അദ്ധ്യാപക ദിന സ്മരണകള്‍ !

         
   
   രാവിലെ ഉണർന്നു അച്ഛനും അമ്മയ്ക്കും ഓരോ വിഷ് നൽണമെന്ന് കരുതിയാ രാത്രി കെടന്നത് .
ഉണർന്നപ്പോ അടുക്കളയില്‍ ഗ്യാസ് തീർന്നതിന്റെ  സംത്രാ സത്തില്‍ എല്ലാം മറന്നു പോയി . ഇതിനിടയിലാ അദ്ധ്യാപക ദിനം ആശംസിച്ചുകൊണ്ടുള്ള Shyni യുടെ കാൾ വന്നത് . ഹാവൂ !! അമ്മയുടെ മുഖത്തു എന്തൊരു തെളിച്ചം ! മുഖത്ത് ഓണവെയില്‍ ഓളം വെട്ടീ ന്നു തന്നെ പറയാം .അതോടെ എല്ലാം  ശുഭം!ശുഭം !!

 ഞാനും വിളിച്ചു .റിട്ടയർമെന്‍റ് നു ശേഷവും കർമ്മ നിരതയായിരിക്കുന്ന ഇൻഡോറിലുള്ള എന്‍റെ അദ്ധ്യാപികമാരെയും. ഹോളി ഫാമിലിയിലെ സിസ്റ്റർ മരിയ ഫ്രാൻസിസും സിസ്റ്റർ  പ്രസന്നയും .ഇവരുമായി സംസാരിച്ചപ്പോൾ എനിക്ക് തോന്നി , നമുക്ക് നല്‍കാവുന്ന ഏറ്റവും വലിയ ഗുരു ദക്ഷിണയാണ് ഇതെല്ലാമെന്നു !

Add caption
അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്തുന്നവർ ...ഒരു കാലഘട്ടം ഒരു നാടിനു മുഴുവനും  അക്ഷര വെളിച്ചം നല്‍കാൻ ഒരു വിദ്യാലയം . ഉള്ളവനും ഇല്ലാത്തവനും ഒരുമിച്ച് ഒരു ബെഞ്ചില്‍ ഇരുന്നു പഠിച്ചിരുന്ന കാലം .അധ്യാപകരും മിക്കവാറും ആ നാട്ടുകാര്‍ തന്നെയായിരിക്കും. ലേഡീസ് ടീച്ചേര്‍സ് നെയും അന്നെല്ലാം ഞങ്ങള്‍ സാര്‍ എന്നു തന്നെയാണ് അഭിസംബോധന ചെയ്തിരുന്നത്  .

           ക്ലാസ്സില്‍ ഒരു തെറ്റ് ചെയ്താല്‍ പിന്നെ അവന്‍റെ ചെവിക്കൊരു പിടിത്താണ് .  പിടി വിടും വരെ ‘’ നിന്‍റെ വീടെവിടെയാടാ? അപ്പന്‍റെ പേരെന്താ ഡാ ? വീട്ട് പേരെന്താ ഡാ ? ‘’ അങ്ങനെ അവനെ തിരുമ്മി തിരുമ്മി നമ്മളങ്ങ് ആകാശത്തോളം ഉയർന്നിട്ടുണ്ടാവും . ആ സമയം കൊണ്ട് സര്‍ , അത്യാവശ്യം അവനെ  കുടുംബവേരോടെ  പിഴുതെടുത്തു അറിഞ്ഞിട്ടുണ്ടാകും .

      പല്ല് തേക്കാതെ വരുന്നവനെ .നാളെ മുതല്‍ പല്ല് തേച്ചു വന്നില്ലെങ്കില്‍ കോഴിക്കാഷ്ടം വച്ചു തേപ്പിക്കും എന്ന് വരെ  ഭീഷണിപ്പെടുത്തിയും, കുളിക്കാനും , നഖം വെട്ടാനും ,തലമുടി വെട്ടിക്കാനും വരെ അല്ലറ ചില്ലറ ശിക്ഷകളും ശാസനകളും നല്‍കി വൃത്തിയുടെയും, ആരോഗ്യ വ്യക്തി ശുചിത്വത്തിന്റെയും ബാലപാഠങ്ങള്‍ വരെ പഠിപ്പിച്ചു കൊടുത്തിരുന്ന അന്നത്തെ അദ്ധ്യാപകർ.

           ഒരിക്കൽ . സ്കൂളിനടുത്തെ ക്ഷേത്രത്തില്‍ പന്തീരാഴി കഴിച്ച്, ആ പായസം സ്കൂള്‍ മുറ്റത്തെ മരത്തണലിൽ  നിരത്തി നിർത്തി കുട്ടികൾക്ക്  ഇലക്കീറിൽ   വിളമ്പി തന്നിരുന്ന രാധ ടീച്ചര്‍; ഇതുപോലത്തെ എത്രയോ രാധ ടീച്ചമാര്‍ !!
 പ്രൈമറി ക്ലാസുകളിലെ ആ മധുരവും, അമ്മ മനസും മാഞ്ഞു പോകാത്ത ചിത്രങ്ങള്‍ !
         അതാകും പലരും പ്രിയ അദ്ധ്യാപകരേയും  ഓര്‍ക്കുമ്പോള്‍, നമ്മള്‍ ആ പഴയ വിദ്യാലയ മുറ്റത്തേക്ക് തിരിച്ചു പോകുന്നത് .

ചൂരൽ കഷായം തന്ന അധ്യാപകർ !ഹോ ! എന്‍റെ അച്ഛന്റെ ശിഷ്യന്‍മാർ !! അവർ മറന്നാലും ഞാൻ അവരെയൊന്നും മറക്കില്ല ..അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന പോലുള്ള അവരുടെ കണ്ണുരുട്ടി കാണിക്കലും പേടിപ്പിക്കലും ഞാനെത്ര കണ്ടതാ ..



       
കാലം മാറിയെങ്കിലും ഇന്നും അധ്യാപക സമൂഹത്തിനു പിടിപ്പതു ഉത്തരവാദിതത്ത്വങ്ങളുണ്ട്‌.
  ഷൂ വും ടൈ യും കെട്ടി വീട്ടു മുറ്റത്ത്‌ നിന്നും സ്കൂള്‍ മുറ്റത്തേക്ക് പായ്ക്ക് ചെയ്തയക്കുന്ന ടെസ്റ്റ്‌ ട്യൂബ് ശിശുക്കളെങ്കിലും അവര്‍ ചാടി പോകുന്നുണ്ടോ എന്ന് കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കേണ്ടത് ,ഇവരുടെ ഉത്തരവാദിത്തം ആയിരിക്കുന്നു !  ചുണ്ടിനിടയില്‍ വച്ചും മണപ്പിച്ചും വരെ ലഹരിയുടെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിപ്പോകുന്നവര്‍ ,മൊബൈലിലും ഇന്റര്‍നെറ്റ് കഫെ കളിലുമായി ആസ്വാദനത്തിന്റെ പുതു മേഖലകൾ കണ്ടെത്തുന്നവർ ......ഇവരുടെയെല്ലാം തലയില്‍ വെളിച്ചത്തിന് തിരി കൊളുത്തുന്ന അധ്യാപകർ !പ്രത്യാശയുടെയും പ്രതീക്ഷകളുടെയും പുതു കാലത്തിലേക്ക്,നമുക്കിവരെ  നമിക്കാം ! 
   
 ഒരു കാലഘട്ടം ഞങ്ങളുടെ നാടിനു മുഴുവനും അക്ഷര വെളിച്ചമേകിയ , നായത്തോട് ജി . മെമ്മോറിയല്‍ സ്കൂളും   , അന്നത്തെ അദ്ധ്യാപകരും സര്‍വീസില്‍ നിന്നും ........ മെല്ലെ .... മെല്ലെ ജീവിതത്തില്‍ നിന്നും പടിയിറങ്ങിയവര്‍   !എമിലി ടീച്ചര്‍, സുമതി ടീച്ചര്‍ , ശ്യാമള ടീച്ചര്‍ , തങ്കമ്മ ടീച്ചര്‍ . രാധ ടീച്ചര്‍ , വള്ളിയമ്മ ടീച്ചര്‍  , ഉണ്ണി മാഷ്‌.............
ഇവരെയൊന്നും കൂടാതെ എന്‍റെ ഈ ഗുരു ദക്ഷിണയും ആശംസകളും പൂര്‍ണ്ണമാകുന്നില്ല    .

    സ്നേഹ പൂര്‍വ്വം
മായ ബാലകൃഷ്ണന്‍ ........സെപ്റ്റംബര്‍ 5/ ’14 

  

Comments

Popular posts from this blog

വാഴക്കുല യ്ക്ക് 80 വയസ്സ്

കൃഷ്ണ കവിത

സൗഹൃദം ! സുകൃതം !!