വെള്ളപ്പൊക്കം 2018 ഓർമ്മയിൽ


ഭീതിവിതച്ച ആ രാത്രിക്കുശേഷം.......2018 ആഗസ്റ്റ് 14 - ആഗസ്റ്റ് 18 ,19
=============  മായ ബാലകൃഷ്ണൻ
2018 ആഗസ്റ്റ് 16 ആം തീയതി രാത്രിയിലെ പേപിടിച്ച മഴയ്ക്കു ശേഷം
17 ആം തീയതി വെള്ളിയാഴ്ച്ച അതിരാവിലെ ,അങ്കമാലി നഗരസഭാ അധികൃതർ , വില്ലേജ് ഓഫീസർ ,സ്ഥലം എം എൽ എ എന്നിവർ യോഗംചേർന്ന് , മൈക്ക്  അനൗൺസ്മെന്റ് നടത്തി , 1600 ഓളം പേരടങ്ങുന്ന നായത്തോട് ജി മെമ്മോറിയൽ സ്കൂൾ , തൊട്ടടുത്ത പാലയ്ക്കാട്ടുകാവ് ക്ഷേത്രം ഓഡിറ്റോറിയം തുടങ്ങീ ക്യാമ്പുകൾ അങ്കമാലി ടൗൺ മേഖലയിലേക്ക് ഷിഫ്റ്റ് ചെയ്യണം, ഇതിനു ചുറ്റുമുള്ള പരിസരവാസികളോ ആരുംതന്നെ ഈ പ്രദേശത്ത് നിന്നുകൂടാ, എത്രയുംവേഗം  ഇവിടം വിടണം . അടുത്ത ക്യാമ്പുകളിൽ സുരക്ഷിത സ്ഥാനത്ത് എത്തിച്ചേരണം എന്നറിയിപ്പ് വന്നതോടെ ഇനിയും വീട്ടിൽ തന്നെ ബലംപിടിച്ചു നിക്കുന്നത് സാഹസികമാണെന്ന് ബോധ്യമായി !
14 ആം തീയതി മുതൽ കുറച്ചു ദിവസ്സങ്ങളിലായി ഒന്ന് ഉറങ്ങാൻ പോലുമാകാതെ  ആശങ്കയുടെ മുൾമുനയിൽ ആയിരുന്നു  ഞാനും . നായത്തോട് തുറ നിറഞ്ഞുകവിഞ്ഞൊഴുകുന്നു ,  ചെങ്ങൽ തോട് നിറഞ്ഞ് എയർപോർട്ട് പ്രദേശം തുടങ്ങി ചെറിയ തോടുകൾ പാടം എല്ലാം കവിഞ്ഞൊഴുകി .ഡാമുകൾ ഓരോന്നായി തുറന്നുവിടുന്ന വാർത്തകൾ എങ്ങും .  ഏതിലെയൊക്കെയോ വെള്ളം ഒഴുകിയെത്താം എന്ന ഭയപ്പാടിലായിരുന്നു ! എന്നാലും മനസ്സിനൊരു ധൈര്യം എന്തുവന്നാലും നേരിടണം . അങ്ങനെയൊരു സാഹചര്യം വന്നാൽ എന്റെ കാര്യത്തിൽ ഏതെങ്കിലും ഹോസ്പിറ്റൽ റൂമിൽ അഭയംതേടാം എന്ന ഉറച്ച തീരുമാനം ഞാൻ മനസ്സിൽകണ്ടു  .
അപ്പോഴെല്ലാം നായത്തോട്ടെ ക്യാമ്പ് രണ്ടാം ഘട്ടം മാറ്റിയൊഴുപ്പിച്ച് കൊണ്ടുവന്നിരിക്കുന്നത് വീടിനോട് ചേർന്ന ജി മെമ്മോറിയൽ സ്കൂളിൽ ആണല്ലോ.. സാമാന്യം ഉയർന്ന ഭാഗമാണു സ്കൂൾ ഇരിക്കുന്ന , പാലയ്ക്കാട്ട് പറമ്പ് (സ്കൂൾ ജംഗ്ഷൻ ),  ക്ഷേത്രം (കാവ്) എല്ലാം സ്ഥിതി ചെയ്യുന്നത് എന്നൊരു വിശ്വാസം കൂട്ടിനുണ്ടായിരുന്നു.. തിരുനായത്തോട് ക്ഷേത്രത്തിലും വെള്ളംകയറി,  അങ്കമാലിക്കുള്ള റോഡും പാടവും നിറഞ്ഞു , കാലടിക്കോ ആലുവാക്കോ ഉള്ള വഴികൾ എല്ലാം അടഞ്ഞു .15 ആം തീയതിയോടെ എയർപ്പോർട്ടും നിശ്ചലമായി .
ആശങ്കയോടെ ഓരോദിവസ്സവും മുന്നിടുമ്പോൾ 16 ആം തീയതി വൈകീട്ടോടെ എന്റെ കുടുംബത്തിനു , പ്രത്യേക സാഹചര്യത്തിൽ ഞാൻ എന്ന ഒരു മഹാപ്രതിസന്ധിയെ എങ്ങനെ കരകയറ്റിയെടുക്കും എന്ന് കൂലങ്കുഷമായി ചിന്തിക്കേണ്ടി വന്നു . പ്രായമായ അമ്മയും രോഗാതുരയായ ഞാനും , ആലോചിച്ചപ്പോൾ ഏറ്റവും സേഫ് ഏതെങ്കിലും ഹോസ്പിറ്റൽ റൂം എടുക്കുന്നതായിരിക്കും നല്ലതെന്ന തീരുമാനത്തിൽ എല്ലാവരും എത്തിച്ചേർന്നു . 
രാത്രിയിലിങ്ങാനും വെള്ളം മുൻ റോഡിൽ എത്തിയാൽ വണ്ടിയെടുത്ത് എന്നേം കേറ്റിയിട്ട് അങ്കമാലിക്ക് കടക്കാം ,എന്നൊക്കെ ആയിരുന്നു പ്ലാൻ .
ആ രാത്രി ഞങ്ങളുടെ പരിസരം ആരുംതന്നെ ഉറങ്ങിയിട്ടില്ലാ .  എങ്ങും കുറ്റാകുറ്റിരുട്ട് ,കറന്റ് ഇല്ലാ, ഫോണില്ലാ ആരുമായും പരസ്പരം ബന്ധമില്ലാ , ഒരുപോള കണ്ണടയ്ക്കാൻ ആയില്ല. പട്ടികളുടെ ഭയപ്പെടുത്തുന്ന ഓരിയിടൽ ഒന്നുകൂടെ ഭീതിനിറച്ചു . നാട് ഏതാണ്ട്  ഒരു നൂറ്റാണ്ട് പിന്നിലായതുപോലെ . എമർജൻസി ലാമ്പ് ,ടോർച്ച് ലൈറ്റ് എല്ലാം രണ്ടുദിവസത്തിനുള്ളിൽ തന്നെ ചാർജ് തീർന്നുപോയി .വെള്ളത്തിന് മഴവെള്ളം ശേഖരിച്ചുതുടങ്ങി. ഒരിറ്റ് വെളിച്ചത്തിനായി എന്നോ ഉപേക്ഷിച്ചുകളഞ്ഞ മണ്ണെണ്ണ വിളക്ക് എങ്കിലും കിട്ടിയാൽ മതിയെന്നായി .പക്ഷേ അതെല്ലാം എന്നേ ആക്രിക്കാരുടെ കൈകളിൽ എത്തിയിരുന്നു . സന്ധ്യയായി .  കോരിച്ചൊരിയുന്ന മഴയിലും ഇരുട്ടിലും ജനങ്ങൾ മെഴുകുതിരിക്കായി പരക്കം പാഞ്ഞു . കടകളിലൊന്നും ഇല്ലാ. ഉള്ള കടകളെല്ലാം അടച്ചുകഴിഞ്ഞിരുന്നു..പിന്നെ നാട്ടിലൊരിടത്തു  അതുണ്ടാക്കുന്ന വീട് ഉണ്ടെന്ന് കേട്ട് എല്ലാവരും അങ്ങോട്ടേക്ക് ഓട്ടമായി . ചൂടപ്പം പോലെ ആറാതെ അപ്പപ്പൊതന്നെ മെഴുകു തിരിയുണ്ടാക്കി വാങ്ങിയോടുകയാണു ആളുകൾ .
അത്രയുംദിനം അങ്കമാലി മുനിസിപ്പൽ ചെയർപേഴ്സൺ,  കൗൺസിലർമാർ , എം എൽ എ , നാട്ടിലെ സന്നദ്ധരായ യുവജനങ്ങൾ എന്നിവരുടെ കൂട്ടായ ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾ യാതൊരുവിധ പ്രശ്നങ്ങളും സൃഷ്ടിക്കാതെ സുരക്ഷിതമായി ക്യാമ്പും ഭക്ഷണവും താമസവും എല്ലാം നടത്തിക്കൊണ്ടിരുന്നു..16 ആം തീയതി രാത്രിയായപ്പോഴേക്കും  ക്യാമ്പിലേക്ക് ഏതെല്ലാമോ നാട്ടിൽ നിന്നും ജനം ഒഴുകിയെത്തുന്നു . സ്ഥലപരിമിതികൊണ്ട് ആരെയും എടുക്കാതെ മറ്റിടങ്ങളിലേക്ക് പറഞ്ഞുവിടുന്നു . 
ഈ നാട്ടിൽ ആകെയൊരു തരി വെള്ളം കേറാത്തയിടം പാലയ്ക്കാട്ടു കാവിലമ്മയുടെ മണ്ണാണു .  ഇത്രയും നാൾ നാടിനെ കാത്തുപോന്ന ദേവീ... ഈ നാട്ടുകാർക്ക് അഭയമേകണേ ... ഇവിടം സുരക്ഷിതമാക്കണേ . ആർക്കും ഈ മണ്ണിൽ ഒരാപത്തും വരുത്താതെ കാത്തുകൊള്ളണേ എന്ന പ്രാർത്ഥന മാത്രമുണ്ടായുള്ളൂ മനസ്സിൽ .
ആ രാത്രിയിൽ പേ പിടിച്ച മഴയിലും ഒരുപോള കണ്ണടയ്ക്കാതെ ചുറ്റുപാടും  ചെറുപ്പക്കാർ വെള്ളത്തിന്റെ കാര്യത്തിൽ  മുന്നേറ്റമുണ്ടോ എന്ന നിരീക്ഷണത്തിൽ ആയിരുന്നു ! റയിൽ പാതയും വിമാനത്താവള മതിലും ഇടിച്ചുപൊളിച്ച്  ഈ പ്രദേശത്തെ പൂർണ്ണമായും വെള്ളത്തിൽ മുങ്ങിപ്പോവാതെ  രക്ഷിച്ചെടുക്കുകയായിരുന്നു അവർ . നെടുമ്പാശ്ശേരിവിമാനത്താവളവും ശബരിറെയിൽ പാതയും വരുത്തിവച്ച വികസന പ്രത്യാഘാതങ്ങൾ നേരിടേണ്ടി വന്നത് സമീപ ഗ്രാമവാസികൾ ആണ് .

എന്തെങ്കിലും പ്രശ്നം വന്നാൽ രാത്രിയിൽ വിളിച്ചുണർത്തിക്കൊള്ളാം എന്നൊക്കെ പറഞ്ഞിരുന്നെങ്കിലും എനിക്ക്  ഉറക്കം അടുത്തുകൂടെ പോയില്ലാ . പിറ്റേദിവസം രാവിലെ  മാറണം എന്ന അറിയിപ്പു വന്നതിനുശേഷം മുൻ കൂട്ടി എടുത്തു തയ്യാറാക്കി വച്ചിരുന്ന സാമഗ്രികളും എടുത്ത് പെറുക്കികൂട്ടി , മോളിൽ കേറ്റിവയ്ക്കാവുന്നതുമൊക്കെ യുദ്ധകാലാടിസ്ഥാനത്തിൽ , ഞങ്ങളുടെ, കോമ്പൗണ്ട് ചേട്ടന്മാരും കുടുംബം എല്ലാം എന്നെയും കൂട്ടി പുറപ്പെട്ടു .
പോകുന്ന വഴിയിൽ തോടും, പാടവും കടന്ന് കുതിച്ചുവരുന്ന വെള്ളം റോഡും ബണ്ടും മുക്കി ഗതിതടസ്സപ്പെടുന്ന അവസ്ഥയിൽ ആണെന്ന് മനസ്സിലായത് ! ശരിക്കും പെട്ടു പോകുന്ന അവസ്ഥ . പലരും കുരുങ്ങിപ്പോയി എന്നുകേട്ടിട്ടുണ്ട് . അതിതാണു. മുന്നറിയിപ്പുകൾക്കു മുന്നിലും ബലംപിടിച്ചു നിക്കും.. അവസാനം ഒറ്റപ്പെട്ടുപോയി കുടുങ്ങിപ്പോയി എന്നുവാർത്തകളിൽ കാണാം.  പൊതുജനം ഇത്തരം സന്ദർഭങ്ങളിൽ  പരമാവധി സഹകരിക്കുകയാണു വേണ്ടത് . ഇത്രയും വലിയ പ്രളയത്തിനുമുന്നിലും വലിയൊരളവു വരെനേരിടാൻ കഴിഞ്ഞത് അധികൃതരുടെ ശക്തമായ ഇടപെടൽ കൊണ്ടാണു . ഈ സന്ദർഭത്തിൽ ഇതുമായി സഹകരിച്ച ഏവരെയും അകമഴിഞ്ഞ് അഭിനന്ദിക്കുകയാണു .
ഇവിടെ , 17 ആം  തീയതി രാവിലെ നായത്തോട്‌  ചെത്തിക്കോട് , കവരപ്പറമ്പ്, കരിയാട്  എയർപോർട്ട് ഭാഗത്തെ ഒരേയൊരു  രക്ഷാകേന്ദ്രമായ നായത്തോട്‌ സ്‌കൂൾ , ക്ഷേത്രഓഡിറ്റോറിയം ക്യാമ്പ് ഇതുരണ്ടും ഷിഫ്റ്റ്‌ചെയ്യുന്നു എന്നുകേട്ടതോടെ ,പോലീസിന്റെ വലിയ വാഹനങ്ങൾ, സ്കൂൾ ബസ്സുകൾ , കിട്ടാവുന്ന വണ്ടികൾ എല്ലാത്തിലും ആളുകൾ കയറിപ്പറ്റി ഓടുകയാണു . അപ്പൊഴും ഒരുപറ്റം പേർ മസിൽ പിടിച്ച് അവിടെ തന്നെ നിപ്പുണ്ട് , ഇങ്ങോട്ട് വെള്ളം എത്തില്ല എന്ന അമിത ആത്മവിശ്വാസത്തിൽ !
പക്ഷേ ഞങ്ങൾ കുറച്ചുപേർക്ക്  ആത്മവിശ്വാസക്കുറവു കൊണ്ടാകാം , അല്ലെങ്കിൽ വരും വരായ്കകളെ മുൻകൂട്ടി കാണാൻ ശ്രമിച്ചതുകൊണ്ടാകാം പോകാതിരിക്കാൻ കഴിഞ്ഞില്ലാ .അങ്ങനെ ഞാനും അമ്മയും ഏട്ടത്തിയും എന്റെ രണ്ടു ചേട്ടന്മാരും നേരെ അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിലേക്ക് വിട്ടു .
  ഇല്ലാ , അവിടെ റൂം ഒന്നും ഒഴിവില്ലാ , ഏതൊക്കെയോ ക്യാമ്പിൽനിന്നു ഗർഭിണികൾ ആയിട്ടുള്ളവർ വന്ന് ഇന്നലെതന്നെ എല്ലാം കയ്യടക്കിക്കഴിഞ്ഞു ,.ഗർഭിണി ആണോന്നാ വണ്ടി നിറുത്തിയപ്പൊ  തന്നെ ചോദ്യം .! പാലിയേറ്റീവ് ആണെന്ന് പറഞ്ഞിട്ടും ജനറൽ വാർഡ് ഒള്ളൂ .
ഒരു രക്ഷയുമില്ലാ . എന്റെ പ്രത്യേക ശാരീരികാവസ്ഥയിൽ വീട്ടിലുള്ള പ്രത്യേക സജ്ജീകരണങ്ങൾ,ഒന്നും ലഭ്യമല്ലാത്ത അവസ്ഥയിൽ , അറ്റാച്ഡ് ടോയ്‌ലറ്റ് ഉള്ള ഒരു റൂം എങ്കിലും കിട്ടിയേ മതിയാവൂ.. എന്നെയും അമ്മയേയും സുരക്ഷിതമാക്കിയിട്ടു വേണം അവർക്കൊക്കെ ഏതെങ്കിലും ക്യാമ്പിൽ ഇടം പിടിക്കാനും .
അങ്ങനെ ഞങ്ങൾ എൽ എഫ് ഹോസ്പിറ്റൽ വിട്ടു . പിന്നെ അങ്കമാലി സൗത്തിൽ മഡോണ ഹോസ്പിറ്റൽ ലക്ഷ്യംവച്ചു നീങ്ങി . റോഡുമുഴുവൻ അങ്കമാലിയുടെ വിവിധ ക്യാമ്പുകളിലേക്ക് ഒഴുകുകയാണു . മഡോണയിലും റൂം ഒഴിവില്ലാ , 
അവിടന്നു നേരെ അങ്കമാലി നോർത്തിൽ കെ ജി ഹോസ്പിറ്റലിൽ എത്തി .
ഇല്ലാ.... അവിടെ വെള്ളമില്ലാ വെളിച്ചമില്ലാ ,  ഹോസ്പിറ്റൽ അടച്ചുപൂട്ടുന്നു ,
ഹോസ്പിറ്റലുകളിൽ അറിവും സ്വാധീനമുള്ള  ആരെയെങ്കിലും മുട്ടാമെന്നു കരുതിയാൽ ഒരു ഫോൺ കോളും പോകുന്നില്ലാ , കണക്ഷൻ എറർ , ബാറ്റ്രി ചാർജ് തീർന്നുകൊണ്ടിരിക്കുകയാണ്  ! ഇനിയെന്തുചെയ്യും നേരെ അങ്കമാലി മൂഞ്ഞേലി ഹോസ്പിറ്റലിൽ എത്തി ,അവിടെ ആരും ഇല്ലാ ....ഞങ്ങൾ വണ്ടി ഒരുമണിക്കൂറോളം  അവിടെ നിര്ത്തിയിട്ടു . ചറ പറ മഴ പെയ്യുന്നു .വീണ്ടുംവീണ്ടും അങ്കമാലി ടൗണ് പരിസരത്ത് പരിചയമുള്ളവരെയൊന്നും വിളിച്ചിട്ട് കോൾ പോകുന്നില്ല . ബാറ്ററി ലോ കാണിക്കുന്നു . 8, 10 കിലോമീറ്റർ ദൂരത്തുള്ള സഹോദരിയും കുടുംബവും എവിടെ എന്നുപോലും അറിയാൻ കഴിയുന്നില്ല .
റോഡിലൊക്കെ നിറയെ നായത്തോട്ടുകാരെ കാണാം . മറുനാടൻ തൊഴിലാളികളും .നാഷണൽ ഹൈവേയിലും വെള്ളംകേറി കോതകുളങ്ങര ഭാഗത്തു നിന്നും ഉള്ളവർ കെട്ടും മാറാപ്പുമായി ക്യാമ്പുകളിലേക്ക് തിരിക്കുന്ന കാഴ്ച ! എന്നെയും കൊണ്ട് ഗതിമുട്ടി ഇനിയെന്തുവഴിയെന്ന് ചേട്ടന്മാർ പെരുവഴിയിൽനിൽക്കുമ്പോഴും എന്തോ ഒരു ആത്മബലം എന്റെയുള്ളിൽ ബാക്കിനിന്നു . ഏതെങ്കിലും വഴി തുറന്ന് വരാതിരിക്കില്ല എന്ന് മനസ്സു പറഞ്ഞുകൊണ്ടിരുന്നു  . ബ്രെക്ഫാസ്റ്റ് ഉണ്ടാക്കിവച്ചത്  അമ്മ പാത്രത്തിൽ എടുത്തിരുന്നു . രാവിലെ ബ്രഷ്‌ ചെയ്യാതെ വീട്ടിൽ നിന്നിറങ്ങിയ ഞാനും ഒരു ശരീരബലത്തിനായി ആ സമയം രണ്ടുമൂന്നു വായ്ക്ക് വാങ്ങിക്കഴിച്ചു .  അതുകണ്ട് ചേട്ടനും മറ്റും അത്ഭുതപ്പെട്ടുപോയി.
വണ്ടിക്കു പുറത്ത് അങ്ങനെ നട്ടംതിരിഞ്ഞ് മഴയും നനഞ്ഞ് ,തലയിൽ തീയുമായി   നിക്കുമ്പോഴാണു ചേട്ടന്മാർ സുഹൃത്തായ അങ്കമാലിയിലെ സഖാവ് എം കെ. റോയ് യെ കാണുന്നത് . ദുരിതാശ്വാസ ക്യാമ്പുകളെ ഏകോപിപ്പിച്ച് സന്നദ്ധപ്രവർത്തനവുമായ് നടക്കുന്ന സഖാവ്, കലാലയജീവിതകാലത്ത് എറണാകുളം  മഹാരാജാസിൽ ചെയർമാനായും മാഗസിൻ എഡിറ്ററുമൊക്കെ ആയിരുന്നു .  എന്നെയും അറിയും , കണ്ടിട്ടുണ്ട് .സംസാരിച്ചുണ്ട് ഞങ്ങൾ .
"ഒരു പത്തു മിനിട്ട് , ഇവിടെ അടുത്ത് ഭാര്യവീട്ടിൽ ഒരു റൂം ആളൊഴിഞ്ഞതുണ്ട് . പോയിട്ടുവരാം' എന്നുപറഞ്ഞ് പോയ സഖാവ് തിരിച്ചുവന്ന് ഞങ്ങളെയും കൂട്ടി സിസിലി ആന്റിയുടെ വീട്ടിൽ എത്തി .
ഈശ്വരൻ എനിക്കായി കാത്തുവച്ചതുപോലെ ഒരു റൂം .നല്ല മനസ്സുള്ള ധൈര്യശാലിയായ സിസിലി ആന്റിയും മരുമകളും ഒരു കുഞ്ഞും മാത്രം . അവരുടെ സ്നേഹസാന്നിദ്ധ്യത്തിൽ ഞാനും അമ്മയും അവിടെ കൂടി . ഏട്ടനും ഏടത്തിയും കുറച്ചടുത്ത് ഒരിടത്ത് മറ്റു കുറച്ചു കുടുംബങ്ങൾക്കൊപ്പം , എന്റെ കാര്യങ്ങൾ നിവർത്തിച്ചു തന്ന് വന്നും പോയും ഇരുന്നു !
ഞങ്ങൾ ചെന്നുകയറിയ അവിടെയും  തലേന്നുതന്നെ കരണ്ടുപോയിരുന്നു . പിന്നിൽ അധികം ദൂരത്തല്ലാതെ ചിറയും ഒഴുകുന്നുണ്ട് . '" എങ്കിലും ഭയക്കേണ്ട കാര്യമില്ലാ ,  വീടിരിക്കുന്നത് അങ്കമാലിയുടെ ഏറ്റവും ഉയർന്ന ഭാഗത്ത് തന്നെയാണു . ഇവിടെ വെള്ളം കയറിയാൽ വേറൊരിടവും അങ്കമാലിയിൽ സുരക്ഷിതമായ് ഉണ്ടാവില്ലാ " എന്നൊക്കെ സിസിലി ആന്റി ധൈര്യം തന്നുകൊണ്ടിരുന്നു . കറന്റ് ഇല്ലാത്തതുകൊണ്ട്  ടാങ്കിലെ വെള്ളം കുറയുന്ന അവസ്ഥ പരിഗണിച്ച് ആന്റി മഴവെള്ളം ശേഖരിക്കാനായി വലിയ ടാങ്ക് കഴുകിവൃത്തിയാക്കിയെടുത്തു . എങ്ങാനും പൈപ്പിൽ വെള്ളം തീർന്നുപോയാൽ ഉപയോഗിക്കാൻ  ബാത്രൂമിൽ ബക്കറ്റിൽ മഴവെള്ളം പിടിച്ചത് കൊണ്ടുതന്നു . ആന്റിയുടെ കരുതൽ എന്റെ കണ്ണുനിറച്ചു . ആൽ വിനും  അഥീനയും. കുഞ്ഞുങ്ങളുടെ കളിചിരിയും ബഹളവും ടെൻഷൻ കുറച്ചു .
ഏറ്റവും സമാധാനത്തോടെ ഒരു രാവും പകലും അവിടെ നിന്നു ! ശാരീരിക വിഷമങ്ങൾ ചെറുതായുണ്ടായെങ്കിലും , ഏറ്റവും സമാധാനത്തോടെ കുറച്ചു ദിവസത്തിനുശേഷം അന്നാണ്  ഞാനും നന്നായ് ഉറങ്ങിയത് . അതുകേട്ടപ്പോൾ ആന്റിക്കും ഏറെ സന്തോഷമായി .
പക്ഷേ പ്രതീക്ഷിച്ചതുപോലെ ,അങ്കമാലിക്കുള്ള റോഡിൽ കലുങ്ക് പൊട്ടിയില്ലാ, റോഡ് തകർന്നില്ലാ,  ഡാം വീണ്ടും തുറന്നില്ല ,  മഴക്ക് ശക്തി കുറഞ്ഞു ,
പക്ഷേ ആ യാത്ര. ഒരിക്കലും  അബദ്ധം എന്നു തോന്നിയില്ലാ . ഒരുപക്ഷേ മറിച്ച് സംഭവിച്ചിരുന്നെങ്കിൽ ....അതോർക്കാനേ കഴിയുന്നില്ലാ ..
അങ്ങനെ രാവിലെ ആന്റി ചൂടാറ്റിത്തന്ന നല്ല ഏലക്കാ ചായയും കുടിച്ച് ഞാനും അമ്മയും ഇരിക്കുമ്പോൾ ചേട്ടന്മാർ വന്നു . അതായത്  18 ആം തീയതി  ശനി രാവിലെ ഞങ്ങൾ തിരിച്ച്  ഇറങ്ങി . ജീവിതത്തിലെ അവിസ്മരണീയ ദിനം . ഓർമ്മയിൽ ആദ്യമായി പല്ലുതേയ്ക്കാതെ ഭക്ഷണം കഴിച്ച ഒരു ദിനം കൂടിയായിത്തീർന്നു എനിക്കാ 17 ആം തീയതി .
കേരളം കണ്ട 99 ലെ വെള്ളപ്പൊക്കം , പക്ഷേ കണ്ടിട്ടുണ്ട് അനുഭവിച്ചിട്ടുണ്ട് എന്നുപറയുന്നവർ അധികം ആരും ഇല്ലാ .എന്റെ അച്ഛന്റെ ഓർമ്മയിൽ ആ വെള്ളപ്പൊക്കം  കണ്ടിരുന്നില്ലാ . അച്ഛൻ ജനിച്ചിരുന്നില്ലാ അന്ന് . 2018 ലെ വെള്ളപ്പൊക്കം കാണാനും അച്ഛനുണ്ടായില്ലാ .
എങ്കിലും അന്ന് 99,ഇൽ നായത്തോടു സമാനമായ അവസ്ഥയുണ്ടായിട്ടുണ്ട് .   തിരുനായത്തോട് ക്ഷേത്രത്തിൽ വെള്ളം കയറി . മഹാകവിയുടെ വീടിനോട് ചേർന്ന ക്ഷേത്രത്തിന്റെ മതിലും ഇടിഞ്ഞുവീണു എന്നൊക്കെ "  ഓർമ്മയുടെ ഓളങ്ങൾ "എന്ന മഹാകവി ജി യുടെ ആത്മകഥയിൽ വായിച്ചതോർക്കുന്നു .
സിസിലി ആന്റിയും റോയ് എന്ന സുഹൃത്തും കാണിച്ച വിശാലമനസ്സ് ഇല്ലായിരുന്നെങ്കിൽ എന്നെപ്പോലെ ഒരാൾ എന്തുചെയ്യുമായിരുന്നു ! അറിയില്ലാ... മാനുഷികമൂല്യങ്ങൾ ചോരാതെ സ്നേഹവും സഹായമനസ്ഥിതിയും ഉള്ളവർ നമുക്കിടയിൽ ഉണ്ട് ! ആ നന്മയും വെളിച്ചവും എല്ലാവരിലും എത്തട്ടെ !,

സ്നേഹപൂർവം സ്നേഹിത
മായ ബാലകൃഷ്ണൻ.

Comments

Popular posts from this blog

വാഴക്കുല യ്ക്ക് 80 വയസ്സ്

കൃഷ്ണ കവിത

സൗഹൃദം ! സുകൃതം !!