ഭഗവതി സ്തുതി ഗീതം !


ഗ്രാമലക്ഷ്മീ ! മധു ചന്ദ്രികേ !
  💥💥💥💥💥💥💥

 ദേവീ  ഭദ്രേ ! മംഗളസ്വരൂപണീ 
ആനന്ദ ദായിനീ ! പാലയ്ക്കാട്ടു കാവിലമ്മേ 

നിറദീപങ്ങൾ മിഴിതെളിയ്ക്കുമാ -
സാന്ധ്യാരാധന വേളയിൽ 
സ്നേഹമാധുരി തൂകിയൊരു കുഞ്ഞു 
പെൺകിടാവായ് നീ   വന്നിതല്ലോ
കളഭകാന്തിയിൽ പുഞ്ചിരി പൂണ്ടു
നിർമ്മല ഗാത്രിയായ് അണിവൈര -
ക്കല്ലുകൾ ചാർത്തിയായന്തിമാന 
ചരുവിലാദിത്യൻ മറയവേ 
കളം നിറഞ്ഞെഴുത്തും പാട്ടും
വിളക്കുമായ് പ്രകൃതീശ്വരീ ! ജഗദീശ്വരീ !
നീ മുഖമണ്ഡപമണയൂ ദേവീ .!

ചെമ്പട്ടും വാളും ചിലമ്പുമരമണി 
കാൽത്തള ചിഞ്ചിലത്തോടെ
ശ്രീകോവിൽ നടയിറങ്ങി വരൂ  ദേവീ
 ഭഗവതീ നായത്തോടിൻ ഗ്രാമലക്ഷ്മീ !

പാടം നടവരമ്പുകൾ ഇടവഴി 
വീടുകൾ തോറും പറയും പറക്കോലുമായ്  
 മുറ്റത്തരിമാവിൻ കോലങ്ങളണിഞ്ഞു 
കാത്തിരുന്നതോർപ്പൂ ഞങ്ങളാക്കാലം .

രാവിൻ തിരുവരങ്ങിലുഗ്ര വീര്യം
 ചാർത്തി ആസുര താളത്തിൽ
ദാരികാ നിഗ്രഹം വരുത്തുവാനായ് 
ആർത്തലച്ചാടുന്ന ദേവീ !ഭദ്രേ കാളീ
തെള്ളിയും പുറപ്പാടുമായ് തീപ്പന്ത -
ങ്ങളേന്തി നിശയുടെയന്ത്യ യാമങ്ങളിൽ
രുധിര വക്ത്രയായ് മൂവ്വുലകവും 
വലംവച്ചാഴിയും ആതിരയും കുടിച്ചു 
വറ്റിക്കുമഗ്നിയായാളുന്നു ക്ഷേത്രാങ്കണേ
രൗദ്ര ദേവീ ! മഹാകാളീ ഭദ്രേ !

തടുത്തില്ലേലിതു , ബ്രഹ്മാണ്ഡ പതനം 
അടങ്ങുന്നില്ലേലിതു , സർവനാശകരം
പാരം വിറച്ചു ഭൂലോകവും തരിച്ചൂ
മൂലോകവും രക്ഷിപ്പതിനായ് 
പരമേശ്വരൻ പരൻ താതൻ പാരിന്നധിപതി
വഴിയും തടഞ്ഞിതു മദ്ധ്യേ കിടപ്പതായ്
അരുത് ! താതനെ വകഞ്ഞു വയ്ക്കരുത്
തൻ പാദം പിൻ വലിച്ചു തിരിഞ്ഞു
രൗദ്രം കുടഞ്ഞെറിഞ്ഞു ഉഗ്രവീര്യം 
കുടിച്ചിറക്കി നമിച്ചു താതനെ ദേവിയും .

ശാന്തം സൗമ്യം പല്ലവം പൊഴിച്ചു മധുചന്ദ്രികയായ് 
നീലാഞ്ജനമെഴുതിയ മിഴികളിൽ
സുസ്മിതം ചാർത്തി സുന്ദര വദനേ !ദേവീ
കുങ്കുമം തൂകിയ പുലർവേളയിൽ
മംഗളസ്വരൂപിണിയായ് എഴുന്നള്ളും 
ദേവീ ഭഗവതീ പാലയ്ക്കാട്ടു കാവിലമ്മേ !
വന്ദനം വന്ദനം !ഉഷസ്സിൻ നിവേദ്യം പുൽകി പുൽകി
ആലും കുളവും മന്ദമാരുതനിൽ 
പരിലസിച്ചു നിൽക്കേയന്തിമാന 
ചോപ്പും കതിരവനും കടന്നെത്തും കാത്തു
പടിഞ്ഞാറു ദർശനം ചെയ്യും കാവിലമ്മേ !

ഹരിതാഭയിൽ ചാഞ്ചാടി നല്ലിളം നെല്ലിൻ 
 കതിർക്കുല കണികണ്ടുണരും ദേവീ മഹാമായേ 
അന്നപൂർണ്ണേശ്വരീ ഭഗവതീ 
നായത്തോടിൻ ഗ്രാമലക്ഷ്മീ നമോ നമ ഃ


 സ്നേഹപൂർവം സ്നേഹിത 
 മായ ബാലകൃഷ്ണൻ
മാർച്ച് 2016 

Comments

Popular posts from this blog

വാഴക്കുല യ്ക്ക് 80 വയസ്സ്

കൃഷ്ണ കവിത

സൗഹൃദം ! സുകൃതം !!