കവിത !നിശ്ചലം നിമിഷ രഥം !



നിശ്ചലം നിമിഷ രഥം ......
💥💥💥💥💥💥💥💥💥💥 

ഏറെ നാളായില്ല ,താതൻ പോയതിൽ പിന്നെയാ
 കാക്ക കറുമ്പനെ കാണുവതെനിക്കേറെയിഷ്ടം .

അടുക്കള മുറ്റത്തു കൊത്തിപ്പറിക്കു -
വാനെത്തും കാകനിലും ഞാൻ തിരയുന്നു ,
ചാഞ്ഞും ചെരിഞ്ഞും നോക്കുവ -
തെന്നച്ഛനാകിലോ !.എന്നെയാകിലോ !?

ഉച്ചനേരങ്ങളിലോ യൊറ്റയ്ക്കാവുമെൻ
ചാരെ; മരക്കൊമ്പിൽ വന്നുച്ചത്തിലുരയും 
കാറിക്കരച്ചിലെനിക്കു സാന്ത്വന
മോതുവാനെത്തുമെന്നച്ഛനോ !
ദർഭമോതിരമണിഞ്ഞ്  
എള്ളും പൂവും തൂകിയൊരുരുള
 യച്ഛനായ് നീക്കി വയ്ക്കിലും 
ബലിതർപ്പണത്തിനെത്താ -
നെനിക്കായതില്ലാ, അച്ഛന്റെ 
യുള്ളം ഞാനറിയുന്നുവെന്നാ--
കിലും എൻ മനം തേങ്ങുവാനി -
ഷ്ടമില്ലാതച്ഛനും സാന്ത്വനമോ -
തുവാനെത്തുന്നുവോ ആ ഒറ്റമര
ക്കൊമ്പിലെന്നുമെന്നന്തികേ !
എന്തിനു വൃഥാ ചിന്തകൾ നാം അന്യരോ മകളേ 
ദേഹം വെടിഞ്ഞിട്ടു പോയതേതു കാലേ
നിയതിയുടെ യമങ്ങളിൽ ദേഹം പകുത്തു 
തന്നച്ഛനാകിലും പോകാതാവതുണ്ടോ! !?

കർമ്മങ്ങളേറെ കനത്തു പതം വന്നൊരാ
പാഴ്ത്തണ്ടെന്തിനു വൃഥാ നുകം ചെലുത്തേണ്ടൂ 

വന്നവർ വന്നവർ മുന്നിലേ തന്നിലേ
ഗന്ധങ്ങളും പൊഴിച്ചു  വർണ്ണങ്ങളും തൂകി 
നിറമാർന്ന രൂപവും രാഗവും 
കാഴ്ച്ച വച്ചിന്നൂഴിയിൽ വെറുമൊരു പാഴ്മുളം
ഭാണ്ഡമായ്   പോകതല്ലോ ! 
അക്കരെ കാഴ്ച്ചകൾക്കുമപ്പുറമൊരു ലോകം 
ജലച്ഛായ പോൽ കോരിയൊഴിച്ചു മേവുന്നു വിണ്ണിൽ.
മാനായ് മനുവായ് ഉടഞ്ഞു പോയൊരു
 ജലസ്തംഭം കണക്കിനേ .......

തീരാത്ത കനവിന്റെ കൂട്ടിൽ ചേരാത്ത 
തീരവും കടലും പതഞ്ഞ് ഓർമ്മകളാ-
യോളപ്പരപ്പിൽ തിരകൂട്ടിയെത്തുന്നു .

പിൻ വിളികളൊന്നും പതിയുന്നില്ല 
കാതിൽ, പഴുതേ സ്പർശങ്ങളും 
വാക്കുകളടർന്നുറയുന്ന മഹാമൗനം പുതച്ച -
ഗാധശാന്തം നിറയെഴും സാഗരമായ് 
സമയകാലഭേദമകന്നേ പോയ് നിശ്ചലം 
നിമിഷ രഥമേറി തീർത്ഥാടന വേളയിലാ - 
ണച്ഛനെന്നിന്നുമെൻ മനം പറയുന്നു ! 

നിറയുന്ന മറയുന്ന ഓർമ്മയിലെന്നുൾപ്പൂവിൽ
അച്ഛന്റെ നേർ രേഖയാം വാൽസല്യം ഞാനറിയൂ .!

സ്നേഹപൂർവ്വം സ്നേഹിത
മായ ബാലകൃഷ്ണൻ
മാർച്ച് 2016




Comments

Popular posts from this blog

വാഴക്കുല യ്ക്ക് 80 വയസ്സ്

കൃഷ്ണ കവിത

സൗഹൃദം ! സുകൃതം !!