അമ്മുവിന്റെ ഓണം

അമ്മുവിന്റെ ഓണം.
=============== 
അമ്മേ ...നാളെയാണോ അമ്മേ നമ്മളു പോണത്. അമ്മു എന്നും ചോദ്യം ആവർത്തിച്ചു കൊണ്ടേയിരിക്കും.'ഓണപ്പരീക്ഷ കഴിഞ്ഞിട്ട് വേണം എന്ന് എത്ര പറഞ്ഞതാ അമ്മൂ....'  
അവൾക്ക് തിടുക്കം ആയി..എങ്ങനേങ്കിലും ഈ ഓണപ്പരീക്ഷ ഒന്ന് കഴിഞ്ഞിട്ടു വേണം മുത്തശ്ശിയുടെ വീട്ടിൽ പോവാൻ. അങ്ങനെ കാത്തുകാത്തിരുന്നു ഓണം ഇങ്ങ് എത്തി. പരീക്ഷേം കഴിഞ്ഞു. അവൾക്ക് സന്തോഷം അടക്കാനാവണില്ലാ...മ്മ്മ്...ഇനി നാളെ  വീട്ടിലെ പൂക്കളമിടലും നാട്ടിലെ ഓണക്കളീം ഓണസദ്യേം കഴിഞ്ഞാ പിന്നെ പുത്തനുടുപ്പൂം ഇട്ട്  ഒരു യാത്ര പോവാം..ഓണത്തിനും വിഷൂനും മാത്രം ഉണരുന്നൊരു വീടാണത് .മുത്തശ്ശീം മുത്തശ്ശനും പിന്നെ ഒരു കുഞ്ഞമ്മാവനും മാത്രമുള്ള വീട് .  
മൂന്നുംനാലും ബസ് കയറി അവിടെ എത്തുമ്പോഴേക്കും സന്ധ്യയാവും.
  " വിശാല വല്ല്യമ്മേം ദേവയാനി ചിറ്റേം ഒക്കെ ഇപ്പൊ എത്തീട്ടുണ്ടാവും ല്ലേ അമ്മേ ? അതോ നമ്മളാണോ ആദ്യം ചെല്ലുന്നേ ? " എന്തൊക്കെ ചോദ്യങ്ങളും ആകാംക്ഷകളുമായിരിക്കും ,അവിടെ എത്തുംവരേ ...! 
ഉച്ചതൊട്ടേ  ഓരോ ബസ്സ് വരുമ്പോഴും മുത്തശ്ശൻ  ബസ് സ്റ്റോപ്പിൽ വന്ന് കാത്ത്  നിക്കുന്നുണ്ടാവും.ബസ് ഇറങ്ങിയാൽ മുത്തശ്ശൻ അമ്മേടെ കയ്യീന്ന് ബാഗും ഞങ്ങടെ കയ്യിലെ കൊടേം ഒക്കെ  വാങ്ങി    
 വിശ്ശേഷങ്ങളും പറഞ്ഞു മുന്നേ നടക്കും . 
മെയിൻ റോഡ് കഴിഞ്ഞാ  പിന്നെ ഇടുങ്ങിയ ഒരു കുഞ്ഞുവഴിയാണ് .ഇരുപുറവും ഉയർന്ന മൺതിട്ട -യും ആഞ്ഞിലിയും പനയും പ്ലാവും മാവും നിറഞ്ഞ്  ചോലയും ഇരുളും വീണ തുരങ്കം പോലുള്ള വഴി .  വളഞ്ഞു പുളഞ്ഞുള്ള ആ വഴിയിൽ ചില ഭാഗത്ത് എത്തുമ്പോ ആനയുടെ വയർ പോലെ കരിമ്പാറകൾ പുറത്തേക്ക് തള്ളി നിൽക്കുന്നുണ്ടാവും .അമ്മൂനു  ശരിക്കും പേടിയാവും.പക്ഷെ അച്ഛനും അമ്മേം ചേച്ചീം ചേട്ടന്മാരും എല്ലാവരും  ഒരുമിച്ച് പിന്നിൽ പിന്നിൽ പോകുമ്പോ ഒരു പേടിയും തോന്നില്ല .കരിയിലകൾ മൂടിയ ആ വഴി തുടങ്ങുമ്പോഴേ ചീവീടുകള് സ്ക്രൂ മുറുക്കിയും അയച്ചും അങ്ങു വീട്ടു പടിവരെ കാതുതുളച്ചു കൊണ്ടിരിക്കും .
 ഹോ ! അതൊന്നു കടന്നു, ചെങ്കല്ല് നിരത്തിയ വീട്ടു പടിക്കൽ എത്തുമ്പോഴേക്കും എന്തൊരു ആശ്വാസമാ . ഞങ്ങളെ സ്വീകരിക്കാനെന്ന വണ്ണം  അവിടെ  മുത്തശ്ശീടെ പൂക്കളോം അതിലെ മാവേലിയുമുണ്ടാകും . പാവം മുത്തശ്ശീടെ മാവേലി ! കഷ്ടം തോന്നും .  ഞങ്ങളൊക്കെ അടിച്ചുപരത്തി വക്കുംമൂലയും മിനുസപ്പെടുത്തിയ മാവേലിയെ ഉണ്ടാക്കുമ്പോളിത്  മുത്തശ്ശ്യെ പോലെ ശരിക്കും നിവർന്നു നിൽക്കാനാവാതെ  . പാവം!  മുത്തശ്ശി . എത്ര പ്രായമായിട്ടാണ് എങ്കിലും, പടിമുതൽ നടുമുറ്റംവരെ 8 , 10  കളം ഉണ്ട് മുത്തശ്ശിക്ക് . തിരുവോണത്തിന് എല്ലാ കളവും മെഴുകി , അരിമാവണിഞ്ഞു തൂശനിലയിട്ടു തുമ്പക്കുടവും അടയും വച്ചു മാവേലിയെ എതിരേറ്റു ,മുത്തശ്ശീം മുത്തശ്ശനും കുഞ്ഞമ്മാനും 10 ദിവസോം പൂവിട്ട് ഓണംകൊള്ളും .
ഇത്രേം കളം മുഴോനും മുത്തശ്ശിക്ക് എവിടുന്നാ പൂക്കള്  !!?  അതിശയം തോന്നും . അതിനെന്താ പടിമുതൽ മുറ്റംവരെ എന്തോരം ചെടികളാ മുത്തശ്ശിക്ക് ! കടന്നുപോകുന്ന വഴി ഇരുവശത്തും കാശിത്തുമ്പ എത്രയെത്ര നിറത്തിലാ ! ഞങ്ങൾക്കിത്രയൊന്നും  ഇല്ലാലോ എന്ന് അസൂയ തോന്നും .പിന്നേം  നന്ത്യാർവട്ടം  ,നിത്യകല്ല്യാണി, നാലുമണിപ്പൂക്കൾ , ശംഖുപുഷ്പം ,വെന്തി ,ചെമ്പരത്തി,കിണറിനടുത്ത് മൈലാഞ്ചി ചെടികൾ മുറ്റത്തിന്റെ ചുറ്റുമതിലിൽ പടർന്നു കയറിയ ഈർക്കിൽമുല്ല , ആകാശമുല്ല ,ചെത്തീം തുളസ്സീം ,ഞങ്ങൾക്കില്ലാത്ത  എന്തോരം പൂക്കളാ മുത്തശ്ശിക്ക് ! "പൂ പറിക്കാൻ എങ്ങും പോകണ്ടാല്ലെ മ്മേ ... " എന്നും ചോദിച്ചോണ്ടാ  മുറ്റത്തേക്ക് കയറുന്നത് തന്നെ ..
   ആകെയൊരു പരിചയക്കുറവ് . എന്തോ പോലെ .... എന്തോരം നാളുകൂടിയാ വരണത് . പരുങ്ങിപ്പരുങ്ങി നിൽക്കുമ്പോ വിശാലൂ വല്ല്യമ്മ അഴിച്ചിട്ട മുടിയൊക്കെ വാരിക്കെട്ടി കൊണ്ട് പുറത്തേക്കു ഇറങ്ങി വരണുണ്ടാകും  .അപ്പോഴേക്കും കുഞ്ഞമ്മാമൻ ." ങേ ! ഇവളങ്ങോട്ട് പൊക്കം വച്ചല്ലോ?"എന്നും പറഞ്ഞ്  'ന്റെ  പുറത്ത് തട്ടിയൊരു കമന്റും പാസാക്കിക്കാണും.    ..ഞാൻ അമ്മേടെ സാരിത്തുമ്പ് പിടിച്ച് പിന്നിലേക്ക് ഒളിക്കും .
   അങ്ങേപ്പുറത്തു പറമ്പിൽ കൂക്കിവിളിയും ഒച്ചപ്പാടും ,കേൾക്കാനുണ്ട് . മധു ചേട്ടനും സത്യേട്ടനുമൊക്കെയാകും .വല്യമ്മേടെ മക്കളാ . അവരൊക്കെ നേരത്തേ എത്യേട്ടുണ്ടല്ലോ !കുട്ടീം കോലും, ഏറു പന്തും കളിക്കണതാകും .എല്ലാവരേയും കാണാൻ തിരക്കായി .
മുത്തശ്ശി എവിടെയാണോ ?അതിനു മുത്തശ്ശിക്ക് എവിടുന്നാ സമയം !! അടുക്കളേൽ തന്നെയുണ്ടാകും .പാവം ! ഇനിയുള്ള ദിവസ്സം അഞ്ചാറു മക്കളും മരുമക്കളും കൊച്ചുമക്കളും ,വല്ല്യോപ്പേ കൊച്ചോപ്പേ എന്നും വിളിച്ചോണ്ട് അമ്മാമന്മാരും നിറയുന്ന വല്യ ഒരു കുടുംബത്തെ ഊട്ടി ഉറക്കണ ചുമതല  മുത്തശ്ശിക്കല്ലേ   ..
മുത്തശ്ശി എല്ലാവർക്കും മാബലിക്കു നേദിച്ച അട എടുത്തു തന്നു. എന്തുരുചിയാ അതിനു..വീട്ടിലുണ്ടാക്കിയതിനു ഇത്രേം രുചിയൊന്നുമില്ലാ...അതും കഴിച്ച് പതിയെ തിരിഞ്ഞു നോക്കുമ്പോൾ ദാ...വടക്കേ തളത്തിൽ 
അമ്മമാരൊക്കെ കൂട്ടം കൂടി അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞിരുന്നു വർത്തമാനം തന്നെ ! വിശാലൂ വല്ല്യമ്മേം ദേവയാനീ വല്ല്യമ്മേം ചേർന്നാ നാട്ടിലെ പതിനാറടിയന്തിരത്തിനു പോയതും ചോറൂണ് സദ്യേം എന്നുവേണ്ട അയലത്തെ പശൂന്റെ പേറെടുത്ത കഥേം വരെ പറഞ്ഞിരിക്കണ കേട്ടാലുണ്ടല്ലോ !!!
ഹോ!  എന്തൊരു കൈകലാശവും  നവരസങ്ങളുമാ  ആടുന്നത്...  അന്തംവിട്ടു കുന്തംവിഴുങ്ങിയ പോലിരുന്നു പോകും നമ്മൾ . 
പതിയേ അങ്ങോട്ടു ചെന്നു .അടുത്തുള്ള കയറുപാകിയ കട്ടിലിൽ അള്ളിപ്പിടിച്ച് കമിഴ്ന്ന് കിടന്നു.  സൂത്രത്തില് അതൊക്കെ  കണ്ടും കേട്ടിരിക്കാനും  നല്ല രസാ ..
 ഹോ ! ഈ വല്ല്യമ്മ പറയുന്നതൊക്കെ എഴുതി വച്ചിരുന്നെങ്കില് നമ്മുടെ എം ടി യും മറ്റും തോറ്റുപോയേനെ .  ഇടയ്ക്ക് കുശുംബും കൂനുഷ്ടും വരുമ്പോഴാണെന്നു തോന്നുന്നു. അടക്കി അടക്കി സംസാരം ശ് ശൂന്നു കേൾക്കുന്നേ. ഇതെല്ലാം നോക്കിയിരിക്കുന്നൂന്നു അറിഞ്ഞാ , 'പോ പിള്ളേരേ പോയ്  കളിക്ക് ," എന്നും പറഞ്ഞ് ഓടിക്കും.  മുതിർന്നവർ സംസാരിക്കുന്നയിടത്ത് കുട്ടികൾ വന്നിരിക്കുന്നത് നല്ല ശീലമല്ലാന്നാ പറയണേ ...!
  മേൽമുണ്ട് ഒന്നൂടെ തോളത്തേക്ക് വലിച്ചുകേറ്റി അരയിലെ ഒറ്റമുണ്ട് ഒന്നൂടെ മുറുക്കിക്കുത്തി ,ചിലപ്പൊ അരയ്ക്ക് പിന്നിലൂടെ കൈതിരിച്ച് ഉടുത്തിരിക്കുന്ന ഒന്നൊര ഒന്ന് വലിച്ച്മുറുക്കി  അവര് സംസാരം  അടുത്തടുത്ത വിഷയങ്ങളിലേക്ക് കടക്കും .ഈസമയം തെക്കേപ്പുരയിലെ മുറി സുഭദ്ര ചിറ്റേം പപ്പിനി ചിറ്റേംകൈവശപ്പെടുത്തിയിട്ടുണ്ടാവും .അവര് നല്ല കൂട്ടാ .പുതിയ സാരീം ബാഗും ചെരുപ്പ്  വാങ്ങീതുമൊക്കെ പരസ്പ്പരം കാണിച്ചും കൊടുത്തും ഇരിക്കുമ്പോഴായിരിക്കും  കണ്ണനും കുഞ്ഞപ്പൂം, പപ്പിനി ചിറ്റേ പിടിച്ച് മാന്താനും കിണുങ്ങാനും തുടങ്ങുന്നത് .'പോ പിള്ളേരേ പുറത്തു പോയ് കളിക്ക് 'എന്നും പറഞ്ഞു ചിറ്റമാര് അവരേം വഴക്ക് പറയും .
 ഞാന് എത്ര വിളിച്ചതാ ആ ചെറുക്കന് കുഞ്ഞപ്പു .. ചിറ്റേടെ സാരിത്തുമ്പീന്നു വിടില്ല . അമ്പിളി  !  അവളുടെ ഉടുപ്പുകളും മാലയും കാണാന് എന്ത് ഭംഗിയാ  ...അവൾക്കെന്തോരം ഉടുപ്പാ... പക്ഷെ സിന്ധു ചേച്ചീം തുളസി ചേച്ചീം വിളിച്ചപ്പോ അവള് ഞങ്ങളുടെ കൂടെ വന്നൂ ട്ടൊ .അതിന്റെ ഗമയൊന്നും ഉണ്ടായില്ലാ ട്ടോ  . തെക്കേമുറ്റത്തെ  ഇലഞ്ഞിപ്പൂക്കള് , ഞങ്ങള്  പെറുക്കിയെടുത്തു  വാഴനാരു കൊണ്ട്  കോര്ത്തു കെട്ടിയത്  അമ്പിളിക്കൊച്ചിനു തലയില് വച്ചു കൊടുത്തു .തുളസി ചേച്ചീടെ തലനിറയെ പേനാ .തുളസി ചേച്ചീടെ തലയില് സിന്ധു ചേച്ചീം സിന്ധു ചേച്ചീടെ പിന്നില് ഞാനും എന്‍റെ പിന്നില് അമ്പിളിക്കൊച്ചും ഞങ്ങളങ്ങനെ വരി വരിയായിട്ട് തെക്കേകോലായില് നിരന്നിരുന്നു  തലയില് പേനുംനോക്കി . സമയം പോയതറിഞ്ഞേയില്ല . 
പെട്ടെന്നാ മുത്തശ്ശന് വന്നെ ! ഛെ .....ഛെ....! അശ്രീകരം .സന്ധ്യ നേരത്താ പേൻ  നോക്കണേ ....?എണീറ്റു പോടീ  പിള്ളേരെ .....മുത്തശ്ശന് മൂക്കിന്തുമ്പത്താ ദേഷ്യം എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് .അറിഞ്ഞതിപ്പോഴാ .
     അവിടന്നും എണീറ്റ് ചെല്ലുമ്പോള്‍ ദാ ....മുത്തശ്ശി അടുക്കള കെട്ടില് നിന്ന് നിലവിളക്കും കൊളുത്തി അറവാതിക്കലേക്ക് വരുന്നു .ഈ മുത്തശ്ശി എന്തിനാണാവോ അടുപ്പീന്നു , ഇത്രേം ദൂരത്തൂന്ന് വിളക്ക് കൊളുത്തിക്കൊണ്ട് വരണതാവോ ! തീപ്പെട്ടിക്കൊള്ളി പിശുക്കുന്നതാണെന്നാ ഞങ്ങളന്ന് കരുതിയേ. ... കയ്യുംകാലും കഴുകി മുത്തശ്ശിടെ പുറകെ ഞങ്ങളും സര്പ്പത്തിനും ധര്മ്മദൈവത്തിനും വിളക്കു വയ്ക്കാന് പോയി .നിറയെ കരിയിലമൂടി ഇല അനങ്ങുമ്പോ പേടിച്ച് പേടിച്ച് ,വല്ല പാമ്പിനേം കണ്ടാലോ എന്നാ പേടി .
" ഒന്നൂല്ലാ മക്കളെ ......അവര് ഒന്നും ചെയ്യീല്ല .നമ്മളെ കാത്തുപോരുന്നോരാ അവര് .ആരേം ഉപദ്രവിക്കില്ല .നമ്മളും ഉപദ്രവിക്കാതിരുന്നാ മതി ." മുത്തശ്ശി പറയും .
തിരിച്ചു ,ഓടിവന്ന് മുട്ടുകുത്തി  തിണ്ണയില് കയറി തൂക്കിയിട്ടിരിക്കുന്ന ഭസ്മ കൊട്ടയില് നിന്നും ഭസ്മം എടുത്തു തൊടാന് പിള്ളേരുടെ തെരക്കാ .നെറ്റിയിലും തൊട്ടു അതിത്തിരി നാവിലും വയ്ക്കണം . സുജിത്തിനും  സത്യേട്ടനും ഭസ്മം രുചിക്കാന് മടിയാ .
" നല്ല ഭസ്മമാ ..ശിവരാത്രിക്ക്  നമ്മുടെ വീട്ടിലുണ്ടാക്കിയതാ ,കഴിച്ചോ " എന്നൊക്കെ കുഞ്ഞമ്മാമന് പറയും . നിലവിളക്കിനു മുന്നിലിരുന്നു മുത്തശ്ശി നാമം ചൊല്ലുന്നുണ്ട്. മുത്തശ്ശി ചൊല്ലണ നാമം എതാന്നറിയാന് ഞാന് മുത്തശ്ശിയോട്   ചേര്ന്നിരുന്ന് കാതോര്ത്തു .അപ്പൊ മുത്തശ്ശി എന്നെക്കൊണ്ട് 
" രാമ !രാമ പാഹിമാം !രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാ !"എന്ന് ചൊല്ലിച്ചു തന്നു .നാമം ചൊല്ലാനിരുന്നിട്ടു, ബഹളം വയ്ക്കുന്ന പിള്ളേരെയെല്ലാം മുത്തശ്ശന് ശാസിക്കുന്നുണ്ട് .
നാമം ചൊല്ലല് കഴിഞ്ഞാ അത്താഴം ഊണാണ് .അത് വലിയ രസാ. ഓണസ്സദ്യയുടെ രണ്ടാം ഭാഗം! അടുക്കളപ്പുറത്ത് തളത്തില് ഞങ്ങള് ഒരു നാഴി പിള്ളേരുണ്ട് .പലകയും തടുക്കു പായുമിട്ടു എല്ലാരും  നിരന്നിരിക്കും . ദേവയാനി വല്ല്യമ്മേടേം വിശാലൂ വല്ല്യമ്മേടേം മക്കള് , സതീശൻ ചേട്ടനും ഉണ്ണ്യേട്ടനുമൊക്കെയാണ് ഞങ്ങളുടെ ഗ്രൂപ്പ് ലീഡറ്മാര് .മുത്തശ്ശി ഭയങ്കര പിശുക്കിയാന്നാ അവര് പറയണേ .ഇത്തിരീശ്ശെ എല്ലാം വിളമ്പൂ .....മുത്തശ്ശി കായുപ്പേരിയും ശര്ക്കര വരട്ടിയും വിളമ്പുന്നത് അവര് ആരും കാണാതെ അപ്പൊ തന്നെ പോക്കറ്റില് എടുത്തിടും .വിളമ്പിയില്ലാ എന്നും പറഞ്ഞു ബഹളം വച്ച് പിന്നെയും വിളമ്പിക്കും . അതുകണ്ട് ഞാന് വിളിച്ചു കൂവാന് തുടങ്ങിയതാ..... അപ്പൊഴാ സീതേച്ചി  എന്‍റെ വായ പൊത്തിയത് .ഉണ്ണ്യേട്ടന്‍റെ തന്നെയല്ലേ  പെങ്ങള്‍ !നല്ല പെങ്ങള്‍ . 
വിളമ്പി കഴിഞ്ഞാ മുത്തശ്ശിക്ക് ഒരു ഡയലോഗ്  ഉണ്ട്   .
         ’’ ഒരൊറ്റ വറ്റുപോലും ആരും ബാക്കി വച്ചേക്കരുത് .എല്ലാം കഴിച്ചോണം .” 
എങ്ങനെ ബാക്കി വയ്ക്കാനാ ....?! ഈ മുത്തശ്ശീടെ കറികൾക്കെല്ലാം  എന്തു രുചിയാ !പിന്നേം പിന്നേം വാങ്ങിക്കഴിക്കുമ്പോള് തോന്നും ;ഈ ചേട്ടന്മാര് പറയുന്നത്  ശരിയാ ,ഈ മുത്തശ്ശി ഭയങ്കര  പിശുക്കിയാ. ഹോ! അല്ലെങ്കില് ഒരുമിച്ചങ്ങു വിളമ്പിയാ മതിയില്ലായിരുന്നോ !? 
അല്ലെങ്കിലും ഈ മുത്തശ്ശീടെ അടുക്കളയ്ക്കും കറികൾക്കും എല്ലാം നല്ല മണമാ ! കുഞ്ഞു കുഞ്ഞു ഭരണികളിൽ ഉപ്പിലിട്ടത് ,കടഞ്ഞ മോരും ഭരണിയിൽ , സാമ്പാറും കാളനും ഓലനുമെല്ലാം കൽച്ചട്ടികളിൽ ,അരി വാറ്ത്തു വയ്ക്കുന്ന കാണാനും നല്ല രസമാണു . മരംകൊണ്ടു പണിത തോണി പോലെയുള്ള പാത്തികൾ ചെറുതുംവലുതുമായി കുറെ ഉണ്ടാകും .തവികളും മരത്തിന്റെ  തന്നെ.
പിന്നെ എപ്പൊഴും എരിഞ്ഞു കൊണ്ടിരിക്കുന്ന ഒരു അടുപ്പുമുണ്ടാകും . പിന്നേം  എതു നേരത്തായാലും കുറേ പഴഞ്ചോറുംണ്ടാവും.നല്ല ചുമന്ന ചോറ് !മാമ്പഴ പുളിശ്ശേരി ചേർത്തു അത് കഴിക്കാൻ എല്ലാരും മൽസരായിരിക്കും . ആ പഴഞ്ചോറിന്റെ മണം ! അതു പോലെ മുത്തശ്ശീടെ കാപ്പിക്കും ഒരു പ്രത്യേക കൊതിയൂറുന്ന മണമാ ! അതു പറയുമ്പോ അമ്മ പറയും .
  " അതേ മുത്തശ്ശി ,വീട്ടിലെ കാപ്പിക്കുരു , വറുത്ത്  പൊടിച്ചു ഉണ്ടാക്കുന്നതാ. "
" അതേ പത്തായത്തിലെ നല്ല പുന്നെല്ലിന്റെ  കുത്തരിയാ" . അതാ ഇത്രെം രുചി എന്നൊക്കെ . 
 നമുക്കും കൃഷിയുണ്ടെങ്കിൽ പത്തായോം പുന്നെല്ലുമൊക്കെ ഉണ്ടാവും ല്ലേ അമ്മേ...?പിന്നേ കൃഷി ചെയ്തോണ്ടിരിക്കാനിപ്പൊ എവിടാ സമയം.അമ്മയ്ക്കെപ്പോഴും സമയത്തിന്റ്റെ കാര്യം പറയാനുള്ളൂ... 
എല്ലാരും എണീറ്റ് പോയിട്ടും കണ്ണന് മാത്രം  ചവച്ചും കൊണ്ട് അവിടെ തന്നെരിക്യാണ് .എന്താ മോനെ എന്നും പറഞ്ഞു കുഞ്ഞമ്മാന് അടുത്ത് ചെന്നപ്പോ അവന്‍ മോങ്ങാന്‍ തുടങ്ങി . എന്താ മോനെ എന്താ വേണ്ടേ ? കുഞ്ഞമ്മാന് നോക്കുമ്പോള്‍അവന്റെ വായിൽ ഒരു പഴത്തൊലി .  ഒന്നും ബാക്കി വയ്ക്കരുതെന്നു പറഞ്ഞൂ.ന്നും പറഞ്ഞ് ഏന്തിഏന്തി  കരയുന്ന കേട്ട്  ഞങ്ങളൊക്കെ  "പൊട്ടൻ പൊട്ടൻ!'  എന്ന് പറഞ്ഞ്  ആർത്തുചിരിക്കാൻ തുടങ്ങി.അപ്പോ എണീറ്റ് പോടാ എന്നും പറഞ്ഞ്  കുഞ്ഞമ്മാൻ അവന്റെ ചന്തിക്ക് ഒരടീം വച്ചുകൊടുത്തു എണീപ്പിച്ച് വിട്ടു . 

ഞങ്ങളുടെ ഊണിന്റെ നേരത്താ കൊച്ചച്ചന്മാരും അമ്മാമന്മാരു മൊക്കെ തെക്കേ തളത്തിൽ സഭ കൂടുന്നത് .കുഞ്ഞമ്മാനു വല്യ കോളാമ്പി പോലത്തെ ഒരു ഗ്രാമഫോൺ ഉണ്ട് . അതിലൊന്നും ഞങ്ങളാരേം തൊടീക്കില്ല.
 *ചക്കര പന്തലിൽ തേന്മഴ ചൊരിയും ചക്രവർത്തി കുമാരാ...... * പിന്നേം " മാരിവില്ലിൻ തേന്മലരേ മാഞ്ഞു പോകയോ....." ഇങ്ങനെ എത്രയോ ഗാനങ്ങൾ .  അവരുടെ സദിരു തീരുമ്പോഴേക്കും ഞങ്ങളെല്ലാവരും ഓരോ പായും തലയിണയും പുതപ്പും കൈവശപ്പെടുത്തിയിട്ടുണ്ടാവും. പിന്നെ നാടകവും മിമിക്രിയും പാട്ടുപാടലും  അടീംപിടീം  ഉറക്കോം ഒക്കെ  കഴിയും അതോടെ.  
 രാവിലെ ഉണരുമ്പോൾ ദേവയാനി വല്ല്യമ്മ ഞങ്ങൾക്കെല്ലാം ഉമിക്കരീം പച്ചയീർക്കിലി കീറിയതും വച്ചിട്ടുണ്ടാകും .കുറെപേർ മുറ്റമടിക്കാനും വേറെ കുറച്ചുപേർ അടുക്കളപ്പാത്രങ്ങളെല്ലാം ചാരമിട്ട് തേയ്ക്കാനും വെള്ളം കോരലും അങ്ങനെ എവിടെ നോക്കിയാലും ഒരു ഉൽസവലഹരി പോലെയാ മുത്തശ്ശി വീട് .
പതിവ് പോലെ മുത്തശീം കുഞ്ഞമ്മാനും ചേർന്ന് ആടിനെ കറക്കാൻ തുടങ്ങിയിരിക്കയാണു .കണ്ണനും കുഞ്ഞൂസും ലച്ചൂം ആടിനെ തൊടാനും തലോടാനും ചുറ്റും വളഞ്ഞു നിൽപ്പു തുടങ്ങി  .  പിൻ കാലുകൾ  അമർത്തി പിടിച്ചിരിക്കുന്ന  കുഞ്ഞമ്മാന്റെ പിടിവിടുവിച്ച് ആട് ഇടയ്ക്കിട്യ്ക്ക്  കുതറും . ശൂ ശൂ ന്ന് പാലു പതഞ്ഞ് കപ്പിലേക്ക് . അതുചേർത്ത് മുത്തശ്ശി ഉണ്ടാക്കി തരുന്ന കാപ്പികുടിയും കഴിഞ്ഞാൽ പുഴയിൽപോയി ഒരു  കുളിയുണ്ട് .പുഴയിൽ ചുഴിയുണ്ട് വെള്ളത്തിൽ പോകും എന്നൊക്കെ പറഞ്ഞ് പേടിപ്പിച്ചിട്ടാ കൊണ്ടു പോകുന്നത് .അതും കഴിഞ്ഞ് ഈറനോടെ അമ്പലത്തിലും പോയി മടങ്ങി വരുമ്പോ കുട്ടികളൊക്കെ മുന്നിട്ട് മുന്നിട്ട് ഓടും .
ഈ അമ്മമാരൊക്കെ എപ്പൊഴും തിരിഞ്ഞ് നിന്ന് കാണുന്നവരുമായി ശ്യാമളേ... ,എടി  ലളിതേ ...എന്നാടീ മിണ്ടാതെ പോണെ? അല്ലെങ്കി പപ്പിനീ നിനക്കെന്നാടീ വല്ലാണ്ട് ക്ഷീണം !?നിന്റെ  പിള്ളാരൊക്കെ എന്നാ എടുക്ക്വാ ? ഹോ!! എന്തോരു ക്ഷേമാന്വേഷണങ്ങൾ ! 
അതിനിടയിൽ പാടവരമ്പുകളും വേലീം പറമ്പുകളും കടന്നു  ഓടുമ്പോ പിന്നീന്ന് വിളി വരും. ഓടല്ലേ ... അവിടെ നില്ല് കണ്ണാ ,ലച്ചൂ ,അമ്പിളീ..... അവിടെ കുളമൂണ്ട് ,പൊട്ടക്കിണറുണ്ട്,എന്നൊക്കെ തുടങ്ങും.   പോകുന്ന വഴിയ്ക്കൊക്കെ ഉണ്ണ്യേട്ടനും   ,സതീശേട്ടനും ഞങ്ങൾക്ക് തൊണ്ടി പഴോം  ആന്തക്കായേം ,അമ്പഴോംക്കെ പറിച്ചു തരും .
തിരിച്ചു ചെല്ലുമ്പൊ  മുത്തശ്ശി അടുക്കളേൽ പപ്പടം കാച്ചുന്ന മണം ! അടുക്കളേടെ വാതിക്കൽ ചെന്ന് നോക്കിയപ്പോ  'ചോറുണ്ടിട്ട് പോയാൽ മതീ ട്ടൊ ! ഇപ്പൊ ആകും ' എന്നു പറഞ്ഞ് തിരക്കു പണികളിലാ മുത്തശ്ശി.
തിരിഞ്ഞു നോക്കുമ്പോൾ ഒരൊരുത്തരായി അവരവരുടെ ഭാണ്ഡങ്ങൾ  മുറുക്കി തുടങ്ങിയിരിക്കുന്നൂ .ചേട്ടന്മാർ പത്തായത്തിനുള്ളിൽ നിന്നും ഉണക്കിയ കപ്പയും ഉരുട്ടിയ പുളിയും ,കായേം ചേനേം ഇങ്ങനെ ഓരോന്നും എല്ലാവ്വർക്കുമായി സഞ്ചികളിലും ചാക്കുകളിലും നിറച്ചു വയ്ക്കുകയാണു.  .  ഒരു ഭാഗത്ത്  യാത്രയാവലും കണ്ണെഴുതി പൊട്ടു തൊടലും . 
ഇനിയുള്ള ദിവസങ്ങൾ മുത്തശ്ശി തനിയെ ..വീട്ടിലും പറമ്പിലും എല്ലാ പണികളും തനിയെ ചെയ്ത് !എന്റെ മനസ്സിൽ എന്തോ ഒരു വിങ്ങൽ.
ഉച്ചയാകുമ്പോഴേക്കും ഓരോ കുടുംബങ്ങളും പടിയിറങ്ങാൻ തുടങ്ങും . ഉൽസവം കഴിഞ്ഞ അമ്പലം പോലെ ആളും പൂരവും കൊടിയിറങ്ങിയ പൂരപ്പറമ്പു പോലെ നിശബ്ദമാകുകയാണു ഇനിയുള്ള ദിവസ്സങ്ങൾ.
  "ഇനി എന്നാ വരിക?"  ചെന്നിട്ട്  കത്തിടില്ലേ ,,?" സന്തോഷങ്ങൾക്ക് വിരാമമിട്ട് ,  യാത്ര ചോദിക്കലിന്റേയും വേർപിരിയലുകളുടേയും നിമിഷങ്ങൾ . ബസ് സ്റ്റോപ്പ് വരെ   മുത്തശ്ശനും  കൂടെ ഇറങ്ങും .പടി വരെ കുഞ്ഞമ്മാനും .മുത്തശ്ശി കാലും നീട്ടിയിരുന്നു ചെല്ലം അടുത്ത് വച്ച് വെറ്റില, ഞെട്ട് കളഞ്ഞ്  നൂറും തേച്ച് മൗനത്തിലേക്ക് കൂപ്പു കുത്തും .
അങ്ങനെ അവസാന കുടുംബവും ഇറങ്ങുന്നതോടെ എല്ലാം പതിവ് പടിയിലേക്ക് .
കിഴക്കേ മുറ്റത്തെ മുല്ലവള്ളി പടർന്നു കയറിയ കൂവള ചോട്ടിൽ പോവാൻ മടിച്ച് ഞാനങ്ങനെ ഓരോന്നും ആലോചിച്ചും കൊണ്ടിരുന്നു . വിശാലമായ പുരയിടം,  താഴെ പാടവും  കൊറ്റികളും ,പുല്ലും ചെളിയും പൊതിഞ്ഞ്  നെടുകെ  കുറുകെ പിളർന്ന വരമ്പുകളും ,അങ്ങും ഇങ്ങും ഓരോ കുളവും,ഹൊ! നല്ല രസോണ്ടാവും ഇതിലേ ഇങ്ങനെ ഓടിനടക്കാൻ .
അടുത്തെങ്ങും അധികം  വീടുകളില്ലാതെ ,ആളനക്കങ്ങളില്ലാതെ , വല്ലപ്പോഴും  പറമ്പിന്റെ ഏതെങ്കിലും  മൂലയിൽ നിന്നു അമ്മിണി പശൂന്റേയോ ആട്ടിൻ കുട്ടിയുടേയോ കരച്ചിലോ,കിണറ്റുകരയിലെ കപ്പി വലിയുന്ന കിളി നാദമോ  മാത്രം .  കുറച്ചു ദിവസം മുത്തശ്ശീടെ കൂടെ ഇവിടെ അങ്ങനെ താമസിക്കണം .നല്ല രസായിരിക്കും . മുത്തശ്ശി അങ്ങനെ അധികം സംസാരിക്കില്ല്യ. ഈ മുത്തശ്ശിക്ക് എങ്ങനാണോ ഇത്രേം സംസാരിച്ചോണ്ടിരിക്കുന്ന മക്കളുണ്ടായേ  !   പക്ഷേ   ഒറ്റയ്ക്കാണെങ്കിൽ മുത്തശ്ശി അടുത്തിരുന്ന് ഒത്തിരി വിശേഷങ്ങളും കഥകളുമൊക്കെ പറഞ്ഞു തരും .
അല്ലെങ്കിൽ കുറച്ചു ദിവസം  മുത്തശ്ശിയെ  വീട്ടിൽ വന്നു നിൽക്കാൻ  വിളിച്ചാലോ. മ്മ്മ്   .... മക്കൾ ആരു വിളിച്ചാലും എങ്ങും പോകില്ല മുത്തശ്ശി.  ഒരു  നൂറുകൂട്ടം  പണിതിരക്കുകളാ എപ്പൊഴും.   പശു പ്രസവിക്കാറായി ,കൊയ്ത്തുകാലമായി ,ചേന നടാറായി പുളി കുത്താനുണ്ട് മ്ം!!
ഹോ ! ഇനി എന്നാണൊ മുത്തശ്ശിയെ ഒന്ന് സ്വസ്ഥായി അടുത്ത് കിട്ടുന്നത് !ഒറ്റയ്ക്കാണെങ്കിലേ മുത്തശ്ശി അടുത്തിരുന്ന് ഓരോ കഥ കളും വിശേഷങ്ങളുമൊക്കെ പറയൂ .തൂണിലുംതുരുമ്പിലും ദൈവമുണ്ടെന്നു പറഞ്ഞ് ഭഗവാൻ, നരസിംഹമൂർത്തിയുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടത് .! ഹിരണ്യകശിപു വിനു വരം കിട്ടിയിട്ടുണ്ട് ത്രേ .
സ്ത്രീയോ പുരുഷനോ തന്നെ വധിക്കാൻ പാടില്ല .രാത്രിയോ പകലോ പാടില്ല .ഭൂമിയിലോ ആകാശത്തോ വച്ചോ പാടില്ല ! ഹോ! പിന്നെ എന്തു ചെയ്യും ? ദേവന്മാർ വിഷമിച്ചു പോയില്ലേ !
അതുപറഞ്ഞപ്പോ ആദ്യം  ശരിക്കും പേടിച്ചുപോയി . ഒരു  ശിവരാത്രിക്ക്  മണപ്പുറത്ത് ഉറക്കമിളച്ച് ഇരിക്കുമ്പോഴാ മുത്തശ്ശി ഈ കഥ പറഞ്ഞു തന്നത് .
അമ്മൂ ...നീ ഇത് എവിടെയാ ?ശ്ശോ!എത്ര നേരമായ് അന്വേഷിക്കണു . ഇവിടെ വന്ന് നിക്കാണോ ? പോകണ്ടേ ?വേഗം ചെന്ന് ഉടുപ്പ് മാറ് .അമ്മ ദേ ബഹളം വച്ചോണ്ട് വന്നിരിക്കണു.
അമ്മേ ....അമ്മേ .. 
അമ്മ തിരിഞ്ഞു നിൽക്കാതെ ഓട്ടത്തിലാ .
പിന്നേം ന്റെ കിണുക്കം കേട്ട് , എന്താ പെണ്ണേ 
ഞാൻ പോരണില്ല .
പോരണില്ലേ !?
ഇല്ല്യ .ഞാൻ ഇവിടെ കുറച്ചു ദിവസോം കൂടി നിന്നോട്ടെ അമ്മേ ?
എന്തിനു ഇവിടെ വേറാരും ഇല്ല്യ .അമ്മക്കു വിശ്വസിക്കാനാവുന്നില്ല .രണ്ട് ദിവസം കൂടി കഴിഞ്ഞാ സ്കൂളിൽ പോകണ്ടേ !? വെക്കേഷൻ  വരട്ടെ .അപ്പൊ തുളസ്സി ചേച്ചീം അമ്പിളീം സീതേം ഒക്കെ ഉണ്ടാവും .എന്നിട്ടാവാം .  മ്മും!  ഞാനും സമ്മതിച്ചു  . 
എന്നാ അടുത്ത ഓണത്തിനു പത്തുദിവസ്സോം ഇവിടെ നിറുത്തുവോ....
ഓ....അങ്ങനെ ആവാം ! അമ്മ ദേഷ്യം പിടിച്ചോണ്ട് ഓട്ടമായി..
അന്ന് വളരെ സന്തോഷത്തോടെയാണു അമ്മുവും പടിയിറങ്ങിയത് .
 ഒടുവിൽ  കാത്തിരുന്ന ഓണം , വിഷു ,മധ്യവേനൽ അവധിക്കാലം . എന്തെല്ലാം  സ്വപ്നങ്ങൾ ! എന്തെല്ലാം പ്രതീക്ഷകളായിരുന്നു  .ആ പറമ്പിലും മുറ്റത്തും , മുത്തശ്ശിയ്ക്കൊപ്പം നടന്ന് ,ആ സ്നേഹം ആവോളം അറിഞ്ഞ്  , കൈകൊട്ടിപ്പാട്ടുകൾ പാടി ,കാക്കപ്പൂവിന്റെ കഥ ,  അരക്കില്ലത്തിന്റെ കഥ ,സീതാദേവി ഭൂമി പിളർന്ന് പോകുന്ന കഥ,99 ലെ വെള്ളപ്പൊക്കം  ഇങ്ങനെ എന്തെല്ലാം കേൾക്കാനുണ്ടായിരുന്നു .  
 പക്ഷേ പെട്ടന്നല്ലേ,  തന്റെ സ്വപ്നങ്ങളുടെ  തെളിഞ്ഞ ആകാശത്തേക്ക് , തെക്കേതൊടിയിലെ ചിത എരിഞ്ഞുയർന്നത്  ! അന്ന്  അവിടമാകെ മൂടിയ പുകച്ചുരുളുകൾക്ക്  മീതെ ഘനീഭവിച്ച ദുഃഖബിന്ദുക്കളായ് ഇടവമഴ ആടിതിമിർത്തത് !?  മടങ്ങിവരാത്ത കാലത്തേയും പേറി വീശിയടിച്ച കാറ്റ് ,  മനസ്സിൽ തോരാതെ പെയ്യാനും തുടങ്ങിയത്  ?? ! എങ്കിലും വർഷമേഘ സന്ധ്യകളിൽ കുങ്കുമവർണ്ണം ചാലിച്ചൊരു മുത്തശ്ശിക്കാലം അമ്മുവിന്റെ മുന്നിൽ  ഇന്നുമുണ്ട് .  ആരവവും ഉൽസവവും നിറഞ്ഞ ആ കുട്ടിക്കാലം   ! 

സ്നേഹപൂർവ്വം സ്നേഹിത , 
മായ ബാലകൃഷ്ണൻ 





  

Comments

Popular posts from this blog

വാഴക്കുല യ്ക്ക് 80 വയസ്സ്

കൃഷ്ണ കവിത

സൗഹൃദം ! സുകൃതം !!