വായനാലോകം !
നോവൽ :- സുഗന്ധി എന്ന ആണ്ടാൾ ദേവനായകി :-
നോവലിസ്റ്റ് :- T D രാമകൃഷ്ണൻ
പ്രസാധകർ ഡി സി ബുക്സ്
******** വായനാവഴികളിൽ :- മായ ബാലകൃഷ്ണൻ
തമിഴ് സിംഹള വംശീയപോരാട്ടത്തിന്റെ പശ്ചാത്തലത്തിൽ അതിന്റെ ചരിത്ര -വേരുകളിലേക്ക് ആഴ്ന്നിറങ്ങി യാഥാർഥ്യമോ മിഥ്യയോ എന്ന് സംശയിക്കുന്നതക്ക വിധത്തിൽ എഴുത്തിന്റെ മഹാപ്രപഞ്ചം സൃഷ്ടിച്ചിരിക്കുകയാണ് നോവലിസ്റ്റ് . യാഥാർത്ഥ്യവും മിത്തും ഇഴചേർന്ന് ഭാവനാവിലാസപൂർണ്ണം എന്നും പറയാം ! അതുപോലെ വായനാവസാനം വരെയും ഏതൊരു വായനക്കാരനിലും ഇരച്ചു -കയറുന്ന രോഷവുംപകയും കണ്ണീരിൽ ഉറഞ്ഞ് സ്വയം ഉരുകിത്തീരുകയേയുള്ളൂ .
ഒരേസമയം സ്ത്രീപക്ഷവും എന്നാൽ സ്ത്രീവിരുദ്ധവുമായി തോന്നാം ! യുദ്ധവും വംശീയപോരാട്ടങ്ങളുമൊക്കെ ഒളി അമ്പെയ്യുന്നത് സ്ത്രീകൾക്കു നേരെയാണ് , അല്ലെങ്കിൽ എല്ലാ വേദനകളും ഏറ്റുവാങ്ങേണ്ടത് സ്ത്രീകൾ ആണെന്ന് അടിവര- യിടുന്നു നോവൽ . ഇതിൽ പെണ്ണിന്റെ കണ്ണീരുണ്ട് , ചാരുതയും വശ്യതയും ഉണ്ട് . ആളുന്ന പ്രതികാരാഗ്നിയുണ്ട്..
രണ്ടു കാലഘട്ടങ്ങളുടെ കഥയിൽ ,തമിഴ് ചേരചോള പാണ്ഡ്യരാജവംശം അടങ്ങുന്ന ഭൂമിശാസ്ത്രവും ആണ്ടാൾ സങ്കല്പവും ഇഴചേർത്ത് സൃഷ്ടിച്ചിരിക്കുന്ന കഥ നമ്മെ വിസ്മയിപ്പിച്ചുകളയും.
ഒരുകാലം നമ്മൾ ഏറെ ശ്രദ്ധയോടെ വാർത്തകളിൽ തിരയുന്ന തമിഴ്പുലികളും (എൽ ടി ടി) ശ്രീലങ്കൻ വംശീയപ്പോരാട്ടവും നോവലിനു പശ്ചാത്തലം ആവുമ്പോൾ വായിക്കാൻ ആകാംക്ഷ നിറയും.
ജാഫ്നയും കൊളൊമ്പോ , മുല്ലത്തീവ് , എലഫന്റ് പാസ്സ് ഇങ്ങനെ തമിഴ് വിമോചന പോരാട്ടകാലത്തിൽ പേരുകേട്ട കേന്ദ്രങ്ങളും പുലിനേതാവ് ആയ വേലുപ്പിള്ള പ്രഭാകരനുമൊക്കെ കഥാപാത്രങ്ങൾ ആയിവരുന്നുണ്ട്.
തമിഴ് വിമോചനപ്പോരാട്ട വിപ്ലവപ്രസ്ഥാനങ്ങളായാലും സിംഹളപട്ടാള ഭരണ -കൂടമായാലും അതിനുള്ളിലെ വിധ്വംസകപ്രവർത്തനങ്ങളും ഫാസിസ്റ്റ് അക്രമണ -ങ്ങളും സ്ത്രീകൾക്കെതിരെ നടത്തുന്ന കൊടുംക്രൂരതകളുമൊക്കെ നോവൽ സസൂക്ഷ്മം പ്രതിപാദിക്കുന്നു .കണ്ണുകൾ ഈറനണിയാതെ ഇത് വായിച്ചു -തീർക്കാനാവില്ല .
***********
ആഭ്യന്തരയുദ്ധകാലങ്ങളിൽ , ഭരണകൂടം നടത്തിയിട്ടുള്ള മനുഷ്യാവകാശ വിദ്ധ്വംസക പ്രവർത്തനങ്ങളെ വെള്ളപൂശുക എന്ന ലക്ഷ്യത്തോടെ ഹോളിവുഡ് ന്റെ സഹായത്തോടെ, ഗവഃ തയ്യാറാക്കുന്ന ഒരു സിനിമാപദ്ധതിയുമായി സഹകരി -ക്കാനെത്തുന്ന നാല്വർ സംഘത്തിന്റെ ജയിൽ സന്ദർശനത്തോടെയാണു കഥ തുടങ്ങുന്നത്. ആ സംഘത്തിലെ പീറ്റർ ജീവാനന്ദം എന്ന തിരക്കഥാകൃത്തിലൂടെ -യാണു കഥയുടെ ചുരുൾ നിവരുന്നതും. പീറ്ററിനു വളരെ പ്രിയപ്പെട്ടവളായ സുഗന്ധിയെ തിരക്കിയാണു കഥ മുന്നേറുന്നതെങ്കിലും ഇടയ്ക്ക് ചരിത്രകഥകളി -ലേക്കും ഉപകഥകളിലേക്കും യാത്ര തുടരുകയാണ് .
ഇവിടെയും ആഭ്യന്തരയുദ്ധത്തിനുശേഷവും മുമ്പും ഇങ്ങനെ രണ്ടു ഘട്ടം നോവലിൽ കാണാം. ശ്രീലങ്കൻ സിംഹളപട്ടാളഭരണകൂടമായാലും വി പി എന്ന ഈയക്കത്തിന്റെ നേതാവ് പുലിപ്രഭാകരനാായിരുന്നാലും ഇരുകൂട്ടരും തങ്ങളുടെ പ്രവർത്തനങ്ങളെ കറകളഞ്ഞതെന്ന് വരുത്താനായി തിരഞ്ഞെടുക്കുന്നത് ഡോക്ടർ രജനി തിരണഗാമ എന്ന മുൻ ഈഴം പ്രവർത്തകയുടെ ജീവിതം ആണു !
പുലിനേതാവിന്റെ ഈയക്കത്തിലെ പ്രവർത്തങ്ങൾക്ക് ഫാസിസ്റ്റ് സ്വഭാവം ആണെന്നും അതിനെതിരെ മനുഷ്യാവകാശ പ്രവർത്തകയായി പ്രഭാകരനെതിരെ ശബ്ദിച്ചവളാണു ഡോക്ടർ രജനി ! ആ രജനിയുടെ കൊലപാതകം ആസൂത്രണം ചെയ്ത് നടത്തുന്നത് സുഹൃത്തും സഹപ്രവർത്തകനുമായ പ്രഭ എന്ന പുലിനേതാവ് ആണെന്നത് രഹസ്യം !നോവലിൽ മിക്കയിടത്തും പ്രഭയെന്നേ പരാമർശി -ക്കുന്നുള്ളൂ ..കാലം കണ്ണാടി പോലെ നമ്മുടെ മുന്നിലുള്ളപ്പൊ അത് മതിയല്ലോ..
എന്നാൽ ആദ്യഘട്ടത്തിൽ പ്രഭാകരന്റെ നിർദ്ദേശാനുസരണം രജനിയുടെ ജീവിതം സിനിമയാക്കാൻ വന്ന സംഘം ചില സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തി മുന്നേറുമ്പോൾ അത് പുലി പ്രഭാകരനു എതിരായ മുന്നേറ്റം ആയിരുന്നതിനാൽ ആ സിനിമാ സംഘത്തിലെ സുഗന്ധി എന്ന പെൺകുട്ടിയും മറ്റും ഈയക്കത്തിന്റെ ശിക്ഷകൾക്ക് വിധേയ ആകുന്നു! സുഗന്ധിയുടെ അടുത്ത സുഹൃത്തായ പീറ്റർ അന്ന് ജീവനും- കൊണ്ട് രക്ഷപെടുകയായിരുന്നു !അങ്ങനെ ആ പദ്ധതി പൊളിഞ്ഞു.
അന്ന് രജനിയായി അഭിനയിക്കാൻ പീറ്ററും സംഘവും തിരഞ്ഞെടുത്ത പെൺകുട്ടി- യാണു കാനഡയിലുള്ള ഈഴം പ്രവർത്തകയും തമിഴ് വേരുകളുള്ള വിദേശത്ത് പഠിച്ച സുഗന്ധി ! ഈ സുഗന്ധിയാണു പിന്നീട് നോവലിൽ ആണ്ടാൾ പദവിയിൽ എത്തുന്ന പുതുകാലത്തിന്റെ ദേവനായകി ആവുന്നത് !
പീറ്ററിന്റെ പ്രിയപ്പെട്ടവളാകുന്ന സുഗന്ധിയുടെ മാതാപിതാക്കളും സഹോദരനും സിംഹളപട്ടാളത്തിന്റെ , വെടിയേറ്റ് അവളുടെ കണ്മുന്നിൽ ചോരയിൽ പിടഞ്ഞ് മരിച്ചതാണു .ആ ദുരന്തം , ഒരു ദുഃസ്വപ്നമായി എന്നും അവളിലുണ്ട്. കലാപത്തിന്റെ തോടുകൾ പൊളിച്ചു കാണിക്കുന്ന അദ്ധ്യായത്തിലൂടെ അവ നമ്മെ കാണിച്ചുതരുന്നുണ്ട് .
രണ്ടാം ഘട്ടത്തിൽ ,വീണ്ടും വർഷങ്ങൾക്കുശേഷം പ്രഭാകരന്റെ പതനത്തിനു -ശേഷം , സിംഹളഭരണകൂടം ഈയക്കത്തിനെയും പുലിപ്രഭാകരനെയും ഇടിച്ചുതാഴ്ത്തി ഭരണകൂടത്തിന്റെ ക്രൂരമുഖം വെളുപ്പിക്കാനായി ഡോക്ടർ രജനിയുടെ ജീവിതം മറയാക്കി സിനിമ എടുക്കാൻ ഹോളിവുഡ് നെ കൂട്ടുപിടി -ക്കുകയാണു..ആ സംഘത്തിലെ സിനിമാട്ടോഗ്രാഫർ ക്രിസ്റ്റി ,പീറ്ററിനെ തന്റെ സിനിമാ പ്രൊജക്റ്റിലേക്ക് ചേർക്കുന്നു.. ഇവിടെ നിന്നാണു നോവലിന്റെ തുടക്കം .
ഈയക്കത്തിന്റെ ശിഥിലീകരണത്തിനു , അതിന്റെ ഫാസിസ്റ്റ് മുഖം തന്നെയാണോ കാരണമായത് എന്നൊരു അന്വേഷണം കൂടി ക്രിസ്റ്റി ഈ സിനിമാ പദ്ധതിക്കൊപ്പം പ്ലാൻ ചെയ്യുന്നുണ്ട്..അതിനുവേണ്ടിയാണു മുൻ സിനിമാപദ്ധതിയിൽ (ഈയക്കം ) അംഗമായ പീറ്ററിനെ ഇതിലേക്ക് കൊണ്ടുവരുന്നത്.
യുദ്ധാനന്തരം മറുഭാഗത്ത് പെൺപോരാട്ടങ്ങൾക്ക് അടിവേരോടുന്നുണ്ട് . ഇതിനിടയിൽ ഒരേസമയം ഭരിക്കുന്നവനും , പോരാട്ടക്കാരും നടത്തുന്ന അടിച്ചമർത്തലിന്റെ നേർരേഖാചിത്രവും നമുക്ക് കാണാം !
സ്ത്രീകൾക്കെതിരെയുള്ള ഇയക്കത്തിന്റെയും ഭരണകൂടത്തിന്റെയും ക്രൂരതകൾ ചർച്ച ചെയ്യുന്ന യുവജനങ്ങളുടെ സംഘടനാ മീറ്റിങ്ങിൽ വച്ച് ഡോ: രജനി തിരണഗാമയെക്കുറിച്ച് വിദേശത്ത് നിർമ്മിച്ച No more tears sisters എന്ന ഫീച്ചർ ഫിലിം പ്രദർശനവേളയിൽ നടന്ന ചർച്ചയിൽ രജനിയുടെ കൊലപാതകി -കളെക്കുറിച്ച് സൂചന നൽകിയയാളെ അജ്ഞാതവ്യക്തി തത്ക്ഷണം വെടിവച്ച് വീഴ്ത്തുകയാണു. . ചാരം മൂടിക്കിടന്ന ഈയക്കത്തിന്റെ ഉണർച്ച എന്ന് അതിനെ പറയപ്പെടുന്നു.
എന്നാൽ ഒരേസമയം സ്ത്രീ പോരാട്ടങ്ങൾ തങ്ങൾക്കും പ്രതികൂലമായി ബാധിക്കുമെന്ന് ഗവണ്മെന്റ് പ്രതിനിധികളും മനസ്സിലാക്കി മീറ്റിങ്ങ് സംഘടിപ്പിച്ച പൂമണി എന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിയമമില്ലാ വഴികളിലൂടെ മാനസികായും തളർത്തുന്ന റേപ്പും മറ്റു ശിക്ഷാരീതികൾക്കും വിധേയമാക്കപ്പെടു കയാണു...
എന്നാൽ പ്രതികാരാഗ്നിയിൽ പൂമണി എന്ന പെൺകുട്ടി മിലിട്ടറിഓഫീസറെ ചതിയിലൂടെ കൊല്ലുന്നുണ്ട് .എന്നാൽ അവളുടെ ജഡം കടൽക്കരയിൽ അടിയുന്നതാണു നമ്മൾ കാണുന്നത്.
സ്ത്രീകൾ വെറും പിണമോ....? എന്തു പുലയാട്ടും കേൾക്കാനും ഏൽക്കാനും വിധിക്കപ്പെട്ടവളോ...?. ആളിക്കത്തുന്ന രോഷം പോലും മരണഭയത്തിനു മുന്നിൽ പത്തിമടക്കി പോവുന്നു പലപ്പോഴും .പെണ്ണിന്റെ നിസ്സഹായവസ്ഥ , അവളെ റേപ്പ് ചെയ്ത് ഗർഭിണിയാക്കുകയാണു എന്ന കുടിലതന്ത്രം പ്രയോഗിക്കുന്ന പട്ടാളമേധാവികൾ ! അതെ,വായനക്കാരനും നിസ്സഹായനാവുന്നു..
പീറ്ററും സുഗന്ധിയും ഒരുമിച്ച് പ്രവർത്തിച്ച സിനിമാപദ്ധതിയിൽ നിന്ന് , ഈയക്കം നേതാവ് പ്രഭാകരന്റെ പിടിയിൽ നിന്ന് സുഗന്ധി ജീവനോടെ രക്ഷപെട്ടോ , കൊല്ലപ്പെട്ടോ എന്ന സംശയത്തിൽ നിന്നും സുഗന്ധി ജീവിച്ചിരിപ്പുണ്ട് എന്ന് തന്നെ കാനഡ ആസ്ഥാനമായുള്ള വിമോചനപോരാട്ടപ്രസ്ഥനത്തിന്റെ കറുപ്പ് മാസിക -യിലെ കുറിപ്പുകൾ വെളിപ്പെടുത്തുന്നു.ചെറിയ തെറ്റുകൾക്കുപോലും ഇയക്കം കടുത്ത ശിക്ഷകളാണു തങ്ങളുടെ സംഘാംഗങ്ങൾക്ക് നൽകിവരുന്നത്.
ഇവിടെ മനുഷ്യാവകാശ പ്രവർത്തകയായി മാറുന്ന രജനി തിരണഗാമയും പുലിപ്രഭാകരനുമായി നടന്ന അവസാന രഹസ്യകൂടിക്കാഴ്ച്ചയുടെ ശബ്ദരേഖ സുഗന്ധിയുംസംഘവും സിനിമയിൽ ഉപയോഗപ്പെടുത്താൻ പ്ലാൻ ചെയ്തത് പ്രഭാകരൻ പിടിച്ചെടുക്കുന്നതോടെയാണു , അന്നത്തെ സംഘർഷാവസ്ഥയിൽ ജീവനുംകൊണ്ട് സുഗന്ധിയെ കൂടാതെ, പീറ്റർ രക്ഷപെട്ട് നാടുവിട്ടത് .
കാനഡയിലെ വിമോചനപ്പോരാട്ട മാസികയിലെ ഈഴത്തച്ചി എന്ന എഴുത്തുകാരി സുഗന്ധി ആണെന്നു പീറ്റർ മനസിലാക്കുന്നുണ്ടെങ്കിലും തുടർന്ന് ആ അന്വേഷണം എങ്ങുമെത്താതെ നിൽക്കുമ്പോഴാണു വെബ് മാസികയിൽ മീനാക്ഷി രാജരത്തിനം എന്ന പേരിൽ എഴുതിയ "ആണ്ടാൾ ദേവനായകിൻ കതൈ " ശ്രദ്ധയിൽ പ്പെടുന്നത് .ആരാണു ഈ മീനാക്ഷിരാജരത്തിനം? ആണ്ടാൾ ദേവനായകി എന്നത് സുഗന്ധിയുടെ വീട്ടിലെ പേരായതുകൊണ്ട് പീറ്റർ സംശയത്തിന്റെ നിഴലിൽ ആകാംക്ഷാഭരിതനായി വായന തുടരുകയാണു.
അവിടന്നങ്ങോട്ട് കഥ പുതിയൊരു വഴിത്തിരിവിലേക്ക് പോവുന്നു .
മാന്ത്രികകഥയിലെ അത്ഭുതകൊട്ടാരത്തിൽ എത്തപ്പെട്ടതുപോലെ 2 സഹസ്രാബ്ദ- ങ്ങൾക്ക് അപ്പുറത്ത് തമിഴ് സിംഹള ചരിത്രത്തിന്റെ ആഴങ്ങളിൽ ,ചേരചോള പാണ്ഡ്യ കുലശേഖര രാജവംശത്തിന്റെ തെരുവുകളിലും അന്തഃപുരങ്ങളിലും മായികകാഴ്ച്ചകൾ കണ്ടു അലയുന്ന മനുഷ്യരായിത്തീരും നമ്മൾ. അവിടെ സാക്ഷാൽ ആണ്ടാൾ ദേവനായകിൻകതൈ തുടങ്ങുകയാണു !
ചേരരാജാക്കന്മാരുടെ കാന്തള്ളൂർ ശാല എന്ന സൈനികകേന്ദ്രവും , കളരിയും , തുറമുഖനഗരവും വിദേശവ്യാപാര വിപണനകേന്ദ്രങ്ങളും ചരിത്രാഖ്യായികകളിലൂടെ ഒരു ദേശത്തെ ,രാജ്യത്തെ പുനഃസൃഷ്ടിച്ച്,കാണിക്കുമ്പോൾ ഇത് സത്യമോ മിഥ്യയോ എന്ന് ചിന്തിച്ചുപോവും . വിഴിഞ്ഞവും പദ്മനാഭക്ഷേത്രവും എല്ലാം ഇവിടെ രാജ്യാതിർത്തികൾ ആണു . ചരിത്രഭൂമികാസൃഷ്ടിയിൽ അത്രമേൽ നോവലിസ്റ്റ് മേൽ്ക്കോയ്മ നേടിയിരിക്കുന്നു..
ചേരരാജ്യത്തിന്റെ മഹേന്ദ്രവർമ്മൻ രാജാവ്, പട്ടമഹിഷികളും കൊട്ടാരങ്ങളും നിറഞ്ഞ സുഖലോലുപതയിലും മുഴുകി, പെണ്ണ് ഉപഭോഗവസ്തുവും തനിക്ക് അവകാശപ്പെട്ടതാണെന്നുമുള്ള ധാർഷ്ട്യബോധത്തിന്റെ പ്രതിരൂപംആവുകയാണു..
ചേരസാമ്രാജ്യത്തിന്റെ സൈനികതലവനായ പെരിയനായ്ക്കന്റെ മകൾ ദേവനായകി , സാക്ഷാൽ ദേവനായകീ സങ്കല്പത്തിലെ ആണ്ടാൾ ദേവനായകി ആവുന്നോൾ !!
ആ ദേവനായകി സംഗീതത്തിലും നൃത്തത്തിലും അർത്ഥശാസ്ത്രത്തിലും രാജതന്ത്രത്തിലും ആയോധനമുറകളിലും വരെ പ്രാവീണ്യം നേടിയ അപ്സരസുന്ദരിയാണ് . ബുദ്ധിശക്തിയും ആകാരവശ്യതയും സമാസമം ചേർന്ന സാധാരണക്കാരിയല്ലാത്ത പെൺകുട്ടി.
ആ ഒരു കാലഘട്ടത്തിൽ നമുക്ക് ചിന്തിക്കാവുന്നതിനുമപ്പുറം ആർജ്ജവവും പ്രതിഭയും ഉള്ളവൾ .
അങ്ങനെയുള്ള ഒരു സ്ത്രീയിൽ പ്രഥമദൃഷ്ട്യ ആകൃഷ്ടനാവുന്ന രാജാവ് അവളുടെ അനുമതിപോലും ചോദിക്കാതെ തന്റെ പട്ടമഹിഷീ സ്ഥാനത്തേക്ക് അവളേയും ചേർക്കുമ്പോൾ ആ ധാർഷ്ട്യത നമ്മെ ചൊടിപ്പിക്കും.പക്ഷെ അവളിലുണ്ടായ ചെറിയൊരു നീരസത്തെ തല്ലിക്കെടുത്തിക്കൊണ്ട് അന്തപുരവാസികളുടെയും റാണീപദവിയുടെയും പ്രലോഭനങ്ങളിൽ ദേവനായകി ആണ്ടുപോവുന്നു.
തലകുമ്പിട്ട് ഒരെതിർപ്പും പ്രകടിപ്പിക്കാതെ ആ സ്ഥാനത്തേക്ക് കടന്നുചെല്ലുന്നത് കാണുമ്പോൾ നമ്മളും ഒന്ന് തലചെരിച്ച് പിടിച്ച് ചിന്തിക്കും.
" മന്നനാണു മണ്ണിന്റെ ദേവൻ .എപ്പൊ ഏതു നിലം ഉഴുകണമെന്നും വിത്തിറക്കണമെന്നും തീരുമാനിക്കനുള്ള അവകാശവും അധികാരവും അദ്ദേഹത്തിനാണു ."
സ്ത്രീ അടിമയെന്ന് സ്വയം കരുതുന്ന ഒരു സമൂഹത്തിൽ നിന്നും കൂടുതലൊന്നും പ്രതീക്ഷിക്കാനും വയ്യ !
തുടർന്ന് അന്തഃപുര സുഖലോലുപതയിൽ രമിച്ച് രാജാവിനെ ഭരണകാര്യങ്ങളിലും പിന്തുണയ്ക്കുന്നവളായി അദ്ദേഹത്തിനു ഏറ്റവും പ്രിയപ്പെട്ട പട്ടമഹിഷിയായി തീരുന്നു ദേവനായകി.
രണ്ടാം അദ്ധ്യായത്തിൽ , അതായത് മഹേന്ദ്രവർമ്മൻ രാജാവിന്റെ അന്തഃപ്പുര റാണിയായ് അണിയിച്ചൊരുക്കുന്ന ,അല്ലെങ്കിൽ സ്വർലോകസുന്ദരിയാക്കി ലാസ്യവതിയാക്കി ഒരുക്കിക്കെട്ടുന്ന സാമാന്യം ദീർഘമായ വിശകലനങ്ങൾ !! ഹോ....! നോവലിസ്റ്റ് ഏത് അന്തപ്പുരമാളികയിൽ നിന്നുമാണോ ഇത്രയേറെ കോസ്റ്റ്യൂം ,ഡ്രെസ്സ് മെറ്റീരിയൽസ് രംഗവിതാനങ്ങളൊക്കെ പഠിച്ചെടുത്തത്.....!! .???അന്തം വിട്ടുപോവും നമ്മൾ...
അതിലൊരു ഭാഗം......" കസ്തൂരി മഞ്ഞളും നെന്മേനിവാകയും തേച്ച് കൊട്ടാരത്തിനകത്തെ താമരപൊയ്കയിൽ കുളിച്ചുകയറി,വിലയേറിയ ഇളംപച്ച ചീനപ്പട്ടുടുത്ത് അതേപട്ടുകൊണ്ടുള്ള മുലക്കച്ച ഒതുക്കികെട്ടി കണ്ണെഴുതി പൊട്ടുതൊട്ട് ദേഹമാകെ ചന്ദനത്തൈലവും പനിനീരും പുരട്ടി മട്ടിപ്പാൽ പുക കൊള്ളിച്ചൊതുക്കികെട്ടിയ മുടിയും ചെമ്പകവും മുല്ലയും കൈതപ്പൂവും നിറച്ച് ചൂടിയപ്പോഴേക്കും സമയം ഉച്ചകഴിഞ്ഞു ......"
ഇങ്ങനെപോകുന്ന സാമാന്യം ദീർഘമേറിയ അദ്ധ്യായം തുടർന്ന് ലയലാസ്യ -കേളികളും ഭോഗാലസ്യസുഷുപ്തികളും നിറഞ്ഞു് ,സ്വല്പം വിരസമായ് തോന്നാം.
ആടയാഭരണങ്ങളുടെ കൂട്ടത്തിൽ റാണിമാർക്ക് പ്രത്യേകം ധരിക്കേണ്ട ' അരത്താലി ' വിചിത്ര സംഭവം തന്നെ .നീചവുംനികൃഷ്ടവും എന്ന് തന്നെ പറയാം! റാണിമാരിലുള്ള അവിശ്വാസത്തെ മറികടക്കാൻ പൂട്ടും താക്കോലുമിട്ട് കാലിടുക്കുകളിൽ യോനീമുഖം അടച്ചുപൂട്ടുന്ന ആഭരണമോ...?
എന്നിരിക്കിലും ഇന്നിന്റെ കാലഘട്ടത്തിൽ സ്ത്രീക്ക് സ്വയം അവളുടെ മാനം രക്ഷിക്കാൻ ഇങ്ങനെ വല്ലതും വേണ്ടിവരുമെന്ന് ഇതുവായിക്കുംനേരം ഏതു സ്ത്രീയും ഒരു നിമിഷം ഒന്ന് ചിന്തിച്ച് പോവും!പൂട്ടും താക്കോലുമിട്ട് മാനം രക്ഷിക്കുക...ഹ..ഹാ...വളരെ രസകരമായിരിക്കുന്നു നോവലിസ്റ്റ് ന്റെ ഭാവനാലോകം !.
ശ്രീപദ്മനാഭനു മുന്നിൽ മാത്രം തിരുപ്പാവൈ പാടി നൃത്തമാടിയിരുന്നവൾ അതിനുശേഷം തന്റെ ദേവനായി ,ശ്രീ പദ്മനാഭനായി ,തന്റെ രാജനെ കാണാൻ തുടങ്ങുന്നു. ഒരുവേള രാജതന്ത്രത്തിൽ പ്രഗത്ഭമതിയായ അവളുടെ നിർദ്ദേശങ്ങളെ തള്ളിക്കളയുന്നതിലൂടെ ചേരരാജാവിന്റെ പതനവും സംഭവിക്കുന്നു..
രാജാവിന്റെ അഭാവത്തിൽ മറ്റെല്ലാ രാജപത്നീമാരും ആത്മഹത്യ ചെയ്യുമ്പോൾ ദേവനായകിമാത്രം കൂസലന്യേ ഉല്ലാസവതിയായി, രാജ്യത്തിനൊപ്പം രാജപത്നിയും കീഴടക്കിയ രാജാവിനു സ്വന്തം എന്നതാണു കാന്തള്ളൂർ രാജ്യത്തിന്റെ കീഴ്വഴക്കം എന്ന് പ്രസ്താവിച്ച് ചോളരാജന്റെ പട്ടമഹിഷീസ്ഥാനം അണിയുന്നു..
സ്ത്രീ പുരുഷനു ഉപഭോഗവസ്തു ആവുന്നപോലെ അവളും പുരുഷനെ മാറിമാറി ഉപഭോഗവസ്തുവാക്കുന്ന കാഴ്ച്ച!
ഇങ്ങനെയുള്ള ഒരുവളെ എങ്ങനെ ആണ്ടാൾപദവി നൽകി ജനം അംഗീകരിക്കുന്നു.? എന്ന് ആദ്യ ഒരുഘട്ടത്തിൽ തോന്നാം!
മീനാക്ഷി രാജരത്തിനം പറയുന്ന ഈ കഥയിൽ ചരിത്രത്തിൽ ഇതിനു ഉപോല്പമായി ചില കഥകളും ഉപകഥകളും ചേർക്കപ്പെടുന്നുണ്ട്..ജ്ഞാനസരസ്വതി ,താണുമലയൻ കുറവമന്നന്റെ പത്നി അനസൂയ എന്നിവരുടെ കഥകൾ. കൂടുതൽ വിശ്വസനീയവും ആണ്ടാൾ മിത്തുമായി യോജിച്ചുപോകുന്നതുമായി തോന്നാം !
നോവൽ അതിന്റെ വിശാലയിടങ്ങൾ കണ്ടെത്തുമ്പോൾ നമ്മൾ ഒന്ന് തപ്പിപിടയും. ഇരുകാലഘട്ടങ്ങളേയും ചേർത്ത് വയ്ക്കുന്ന മിത്തിന്റെ പിൻബലം , പിന്നാമ്പുറം തേടി നമ്മളും ഒന്ന് അലയും ! ഈ ചരിത്രകഥാഖ്യായിക കുറച്ചുകൂടെ ഒതുക്കിപ്പറയുന്നതായിരുന്നു നോവലിന്റെ കെട്ടുറപ്പിനു നല്ലത് എന്ന് തോന്നി. ചരിത്രവും ഭൂമിശാസ്ത്രവും നല്ല വശമാണെങ്കിൽ ഈ വായനയും കുറച്ച് എളുതായി തീരുമെന്ന് തോന്നി.
കുറച്ചുകൂടി ചരിത്രഭൂപടം വ്യക്തമാവുന്ന വിധത്തിൽ, യാഥാർത്ഥ്യം എന്ന് തോന്നുംവിധത്തിൽ തഞ്ചാവൂർ ആസ്ഥാനമായുള്ള ചോളരാജമന്നന്റെ നാഗപട്ടണത്തേക്കും, രാജപട്ടണയാത്രയും വഴി മദ്ധ്യേയുള്ള കായല്പട്ടണം എന്ന ദ്വീപും ധനുഷ്കോടിയും പാമ്പൻ കടലിടുക്കും രാമേശ്വരവുമെല്ലാം കടന്നുവരുന്നു.
ചേരരാജാവിനുശേഷം ചോളമന്നനൊപ്പം രാജതന്ത്രത്തിലും മുഖ്യ പങ്കുവഹിക്കുന്ന ദേവനായകി അനുരാധപുര എന്ന സിംഹളമന്നന്റെ ദേശം ആക്രമിക്കാനും യുദ്ധസൂത്രങ്ങൾ നിർദ്ദേശിക്കുന്നതിലും നെടുനായകത്വംവഹിക്കുന്നു..തിരുവാലൂർ ആസ്ഥാനമാക്കി കാന്തള്ളൂർ പോലൊരു പട്ടണം ചോളരാജൻ ദേവനായകിക്കായി ഒരുക്കുന്നുണ്ട്.
ഒരു രാജഭരണകാലത്തെ എഴുത്തിൽ പുനഃസൃഷ്ടിക്കുന്ന കഠിനമായ ജോലി എത്രയും വിജയകരമാക്കിക്കൊണ്ടാണു നോവലിസ്റ്റ് ആ അദ്ധ്യായങ്ങൾ പൂർത്തീകരിച്ചിരിക്കുന്നത്. യുദ്ധശാസ്ത്രങ്ങളെ ദേവനായകിയിലൂടെ നിരത്തി -വയ്ക്കുമ്പോൾ ,കാമശാസ്ത്രത്തിൽ മാത്രമല്ല , സ്ത്രീയുടെ അപൂർവ്വ ബുദ്ധിചാതുരിയും നിപുണതയും, ആർജ്ജവവും അതിന്റെ പരമകാഷ്ഠയിൽ എത്തിക്കുന്നുണ്ട്.
പേരിലെ സിംഹം പോലെ , സിംഹളരാജവംശത്തിന്റെ കഥയും ലങ്കൻ ചരിത്രവുമൊക്കെ വളരെ രസകരമായി വായിക്കാം ! അതിനിടയിലും കൊല്ലും കൊലയും സുഖലോലുപതയിൽ ഉന്മത്തരായി സ്ത്രീകളെ ചൂഷണം ചെയ്യുന്നതും സിംഹന്മാർക്ക് ചോരയിലേ വാർന്ന് കിട്ടിയതാണോ എന്നുതോന്നാം ! ശത്രുവിനെ മനുഷ്യനായി കാണരുത് .ശത്രുവിനോട് ക്രൂരത മാത്രേ പാടുള്ളൂ എന്നാണു സിംഹ മന്നൻ മഹീന്ദനും ഒരിടത്ത് നിസ്സങ്കോചം പ്രസ്താവിക്കുന്നത് .
മീനാക്ഷി രാജരത്തിനം പറയുന്ന ആണ്ടാൾകഥയുടെ രണ്ടാം ഭാഗം പറയുമ്പോൾ സ്വന്തം മാതൃത്വം ഊതിക്കാച്ചിയ പ്രതികാരജ്വാലയിൽ ദേവനായകി പുതിയ ചുവടുവയ്പുകളിലേക്ക് നീങ്ങുന്ന കാണാം!
ചോളരാജനിൽ ഉണ്ടാവുന്ന മൂന്നു വയസ്സുകാരിയായ മകളെ സിംഹളരാജൻ മഹീന്ദൻ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലചെയ്തി- ടുന്നുണ്ട്...രാജരാജമന്നനിലും പിന്നീട് അദ്ദേഹത്തിന്റെ മകനിലും ആകൃഷ്ട- യാവുന്ന ദേവനായകി ചില ഗൂഢലക്ഷ്യങ്ങളോടെ , പ്രതികാരവാഞ്ചയോടെ നാടുവിട്ട് സിംഹരാജന്റെ സ്വപ്നനഗരിയിൽ എത്തി . പിന്നീട് സിംഹരാജന്റെ പട്ടമഹിഷീ പദം അലങ്കരിക്കുന്നു..
പ്രതികാരം തീർത്ത്, തിരിച്ചു വരുമ്പോൾ കൂവേണിയെപ്പോലൊരു മകൾ , അനുരാധപുര ആക്രമിച്ച് സിംഹളരാജനെ പിടിച്ച് കെട്ടി തുറുങ്കിലടയ്ക്കണം ഇതുരണ്ടുമാണു തിരുവാലൂർ എന്ന തന്റെ സാമ്രാജ്യം വിടും മുൻപ് ചോളമന്നന്റെ മകൻ രാജേന്ദ്ര ചോളനുമായുള്ള ദേവനായകിയുടെ കരാർ .
തരംകിട്ടുമ്പോൾ വധിക്കുക എന്ന ലക്ഷ്യം ഉള്ളിലൊതുക്കി രാജവെമ്പാലയുടെ വിഷം നവരത്ന ബുദ്ധപ്രതിമയിൽ ഒളിപ്പിച്ച് , സിംഹരാജാവിനു മുന്നിൽ എത്തുന്നവൾ !
അപ്പൊഴും എങ്ങനെയാണു എവിടെയാണു? ദേവനായകി ' ആണ്ടാൾ പദവിക്കർഹയാകുന്നതെന്ന് വായനയിലുടനീളം നമ്മെ ചിന്തിപ്പിച്ചേക്കാം! അത് നോവലിസ്റ്റ് എഴുത്തിൽ കാത്തുവച്ച സൂത്രവിദ്യ ആയിരിക്കാം!
ദേവനായകി രാജരാജമന്നന്റെ പുത്രൻ രാജേന്ദ്രചോളനോട് ചേർന്ന് ചാരപ്പണി -യിലൂടെ സ്വപ്നനഗരി അക്രമിക്കാനും പദ്ധതിയിടുന്നു..ഒരു ഭാഗത്ത് മഹീന്ദന്റെ സ്നേഹവും വിശ്വാസവും നേടിയെടുക്കാൻ അവൾ ബുദ്ധസ്നേഹം കൂടുതലായി കാണിക്കുകയാണു . രാജാവു അതിൽ സംശയാലുവാകുമ്പോൾ രണ്ടും ആനന്ദത്തിന്റെ മാർഗമെന്ന് പറഞ്ഞ് അവൾ ഒഴിയുന്നു.
പക്ഷെ, ബുദ്ധന്റെ ബാലപാഠങ്ങൾ നേരത്തെ പഠിച്ചിട്ടുള്ള ദേവനായകി കൂടുതൽ ആനന്ദമാർഗംതേടി ബുദ്ധസന്ന്യാസിയായ വജ്രാംഗന്റെ ശിഷ്യണത്തിൽ ബുദ്ധമതാ- നുസാരികയിൽ പറയും പോലുള്ള വ്രജയാനം എന്ന സാധനാക്രമത്തിനു വിധേയയാകുന്നതോടെ കഥക്ക് വലിയൊരു വെട്ടിത്തിരിച്ചിൽ സംഭവിക്കുന്നു .
അങ്ങനെ ശ്രീ പദ്മനാഭനെ നെഞ്ചേറ്റിയവൾ പദ്മസംഭവനിലൂടെ ശരീരത്തിന്റെയും ആത്മാവിന്റെയും ആനന്ദമാർഗത്തിലൂടെ നിർവൃതിയിൽ എത്തിച്ചേരുന്ന കർമ്മമുദ്ര എന്ന താന്ത്രിക വിധിപ്രകാരമുള്ള സംയോഗത്തിലൂടെ ജ്ഞാനത്തിന്റെ പുതിയതലത്തിൽ പ്രവേശിക്കുന്നു.. ശുദ്ധിയും ആത്മീയ തേജസ്സുംനിറഞ്ഞ് അവളെ ദിവ്യമായ ഒരുപ്രകാശം വലയംചെയ്യുന്നു! ദേവനായകി പുതിയൊരു ദേവനായകിയാവുന്നു. പകയും പ്രതികാരവും ഒടുങ്ങി സ്നേഹത്തിന്റെയും അഹിംസയുടെയും ഭാഷ സംസാരിക്കുന്നവൾ ആവുന്നു !..
പരമാനന്ദമാർഗത്തിൽ ഗുരു സമാധിയാകുന്നുണ്ട് . പക്ഷെ സ്വപ്നനഗരി എന്ന ചൂതാട്ട നഗരിയിലെ ഗണികമാർക്കും മറ്റു അസൂയാലുക്കൾക്കും താന്ത്രികാചാരങ്ങളോടും അനുഷ്ഠാനങ്ങളോടും തികഞ്ഞ അതൃപ്തി -യാണു .ദേവനായകിയിൽ വന്ന മാറ്റങ്ങളെ ഉൾക്കൊള്ളാനാവാതെ പണത്തിനും സ്വർണ്ണത്തിനും വേണ്ടി ഗുരുവിനെ കൊന്നവൾ എന്നാരോപിച്ച് സിംഹമന്നന്റെ സ്വപ്നനഗരി ഒന്നാകെ അവൾക്കെതിരെ തിരിയുന്നു .
എന്നാൽ പ്രതികാരജ്വാല കെട്ടടങ്ങി ആത്മീയതേജസ്സിലേക്കുയർന്ന ദേവനായകി മഹീന്ദരാജനോട് ഹിംസയുടെ മാർഗം ഉപേക്ഷിപ്പാൻ പറയുന്നു . പക്ഷെ കൊട്ടാരവാസികളോട് ചേർന്ന് ക്രുദ്ധനായ സിംഹരാജൻ ,ദേവനായകിയുടെ ചാരനെയും പിടിക്കപ്പെടുന്ന നിമിഷത്തിൽ അവളുടെ മുലകൾ അറുത്തു -വീഴ്ത്തുന്നു ! അറുത്തിട്ട മുലകൾ പ്രകാശിതമായി രണ്ടു നക്ഷത്രമായ് ആകാശത്ത് പ്രത്യക്ഷപ്പെടുന്നു.. ദേവനായകിക്ക് ചുറ്റിനും ഒരു പ്രഭാവലയം രൂപംകൊണ്ട് അവൾ ആകാശത്തോളം വലുതായി ഒരു കാൽ ശ്രീപാദമലയിലും ഒരുകാൽ സിഗിരിയയിലുമായി നടന്നു നീങ്ങുന്ന കാഴ്ച്ച ! അത്ഭുതപരതന്ത്രരാവുന്ന ജനങ്ങൾക്ക് മുകളിലൂടെ ദേവനായകി ആണ്ടാൾ ദേവനായകിയായി പ്രതിഷ്ഠിക്കപ്പെടുന്ന ഒരു മാന്ത്രിക കഥയിലെ നായികയാവുന്നു നമുക്ക് മുന്നിൽ.
ആത്മീയതയും ,കാമശാസ്ത്രവും പുനരുജ്ജീവിപ്പിക്കുന്ന, പുനർലയിപ്പിക്കുന്നൊരു കഥാഖ്യാനം .എഴുത്തിലെ ഉജ്ജ്വലമുഹൂർത്തങ്ങൾ മനസ്സിലെ കയറ്റിറക്കങ്ങളുടെ പടികൾ ഏതും കടന്ന് വായനക്കാരനെ മായികലോകത്ത് എത്തിക്കുന്നു !
ഇതിനിടയിൽ രാജേന്ദ്രചോളനും ചാരന്മാരുമായി നടത്തിയ ഇടപാടുകൾ ലക്ഷ്യത്തിലെത്തുന്ന ആവേശജനകമായ വായന സമ്മാനിക്കുന്നു .
സ്വപ്നനഗരിഎന്നും സിഗിരിയ എന്നും അറിയപ്പെടുന്ന , സുസാനൊ സുപിനോ എന്ന പാലിഭാഷയിൽ രചിക്കപ്പെട്ട ശ്രീവല്ലഭ ബുദ്ധനാർ എഴുതിയ ലങ്കൻ ചരിത്രരേഖയിൽ പ്രതിപാദിക്കുന്ന മഹീന്ദരാജന്റെ കൊടുകാട്ടിലെ ഒളിവിലെ കൊട്ടാരം ! സുരലോകസദസ്സും അപ്സരസുകളും നർത്തകികളും ഭോഗാലസ്യ -പ്രിയരും നിറഞ്ഞ നിറക്കൂട്ടുകളുടെ ലോകം ! വർണ്ണനാതീതലോകം. ഭാവനയുടെ ഉത്തുംഗങ്ങളിൽ ഏതേതു കാലഘട്ടങ്ങളിലേക്കാണു നോവലിസ്റ്റ് നമ്മെ കൂട്ടി -ക്കൊണ്ടു പോകുന്നത്.. ആർഭാടങ്ങളുടെയും കൊഴുപ്പിന്റെയും കൂത്തരങ്ങുകളിൽ പുതുകാലത്തിലും നിറം കെട്ട് പോകുന്നത് സ്ത്രീ തന്നെ !
കാലചക്രം എത്ര തിരിഞ്ഞാലും അവൾ എത്ര പ്രഗത്ഭയായാലും ,അവൾ വെറും പീറത്തുണ്ട്... എന്നാൽ കത്തിയെരിയുന്ന പ്രതികാരജ്വാലയായ് അവൾ ഉരുകി ആത്മീയതേജസ്സായി സർവ്വം നാശത്തിനും കാരണമാകുന്നു..
ദേവനായകിൻ കഥ പൂർണ്ണമാവുമ്പോൾ നോവലിസ്റ്റ് സുഗന്ധി എന്ന കഥാ -പാത്രത്തെ ആണ്ടാൾ സങ്കല്പത്തിലേക്ക് ഉയർത്തുന്ന എഴുത്തിലെ ചാതുര്യം വ്യക്തമാക്കുന്നു..
ഹിംസക്കെതിരെ എതിരിടുന്ന സമാധാനത്തിന്റെ സന്ദേശമാണു രജനി .എന്നാൽ മറ്റൊരുവിധത്തിൽ പെണ്ണിന്റെ ഉടലോ മനസ്സോ വേദനിക്കുന്നിടത്ത് കണ്ണകിയായും ആണ്ടാൾ ആയും പ്രതികാരജ്വാലയുമായ് സ്ത്രീ അവൾ! ആഞ്ഞടിക്കുന്ന കാണാം . ചിലപ്പതികാരത്തിലെ കണ്ണകിയെപ്പോൽ, പെണ്ണിന്റെ കണ്ണുനീർ വീഴുന്നിടത്ത് ഓടിയെത്തുന്നവൾ ! ആണ്ടാൾ
ഇവിടെ യുദ്ധത്തിൽ വിധവകളായവരും ഫാസിസത്തിനെതിരെ പ്രവർത്തിക്കുന്ന സ്ത്രീകളും (SSF )സേവ് ശ്രീലങ്ക ഫ്രം ഫാസിസം എന്ന സംഘടനക്ക് രൂപം നൽകി ആളിക്കത്തിക്കുകയാണു.പുതുകാലത്തിലേക്ക് ഒരു ആണ്ടാൾ ദേവനായകിയും രൂപം കൊള്ളുകയാണു.
സുഗന്ധിയെ അവരുമായി ബന്ധിപ്പിക്കുന്ന ആവേശോജ്വലമായ കഥയാണു തുടർന്ന് നോവലിസ്റ്റ് ഒരുക്കിയിട്ടുള്ളത്. വായനാദ്യഘട്ടം മുതൽ സുഗന്ധിയെ കേൾക്കുന്ന നാം ഇനി അവളെ നേരിട്ട് കാണുകയാണു.
ഒരേസമയം ഈയക്കത്തിന്റെയും പട്ടാളത്തിന്റെയും കൊടും ക്രൂരതകൾ ഏറ്റുവാങ്ങിയ സുഗന്ധിയുടെ, കരൾപിളർക്കുന്ന ജീവിതം ,മീനാക്ഷിരാജ രത്തിനം എന്ന പേരിനുള്ളിൽ ഒളിഞ്ഞിരുന്ന അവൾ സേവ് പ്രവർത്തകർക്കു മുന്നിൽ സ്കൈപ്പിലൂടെ പ്രത്യക്ഷപ്പെട്ട് എല്ലാംതുറന്ന് പറയുന്നു.. എല്ലാവരും സംശയിച്ചതുപോലെ അത് പീറ്ററിന്റെ ,പീറ്റർ തേടിനടന്ന കൂട്ടുകാരിയാണെന്ന് അവൻ തിരിച്ചറിയുന്നു . ഒരേസമയം ഈയക്കത്തിന്റെയും പട്ടാളത്തിന്റെയും ക്രൂരബലാത്സംഗങ്ങൾക്കും ശിക്ഷാവിധികൾക്കും വിധേയയായവൾ !
അവസാനം ഗവണ്മെന്റിനു അനുകൂലമായി മാധ്യമങ്ങളോട് സംസാരിക്കണമെന്ന താല്പര്യങ്ങൾക്കുമുന്നിൽ കീഴ്പ്പെടാതെ വരുമ്പോൾ, മുഖം ആസിഡ് പുരട്ടിപൊള്ളിച്ച് ഇരുകൈകളും കൈമുട്ടുകൾക്ക് മുകളിൽ വെട്ടിക്കളഞ്ഞ് പർദ്ദയണിഞ്ഞ സുഗന്ധി . മീനാക്ഷി രാത്തിനം എന്ന നെഴ്സ്ന്റ്രെ ശുശ്രൂഷയിലും സംരക്ഷണത്തിലും വിദേശത്ത് കഴിഞ്ഞ് ജീവൻ തിരികെ ലഭിച്ചതാണു . പിന്നീട് വിദേശത്തെങ്ങോയിരുന്ന് ആ മീനാക്ഷി രാജരത്തിനം എന്ന ആ അമ്മയുടെ പേരിൽ ,പെണ്ണിന്റെ കണ്ണീരിനു , കഥകളും കവിതകളും ആൽബം സോങ്ങുകളും എഴുതി പൊരുതുകയാണു ! ഇന്ന് സുഗന്ധി !
സുഗന്ധിയെ പോലെ പ്രതികാരജ്വാല ഒളിപ്പിച്ചുകൊണ്ടു നടക്കുന്നവർ ആണു പൂമണിയും ,ആർക്കിയോളജിസ്റ്റും, ഗായത്രിയും .
ആഭ്യന്തര യുദ്ധാനന്തരം പ്രസിഡന്റിന്റ് ഭരണത്തിൻ കീഴിൽ ലങ്ക പൗരാവകാശ സ്വാതന്ത്ര്യവും ,അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്ക്കാര സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട ജനതയാണ് എന്ന് സേവ് വിലയിരുത്തുന്നു.കൊളൊമ്പോവിൽ വച്ച് അന്താരാഷ്റ്റ്ര ഉച്ചകോടി നടത്തുന്നത്, പ്രസിഡന്റിനു അന്തർദ്ദേശീയ തലത്തിൽ സമ്മതി ലഭിക്കാനുള്ള തന്ത്രങ്ങളാണു എന്നും രജനിതിരണഗാമയെ കുറിച്ച് സിനിമയെടുക്കുന്നതും ഈയക്കത്തിന്റെയും പ്രഭാകരന്റെയും കീഴ്വഴക്കളെ താറടിച്ച് പരസ്പരം ചളിവാരിയെറിയുക എന്ന ലക്ഷ്യം മാത്രമാണെന്നും സേവ് സംഘം വിലയിരുത്തുകയാണു.. ലോകസമൂഹത്തിനു മുന്നിൽ ഇതെല്ലാം പൊളിച്ച് കാണിക്കാനും തങ്ങളുടെ ശക്തി തെളിയിക്കാനും പ്രക്ഷോഭങ്ങൾസംഘടിപ്പിക്കാൻ അവർ തീരുമാനിക്കുന്നു .
യുദ്ധകാലത്ത് പട്ടാളത്തിലെയും ഈയക്കത്തിലെയും സേനകൾ, സ്ത്രീകളോട് ചെയ്ത അതിക്രൂരതകൾ പുറത്തുവരാതിരിക്കാൻ ഇരുകൂട്ടരും സദാ ജാഗരൂകരുമാണു .
S S F പ്രവർത്തകർ ഒരു വിഭാഗം പ്രസിഡന്റിനെ വധിക്കുക എന്ന ആശയം പങ്കുവയ്ക്കുമ്പോൾ യഥർത്ഥ മീനാക്ഷിരാജരത്തിനം എന്ന മുതിർന്ന വിഭാഗം അതിനെ അനുകൂലിക്കുന്നില്ല എന്നത് ഏറെ ശ്രദ്ധേയമാണു.ഫാസിസത്തിനും ഹിംസയ്ക്കും എതിരെ പ്രവർത്തിക്കുന്ന സംഘം , വിരുദ്ധശക്തികളുടെ പാതപിന്തുടരുന്നത് ശരിയല്ല എന്ന പ്രസക്തമായ അഭിപ്രായം ആണു വയ്ക്കുന്നത്.
എന്നാൽ സാധാരണരീതിയിൽ അവരൊന്നും പ്രതീക്ഷിച്ചതുപോലൊരു തുറന്ന പ്രതിഷേധ ആവേശം SSF ന്റെ പ്രവർത്തകരുടെ ഭാഗത്തു നിന്നും ഉണ്ടാകാതെ വരുമ്പോൾ അരുൾമൊഴി , യമുനാ , എന്നിവരുടെ ഹിംസാത്മകമായ ആശങ്ങളോട് യോജിക്കാൻ സുഗന്ധിയും ,ജൂലിയയും ,ഗായത്രിയും , ഉൾപ്പെടുന്ന യുവ സംഘം തയ്യാറാവുന്നു .
ഏതെങ്കിലും വിധത്തിൽ തങ്ങളുടെ പ്ലാൻ പൊളിഞ്ഞാൽ പകരം എന്തിനും തയ്യാറായി സുഗന്ധി തന്റേതായ മാർഗവും പ്ലാൻ ചെയ്യുന്നു . ജീവത്യാഗം എന്ന് നിശ്ചയിക്കുന്നു.! ഇനിവരുന്ന തലമുറക്ക് , SSF ന്റെ പ്രവർത്തകർക്ക് ആവേശം നൽകാൻ അത് പ്രേരണയാകും എന്നാണു സുഗന്ധിയുടെ കണക്കുകൂട്ടൽ ...
അരുൾമൊഴി ,യമുന എന്നീ പെൺകുട്ടികളെ പിടികൂടുന്ന മിലിട്ടറി സംഘ ക്രൂരമായി ബലാത്സംഗവും പീഡനം ഏല്പിക്കുന്നതും എത്രയോ ഭീകരം! എവിടുന്നാണു!! എങ്ങനെയാണു? നോവലിസ്റ്റ് ഇത്രയും ഭീതിദമായ രംഗങ്ങൾ ഒരുക്കൂട്ടുന്നത് എന്ന് അതിശയിക്കാം! ഇല്ല അത്രയ്ക്കും തന്മയത്വം !!
സഹസ്രാബ്ദങ്ങൾക്ക് മുൻപ് രണ്ടുമുലകൾ ആണു ഛേദിക്കപ്പെട്ടത് എങ്കിൽ ഇന്ന് രണ്ടുകൈകളാണു ഛേദിക്കപ്പെട്ടിരിക്കുന്നത് ! തന്റ്റേത് ആണ്ടാളിന്റെ പുനർജന്മം ആണെന്ന ഉറച്ച ധാരണയോടെ ,കാലാകാലങ്ങളിലായി പെണ്ണിന്റെ കണ്ണുനീർ വീഴുന്നിടത്ത് ഇനിയും ദേവനായകിമാർ ജന്മമെടുക്കും എന്നാണു സുഗന്ധി ഓർമ്മപ്പെടുത്തുന്നത്.അങ്ങനെ കൊളൊമ്പോഭൂവിനെ എരിയിച്ചു കൊണ്ട് , കണ്ണകിയായി അവൾ സുഗന്ധി ! ആണ്ടാൾ ദേവനായകി ആവുന്നു..
ശ്മശാനങ്ങളുടെ ഭൂമി എന്ന' സുസാന സുപിന' ലങ്കൻ ചരിത്രകഥയെ ആസ്പദമാക്കി പെൺപോരാട്ടങ്ങളുടെ ശക്തമായ അവതരണം കൂടിയാണിത്. ബൃഹത്തായ വീക്ഷണവും നിരീക്ഷണപാടവും നോവലിനെ ചരിത്രത്തിൽ അടയാളപ്പെടുത്തുന്ന ഒന്നാക്കി മാറ്റുന്നുണ്ട് .
എന്റെ വായനകൊണ്ട് ഇത് പൂർണ്ണമാവില്ല.വായിക്കണം! ഓരോരുത്തരും . ആഭ്യന്തരമായാലും , യുദ്ധവും പോരാട്ടങ്ങളും സമ്മാനിക്കുന്ന ഹൃദയം നുറുങ്ങുന്ന വേദനകൾ !എവിടെയുണ്ടോ ഹിംസയും കലാപവും ഇനിയൊന്ന് ആവർത്തി - ക്കാതിരിക്കാൻ ഏതു ഹൃദയവും നിർമ്മലീകരിക്കാൻ ഈ നോവലിനു കഴിയട്ടെ !
"' കനവ് തുലൈന്തവൾ നാൻ
കവിതൈ മറന്തവൾ നാൻ
കാതൽ കരിന്തവൾ നാൻ
കർപ്പ് മുറിന്തവൾ നാൻ
I am sad sad sad
I am mad mad mad "
നോവൽ വായിച്ചിറങ്ങിയാലും ഹൃദയം നുറുങ്ങുന്ന
വേദനയും നൊമ്പരവും ഉളവാക്കുന്ന ആ ആൽബം ഈരടി നെഞ്ചിൽ കനം വച്ച് നിൽക്കും !
അഭിനന്ദനങ്ങൾ ! ആശംസകൾ ,പ്രിയ നോവലിസ്റ്റ് ശ്രീ T D രാമകൃഷ്ണൻ ,
സ്നേഹപൂർവം ,മായ ബാലകൃഷ്ണൻ
****""******

Comments
Post a Comment