മിഴിനീർ പൂക്കൾ

        ഓർമ്മ പൂക്കൾ‍ !
         ******************
പുറത്തു മഴ തകർത്തു പെയ്യുമ്പോഴായിരിക്കും  വാതിലിൽ ഒരു മുട്ട് .ചെന്നു നോക്കുമ്പോൾ ,  കാറ്റും മഴയും ഒന്നു ശമിച്ചിട്ടു വേണം പാടം കയറാൻ എന്നും പറഞ്ഞു കയറി വരുന്ന ഞങ്ങളുടെ മോഹൻ സാർ  ആയിരിക്കും  ! 

നായത്തോട് വന്ന് ബസ്സ്  ഇറങ്ങിയാൽ വാപ്പാലശ്ശേരിക്കും അവിടന്ന് നായത്തോട് വന്നു ബസ് കയറാൻ, ചേറും വെള്ളവും നിറഞ്ഞ കുളവും പാട വരമ്പും താണ്ടി വരുമ്പോൾ, ഒരു ഇടത്താവളം മാത്രമായിരുന്നില്ല സാർ  നു ഞങ്ങളുടെ വീട് .അതുപോലെ  ഞങ്ങൾക്ക് വെറും കുടുംബ സുഹൃത്ത് മാത്രമല്ലായിരുന്നു ; ഞങ്ങൾ സഹോദരങ്ങൾക്ക് എല്ലാം ഒരു മൂത്ത ജ്യേഷ്ഠ സഹോദരനായിരുന്നു  അദ്ദേഹം.

     80 പതുകളുടെ ആദ്യ കാലങ്ങളിൽ നാടക പ്രവർത്തനങ്ങളും പാരലൽ കോളേജ് അദ്ധ്യാപനവും ട്യുഷൻ മാസ്റ്റർ പദവികളും അലങ്കരിച്ചു നടന്ന ദിനങ്ങളിൽ സർ വീട്ടിലെ നിത്യ സാന്നിദ്ധ്യമായിരുന്നു.. സന്ധ്യ കഴിഞ്ഞാൽ സൈക്കിൾ ബെല്ല് മുഴക്കി വീട്ടിലെത്തുന്ന സർ റ്റ്യൂഷനും അതുകഴിഞ്ഞ്  കുടുംബ വിശേഷങ്ങളും പങ്കിട്ട് മടങ്ങുമ്പോൾ ,വീട്ടിൽ തന്നെ കാത്ത് ഊണു കഴിക്കാനും ഉറങ്ങാനും കണ്ണും നട്ടിരിക്കുന്ന അമ്മയുംണ്ടെന്നും  പറഞ്ഞ്   വൈകിയ വേളയിൽ തിരക്കിട്ട്  ഇറങ്ങും .
ഞങ്ങൾ വളരുന്നതിനൊപ്പം ആ സ്നേഹവും സൗഹൃദവും ബഹുമാനവും വളർ‍ന്നു .ഞങ്ങളുടെ മനസിന്റെ ഇരിപ്പിടങ്ങളിൽ   ജ്യേഷ്ഠ സ്ഥാനം നല്കി കൊണ്ട്   തുടർന്നും  സാറേ എന്ന വിളി ഞങ്ങളും തുടർന്നു കൊണ്ടിരുന്നു ..

  
govt സർവീസിൽ ജോലിയായി പല നാട്ടിലും . അപ്പോഴും ഇടയ്ക്കെല്ലാം എത്തുമായിരുന്ന സാർ നു ചുറ്റും ഞങ്ങൾ‍പഴയ കുട്ടികളെ പോലെ വട്ടം കൂടും .അഭിനയവും നാടകവും കൈവശമുള്ള സർ സംസാരത്തിനിടയിൽ‍ പുട്ടിന് തേങ്ങ ഇടും പോല്  നർമ്മവും അനുകരണ ശകലങ്ങളും പ്രയോഗിച്ച് ചിരിപ്പിച്ചും കുറേ സന്തോഷ നിമിഷങ്ങളും നല്കിയേ മടങ്ങാറുള്ളൂ .

    സര്വീസിൽ നിന്നും വിരമിച്ച് അധികം വൈകാതെ വന്ന സ്ട്രോക്ക് ഓർ‍മ്മകളുടെ അറകളും ശബ്ദ നിയന്ത്രണവും പിടിച്ചെടുത്തപ്പോളാണ് ഹൃദയത്തിന്റെ വിങ്ങൽ എന്തെന്ന് ഞങ്ങൾ അനുഭവിച്ച് അറിഞ്ഞത് . .പക്ഷെ ആ സ്നേഹം ഞങ്ങളുടെ സാന്നിദ്ധ്യത്തിൽ ഒത്തിരിയേറെ സന്തോഷിച്ചതായ് അനുഭവപ്പെട്ട നിമിഷങ്ങളായിരുന്നു  അന്ന്  സ്ർ ന്റെ ഗൃഹപ്രവേശന ദിനം !! 
 അപ്പുറവും ഇപ്പുറവും   ചേട്ടന്മാർക്കൊപ്പം ആ ദിനത്തിൽ എടുത്ത ചിത്രം എല്ലാം പറയുന്നുണ്ട്. 

അവസാനം ഒടുങ്ങാത്ത വിങ്ങൽ അവശേഷിപ്പിച്ചു എന്നത്തേക്കുമായ് സാർ മടങ്ങിയത് ‘09 ജൂൺ 29 നായിരുന്നു . 
അച്ഛനായപ്പോൾ നെഞ്ചോട് ചേർത്തു കൈ പിടിച്ചു നടത്തിയ ആ  കുഞ്ഞു മോൻ ,അവസാനം അച്ഛനെ ഒരു കുഞ്ഞിനെ പോല് കൊണ്ട് നടന്നു.
സ്നേഹിക്കുമ്പോഴും കലഹിക്കുമ്പോഴും നിന്നെ   'തങ്കം 'എന്നു തന്നെ 
വിളിക്കണമല്ലോ  എന്ന്  തങ്കം എന്നു പേരുള്ള  ഭാര്യയെ കുറിച്ചും തമാശയായും  പറയുന്നതും നനവ് പടർന്ന ചിരിയോടെയേ ഓർക്കാനാവൂ .



 എന്നും നല്ല സൌഹൃദങ്ങൾ ആയിരുന്നു സാർ ന്റെ സമ്പാദ്യം . നായത്തോട്ടു കാർക്ക്  പ്രിയപ്പെട്ടവനായിരുന്ന ഇടത്തിൽ മോഹൻ എന്ന ഞങ്ങളുടെ മോഹൻ  സാർ !
 ഇനി ഒരു മഴക്കാലത്ത് കയറി വരില്ലെന്ന് അറിയിച്ചുകൊണ്ട്  ജൂണിലെ മഴയും നനഞ്ഞു കൊണ്ടാണ് സാർ  “ മോഹനം “ത്തിന്റെ പടിയിറങ്ങിയത്.
 ഇനിയും എന്നും ,  ഞങ്ങളുടേയും കുടുംബത്തിന്റേയും മനസ്സിൽ നിറമുള്ള ഓർമ്മപൂക്കളം തീർക്കാൻ   ഞങ്ങളുടെ മോഹൻ സാർ ഉണ്ടാകും .

സ്നേഹപൂർവ്വം സ്നേഹിത
മായ ബാലകൃഷ്ണൻ

Comments

Popular posts from this blog

വാഴക്കുല യ്ക്ക് 80 വയസ്സ്

കൃഷ്ണ കവിത

സൗഹൃദം ! സുകൃതം !!