അങ്കമാലിക്ക് നന്ദി

2017:ഒക്ടോബർ 1 അങ്കമാലി നഗരസഭയുടെ സ്നേഹാദരവ് ഏറ്റുവാങ്ങാൻ കേരളോത്സവംസമാപന വേദിയായ  നായത്തോട് ജി മെമ്മോറിയൽ സ്കൂളിൽ   പോയി.  എഴുത്തിനപ്പുറം /ഒരു സാധാരണ വ്യക്തി എന്നതിലുപരി ഞാൻ ഒരു പ്രത്യേക വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന വ്യക്തികൂടിയാണല്ലോ.ഈ സമൂഹത്തോട്  രണ്ടുവാക്ക് സംസാരിക്കണം എന്ന് എനിക്കും തോന്നി! .അങ്ങനെ 
പോയതാണു.ദീർഘവർഷങ്ങൾക്കു ശേഷമാണു ഞാൻ ആ പൂർവ്വവിദ്യാലയത്തിലേക്ക് എത്തിയത്. 
ഞാൻ കവിതകൾ ചൊല്ലിവളർന്ന വിദ്യാലയം , വേദികൾ കയറി മൈക്കിനു മുന്നിൽ നിന്നിട്ടുള്ളതും എല്ലാം ഇവിടെയായിരുന്നല്ലോ എന്ന സന്തോഷം അന്ന് എന്റെ വാക്കുകളിൽ തുടിച്ചു നിന്നു.   .അതിനു അവസരം തന്നവരോട് ആദ്യം തന്നെ നന്ദി പറഞ്ഞു തുടങ്ങി.  എന്റെ ഗുരുക്കന്മാരെയും സ്മരിച്ചു അനുഗ്രഹത്തോടെ  സംസാരം തുടർന്നു..


"   അക്ഷരം വെളിച്ചമാണു  അറിവാണു ആനന്ദമാണു. എനിക്കിത് 
ആത്മവിശ്വാസവും ആർജ്ജവവുമാണു തന്നിരിക്കുന്നത്.   അക്ഷരവഴികളിൽ എഴുത്ത് എന്നത് ഇരുട്ടിനെ അകറ്റി വെളിച്ചം   പകരുന്നതാണു . ഇരുട്ട്  മനുഷ്യമനസ്സുകളിലെയാവാം, സമൂഹത്തെ /രാഷ്ട്രത്ത ബാധിച്ചിരിക്കുന്നതാവാം !ചിന്തകളും  ആശയങ്ങളും അക്ഷരങ്ങളായ് ആളിപ്പടരുമ്പോൾ ഭയക്കുന്നവരും ഉണ്ട്.ഇവിടെ ഒന്നിനെ വെടിയുതിർത്ത് ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ അക്ഷരാഗ്നി അതൊന്നൊന്നിലേക്ക് ഓരോ ഹൃദയത്തിലേക്കും പകരുകയാണു .

ഇവിടെ എന്നെ ആദരിക്കുക എന്നു പറയുമ്പോൾ നഗരസഭ വലിയൊരു സന്ദേശമാണു സമൂഹത്തിനു നൽകുന്നത്.കാരണം ഞാനൊരു, സാധാരണ വ്യക്തിയെന്നതിലുപരി ഒരു പ്രത്യേക വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്നയാളാണു. .മനസ്സ് തളരാത്തിടത്തോളം ഒരു വൈകല്യവും ആരേയും ബാധിക്കില്ല.എന്നിരിക്കിലും 
കാഴ്ച്ചകളും കേൾവിയും ചലനവുമെല്ലാം കട്ടെടുത്ത ജീവിതത്തോട് എന്നും ഒരു കരുതൽ/ പൊരുതൽ  കാത്തുസൂക്ഷിക്കുന്നവരാണു ഭിന്നശേഷിക്കാരായിട്ടുള്ളവർ .സമൂഹത്തിൽ 
 അരികുപറ്റി ജീവിക്കുന്നവർ ! സ്വന്തം കുടുംബത്തെ മാത്രം ആശ്രയിച്ചു കഴിയുന്നവരാണു.പലപ്പോളും ചുറ്റുപാടുകൾ അവരെ കണ്ടില്ലെന്ന് നടിക്കുന്നു  . 
എന്നാൽ, നിങ്ങളും ഈ സമൂഹത്തിന്റെ ഭാഗമാണു എന്ന് പറയാനുള്ള , ആർജ്ജവമായിട്ടാണു ഞാൻ ഈ ആദരിക്കൽ ചടങ്ങിനെ  കാണുന്നത്.
എപ്പൊഴും മുകളിലുള്ളവരെ മാതൃകയാക്കുകയാണു സാമാന്യ ജനം! 
ഇവിടെ ഭരണതലത്തിൽ /അധികാരപ്പെട്ടവർ കാണിക്കുന്ന മാതൃക അത് സമൂഹത്തിനു നൽകുന്ന വലിയൊരു സന്ദേശമാണു നൽകുന്നത്..  


പലപ്പൊഴും ഭിന്നശേഷിക്കാരുടെ അവരുടെ ആവശ്യങ്ങൾ, അവകാശങ്ങൾ ,എല്ലാം മടികൂടാതെ അവരിലേക്കെത്തിക്കാൻ , കുറച്ചൊക്കെ സമൂഹത്തിനും സാമാന്യ ജനങ്ങൾക്കുമാവാം.. പിന്നിലേക്കല്ല ,മുന്നിലേക്ക്, എന്നുപറഞ്ഞു കൈപിടിച്ചുയർത്താൻ 
ഒപ്പം നിൽക്കാൻ ,കൂടെ കൂട്ടാൻ , മുഖ്യധാരയിലേക്ക് കൂട്ടാൻ 
സമൂഹത്തിന്റെ ഭാഗമാക്കാൻ ആർക്കും ആവാം!
ഒരു കൈത്താങ്ങായി കടന്നുവരാം.അതു  ഉയർന്ന കാഴ്ച്ചപ്പാട് / ഉയർന്ന സാംസ്കാര മൂല്യം (ബോധം)  ആണു വെളിപ്പെടുത്തുന്നത് !  
ഈയൊരു അവസരത്തിൽ അക്ഷരദീപ്തിയിലെ ഒരു ചെറുതിരിയായ എന്നിലൂടെ സമൂഹത്തിനു നൽകുന്ന വെളിച്ചമായി ഞാനിതിനെ കാണുന്നു. 
അതിനു ഞാൻ നിങ്ങളേവരോടും കടപ്പെട്ടിരിക്കുന്നു!
ഈ ആദരവ് എന്റേതുപോലുള്ള എല്ലാ സഹോദരീ സഹോദരന്മാരുടേയും ആത്മവിശ്വാസം ഉണർത്തുന്നതാണു.അവർക്കായി ഞാനിത് സമർപ്പിക്കുന്നു." സ്വല്പം തപ്പിയും തടഞ്ഞും എങ്കിലും ഉറച്ചു തന്നെ സംസാരിച്ചു.


സംഘാടക സമിതിതിയോടും ,  നഗരസഭയോടും എഴുത്തുവഴികളിൽ എന്നും കൂടെ നിന്നിട്ടുള്ള സുഹൃത്തുക്കൾ വായനക്കാർ , പ്രോത്സാഹനം തന്നിട്ടുള്ള നാട്ടുകാർ  എല്ലാവരോടും നന്ദി പറഞ്ഞു അവസാനിപ്പിച്ചു.....
എല്ലാവരും ഒരുമിച്ചു ഫോട്ടോയെടുത്ത് സെൽഫിയെടുത്ത് ഒരു നിർവൃതിയോടെ മടങ്ങി.ആദ്യ അനുഭവം ആയിരുന്നു.കാരണം അതിനു മുൻപ് പങ്കെടുത്ത രണ്ടു പൊതുചടങ്ങിലും ഞാൻ അത്ര ആരോഗ്യത്തോടെയായിരുന്നില്ല.അതിന്റെ നിഴൽ എന്നിൽ പ്രതിഫലിച്ചിരുന്നു. ശോഭകെടുത്തിയിരുന്നു എന്നുപറയാം!


മായ ബാലകൃഷ്ണൻ 

Comments

Popular posts from this blog

വാഴക്കുല യ്ക്ക് 80 വയസ്സ്

കൃഷ്ണ കവിത

സൗഹൃദം ! സുകൃതം !!