 80 വയസ്സ്

കൃഷ്ണ കവിത

സൗഹൃദം ! സുകൃതം !!