സംയമനം പാലിക്കുക ! നമ്മളെല്ലാം ക്യൂ വിലാണ് റോമിയോ !!
3 ‘rd ഫ്ലോറിലെ L വാര്‍ഡില്‍ ഡ്യൂട്ടി റൂമിന് എതിര്‍
വശത്തുള്ള 11ആം നമ്പര്‍ റൂം. അതായിരുന്നു ആ ദിനങ്ങളില്‍ എല്ലാവര്‍ക്കും സംസാര വിഷയം .
ആ റൂമിലേക്ക് വരാനിരിക്കുന്ന പേഷ്യന്റ് ഉം അവനെയും കാത്ത് വിജനമായ ഹോസ്പിറ്റല്‍ കോറിഡോറില്‍ ഒറ്റപ്പെട്ടുക്കിടന്നിരുന്ന ആ
ഭീമാകാരന്‍ യന്ത്രവും കാഴ്ച്ചയില്‍ തന്നെ അകാരണമായ ഭീതി എന്നിലും നിറച്ചു
.
കാന്റീനില്‍ നിന്നും ട്രോളിയില്‍ ഉച്ചഭക്ഷണം എത്തുന്നതും കാത്തു റൂം നമ്പര്‍ 18
ലെ ഗെറ്റി ആന്റി യും ,17 ലെ കന്യാസ്തീഅമ്മയുടെ ബൈ സ്റ്റാന്‍റെര്‍ അന്നമ്മ
ചേട്ടത്തിയും 9 ലെ രാജശേഖരന്‍ ചേട്ടനും സ്റ്റൈയര്‍ കേസ് നടുത്ത് വട്ടമിട്ടു നില്‍ക്കുന്നിടത്തേക്ക് ഞാനും കാതോര്‍ത്തു .
ഗെറ്റി ആന്റി ഏതാനും മാസം മുന്‍പ് ഹെപ്പറ്റെസിസ് നു ചികിത്സയുമായി ഇവിടെ
കിടക്കുമ്പോള്‍ ,അന്ന് അവനും
ഇവിടെയുണ്ടായിരുന്നു. വിദഗ്ധ ചികിത്സക്കായി വെല്ലൂരില്‍
കൊണ്ടുപോയതാണ് .കൂടുതലൊന്നും ചെയ്യാനില്ലാത്തതു കൊണ്ടാകാം ഇങ്ങോട്ട്
കൊണ്ടുവരുന്നത് .ശരീരം മുഴുവനും തളര്‍ന്ന അവന് സ്വയം ശ്വാസം എടുക്കാന്‍ പോലും
കഴിയില്ല. .അതിനു വേണ്ടി വിദേശത്ത്നിന്നും വരുത്തിച്ച മെഷിന്‍ ആണ് ആ കിടക്കുന്നത്
.
എന്നെല്ലാം കേട്ടപ്പോള്‍ വല്ലാത്ത
അമ്പരപ്പും നൊമ്പരവും തോന്നി .എന്തു പറ്റിയാതായിരിക്കും അവന്!? അവന്‍ ആരാണ് ,
എന്തൊക്കെയാണ് ? ഇങ്ങനെയെല്ലാം സംഭവിക്കുമോ !? കൂടുതല്‍ അറിയാന്‍
എനിക്കും വല്ലാത്ത ആകാംക്ഷ !!
പിന്നീടു എപ്പോഴോ എന്‍റെ
പതിവ് നടത്തത്തിന്നടയില്‍ ,ഇടനാഴിയുടെ അങ്ങേയറ്റത്ത് ഹോര്‍മിസ് അപ്പൂപ്പന്‍റെ
റൂമിന് അടുത്ത് എമിലി ആന്റിയും അടുത്ത റൂമിലെ ശാന്തേടത്തിയും തമ്മില്‍ കുശുകുശുത്തു
കൊണ്ട് നില്‍ക്കുന്ന കണ്ടു .നടന്നു നടന്ന് അരികെയെത്തിയപ്പോള്‍ ശാന്തേടത്തി വാത്സല്യത്തോടെ
കൈ എന്‍റെ ചുമലിലൂടെ ഇട്ടു ചേര്‍ത്തു
പിടിച്ചു. “ ഇന്നെന്താ നടത്തത്തിനു വേഗം കൂടിയിട്ടുണ്ടല്ലോ “ എന്നൊരു കുശല
ചോദ്യവും ഇട്ടു കൊണ്ട് ശാന്തേടത്തി പതിയെ എമിലി ആന്റിയുടെ നേരെ തിരിഞ്ഞു .ആ സ്നേഹ
തഴുകലിനു വഴങ്ങിയിട്ടെന്ന വണ്ണം ഒരു ചെറു ചിരിയുമായ് ഞാനും ഒന്ന്‍ പതുങ്ങി നിന്നു.
അവര്‍ സംസാരിച്ചുകൊണ്ട് ഇരിക്കുന്നതും
അവനെക്കുറിച്ചായിരുന്നു. കോളേജില്‍ പഠിച്ചു കൊണ്ടിരുന്ന കുട്ട്യാ ; ഒരു ദിവസം
തിരിച്ചു വന്നപ്പോ പനിയുമായിട്ടാ വന്നത് .അതേ തുടര്‍ന്നായിരുന്നു എല്ലാം .കന്യാസ്തീകളും
അച്ചന്‍മാരുമൊക്കെയുള്ള മൂവാറ്റുപുഴയിലെ ഒരു
പുരാതന ക്രിസ്ത്യന്‍ കുടുംബത്തിലെ അംഗമാണ് .ദൈവമേ ഞാനും അറിയാതെ പ്രാര്‍ത്ഥിച്ചു
പോയ് . എല്ലാം ശരിയായിരിക്കുമോ !!?
അത്രയ്ക്കൊന്നും ജീവിതം കണ്ടിട്ടില്ലാത്തവളുടെ പുലമ്പലുകള്‍ .
ഏതാണ്ട് ഒരു വര്‍ഷത്തോളമായി
തളര്‍ന്ന ശരീരവുമായി ഹോര്‍മിസ് അപ്പൂപ്പനും കൂടെ മരുമകള്‍ എമിലി ആന്റിയും ഇവിടെ തന്നെയുള്ളതാ .അവര്‍ പറയുന്നത്
ശരിയായിരിക്കാം.
ഹോര്‍മിസ് അപ്പൂപ്പനെ
കാണണമെന്ന് എനിക്കും വല്യ ആഗ്രഹമായിരുന്നു .ആ വാതില്‍ തുറന്നു കിടക്കുന്നു . പതിയെ
ഞാന്‍ അങ്ങോട്ട് തിരിഞ്ഞു .കട്ടിലില്‍ ചലനമറ്റ നിലയില്‍ ഹോര്‍മിസ് അപ്പൂപ്പന്‍ . എനിക്ക്
കൂടുതല്‍ അടുത്തേക്ക് ചെല്ലണമെന്ന് തോന്നി
.കട്ടിലിനു അരികെ ഞാന്‍ നിന്നു.സംസാരിക്കാന്‍ പോലും അദ്ദേഹത്തിന് കഴിയില്ല .
ഭക്ഷണം കൊടുക്കാനും മൂത്രം പോകാനും tube ഇട്ടിരിക്കുന്നു . നീണ്ട മൂക്കും വിശാലമായ
നെറ്റിയും കഷണ്ടി കയറിയ തലയും,കാഴ്ചയില്‍ തന്നെ കുലീനത്വമുള്ള മുഖം .കണ്ണുകള്‍
തുറന്നു പിടിച്ചിരിക്കുന്നു. മുഖത്തെ പേശികള്‍ പോലും ചലിപ്പിക്കാനാവുന്നില്ല
.മുഖത്ത് സ്വതവേയുള്ളതു പോലുള്ള ഗൌരവ ഭാവം .എല്ലാവരും ഏറെ ബഹുമാനിച്ചിരുന്ന
മനുഷ്യനാണെന്നു തോന്നുന്നു .ഷര്‍ട്ടോ ജുബ്ബയോ ഒന്നുമല്ല വേഷം .ജനിച്ച ഉടനെ
കുഞ്ഞുങ്ങളെ ഇടുവിക്കും പോലെ വട്ടത്തില്‍ വെട്ടിയ കഴുത്തോടെ പ്രത്യേകം തയ്പ്പിച്ചെടുത്ത ഒരു ഗ്രേ കളര്‍ ഗൌണ്‍. നെഞ്ചിനു താഴെ വരെ ഇട്ടിരുന്ന പുതപ്പിന് മേലെ
കാണാം. സഹായിയായി വില്‍സണ്‍ ചേട്ടന്‍ കൂടെ
ഉണ്ട് . ഒരു നോട്ടം കൊണ്ടോ ,ഒരു മൂളല്‍
കൊണ്ടോ മുരള്‍ച്ച കൊണ്ടോ അദ്ദേഹത്തിന്‍റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും വില്‍സണ്‍
ചേട്ടന്‍ മനസ്സിലാക്കി എടുക്കും .
ഒരു മണല്‍ കാട്ടിലെന്ന പോലെ
തരിശായ ഇടം .ഒരു കാറ്റ് പോലും വീശുന്നില്ല .ഒരു കാലം പ്രതാപിയായ മനുഷ്യന്‍ ;ഇന്ന്
ഒന്നുമല്ലാതയിരിക്കുന്നു .ഒരു നിര്‍വികാരത എന്നിലേക്കും പടര്‍ന്നു . അധിക നേരം
തങ്ങാന്‍ എനിക്കും കഴിഞ്ഞില്ല . ഞാന്‍ അവിടെ നിന്നും പതിയെ ഇറങ്ങി നടന്നു .
അപ്പോഴും എന്‍റെ ചിന്ത അവനെ കുറിച്ചായിരുന്നു.ഒരു ഭീകര വേട്ടയായിരുന്നില്ലേ അത് !!
ഹോസ്പിറ്റല്‍ വരാന്തകള്‍ ,എങ്ങും
അസ്വസ്ഥമായ മുഖങ്ങള്‍ .അവര്‍ക്കിടയില്‍ പുഞ്ചിരിക്കുന്ന മുഖവുമായെത്തുന്ന മാലാഖ
കുട്ടികളായിരുന്നു ആ നഴ്സിംഗ് സ്റ്റുടെന്റ്സ് ചേച്ചിമാര്‍. രാത്രിയില്‍ ഡ്യൂട്ടി
റൂമില്‍ അധികമാരും ഉണ്ടാവില്ല .ആ തക്കം നോക്കി അവര്‍ക്കൊപ്പം പഞ്ഞി കിള്ളി ഉരുട്ടാനും
ചാമ്പക്കയും പച്ചമാങ്ങ തിന്നാനും ഞാനും കൂടും . അന്ന് അവരും പറഞ്ഞത്,അവനെ കുറിച്ചായിരുന്നു . എന്തായിരിക്കും അവന്‍റെ അവസ്ഥ .ഇങ്ങനെയൊക്കെ
സംഭവിക്കുമോ !മുറിയില്‍ നിന്ന് പുറത്തിറങ്ങുമ്പോളൊക്കെ ഇടനാഴിയില്‍ വിജനമായ
ഒരിടത്തു അനാഥമായിക്കിടക്കുന്ന ആ മെഷീന്‍
കാണാം . ഏതാണ്ട് ഗുഡ്സ് ട്രെയിന്‍ വാഗന്‍ പോലെ നീണ്ടു ; നിറയെ ഗ്ലാസ് ഇട്ടു
ചെറിയ ചക്രങ്ങളുള്ള അത് തുറിച്ചു നോക്കും പോലെ ഉല്ഖണ്ടപ്പെടുത്തി കൊണ്ടിരുന്നു .എങ്കിലും
എനിക്കവനെ കാണണമെന്നുണ്ട് .
അന്നും പതിവുപോലെ വീല്‍ചെയറില്‍ ഇരുന്ന്‍ ഫിസിയോ തെറാപ്പിക്ക് താഴെ
ഫ്ലോറിലേക്ക് പോകുമ്പോള്‍ ആരും ഒന്നും പറഞ്ഞു കേട്ടില്ല . ലിഫ്റ്റ് നും സ്റ്റെയര്‍
കെയ്സ് നും അടുത്തുള്ള 11 ആം നമ്പര്‍ റൂം അപ്പോഴും ആളെയും കാത്തു അടഞ്ഞു
കിടപ്പുണ്ടായിരുന്നു . വൈകീട്ട് സിസ്റ്റര്‍ മരുന്ന് ട്രേയുമായി 11 ലേക്ക് കടന്നുപോകുന്ന കണ്ടു ഞാന്‍ ഉദ്വേഗത്തോടെ
നോക്കി .അത് കണ്ടു അടുത്ത് നിന്ന അന്നമ്മ ചേട്ടത്തി അടക്കം പറഞ്ഞു “അവര്‍
വെളുപ്പിനേ എത്തിയതാ.......”
പിന്നീട് ഫില്‍റ്ററില്‍ നിന്ന് വെള്ളമെടുക്കാന്‍
അമ്മയ്ക്കൊപ്പം പോയപ്പോള്‍ 11 ന്‍റെ മുന്നിലെത്തിയപ്പോഴും ഞാന്‍ നോക്കി .ആ വാതില്‍
അടഞ്ഞു കിടക്കുകയാണ് .ഞാനതിന്റെ അടുത്ത് ചെന്നു. നെയിം പ്ലേറ്റ്
വായിച്ചു .” റോമിയോ “ മൂവാറ്റുപുഴ “
റോമിയോ !!? അതാണോ അവന്‍റെ പേര് !അങ്ങിനെയും ഒരു പേര് ഉണ്ടോ ഞാന്‍ ആദ്യമായി
കേള്‍ക്കുകയായിരുന്നു .പക്ഷെ വാതിലില്‍ മുട്ടി അനുവാദം ചോദിച്ചു കടന്നു ചെല്ലാന്‍
എനിക്കു ധൈര്യം പോര .ഞാന്‍ അവിടന്നും
മടങ്ങി.
അന്ന് ഞാനും പിച്ച വച്ചു
നടക്കുന്ന കുട്ടിയാണ്. ഏതാനും മാസത്തെ ഇടവേളയ്ക്കു ശേഷം രോഗക്കിടക്കയില്‍ നിന്നും
നടന്നു തുടങ്ങിയതിന്‍റെ ത്രില്ലില്‍ ആയിരുന്നു .നടക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.എങ്കിലും
കാഴ്ചകള്‍ കണ്ടും മനുഷ്യരെ കണ്ടും ഹോസ്പിറ്റല്‍ ഇടനാഴിയിലൂടെ നടക്കുന്നത്
എനിക്കൊരു ഹോബിയായിരുന്നു. കാല്‍മുട്ടുകള്‍ക്കും മസില്‍സ്നും ആയാസവും ബലവും
കിട്ടുന്നതിന് സ്റെപ്പുകള്‍ കയറിയിറങ്ങുന്ന മുട്ടന്‍ പണിയുമുണ്ട് . ഇതിനിടയിലെല്ലാം പലപ്പോഴും ഞാന്‍ അവിടേക്ക്
ഉറ്റു നോക്കും .ഇല്ല ആ വാതില്‍ മാത്രം എപ്പോഴും അടഞ്ഞു കിടപ്പുണ്ടാവും .ആരും
അങ്ങോട്ട് പോയി കാണാറുമില്ല.
ഡ്യൂട്ടി റൂമിലെ ലാന്‍ഡ് ഫോണ്‍ റിംഗ് ചെയ്യുമ്പോള്‍ ആരുമില്ലെങ്കില്‍
അറ്റന്‍ഡ് ചെയ്യുന്നതും റൂം നമ്പര്‍ ചോദിച്ച് ചെന്നു പറയുന്നതും എനിക്ക് വല്ല്യ ഇഷ്ടായിരുന്നു .പക്ഷെ അന്ന്
കാള്‍ വന്നെങ്കിലും തീര്‍ത്തും നിരാശയായിരുന്നു .അത് 11 നു ഉള്ളതായിരുന്നില്ല.
നല്ല ക്ഷീണം കാരണം ഞാന്‍
റൂമിലേക്ക് മടങ്ങാന്‍ തിരിഞ്ഞു .അപ്പൊ ലിവ് കഴിഞ്ഞ് എത്തിയ സീന സിസ്റ്റര്‍
മുന്നില്‍ . ചുരുണ്ട മുടിയും ഇടയില്‍ ഈര്‍ക്കില്‍ പല്ലുകളുമുള്ള പുള്ളിക്കാരി
എന്ഗേജ്മെന്റ്റ് കഴിഞ്ഞ് നല്ല ഹാപ്പിയായിരിക്കുന്നു. അങ്ങനെ വെറുതേ വിടാന്‍ പറ്റോ
!ചെറുക്കന്റെ പേര് ചോദിച്ചപ്പോ കയ്യിലിട്ട മോതിരത്തില്‍ കൊത്തി വച്ചത് കാണിച്ചു
തന്നു, ഒരു കുഞ്ഞു നാണത്തോടെ തിടുക്കത്തില്‍ കടന്നു പോയി.
കാലുകള്‍ ബദ്ധപ്പെട്ടു ഓരോന്നും
എടുത്തു വച്ചു ഞാനും മുന്നോട്ട് നീങ്ങി .അപ്പോള്‍ അതാ മുന്നില്‍ 11 ന്‍റെ വാതില്‍ പാളികള്‍ പകുതി
തുറന്നിട്ടിരിക്കുന്നു. ഞാനൊന്നു പരുങ്ങിനിന്നു പോയ് .റൂമില്‍ ഒരു ചേച്ചി പത്രം
വായിച്ചിരുപ്പുണ്ട് . റെഡ് ക്രോസ് ലെ ഹോം നേഴ്സ് ആണെന്നു തോന്നുന്നു .നീല യുണിഫോം
സാരിയില്‍ ID സ്ലിപ് കുത്തി വച്ചിട്ടുണ്ട് .എന്നെ കണ്ടതും അവര്‍ കൈകാണിച്ചു
മുറിയിലേക്ക് വിളിച്ചു .
മിഡിയും ടോപ്പുമിട്ട് വെളുത്ത്
നീണ്ടു കൊലുന്നനെയുള്ള ടീനേജുകാരിക്ക് തീരെ യോജിക്കാത്ത വിധത്തില്‍ പറ്റെ വെട്ടിയ
മുടിയും തലയും കണ്ടിട്ടാകാം; അവര്‍ക്കും കൌതുകം തോന്നിക്കാണും.
അങ്ങനെയൊരു വിളി കാത്തിരുന്നെന്ന
വണ്ണം ഞാനും ആയിരം ചോദ്യങ്ങള്‍ കൂര്‍പ്പിച്ച
കണ്ണുമായ് അങ്ങോട്ട് തിരിഞ്ഞു .വാതില്‍ കടന്നു .മുറിയില്‍ എന്തോ വെളിച്ചക്കുറവ്
പോലെ .കനത്ത നിശ്ശബ്ദത ! പരിഭ്രമത്തോടെ ഞാന്‍ ചുറ്റും നോക്കി .ഇല്ല ,ആരെയും
കാണുന്നില്ല, രോഗിയോ കട്ടിലോ ഒന്നും കാണുന്നില്ല.ന്യൂസ്‌പേപ്പര്‍ മടക്കി വച്ചിട്ട്
ആ നേഴ്സ് ചേച്ചി എന്നോട് പേര് ചോദിച്ചു ; എന്താ സുഖമില്ലാത്തെ എന്നും !!; ഞാന്‍
എന്‍റെ ചുമന്ന് നീര് വിങ്ങി നിന്ന കൈകളും കാല്‍മുട്ടുകളും കാണിച്ചുകൊടുത്തു.
എന്‍റെ പരതലുകള്‍ കണ്ടിട്ടാകാം
അവര്‍ എഴുന്നേറ്റു .ഞാന്‍ നോക്കുമ്പോള്‍ വിജനമായ ഹോസ്പിറ്റല്‍ കോറിഡോറില്‍ എന്നെ
തുറിച്ചുനോക്കി പേടിപ്പിച്ച ആ യന്ത്രം മുറിയുടെ മദ്ധ്യ ഭാഗത്ത് തന്നെ കിടക്കുന്നു
.വരൂ എന്നും പറഞ്ഞു അവര്‍ അതിനടുത്തേക്ക് ചെന്നു . ഒരു മജീഷ്യന്‍ ന്‍റെ പോലെ ആ
ഗ്ലാസ് വാഗണിന്‍റെ തല ഭാഗം വലിച്ച്
അകത്തി വച്ചു .മിടിക്കുന്ന ഹൃദയത്തോടെ ഞാന്‍ അടുത്ത് ചെന്നു .ഞാന്‍ ആരെയും
കാണുന്നില്ല, എനിക്കൊന്നും മനസിലാവുന്നില്ല . റോമിയോ.... ഇതാ ആരാന്നു നോക്കൂ
എന്നും പറഞ്ഞു സിസ്റ്റര്‍ അതിനടുത്തേക്ക് എന്നെ ചേര്‍ത്തു നിര്‍ത്തി .
പതറിയ നോട്ടത്തിനിടയില്‍ ഞാന്‍
ആ മുഖം കണ്ടു .ഷേവ് ചെയ്ത് വെട്ടിയൊതുക്കിയ മുടിയും കട്ടി മീശയുമുള്ള തേജസ്സുള്ള
മുഖം .!കൈ കൊണ്ട് ഞെക്കി ശ്വാസം കൊടുക്കുന്ന പച്ച ട്യൂബും എയര്‍ ബ്ലാഡര്‍ ഉം
കഴുത്തില്‍ തുളച്ചു ഇട്ടിട്ടുണ്ട് .വേദന നിറഞ്ഞ ആ കണ്ണുകള്‍ എന്നെ ആകാംക്ഷയോടെ
നോക്കി .വാക്കുകള്‍ വിറ കെട്ടിയതു പോലെ ഞാന്‍ ശൂന്യതയില്‍ നിന്നു.
വേദനയും ഭീതിയും നിറച്ച് ഒരു ദുരന്തം കാണും
പോലെ ......അതെ; അന്ന് ചിത്രക്കുട്ടി എന്നെ നോക്കിയില്ലേ.......!? ആളൊഴിഞ്ഞ തക്കം
നോക്കി മെല്ലെ അന്ന് അവള്‍ എന്‍റെ
കട്ടിലിനരികെ വന്നു . കുനിഞ്ഞ് കൈകള്‍ ബെഡ്ഡില്‍ ഊന്നി മുന്നോട്ടാഞ്ഞു ഒരു
സ്വകാര്യം ചോദിക്കും പോലെ സ്നേഹവും അനുകമ്പയും നിറഞ്ഞു ആര്‍ദ്രതയോടെ ചോദിച്ചല്ലോ
.........!! വര്‍ഷങ്ങള്‍ക്കിപ്പുറം ആ ചിത്രക്കുട്ടിയില്‍ ഞാന്‍ എന്നെത്തന്നെ കണ്ടു
.റോമിയോയുടെ മുന്നില്‍ അന്ന് നിന്ന എന്നെ !!
പക്ഷെ റോമിയോയുടെ മുന്നില്‍ എനിക്കൊന്നും
ചോദിക്കാനായില്ല . ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ മറുപടി പറയാനുള്ള ബുദ്ധിയേ
അന്നത്തെ ആ പൊട്ടി പെണ്ണിനുണ്ടായുള്ളൂ. ‘ആ തളര്‍ന്ന ശരീരത്തിനുള്ളിലും ഒരു
ഹൃദയമുണ്ട് ,മനസ്സുണ്ട്’ ,എന്നൊന്നും ചിന്തിക്കാനുള്ള പാകതയും ഉണ്ടായിരുന്നില്ല .
പക്ഷേ ആ മുഖത്ത് നോക്കിയപ്പോള്‍ ഒരു
പുഞ്ചിരി എങ്കിലും നല്‍കാതിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല! ഒന്ന് ചിരിച്ചല്ലോ; അത്
മതി ; അത്രയെങ്കിലും ചെയ്തല്ലോ ! ഇന്നോര്‍ക്കുമ്പോള്‍ ആശ്വാസം. ദൈന്യതയാല്‍ പരിതപിക്കുന്ന അമിത ഭാവ
പ്രകടനങ്ങളെക്കാളും ഉത്തരം കിട്ടാത്ത ചോദ്യങ്ങളെക്കാളും സമാധാനവും സന്തോഷവും
പകരുന്ന, ഹൃദയത്തില്‍ തൊടുന്ന പ്രാര്‍ത്ഥന
നിറഞ്ഞ ഒരു പുഞ്ചിരി തന്നെയാണ് ഉത്തമം .
ആ കണ്ണുകളില്‍ വേദന നിറഞ്ഞിരുന്നു.
ചിരിക്കാനുള്ള ശ്രമം ഒന്ന് ചിതറിയത് പോലെ .സംസാരിക്കാന്‍ ആ മുഖം ഒത്തിരി
ആഗ്രഹിച്ചു കൊണ്ട് ചുണ്ടുകള്‍ ചെറുതായൊന്നു ചലിച്ചു .വാക്കുകള്‍ അവ്യക്തമായിരുന്നു
.എനിക്ക് മനസ്സിലായില്ല. ‘’എവിടെ നിന്ന് വരുന്നതാണ്” എന്നാ ചോദിച്ചതെന്നു
സിസ്റ്റര്‍ എനിക്ക് പറഞ്ഞു തന്നു . ഞാന്‍ അങ്കമാലിയില്‍ നിന്നാണെന്നും പേരും,
പഠിക്കുകയാണെന്നും മറ്റും ഞാനും
സിസ്റ്ററും ചേര്‍ന്ന് പരിചയപ്പെടുത്തി കൊടുത്തു .
ബെഡ്ഡില്‍ ഇരുന്ന ബൈബിള്‍ ഞാന്‍
എടുത്ത് നോക്കിയപ്പോള്‍ സിസ്റ്റര്‍ എന്നോട് റോമിയോയുടെ വിശേഷങ്ങള്‍ പറഞ്ഞു . അടുത്തിരുന്ന് പത്രം വായിച്ചു കേള്‍പ്പിക്കും
.ബൈബിള്‍ വായിച്ചു കൊടുക്കും, ബെഡ്ഡില്‍ എപ്പോഴും ഒരു ബൈബിള്‍ ഉണ്ടായിരിക്കും എന്നൊക്കെ. മറ്റൊന്നും ചോദിക്കനില്ലാതെ ഒരു കേള്‍വിക്കാരിയായി
നിര്‍വികാരതയോടെ, ഇടയ്ക്ക് അത് മറയ്ക്കാനായി ഒരു ചെറു ചിരിയും നല്‍കി ഞാനും നിന്നു. കുറച്ചു സമയം അങ്ങനെ നിന്നു കഴിഞ്ഞപ്പോള്‍
ഞാന്‍ പൊയ്ക്കോട്ടേ എന്ന ഭാവത്തില്‍ ആ ചേട്ടനെയും സിസ്റ്ററെയും നോക്കി .ഇങ്ങനെയൊരു കൂടിക്കാഴ്ച ആ ചേട്ടനെ
അലോസരപ്പെടുത്തിയില്ല എന്ന് എനിക്ക് തോന്നി .പ്രാര്‍ത്ഥിക്കാം എന്നും പറഞ്ഞു ഞാന്‍
പിന്തിരിഞ്ഞു .
എന്‍റെ കൂടെ വാതില്‍ വരെ വന്ന
സിസ്റ്റര്‍ പ്രാര്‍ത്ഥിക്കണം,ഇനിയും വരണം എന്ന് പറഞ്ഞു . “ഇനിയും വരണം’” എന്ന്
കേട്ടപ്പോള്‍ സന്തോഷം തോന്നി .കാരണം എന്‍റെ വരവ് അവര്‍ക്ക് അനിഷ്ടമൊന്നും
ഉണ്ടാക്കിയില്ലല്ലോ എന്ന സന്തോഷം .സന്ദര്‍ഭം കിട്ടിയാല്‍ ഇനിയും വരണം
എന്നെനിക്കുണ്ട്. വരാം എന്നു ഞാനും പറഞ്ഞു .
അതെ !എങ്ങനെയാണു അതവര്‍ക്ക്
അനിഷ്ട്ടമാവുക!!? അത് തിരിച്ചറിയാന്‍ എനിക്ക് ഏതാനും വര്‍ഷങ്ങള്‍ കൂടി
സഞ്ചരിക്കേണ്ടി വന്നു .ഒരു കാലം നമ്മള്‍ അടുത്ത സുഹൃത്തുക്കള്‍ എന്ന് കരുതിയവര്‍
,തോളില്‍ കയ്യിട്ടു നടന്നിട്ടുള്ളവര്‍ ! .......!! ഒരിക്കല്‍ ഞാനും കതോര്‍ത്തിട്ടുണ്ട്.......;എന്‍റെ
മുറിയുടെ വാതില്‍ക്കലെത്തുന്ന ഓരോ പദമര്‍മ്മരങ്ങളിലും
,എന്‍റെ മുന്നിലെത്തുന്ന ഓരോ മുഖങ്ങളിലും ഞാന്‍ അവരെ തിരഞ്ഞിരുന്നു .....ഇല്ല
ഒരിക്കലും അങ്ങനെ തേടിയെത്തിയിട്ടില്ലാത്തവര്‍ ...............വല്ലാത്ത വിങ്ങല്‍
ഉണ്ടായിട്ടുണ്ട് .പക്ഷെ എന്നെ ഓര്‍മ്മിക്കാത്തവര്‍ ,എന്നെ അറിയില്ലെന്നു നടിച്ചവര്‍.....
! അവര്‍ എങ്ങനെ എന്‍റെ സുഹൃത്തുക്കളാകും....... അല്ല ; അവര്‍ എന്‍റെ സുഹൃത്തുക്കള്‍
അല്ല ! ഇനി ഈ വൈകിയ വേളയില്‍ അവര്‍ എത്തിയാലും ഞാന്‍ അവരെയൊന്നും അറിയില്ല എന്നു
തന്നെ ഉറപ്പിച്ചു . മനസ്സിനെ അടക്കാന്‍ ഞാന്‍ കണ്ടെത്തിയ പ്രതിരോധ തന്ത്രം .!
അന്നു റോമിയോയും എന്‍റെ
മുഖത്ത്, തന്‍റെ സുഹൃത്തുക്കളെ തിരഞ്ഞിരിക്കണം .......... .
ഞാന്‍ പതിയെ മുറി വിട്ടു .മനസ്സ് നിശ്ചലമായതു പോലെ .തികച്ചും ശൂന്യമായിരുന്നു. ചുമര്‍ അരികു ചേര്‍ന്ന് ഞാന്‍ പതിയെ നടന്നു .
എല്ലാവരും അവരവരുടെ തോണിയും
തുഴഞ്ഞു ഓരോ ദിശയിലേക്ക് .............! ഞാനും തുഴഞ്ഞു, എന്‍റെ തോണിയും കൊണ്ട്
.....ചുഴികളും തിരകളുമുള്ള അലച്ചിലുകളുടേയും , വേദനകളുടേയും കുത്തൊഴുക്കില്‍
പെട്ട് ,ഇരു കരയും തൊടാനാകാതെ, ദിശയേതെന്നു അറിയാതെ എന്തോ ഏതോ കാലമോ ....സമയമോ
അറിയാതെ തുഴഞ്ഞു ......... അവസാനം ഞാനും റോമിയോയും എല്ലാം ഏതോ ഒറ്റപ്പെട്ട
തുരുത്തുകളില്‍ എത്തപ്പെട്ടു
...............!
പ്രിയ റോമിയോ ഞാനും കണ്ടു
,എതാനും വര്ഷം മുന്‍പ് പത്രത്താളില്‍ ജീവന്‍ തിരിച്ചു കിട്ടിയ കൈ കൊണ്ട് നീ വര്‍ണ്ണങ്ങള്‍
ചാലിച്ചെഴുതിയ ആ ക്രൂശിത രൂപം .!
”സഹനമാണ് കിരീടം ! “എന്ന്
ഓട്ടോഗ്രാഫ് താളില്‍ എനിക്ക് കുറിച്ച്
തന്ന എന്‍റെ പ്രിയ കൂട്ടുകാരി ലിജീ
....... നീയും കാണാമറയത്ത് ഇവിടെ എവിടെയൊക്കെയോ ഉണ്ടല്ലോ .......!
കൊമ്പും കുലുക്കി
കുസൃതി കളിച്ചു എന്നൊടൊപ്പം നടന്ന എന്‍റെ കണ്ണടവാല
കുട്ടീ .......ഭീമനെന്നു വിളിച്ച കളിവാക്കുകളും തട്ടിത്തെറിപ്പിച്ചു നീ കടന്നു
പോയല്ലോ?! എന്‍റെ പ്രിയ ലത കുട്ടീ......! നിന്‍റെ കണ്ണിന്‍റെ കൃഷ്ണ മണിയായ
പൊന്നോമനയെയും വിട്ട്, അങ്ങ് കാവല്‍ മാലാഖമാര്‍ക്കൊപ്പം കിഴക്കുദിച്ച വെള്ളി
നക്ഷത്രമായി, നിറ കണ്കളോടെ നിന്നെയും ഞാന്‍
കണ്ടല്ലോ !
പ്രിയ സൊപ്പൂ ........,
ഒരു സ്വപ്നം പോലെ ,ഇന്നും ഒരു കരിന്തിരിയായ് നീ ഞങ്ങളില്‍ എരിഞ്ഞമരുന്നല്ലോ....
അത് ഇന്നും ഈ ‘മായു’വിന്‍റെ കണ്ണുകളെ പൊള്ളിക്കുന്നുണ്ട് ........... എന്നിട്ടും വിട്ടു പോയത്
പൂരിപ്പിക്കാന്‍ മാത്രമായി ഞാന്‍ എന്ന ഈ
ജന്മവും !
ഓരോ നിമിഷവും പ്രവചനാതീതമാണ്.ഏതൊരു മനുഷ്യന്‍റെ
കാര്യത്തിലും അകത്തേക്കെടുക്കുന്ന ശ്വാസം പോലും
പുറത്തെക്കെടുക്കാന്‍ കഴിയും എന്ന കാര്യത്തില്‍ ഉറപ്പില്ല. . കടന്നു വന്ന അത്രയും
ദൂരം ഇനി മുന്നോട്ടു, ഫിനിഷിങ് പോയിന്‍റ്ലേക്ക് ഉണ്ടായിരിക്കില്ല .എങ്കിലും നമ്മള്‍ സഞ്ചരിച്ചേ മതിയാകൂ !
ചിത്രഗുപ്തന്‍റെ കണക്കു പുസ്തകത്തില്‍
എല്ലാം എഴുതി വച്ചിട്ടുണ്ടാകും .പക്ഷേ നമ്മളെല്ലാം ക്യൂവിലാണ് റോമിയോ . നീയും
ഞാനും എല്ലാം ! ക്യൂവിലാണ്. സംയമനം
പാലിക്കുക .!!
സ്നേഹപൂര്‍വം സ്നേഹിത
മായ ബാലകൃഷ്ണന്‍
.
Comments
Post a Comment