വെയിൽ വഴികളിൽ
പോകും വഴികളിൽ കരുണ തൻ
കരങ്ങൾ നീളുന്നതും തൊടുന്നതും
ആരോ അവർ പോലുമറിയാതെ
വീശുന്ന തെന്നലിൻ കൈകളിൽ
ചാരേ ചേർത്തു ആറ്റിലെ തോണിയിൽ
തുഴയായ് നടകൊണ്ടിതോ ....!
കഴിഞ്ഞ ദിവസ്സം , ഞാൻ Dr ജെറിയെ വിളിക്കുമ്പോൾ ഫോൺ ബിസി ടോണിൽ ആയിരുന്നു . പാലിയേറ്റീവ് മെഡിസിൻ ചികിത്സയും കാരുണ്യ പ്രവർത്തനങ്ങൾക്കുമായ് ജീവിതം ഉഴിഞ്ഞുവച്ച ആളാണ് Dr ജെറി . തൃശ്ശൂർ ജില്ലയിലെ പുതുക്കാട് ആണ് ഡോക്ടറുടെ പ്രവർത്തന കേന്ദ്രം . ക്ലിനിക്കിലെ പ്രവർത്തനങ്ങൾ കൂടാതെ , ആഴ്ച്ചയിൽ ഒന്നു രണ്ടു ദിവസ്സം , തൃശ്ശൂർ നഗരത്തിലും സമീപ പ്രദേശങ്ങളിലും മറ്റും ആരോരുമില്ലാതെ ,വിശന്നു വലഞ്ഞു കടത്തിണ്ണകളിൽ അന്തിയുറങ്ങി അലഞ്ഞു നടക്കുന്ന പാവം മനുഷ്യർക്ക്, പൊതിച്ചോർ വിതരണം നടത്തുന്ന പരിപാടിക്കും , ഡോക്ടർ നേതൃത്വം കൊടുക്കുന്നുണ്ട് .
ഖത്തർ ഹമദ് മെഡിക്കൽകോളേജിലെ Prof ; ജോലിക്കിടെയാണ് ഡോക്ടർക്ക് ഒരു പുതുആശയം മനസിൽ ഉണർന്നത് . ” എന്തുകൊണ്ട് തന്റെ സേവനം സ്വന്തം നാടിനു നല്കിക്കൂടാ !!? ’” . അങ്ങനെയൊരു ചിന്തയിലാണ് അദ്ദേഹം നാട്ടിലെത്തുന്നത് . അനസ്തീഷ്യസ്റ്റ് ആയിരുന്ന Dr . പാലിയേറ്റീവ് മെഡിസിനിൽ ബിരുദവും വിദഗ്ധ പരിശീലനവും നേടിയപ്പോഴായിരിക്കും ഒരു പക്ഷെ ജീവിതമെന്ന സത്യത്തെ കൂടുതൽ അടുത്തറിഞ്ഞത് . അങ്ങനെ കാരുണ്യവും ലളിത ജീവിതവും നയിക്കാൻ വിശുദ്ധ ഫ്രാൻസിസ് അസ്സിസ്സിയുടെ അനുയായി വൃന്ദത്തിൽ അംഗമാകുകയും ചെയ്തു .
ജീവിതത്തിൽ എന്നും ആ ലാളിത്യമുണ്ട് .അതുകൊണ്ടാണല്ലോ Dr ഞങ്ങളെയോക്ക സുഹൃത്തുക്കളാക്കി വച്ചിരിക്കുന്നത് . എന്തും വിളിച്ചു കൊള്ളൂ എന്നു സ്വാതന്ത്ര്യം തന്നപ്പോ ,ഞങ്ങൾ അടുത്ത സുഹൃത്തുക്കളും കുട്ടികളുമൊക്കെ രഹസ്യമായി പ്രാഞ്ചിയേട്ടൻ എന്നും വിളിക്കാറുണ്ട് .
അന്ന് കുറേ കഴിഞ്ഞപ്പോൾ ഡോക്ടറുടെ കാൾ വന്നു .
എന്റിഷ്ടാ......എന്തു പറയേണ്ടൂ .നല്ല തൃശ്ശൂർ സ്ലാങ്ങിലുള്ള സംസാരം . നമ്മള് കാതു വച്ചു കൊടുത്തു പോകും .
അന്ന് പതിവില്ലാത്ത ഒരു സന്തോഷം ഉണ്ടായിരുന്നു ഡോക്ടറുടെ ശബ്ദത്തിൽ . വേണമെങ്കിൽ നല്ല കട്ടപ്പടി ഭാഷയിൽ ഹൃദയം നിറഞ്ഞു പ്രകാശിക്കുന്ന ആത്മ സംതൃപ്തി എന്നോ ......,അങ്ങനെയൊക്കെ പറയാം .
പക്ഷെ, എനിക്കും അത്ഭുതം തോന്നി . സാധാരണ രോഗികളിൽ നിന്നും വ്യത്യസ്തമായി എല്ലാ പ്രതീക്ഷകളും അറ്റ് വിറങ്ങലിച്ച മനസ്സുമായ് കഴിയുന്ന മനുഷ്യരുടെ ഇടയിൽ ,അവരുടെ അവസാന നിമിഷങ്ങളിൽ വേദനകളും മനസാന്നിധ്യവും വീണ്ടെടുത്ത് കൊടുക്കാൻ അവർക്കൊപ്പം കൂടുതൽ സമയവും ചിലവിടുന്ന ഡോക്ടർ ! പലപ്പോഴും ആ മാനസിക സമ്മർദ്ദങ്ങൾ ഡോക്ടറിലേക്കും കടന്നു വരാറുണ്ട് .
അന്ന് ഡോക്ടർ ഒരു കാൻസർ patient നെ വീട്ടിൽ ചെന്നു കണ്ടുള്ള വരവായിരുന്നു . ആഴ്ചകളും ദിവസ്സങ്ങളും എണ്ണി കഴിയുന്ന ഒരു patient . കടുത്ത ശ്വാസതടസ്സം കാരണം ഒരിറക്ക് വെള്ളമോ ഭക്ഷണമോ കഴിക്കാനാവാതെ ,ആ ഒരു രാപകൽ കഴിഞ്ഞപ്പോൾ fluid കയറ്റാനും മറ്റും , വീട്ടുകാർ വിളിച്ച് അവരുടെ വീട്ടിൽ എത്തിയതാണ് Dr.
പക്ഷെ നമ്മുടെ ഈ ഡോക്ർ സാധാരണ ഒരു ഡോക്ർ അല്ലാലോ . എന്താ ചേട്ടാ , ചേച്ചി എന്നും ചോദിച്ചു രോഗിയുടെ bed നു അരികിൽ ചെന്നിരിക്കും.
ആഹാ ....... ഇതു കൊള്ളാല്ലോ ഡോക്ടർ ! അടുത്തിരുന്നു വിഷമങ്ങൾ മുഴുവനും കേട്ടു . രോഗിയുടെ എല്ലാ അവശതകളും അറിഞ്ഞ ഒരു dr . രോഗി എന്നല്ല, ചേട്ടൻ എന്നു തന്നെയാ എന്നോട് പറഞ്ഞത് . പതിയെ പിടിച്ച് എഴുന്നേൽപ്പിച്ചിരുത്തി . കൊണ്ടു വന്ന fluid മാറ്റി വച്ചു. സ്വല്പം ഭക്ഷണം കഴിപ്പിക്കാനുള്ള ഒരു ശ്രമം .
ആ ചേട്ടനെന്താ ..!! അടുത്തിരിക്കുന്നത് ഡോക്ടർ അല്ലേ !? ആ ചേട്ടൻ ഇത്തിരി എങ്കിലും ഭക്ഷണം കഴിച്ചു . വിളറി വിഷമിച്ചിരുന്ന ആ മുഖത്ത് ഒരു ചെറു തരി തിളക്കം . ആശ്വാസം ! സന്തോഷം ! അതു കണ്ടപ്പോൾ നമ്മുടെ ഡോക്ടറുടെ മനസ്സും നിറഞ്ഞു പോയി . അത്യാവശ്യം വേണ്ട നിർദ്ദേശങ്ങളും കൊടുത്ത്, ആ വീട്ടുകാർ നീട്ടിയ ഫീസ് പോലും വാങ്ങാതെ തിരിച്ചിറങ്ങുമ്പോഴും , തനിക്ക് അത്രയെങ്കിലും കഴിഞ്ഞല്ലോ . തന്റെ ജീവിതത്തിനു ഒരു അർത്ഥമുണ്ടായല്ലോ എന്നൊക്കെയുള്ള ഒരു സന്തോഷമായിരുന്നു, ഡോക്ടറുടെ വാക്കുകളിൽ ഞാൻ കേട്ടത് !! .. ആഹാ .....ഡോക്ടർമാർക്ക് അങ്ങനേം സന്തോഷമുണ്ടാകുമല്ലേ .........എന്നായിരുന്നു എന്റെ ചിന്ത .
ആ ഒരു ദിവസ്സത്തെ മാത്രമല്ല കഴിഞ്ഞ ഏതാനും മാസങ്ങളോ ആഴ്ചകളോ ആയി ആ ചേട്ടൻ അനുഭവിച്ചു കൊണ്ടിരുന്ന മാനസിക സംഘർഷങ്ങൾ എല്ലാം അലിയിച്ചു കളഞ്ഞിട്ടുണ്ടാവും ആ സംഭവം . അതെനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും . 5 ,6 വർഷം മുൻപ് ഈ ഞാനും ഒരു കുപ്പിക്കഴുത്തിലൂടെ കടന്നു പോയപ്പോൾ എന്റെ ഡോക്ടർ മാം എന്റെ അടുത്തിരുന്ന നിമിഷങ്ങൾ !! , ഇന്നീ സൗഹൃദങ്ങൾ ഒന്നും ഇല്ലാതിരുന്ന അന്ന് എന്റെ ഫ്രണ്ട് ബിന്ദു വിന്റ്റെ കാൾ വരുന്ന ദിവസങ്ങളിൽ ! എത്രയോ സുഖവും സന്തോഷവും ഞാൻ അനുഭവിച്ചിട്ടുള്ളതാ ?!!
ഒരു രോഗിയുടെ ആരോഗ്യനില, തന്റെ നിയന്ത്രണ പരിധിയിൽ നിന്നും കൈ വിട്ടു പോകുമ്പോൾ ഡോക്ടർ മാർ സാധാരണ പറയാറുള്ള ഒരു കാര്യമുണ്ട് . ഞാൻ ദൈവമൊന്നുമല്ല എന്ന് .പക്ഷെ ഒരു രോഗിക്ക് തന്റെ മുന്നിൽ നില്‍ക്കുന്ന ഡോക്ടർ ദൈവം തന്നെയായിരിക്കും . ചിലർക്ക് ആ കൊമ്പൊന്നു നെഞ്ചത്തു വച്ചാൽ തീരുന്ന രോഗമെയുണ്ടാകുള്ളൂ .
എന്നാൽ ഏറ്റവും വിഷമാവസ്ഥയിൽ എത്തുന്ന രോഗിയുടെ പ്രശ്നങ്ങൾ കേൾക്കാനോ, അവരുടെ മാനസിക സംഘർഷങ്ങൾ മനസിലാക്കാനോ , ഒന്ന് രോഗിയുടെ മുഖത്ത് നോക്കുക പോലും ചെയ്യാത്ത ഡോക്ടർ എങ്കിലോ ?! ഏതൊരു രോഗിയുടെയും ഏറ്റവും വല്യ വേദനയായിരിക്കും അത് . ആ വേദന ഈ ഞാനും കുറെ അനുഭവിച്ചിട്ടുണ്ട് . ഇത് വായിക്കുന്ന നിങ്ങൾക്കും എന്നെങ്കിലും അനുഭവപ്പെട്ടിട്ടുണ്ടാകും . നമ്മൾ ഒരു അത്താണിയായി , അഭയം തേടിയാണ് ചെല്ലുന്നത് . ആ സമയം തന്റെ അവസ്ഥ ഡോക്ടർ പൂർണ്ണമായും മനസിലാക്കുന്നുണ്ട് എന്ന തിരിച്ചറിവ് തന്നെ എന്തൊരാശ്വാസമാണെന്നോ !!?
ഒരേ നിമിഷം രോഗിയേയും രോഗത്തെയും ചികിത്സിക്കുമ്പോഴെ ഒരു Dr
പൂർണ്ണനായ ഒരു Dr ആകുന്നുള്ളൂ . വർഷങ്ങൾക്കു മുൻപ് തിരുവനന്തപുരം മെഡിക്കൽകോളേജിലെ അസോസിയേറ്റ് പ്രൊഫസർ ആയിരുന്ന Dr ജോയ് ഫിലിപ്പ് ന്റെ ട്രീറ്റ്മെന്റ് കാലയളവിൽ അദ്ദേഹം ഞങ്ങളെ വിസ്മയിപ്പിച്ചു കളഞ്ഞിട്ടുണ്ട് . എത്ര സൌമ്യനായിട്ടാണ് അസുഖത്തെയും അതിന്റെ വരും വരായ്മകളെയും കുറിച്ച് അദ്ദേഹം പറഞ്ഞു മനസ്സിലാക്കി തന്നതെന്നോ ! ഇതു പോലുള്ള ഡോക്ടേഴ്സി നെയാണ് സമൂഹത്തിനു വേണ്ടത് .
എന്റെ അഭിപ്രായത്തിൽ മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്നവർക്കേ ഒരു രോഗിയെ കൂടുതലായി സ്വാധീനിക്കാൻ കഴിയൂ എന്നാണ് . എന്റെ ഫ്രണ്ട്സ് ആയിട്ടുള്ള കുഞ്ഞു ഡോക്ടേഴ്സിനോടും , നഴ്സിംഗ് Students നോടും എനിക്കു പറയാനുള്ളത് ,നിങ്ങളിലാണ് ഓരോ രോഗിയുടേയും ആശ്വാസവും വെളിച്ചവും . .ഗ്ലാമർ ജോബോ വിദേശ ജോലിയൊ ലക്ഷ്യമിട്ടാണെങ്കിലും ഒരു രോഗിയുടെ മുൻപിൽ നിങ്ങൾ പൂർണ്ണനായ ഒരു ഡോക്ടറോ നേഴ്സോ ആയി പ്രവർത്തിക്കുക .
കാരുണ്യവും ദയയും സ്നേഹവും വെറും പ്രതിജ്ഞയിൽ ഒതുങ്ങാതെ മാനുഷിക മൂല്യങ്ങൾക്ക് വില കല്പ്പിക്കുന്ന മനുഷ്യനായേ നിങ്ങൾ അവരെ സമീപിക്കാവൂ .ഒരു അത്താണിയായി ,അഭയാർഥിയായി എത്തുമ്പോൾ ,അവിടെ നിങ്ങൾക്കു ദൈവത്തിന്റെ കരങ്ങളാകാൻ കഴിയും .
Dr ജെറി നേതൃത്വം കൊടുക്കുന്ന ഹോം ഓഫ് ഹോപ് എന്ന സ്ഥാപനത്തിൽ പ്രവർത്തിക്കുന്ന മിക്കവരും പലപ്പോഴായി തങ്ങൾക്കോ കുടുംബത്തിനോ Dr റുടെ സേവനം ഉപയോഗപ്പെടുത്തിയിട്ടുള്ളവരും, ആ ജീവിതം മാതൃകയാക്കിയിട്ടുള്ളവരുമാണ് .
എന്റെ സുഹൃത്ത് ഷീന ,കാൻസർ രോഗിയായ തന്റെ അമ്മയുടെ അവസാന കാലത്ത് ഡോക്ടർ ജെറിയുടെ സേവനവും സാന്ത്വനവും അടുത്ത് നിന്ന് അനുഭവിച്ചതാണ് . ഡോക്ടറുടെ മാതൃക പിന്തുടർന്നാണ് ഷീന യും ഈ രംഗത്ത് എത്തിയിരിക്കുന്നത് .
സ്വയം സന്നദ്ധരായി സേവനം ചെയ്യുന്നവർ!! . തന്നോടൊപ്പം മറ്റുള്ളവരെയും ഇത്തരം കാരുണ്യ പ്രവർത്തനങ്ങളിൽ ഭാഗഭാക്കാക്കുകയാണ്. ഇവിടെ ഒരു ഡോക്ടർ ! .
കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് ആരോഗ്യ രംഗത്ത് നല്ല കാഴ്ച്ചപ്പാടുള്ളവർ കടന്നു വരുന്നുണ്ട് എന്നതും ആശാവഹമാണ് .
സ്നേഹപൂർവം സ്നേഹിത
മായ ബാലകൃഷ്ണൻ .
.
Comments
Post a Comment