" നിഷ്കാസിതരുടെ ആരൂഢം"  (കവിതാസമാഹാരം) പ്രകാശനം .

ജീവിതത്തിലെ മറക്കാനാവാത്ത ഒരു ദിനമായി ഈ പ്രകാശന ചടങ്ങ് .
വയലാർ കുടുംബത്തിന്റെ അനുഗ്രഹാശിസ്സുകളോടെ എന്ന് ആദ്യം തന്നെ ഫേസ്ബുക്കിൽ കുറിക്കുമ്പോൾ അതിത്രയും സ്വപ്ന   തുല്യമാവുമെന്ന് കരുതിയിരുന്നേയില്ലാ....
 വയലാർ കുടുംബത്തിൽ നിന്ന് സാക്ഷാൽ വയലാറിന്റെ പ്രിയ പത്നി ഇപ്പൊ നമ്മുടെയൊക്കെ അമ്മയായി തീർന്ന ഭാരതി തമ്പുരാട്ടിയും ,അച്ഛന്റെ പാരമ്പര്യത്തിൽ ഗാനരചന നടത്തി മലയാളികളുടെ  ഹൃദയത്തിൽ ഇടം പിടിച്ച വയലാർ ശരച്ചന്ദ്രവർമ്മ , പത്നി , സഹോദരിമാർ നമ്മുടെ പ്രിയപ്പെട്ട ഇന്ദുലേഖാ ചേച്ചിയും അനിയത്തി സിന്ധുവും എല്ലാവരും വേദിയിൽ വന്നു പ്രകാശന ചടങ്ങിനു സാക്ഷിയായി.

ബഹുമാനാദരങ്ങളോടെ  ശരത് സർ എന്നു വിളിച്ചിരുന്ന എനിക്ക് ചടങ്ങ് കഴിയുമ്പോഴേക്കും ശരത്തേട്ടൻ എന്നു തന്നെ മനസുതുറന്ന് വിളിക്കാവുന്ന വിധം വാത്സല്യവും സാഹോദര്യവും നിറച്ചു തന്നു!

വേദിയിൽ സ്വാഗതം ചെയ്തു കൊടുത്ത പൂവ്  ശരത്തേട്ടൻ  അതപ്പോൾ തന്നെ കൊച്ചുകുട്ടിക്കെന്ന പോലെ  എന്റെ നേരെ നീട്ടി...
കുറച്ചു കഴിഞ്ഞ് എനിക്കും കിട്ടി ഒരു പൂവ് ! ഞാനും അതപ്പോൾ തന്നെ ഒന്നു സംശയിച്ചിട്ടെങ്കിലും നമ്മുടെ ഏട്ടനു കൊടുത്തു..  സന്തോഷത്തോടെ വേഗം അതുവാങ്ങി പോക്കറ്റിൽ വച്ചു! അവിടുന്നിറങ്ങും വരെ ആ കൊച്ചു പൂവ് ശരത്തേട്ടന്റെ പോക്കറ്റിലുണ്ടായിരുന്നു.... 
  ഞാൻ ചോദിക്കും മുൻപു തന്നെ പ്രകാശനം ചെയ്ത പുസ്തകത്തിൽ കയ്യൊപ്പോടെ രണ്ടുവരിയും എനിക്കായി കുറിച്ച് എന്റെ കയ്യിൽ വച്ചു തന്നു....
" ആത്മാവിൽ ശ്രുതി ചേരട്ടെ ,
ജീവനഗീതം പോലെ
ആ കാവ്യമൂറട്ടെ ജന്മഭൂമി തൻ മാറിൽ " എന്നായിരുന്നു അത്!


വന്നപ്പോൾ മുതൽ സംഘാടകർക്കൊപ്പം ഓടിനടന്നും ഇടയ്ക്ക് വേദിയിൽ തന്നെ പൂട്ടിയിരിക്കാതെ സദസ്സിലും ശ്രീമൂലനഗരം മോഹൻ സർ നെ കണ്ടപ്പോൾ അടുത്ത് ചെന്നിരുന്ന് കുശലം പറഞ്ഞ് കൊച്ചുകുട്ടിയുടെ നിഷ്കളങ്കതയോടെ ആ വലിയൊരച്ഛന്റെ മകനും വലുപ്പം മറന്ന് നമ്മളിലൊരാളായി..
വീണ്ടും വേദിയിലേക്ക് കയറി വരുമ്പോൾ അടുത്തെത്തിയപ്പോൾ എന്റെ നെറുകയിലും ഒരു വാത്സല്യ തലോടൽ.... എനിക്കെന്നുമിങ്ങനെ കുഞ്ഞായി ഇരിക്കാൻ കഴിഞ്ഞാൽ മതിയെന്നു തോന്നി...
അമ്മയോ....! എത്ര ശാലീനത ,നിഷ്കളങ്കത ,കുഞ്ഞുങ്ങളുടെ മുഖത്തെ നിറഞ്ഞ ചിരി...എത്രയെത്ര മഹാരഥന്മാർ വന്ദിച്ചു പോയിട്ടുള്ളതാ....അതിന്റെ ഭാവമൊന്നുമില്ലാ ....
ഏവർക്കുമൊപ്പം  അമ്മയും ശരത്തേട്ടനും ഫോട്ടോക്ക് നിന്നുകൊടുത്തു!
മനോഹരമായ പ്രഭാഷണം, കവിതയും വയലാർ ഗാനങ്ങളിലെ കാവ്യ ധൂളികകളും കൊണ്ട് നിറഞ്ഞു..വളരെ മനോഹരമായി പാടുന്നു!


ഷാജി യോഹന്നാൻ ന്റെ   സ്വാഗതവും ഡോക്ടർ സന്തോഷ് തോമസ് ന്റെ അദ്ധ്യക്ഷ പ്രസംഗവും , ഹരിയേട്ടന്റെ ഹരിയേറ്റുമാനൂര് പുസ്തകപരിചയവും,ഡോക്ടർ സി രാവുണ്ണിയുടെ പുസ്തകാവലോകനവും   മഹാകവി ജി യുടെയും ,വയലാറിന്റെയും കവിതകൾ കൂടാതെ എന്റെ ഒരു കവിതയും ആശംസയായി സുധാകരൻ വടക്കാഞ്ചേരിയും ഡോക്ടർ ജെറിയും ,സ്റ്റാൻഡിംഗ് കമിറ്റി ചെയർമാനും എത്തിയപ്പൊഴേക്കും സമയം അതിക്രമിച്ചിരുന്നു!
 ജേക്കബ് നായത്തോട് സർ മറ്റുള്ളവർക്കായി സ്വയം ഒഴിഞ്ഞു.തുടർന്ന്   അമ്മയെ പൊന്നാടയണിച്ചു ,ശരത് സർ നു ഫലകവും നൽകി നാടിന്റെ ആദരം നൽകി!എന്റെ അദ്ധ്യാപകൻ  ഗോവിന്ദൻ മാഷിനെയും പൊന്നാടയണിയിച്ചു ആദരിച്ചു .


ഇത്രയുമായപ്പൊഴെക്കും  മുൻ കൂട്ടി കരുതി വച്ച ശരത്തേട്ടന്റെയും കുടുംബത്തിന്റെയും  പ്രിയപ്പെട്ട ഗാനം എന്റെ ചേച്ചിയുടെ മോൻ അരുൺ പ്രകാശ് പാടാൻ കരുതിവച്ചത് ഉപേക്ഷിക്കേണ്ട സ്ഥിതിയിലായി....
അങ്ങനെ ആശംസകൾ എല്ലാം കഴിഞ്ഞപ്പോൾ എന്റെ മറുപടിക്കായി കാത്തിരുന്നവരെ നിരാശപ്പെടുത്താതെ അനൗൺസ്മെന്റ് വരുമ്പോൾ മറ്റൊരു വിസ്മയ വാർത്തയാണു അന്ന് അവിടെ കൂടിയിരുന്ന ഏവരും കേട്ടത് !
അതേ...! അമ്മ ഭാരതി തമ്പുരാട്ടിക്ക് എന്നെ ഒന്ന് ആദരിക്കണം എന്ന്! 

ഞാൻ പിന്നേയും ചെറുതായി...വിശ്വസിക്കാനാവുന്നില്ലാ. സ്വപ്നതുല്യമായ അനുഭവം...അമ്മയുടെ സ്നേഹം ഏറ്റുവാങ്ങാനായതിൽ ഞാൻ നിറഞ്ഞു....ഇടയ്ക്ക് അവിടെ വന്നിരുന്നപ്പോൾ തുടങ്ങിയ ചില അസ്കിതകൾ , താനേ മറന്നു! ചുണ്ടും നാവും വരണ്ട് നാവിറങ്ങിപ്പോയതൊക്കെ പതുക്കെ പുറത്തു വന്നു! അമ്മ എന്നെ കസവുമുണ്ട് അണിയിച്ചു നെറുകയിൽ വാത്സല്യം മുത്തം നൽകി....

മൈക്കിനു മുന്നിൽ ആ വാത്സല്യധാര എന്നെ വാക്കുകൾ മുട്ടിക്കാതെ കാത്തു!
പു ക സ അങ്കമാലി സെക്രട്ടറി ശ്രീ രഥീഷ് കുമാറിന്റെ നനദി പ്രസംഗവും കഴിഞ്ഞപ്പോഴെക്കും ഒരു നോക്കു കാണുവാനും മിണ്ടുവാനും കാത്തിരുന്ന സുഹൃത്തുക്കളെ അടുത്ത് കിട്ടി...പുസ്തകത്തിൽ ഒപ്പിടുവിച്ചും ,സെൽഫിയെടുത്തും കൂട്ടംകൂടിയിരിക്കുമ്പോൾ അതാ അപ്പുറത്ത് അരുൺ ഇത്ര
തുറന്നുപാടുന്നോ...ആലിലത്താലിയുമായ് വരുമോ......
എനിക്കിട്ട് ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കാനും കഴിയുന്നില്ലാ...എല്ലാവരും പതുക്കെ താഴെയിറങ്ങുന്നു...ഇല്ലെങ്കിൽ ചാക്യാരു വന്നു പുറത്തെടുത്തിടും .ഞാനും വിട്ടു പതിയെ അവിടുന്ന് !

വീട്ടിലെത്തിയപ്പൊഴാണു ശരത്തേട്ടൻ അരുൺ നൊപ്പം തകർത്തു പാടിയതറിയുന്നത്!! വീഡിയോ ക്ലിപ്പിങ്ങ്സ് നായി അരുണും പരക്കം പാച്ചിൽ! അപ്രതീക്ഷിതമായി ഗാനരചയിതാവു വന്ന് തോളിൽ കയ്യിട്ട് താളം പിടിച്ച് പാടാൻ വന്നപ്പോൾ പയ്യനും അരണ്ടുപോയി....കണ്ടിട്ടും കണ്ടിട്ടും മതി വരുന്നില്ല അതിലെ ശരത്തേട്ടന്റെ പെർഫോമൻസ് !!.


നിങ്ങളും കണ്ടോളൂ....
ഇനിയും പറയാൻ  ഏറെയുണ്ട്....
പറയാം...പറയാതിരിക്കാനാവില്ലാ ....



സ്നേഹം മായ 

Comments

Popular posts from this blog

വാഴക്കുല യ്ക്ക് 80 വയസ്സ്

കൃഷ്ണ കവിത

സൗഹൃദം ! സുകൃതം !!