ഭാവുകങ്ങളോടെ ! രാധമീര

വളരെ നന്ദി സ്നേഹം രാധമീരാ ❤
പ്രിയ സുഹൃത്തും എഴുത്തുകാരിയുമായ 'രാധമീര ' യുടെ വാക്കുകളിൽ"  തുടികൊട്ട് "



തുടികൊട്ട്
=============
മായ ബാലകൃഷ്ണന്‍റെ "തുടികൊട്ട് " എന്ന കവിതാസമാഹാരം , മലയാളമൊഴിചൂടി  മലയാളമണ്ണിലേക്ക്  കവി നീട്ടിയ  ഉപഹാരം ആണ് . മുപ്പത്തിമൂന്നുകവിതകള്‍ അടങ്ങിയ ഈ സമാഹാരത്തില്‍ , പ്രകൃതിയുടെ , തുമ്പിപ്പാട്ടിന്‍റെ ,ബാല്യകാല ഓര്‍മ്മകളുടെ ,  രാധയുടെയുംമീരയുടെയും കൃഷ്ണപ്രണയത്തിന്‍റെ, പ്രണയത്തിന്‍റെ, ഭക്തിയുടെ, രാത്രിമുല്ലയുടെ,  ദേശസ്നേഹത്തിന്‍റെ
തുടികൊട്ടിപ്പാട്ടുകളാണ് .  

"വരൂ .. പിങ്ഗളേയരികത്തു വരിക  
നീ ചൂടിയ ചെമ്പകമലരുകളില്‍ 
ചേര്‍ത്തുവയ്ക്കെന്‍  ഗന്ധവും മൗനവും !" 
എന്ന് കവി പാടുമ്പോള്‍ വായനക്കാരന്റെയും  മനസ് ആര്‍ദ്രമാവും ഉറപ്പ് . കവി തന്നെ സ്വന്തം കവിതയെക്കുറിച്ച് പറയുന്നുണ്ട് , 
"വര്‍ണ്ണങ്ങള്‍ ഇല്ലാത്ത ചിത്രങ്ങളില്‍ 
നിറയുന്നവര്‍ണ്ണങ്ങളാണ് എന്‍റെ കവിത 
എഴുതിയാല്‍തീരാത്ത ഇതളുകള്‍ പൊഴിക്കും 
തരുക്കളാണ് എന്‍റെ കവിത ! "

അതെ.. ജീവിതത്തിന്‍റെ വര്‍ണ്ണംകെടുത്തിയ ചലനശേഷി ഇല്ലായ്മയോടുള്ള പ്രതിഷേധത്തിന്‍റെയും അതിജീവനത്തിന്റെയും നിറനിലാവായി വായനക്കാരന് മായയുടെ കവിതകളെ വായിക്കാന്‍കഴിയും . കാരണം തളരാത്ത പോരാട്ടവീര്യമുണ്ട് മായ എന്ന കവിയുടെ ഉള്ളില്‍ , ജീവിതയാത്രയുടെ  അരസികതയോട് നിരന്തരം കലഹിക്കുന്ന കവി മനസ്  , അനുവാചകന്റെ ഉള്ളിലും തന്‍റെ  ഈ കവിതകളിലൂടെ വര്‍ണ്ണങ്ങള്‍  പെയ്തിറക്കുന്നുണ്ട്, ജീവിതത്തോടു മത്സരിച്ചു,  സ്നേഹിക്കാന്‍ പഠിപ്പിക്കുന്നുണ്ട് . തിളച്ചുമറിഞ്ഞ ജീവിതവെയിലിനെ പ്രണയത്തിന്റെ  നറുംനിലാവാക്കി  അനുവാചകനെ ആസ്വദിപ്പിക്കുന്ന കവി മനസിന്‌ എല്ലാ ഭാവുകങ്ങളും നേര്‍ന്നുകൊണ്ട് .. 

രാധാമീര .



Comments

Popular posts from this blog

വാഴക്കുല യ്ക്ക് 80 വയസ്സ്

കൃഷ്ണ കവിത

സൗഹൃദം ! സുകൃതം !!