എന്റെ അച്ഛൻ 💟

      എന്റെ അച്ഛൻ !💟
        💟💟💟💟
കാലമിനിയുമുരുളും വിഷു വരും വർഷം വരും 
തിരുവോണം വരും.
പിന്നെ ഓരോ തളിരിനും പൂവരും കായ് വരും
അപ്പോൾ ആരെന്നു മെന്തെന്നു,
 മാർക്കറിയാം....!
ശ്രീ എൻ എൻ കക്കാട് ന്റെ വരികളെ ഓർമ്മപ്പെടുത്തി കൊണ്ടാണ് കഴിഞ്ഞ ഏതാനും പുതുവർഷവും ഓണവും വിഷുവും കടന്നു പോയിക്കൊണ്ടിരുന്നത് .  
  വാർദ്ധക്യത്തിന്റെ പടുതിയിലേക്ക് ഊർന്നു വീഴുന്ന അച്ഛനും അമ്മയും ;ഒരു ഭീതിയായ്  മുന്നിൽ കത്തി നിൽക്കും . അടുത്ത ഏതാനും വർഷം മുൻപ് വരേയും വളരെ ഊർജ്ജ്വസ്വലനായിരുന്നു അച്ഛൻ . അച്ഛന്റെ വാർദ്ധക്യം  ചിലപ്പോഴൊക്കെ എന്നെ വേദനിപ്പിച്ചിട്ടുണ്ട് .എങ്കിലും അടുത്തൊന്നും മരണം അച്ഛനെ മുട്ടി വിളിക്കുമെന്ന് കരുതിയതേയില്ല.


ഖദർ മുണ്ടും ഷർട്ടും ധരിച്ച് വളരെ വേഗത്തിൽ കിലോമീറ്ററുകളോളം നടക്കാൻ മടിയില്ലാത്ത അച്ഛൻ !ഞങ്ങൾക്കെന്നും അത്ഭുത മായിരുന്നു.താൻ ആരോഗ്യവാനാണെന്ന് അടുത്ത കാലം വരേയും അച്ഛനും വിശ്വസിച്ചിരുന്നു!.ആ    അച്ഛന്റെ   മനസ് തളരുന്നത് ,മൗനത്തിൽ എല്ലാം ഒതുക്കുന്നത് കനമുള്ള ഓർമ്മയാണ്.  

ജനുവരി 17 ൻ് എന്റെ ആദ്യ കവിതാ സമാഹാരം പ്രകാശിതമായ ദിനം, അച്ഛന്റെ ഓർമ്മകളോട്  പൂർണ്ണമായും ചേർന്നു  നിന്ന ദിനമായിരുന്നു എനിക്കത് .
അച്ഛന്റെ അസാന്നിദ്ധ്യത്തിലും ,ആ സാന്നിദ്ധ്യം തെളിച്ചു കൊണ്ട്  വേദിയിൽ അച്ഛന്റെ ഫോട്ടോയ്ക്കു മുന്നിൽ അമ്മ ദീപം തെളിച്ചു ചടങ്ങിനു പ്രാരംഭം കുറിച്ചു . അച്ഛനും  അമ്മയും ഒരുമിച്ചു  നിറഞ്ഞ  നിമിഷമായി എനിക്കതു തോന്നി! ! 

ഡിസംബർ 12 നു വൈകീട്ട്  എന്റെ സുഹൃത്ത് ഷൈനി  പുസ്തകം വീട്ടിൽ എത്തിച്ചു തന്നതിന്റെ അടുത്ത ദിവസം ആണു അച്ഛൻ ആശുപത്രി യിൽ പോകുന്നത്. പുസ്തകം എടുത്തു കണ്ടിരുന്നെങ്കിലും വിശദമായ ഒരു വായനക്ക് കഴിഞ്ഞിരുന്നില്ല .അച്ഛന്റെ ഹൃദയാക്ഷരങ്ങൾ കൊരുത്തു വച്ച കയ്യൊപ്പ് എന്റെയീ പുസ്തകത്തിൽ  വാങ്ങാൻ കഴിഞ്ഞില്ല  എന്നതും തീരാത്ത വേദനയാണു. . പ്രകാശനദിനവും കുറിച്ച് വച്ച് ,ഓഡിറ്റോറിയം ബുക്ക് ചെയ്യാനും അച്ഛൻ സമ്മതിച്ചു വച്ചിരുന്നു .ഒന്നിനും കാത്തു നിൽക്കാതെ  അപ്രതീക്ഷിതമായ്    മരണം വന്ന് അച്ഛനെ കൂട്ടികൊണ്ടു പോവുകയായിരുന്നു. .ചെറിയൊരു കുളിരും പനിയും വന്ന് 
ഡിസംബർ 13 നു ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി. 16 ആം തീയതി ബോധം കവർന്നെടുത്ത  ഹൃദയാഘാതം 18 ആം തീയതി വരെയുള്ള രണ്ടു ദിനങ്ങൾ അക്ഷരാർത്ഥത്തിൽ എന്തിനേയും നേരിടാൻ മനസിനെ ഒരുക്കാനുള്ളതായി തോന്നി.  .
18 ആം തീയതി രാവിലെ തുടങ്ങി രാത്രി 8 മണി വരെയുള്ള സമയം അച്ഛനെ തനിച്ചാക്കാതെ   മുഴുവൻ സമയവും അച്ഛനടുത്ത് ഇരിക്കണമെന്നു മാത്രമേ എനിക്കുണ്ടായുള്ളൂ .  ഈശ്വര ജപത്താൽ ഭഗവാനോട് ചേർന്ന് നിന്ന് അച്ഛനെ ഒറ്റപ്പെടുത്തല്ലേ ,വേദനിപ്പിക്കല്ലേ ,  കൂട്ടാക്കണേ   എന്നു മാത്രം പ്രാർത്ഥിച്ചു .സമയകാലമൊന്നും അറിയാതെ അങ്ങനെ ആ ദിനം കടന്നു പോയി .ഒരു തീർത്ഥാടനത്തിനു യാത്രയാക്കിയതു പോലെ എന്റെ മനസും  പറഞ്ഞു .
അച്ഛനു വേണ്ടി ഈ നാട്ടിൽ വച്ചു നൽകാവുന്ന ഏറ്റവും നല്ല ആദരാവായിട്ടാണു പുസ്തക പ്രകാശന ചടങ്ങ്  എനിക്ക് അനുഭവപ്പെട്ടത് !



 1950,60, കാലഘട്ടങ്ങളിൽ നായത്തോടിന്റെ സാംസ്കാരിക മണ്ഡലത്തിൽ നിറഞ്ഞു നിന്ന വ്യക്തിയായിരുന്നു അച്ഛൻ .അക്കാലത്ത് സമൂഹത്തിൽ തഴച്ചു നിന്ന അസമത്വം ങ്ങൾക്കെതിരെ ആശാന്റെയും ചങ്ങമ്പുഴയുടെ യും   കൃതികൾ ഈ കുഗ്രാമത്തിലെ  സാധാരണ നിരക്ഷരരായ ജനങ്ങളിലേക്ക്   എത്തിക്കാൻ  കഥാപ്രസംഗമായും നാടകമായും   അവതരിപ്പിച്ചിട്ടുണ്ട് . ഗ്രന്ഥശാലാ സംഘത്തിന്റെ പ്രവർത്തനങ്ങളുമായ് സജീവമായിരുന്നു . ഇന്ന്  നായത്തോട്ടെ പല പ്രമുഖരായ വ്യക്തികളേയും , ദളിത് അടിച്ചമർത്തലുകളിൽ നിന്നും വേർപെടുത്തി എടുത്ത് അവർക്ക് പഠന സൗകര്യം ഏർപ്പാടാക്കി കൊടുത്തും അക്ഷരാർഥത്തിൽ തന്റെ പുരോഗമനാശയങ്ങളെ പ്രാവർത്തികമാക്കിയിട്ടുണ്ട് . ലളിത ജീവിതവും ഗാന്ധിയൻ ആദർശങ്ങളിലും  മുറുകെ പിടിച്ച വ്യക്തിയുമായിരുന്നു .അതുകൊണ്ട് തന്നെ പിന്നീട് സമൂഹത്തിലെ പല കൂട്ടായ പ്രവർത്തനങ്ങളിലും അച്ഛൻ    ഒറ്റപ്പെട്ടു പോകുന്ന അവസ്ഥ ഞാനും കണ്ടിട്ടുണ്ട് . 

വാൽസല്യം കൊണ്ട് കണ്ണു മൂടപ്പെട്ട ഒരച്ഛനായിരുന്നില്ല . അദ്ധ്യാപകനായതു കൊണ്ട്  സ്കൂളിലായാലും ഞങ്ങൾ മക്കളെന്നോ ബന്ധുക്കളെന്നോ  പക്ഷഭേദം കാണിക്കാതെ     ശിക്ഷാമുറകൾ നൽകുമായിരുന്നു .കുട്ടികളെ ശിക്ഷിച്ചു വളർത്തുക എന്നത് ആ കാലഘട്ടത്തിന്റെ വഴക്കമായിരുന്നു .  അത്  ഹിംസയെങ്കിൽ അത്തരമൊരു ഹിംസ മാത്രമേ ഗാന്ധിയിസത്തിൽ നിന്നും വേറിട്ട് അച്ഛനിൽ ഉണ്ടായിട്ടുള്ളൂ .ആ കാലഘട്ടത്തിലെ നാട്ടിൻപുറത്തെ ഏതൊരു കുട്ടികളേയും പോലെ  ആർഭാടമേതുമില്ലാതെ  ജീവിക്കാനാണു അച്ഛൻ ഞങ്ങളെയും പഠിപ്പിച്ചിട്ടുള്ളത് !പൊതുവേ ദാരിദ്ര്യം എന്തെന്ന്   അറിയാത്ത ഞങ്ങളെ  ,വിശപ്പിന്റെ വില അറിഞ്ഞ് ഭക്ഷണത്തോട് തികഞ്ഞ ആദരവ് വേണമെന്ന് ,  പറഞ്ഞും   ,കാണിച്ചു തരുമായിരുന്നു. .സംസ്കൃത ത്തിലും ഇംഗ്ലീഷിലും മലയാളത്തിലും ഒരുപോലെയുണ്ടായിരുന്ന പ്രാഗൽഭ്യം പലപ്പോഴും  സന്ദർഭമനുസരിച്ച്  വാഗ്ദ്ധോരണിയായും ശ്ലോകങ്ങളായും.  ഉദ്ധരിച്ച് ഗുണപാഠങ്ങൾ ഓരോന്നും   പറഞ്ഞ്  തരുമായിരുന്നു.


   എളിമയും ,ഭക്തിയും ,ജീവിതത്തിലെ   അടുക്കും ചിട്ടയും , തൻ കാര്യങ്ങൾ സ്വയം ചെയ്യുന്നതിൽ അഭിമാനിക്കണം എന്നും അങ്ങനെ   പലതും അച്ഛനിൽ നിന്നും ഈ തലമുറയ്ക്ക്  പഠിക്കാനുണ്ട് !അച്ഛൻ പകർന്നു തന്ന ജീവിത പാഠങ്ങളാണു ഈ ജീവിതത്തിൽ ലഭിച്ച  ഏറ്റവും വലിയ സ്വത്തു എന്നാണു എന്റെ വിശ്വാസം . 
വായനയ്ക്ക് പറ്റിയ അന്തരീക്ഷം  എന്നും വീട്ടിൽ  ഉണ്ടായിരുന്നു.. മറ്റ് ഏതൊരു അച്ഛനും കഴിയാത്ത വിധത്തിൽ ,എന്റെ അച്ഛൻ എന്നെ പരിപാലിച്ചിട്ടുണ്ട് ,ശ്രദ്ധിച്ചിട്ടുണ്ട് .ആ കൈത്താങ്ങിൽ ,ആ കൈകളിൽ തൂങ്ങി യായിരുന്നു അടുത്ത  കാലം വരേയും ഞാൻ .

അടുത്ത ഏതാനും വർഷം മുൻപ് വരേയും വളരെ ഊർജ്ജ്വസ്വലനായിരുന്നു അച്ഛൻ . സർവീസ് സംഘടനാ പ്രവർത്തകൻ , റിട്ടയർ മെന്റിന് ശേഷവും പെൻഷനേഴ്സ് യൂണിയൻ ,എൻ എസ്‌ എസ്‌ കരയോഗം ,നായത്തോട് പാലയ്ക്കാട്ട്കാവ് ക്ഷേത്ര ഭരണം ,എന്നിങ്ങനെ വളരെ പുരോഗമനോൽമുഖമായ പ്രവർത്തനങ്ങൾ തന്റെ കർമ്മ മണ്ഡലങ്ങളിലെല്ലാം    കാഴ്ച്ച വച്ചിട്ടുണ്ട് . 


സാഹിത്യ അഭിരുചിയുണ്ടായിരുന്ന അച്ഛന്റെ  മകൾ എന്ന നിലയിൽ ഞാൻ നൽകിയ അക്ഷരപൂജ കൊണ്ടുള്ള പ്രണാമം കൂടിയായി ഈ പ്രകാശന ചടങ്ങ്  എന്നതിൽ തികഞ്ഞ സംതൃപ്തി യാണു എനിക്കുള്ളത് .....!

സ്നേഹപൂർവ്വം സ്നേഹിത
മായ ബാലകൃഷ്ണൻ

Comments

Popular posts from this blog

വാഴക്കുല യ്ക്ക് 80 വയസ്സ്

കൃഷ്ണ കവിത

സൗഹൃദം ! സുകൃതം !!