ഓണസ്മരണ
ഓണവില്ല്
(ഓണം മധ്യകേരളത്തിൽ)
*************************
ഉത്സവങ്ങളും ആഘോഷങ്ങളും എപ്പൊഴും കൂടുതലായും ആഹ്ലാദിപ്പിക്കുന്നത് കുട്ടികളെയാണെന്ന് തോന്നിയിട്ടുണ്ട്. അതുകൊണ്ടാവാം ഓണം എന്നുകേൾക്കുമ്പോളൊക്കെ നാം ബാല്യത്തിലേക്ക് ഇറങ്ങിപ്പോകുന്നത്.
ഓണത്തിനൊപ്പംവരുന്ന ഒരുകൂട്ടം ഓണപ്പദങ്ങൾ മലയാളത്തിനുമാത്രം സവിശേഷമായിട്ടുള്ളത് വളരെ രസകരമായി തോന്നാം. ഓണപ്പരീക്ഷയിൽതുടങ്ങി ഓണത്തപ്പൻ, ഓണക്കോടി, ഓണസദ്യ, ഓണനിലാവ്, ഓണത്തുമ്പി, ഓണപ്പൂക്കളം, പുത്തനോണം പിള്ളേരോണം. എല്ലാം പോയിട്ട് ഇപ്പൊ ഓണംബംബർ, ഓണം അഡ്വാൻസ്, ഓണം ഉത്സവബത്ത...ഹാ....! എന്തൊരോണം!!...
ചിങ്ങം എന്നുകേൾക്കുമ്പോഴേ പുഞ്ചിരി തൂകിവരുന്ന മാസം! മനസ്സും മാനവുമൊക്കെ തെളിഞ്ഞെത്തുന്ന നിറവിന്റെ, സമൃദ്ധിയുടെ കാലം. ചിങ്ങത്തിലെ അത്തംതുടങ്ങി പത്തുദിവസം പൂവിട്ട് ഓണംകൊള്ളും എന്നാണല്ലോ പറയുന്നത്. കേരളത്തിൽത്തന്നെ തെക്ക് വടക്ക് ഭേദത്തിൽ ഓണത്തിന്റെ ആചാരാനുഷ്ഠാനങ്ങൾക്ക് ചെറിയ വ്യത്യസ്തത ഉണ്ട്. ഞങ്ങളുൾപ്പെടുന്ന മധ്യകേരളത്തിൽ ഞങ്ങളുടെയൊക്കെ ബാല്യത്തിൽ അത്തത്തിനുമുൻപേ ഓണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരിക്കും. പൂവിടാൻ മണ്ണുകൊണ്ട് പ്രത്യേകം പൂത്തറ കെട്ടിക്കൊണ്ടാണു അതിന്റെ തുടക്കം.
രണ്ട് ഏട്ടന്മാരുടെ അനിയത്തിക്കുട്ടിയായ ഞാനും എല്ലാറ്റിനും അവർക്കൊപ്പം കൂടും. അത്തത്തിനു മുൻപേയുള്ള ഒരു ദിവസം അടുത്തടുത്തുള്ള വീട്ടിലെ കുട്ടികളെല്ലാംകൂടെ കുട്ടയും മൺ വെട്ടിയുമായ് പൂത്തറകെട്ടാനും മാവേലിയെ ഉണ്ടാക്കാനുമുള്ള മണ്ണെടുക്കാൻ പോവും. നല്ല പശിമയുള്ള മണ്ണ് വേണം. വീടിനടുത്തുള്ള ഭഗവതീക്ഷേത്രത്തിന്റെ ഒരുമൺതിട്ട് ഞങ്ങളൊക്കെ മണ്ണെടുത്ത് നികന്നിട്ടുണ്ടായി അന്നൊക്കെ.
പൂത്തറ ആചാരാനുഷ്ഠാനത്തിന്റെകൂടി ഭാഗമാണു. അതുകൊണ്ട് പൂത്തറ എന്നാൽ 'വടക്കുംനാഥൻ' കെട്ടണം എന്നാണു. അതിൽ വലിയ പരിഷ്കാരങ്ങളൊന്നുംനടത്താൻ അമ്മ സമ്മതിക്കില്ലായിരുന്നു. ആവണിപ്പലകയുടെ ആകൃതിയാണു ഞങ്ങൾ കെട്ടുന്ന ഈ വടക്കും നാഥനു്. ആദ്യം തലഭാഗത്ത് വലിയൊരു വൃത്താകൃതിയിലും പിന്നെ അതിനെ ബന്ധിപ്പിച്ച് വീതികുറച്ചു വാൽപോലെ ഒന്നും അതിനറ്റത്തു ചെറിയൊരു വൃത്താകൃതിയിലും, ചെറിയ കനത്തിൽ മണ്ണുകുഴച്ച് വീട്ടുമുറ്റത്തു നടുക്കായിട്ടാണു തറ ഒരുക്കുന്നത്.
മണ്ണ് കുഴച്ചും പാകത്തിനു വലിപ്പത്തിലും നീളത്തിലുമൊക്കെ ഉണ്ടാക്കുന്നത് വളരെ സമയമെടുക്കുന്ന പണിയാണു. എങ്കിലും വലിയ ഉത്സാഹം ആയിരിക്കും. നമ്മൾ ഉണ്ടാക്കിയാൽമാത്രം പോരാ അടുത്തവീട്ടിലെ കുട്ടികൾ ഉണ്ടാക്കിയതുകൂടി കണ്ടാലേ കാര്യങ്ങൾ തൃപ്തിയാകൂ എന്നമട്ടിലാണ് അവിടന്നങ്ങോട്ടു ഓരോ ദിവസവും! തറകെട്ടി മിനുക്കി പിന്നേം ബാക്കിയുള്ള മണ്ണു തികഞ്ഞില്ലെങ്കിൽ കുറച്ചും കൂടെ മണ്ണ് എടുത്തുകൊണ്ടുവന്ന് തിരുവോണത്തിനുവേണ്ട മാവേലിയേയും ബാക്കി സന്നാഹങ്ങളും ഒരുക്കിവയ്ക്കണം!
തിരുവോണത്തിന്റെ അന്ന് ഞങ്ങളുടെ നാട്ടിൽ പൂവിടുന്ന രീതിയില്ല. അന്ന് മാബലി തമ്പുരാനെ എഴുന്നള്ളിച്ച് ഇരുത്തുന്ന വലിയ ചടങ്ങാണുള്ളത്. അതിനാണു പൂത്തറ ആയിട്ട് ആവണപ്പലക തന്നെ ഉണ്ടാക്കുന്നത്. തമ്പുരാനല്ലേ!...അപ്പൊ ആവണിപ്പലക തന്നെ വേണമല്ലോ. പൂജാദികർമ്മങ്ങൾക്കൊക്കെ ബ്രാഹ്മണരും മറ്റും ഇരിക്കുന്നത് ആവണിപ്പലകയിലാണല്ലോ.
അങ്ങനെ വലിയ മരപ്പലകയിൽ മണ്ണുകുഴച്ചത് അടിച്ചുപരത്തി വക്കും മൂലയുമൊക്കെ പിടിപ്പിച്ച് ത്രികോണാകൃതിയിൽ സ്തൂപം ആയി മാവേലി പല വലിപ്പത്തിൽ 5,6 എണ്ണമൊക്കെ ചുരുങ്ങിയത് വേണം. പിന്നെയും മാവേലിയെ കൂടാതെ ഉള്ളംകയ്യിൽ ഒതുങ്ങുന്ന വലിപ്പത്തിൽ അമ്മിക്കല്ല്, ആട്ടുകല്ല്, ഉരൽ, ഉലക്ക, കിണ്ടി,അമ്മൂമ്മ, അപ്പൂപ്പൻ എന്നുവേണ്ട അത്യാവശ്യം കലാനൈപുണിയൊക്കെ പുറത്തെടുക്കാവുന്ന പണികളാണ്. കുട്ടികൾ മണ്ണ്എടുത്തു, ചെളിയായി എന്നുള്ള പഴിയൊന്നും അന്ന് ആരും പറയാനും പോവില്ല. തുടർന്നുള്ള ദിവസങ്ങൾ മഴ നനയ്ക്കാതെ വെയിലത്തു വയ്ക്കുന്നതും ഉണക്കിയെടുക്കുന്നതും കുട്ടികളുടെ പണി ആയിരുന്നു.
അങ്ങനെ അത്തം എത്തിക്കഴിഞ്ഞാൽ, കുട്ടികളാണു പൂവിടലും, പൂപറിക്കലും എല്ലാം. എന്നാൽ മുതിർന്നവർക്ക് സദ്യയും മറ്റും ഒരുക്കുന്നതിലാണു ശ്രദ്ധ. രാവിലെ എഴുന്നേറ്റ് കുളിക്കണം, എന്നിട്ടുവേണം പൂവിടാൻ എന്നൊക്കെ പറയും. അതുവരെ കാത്തിരിക്കാനുള്ള ക്ഷമയൊന്നും ഉണ്ടാവില്ല. ഞങ്ങൾ പല്ല് തേച്ചു കയ്യുംകാലും കഴുകി ആ ചടങ്ങ് അങ്ങു ചെയ്യും! ആദ്യം ചാണകം കൊണ്ട് പൂത്തറ മെഴുകണം! അത് അമ്മ ചെയ്തുതരും. പിന്നെ തറയിൽ ആവണിപ്പലകയുടെ തലയ്ക്കലും വാൽ ഭാഗത്തും നടുക്ക് തുളസ്സിയില വച്ച് അതിനുമീതെ ഒരു കുടന്ന തുമ്പപ്പൂ വയ്ക്കണം! അതിനു കീഴേയേ ഓരോ പൂവും ഇടാൻ പാടുള്ളൂ... അല്ലാതെ ചെയ്യുന്നതൊക്കെ പരിഷ്ക്കാരം ആണെന്നാ പറയുന്നേ.... ചിലരൊക്കെ പൂത്തറ വലിയ വട്ടത്തിൽമാത്രം അതിനുമുകളിൽ സ്റ്റെപ്പ് സ്റ്റെപ്പ് ആയി വട്ടം കുറച്ച് കുറച്ചു മൂന്നും നാലും നില വരെ ഉണ്ടാക്കിവയ്ക്കും.
തുമ്പപ്പൂവിനു ചുറ്റും വീട്ടുമുറ്റത്തെ തന്നെ ചെമ്പരത്തി ഓരോ ഇതളായി വട്ടത്തിൽ വയ്ക്കും. ചിലപ്പോൾ ഓരോ ഇതളിനും ഇടയിൽ മന്ദാരത്തിന്റെ ഓരോ ഇതളും അടർത്തി വയ്ക്കും. ഇങ്ങനെ മഞ്ഞനിറത്തിൽ കോളാമ്പിപ്പൂ, നീലശംഖുപുഷ്പം, ഗന്ധരാജൻ, കാശിത്തുമ്പ, ബൊഗയിൻ വില്ല, ചെത്തി, മുക്കുറ്റി, കാക്കപ്പൂ.. കാക്കപ്പൂവും മറ്റും എന്തോരം നേരമെടുത്ത് പറിച്ചാലാ ഇത്തിരിയുണ്ടാവുക!!! വേലിയിലും മറ്റും നിൽക്കുന്ന ചുന്ദരിപ്പൂവ്, വയലറ്റ് നിറത്തിൽ അപ്പപ്പൂവ്, അരിപ്പൂ എന്നൊക്കെ വിളിക്കും അതിനെ. ഇങ്ങനെ അത്തംതുടങ്ങി മൂലംവരെ വലിയ ബുദ്ധിമുട്ടില്ലാതെ പോവും. ഇനിയുള്ള ദിവസ്സങ്ങളിലാണു കൂടുതൽ പൂവ് വേണ്ടത്. മൂലത്തിനു പൂത്തറയ്ക്കു നാലുമൂലയ്ക്കും ചാണകം കൊണ്ട് ചെറിയ കളമെഴുതി അതിൽ തുളസ്സി, തുമ്പ അങ്ങനെ ചെറിയ കളം പൂവിടും! പിന്നെ പൂരാടം, ഉത്രാടം! പൂരാടത്തിനു പ്രധാന കളത്തിനു നേരെ വീട്ടുപടി വരെ ഇടവിട്ട് കളം തീർത്തു പൂവിടണം. ഉത്രാടത്തിനു വീട്ടുപടിക്കു പുറത്തു കളമെഴുതി പൂവിടണം. മഹാബലി തമ്പുരാനെ പടി തുടങ്ങി സ്വീകരിക്കുന്നു എന്നതിന്റെ പ്രതീകം ആണു.
അങ്ങനെ പടിക്കുപുറത്തിടുന്ന കളമാണു ഏവരും കാണുന്നത്! അതുകൊണ്ട് നല്ല വലിപ്പത്തിലും ഭംഗിയിലുംതന്നെ വേണമെന്ന് എല്ലാ വീട്ടിലെ കുട്ടികളും മത്സരിച്ചു പൂവിടും. ഓരോ ദിവസവും പൂവിട്ടു കഴിഞ്ഞാൽ ചാഞ്ഞും ചെരിഞ്ഞും കളംകണ്ട് ആസ്വദിച്ച് പിന്നെ അടുത്ത വീട്ടിലേക്ക് ഓടും! അന്നത്തെ മത്സരം അങ്ങിനെയൊക്കെ ആയിരുന്നു.
അങ്ങനെ തിരുവോണം എത്തി. തിരുവോണനാളിൽ മഹാബലി വരും നേരം ചൂലെടുക്കാൻ പാടില്ലാ എന്നാണ്. അതുകൊണ്ട് ഉത്രാടത്തിനു വൈകുന്നേരം മുറ്റമടിച്ച് തളിച്ച് , കളത്തിലെ പൂക്കളൊക്കെ വാരിമാറ്റി ചാണകംമെഴുകി വൃത്തിയാക്കിയിടും!! ഉത്രാടത്തലേന്ന് കളത്തിലും മാവേലിയെ അണിയിക്കാനും അരിമാവ് അരച്ച് തയ്യാറാക്കണം, തൂശനില വെട്ടിവയ്ക്കണം, അതിനെല്ലാം മുൻപേ ഉത്രാടത്തിനു പൂക്കളമിട്ടു കഴിഞ്ഞാൽ നേരെ തുമ്പക്കുടം പറിച്ചുവയ്ക്കാൻ ഓടും. ആരെങ്കിലുമൊക്കെ പറിച്ചെടുത്തു കൊണ്ടുപോകുംമുമ്പേ തുമ്പച്ചെടി കടയോടുകൂടി പറിച്ചെടുത്തു കൊണ്ടുവയ്ക്കണം. മണ്ണ് കഴുകി വയ്ക്കണം! അമ്മമാർക്ക് ഓണ അട ഉണ്ടാക്കാനും ഉണ്ട്. അടുക്കള നിറയെ പച്ചക്കറികളും പഴക്കുല തൂക്കിയിട്ടും, ഇതിനിടയിൽ അടയ്ക്ക് ചിരവി വച്ചിരിക്കുന്ന തേങ്ങാ ഓരോ നുള്ളു എടുത്ത് വായിലാക്കുന്നതും നമ്മുടെ പണിയാണു.
ഇങ്ങനെ ശരിക്കും ഒരു ഉത്രാടപ്പാച്ചിൽ ! സന്ധ്യയായാൽ പിന്നെ പൂവിളിയുടെ സമയമാണു. നല്ല രസമാണു. വീടിന്റെ ഓരോ ഭാഗത്തു നിന്നും അടുത്ത വീട്ടിലെ കുട്ടികളുമായാണു പൂവിളി. കൂവുന്നത്. ഇവിടെ, ഒന്ന് നീട്ടി കൂവി നിറുത്തുമ്പോൾ, അപ്പുറത്തുനിന്നും മറുകൂവൽ എത്തിയിരിക്കും! ഇങ്ങനെ കുറച്ചു സമയം അങ്ങോട്ടുമിങ്ങോട്ടും മത്സരിച്ചുള്ള കൂവൽ വളരെ രസകരമായിരിക്കും.
വെളുപ്പിനേ ഉണർന്ന് മാവേലിയെ അഭിഷേകം ചെയ്ത് എതിരേൽക്കണം. സാധാരണ പുരുഷന്മാരോ ആൺകുട്ടികളോ ഒക്കെയാണു ഈ ചടങ്ങ് ചെയ്യാറ്. എന്തായാലും മാവേലിയെ എഴുന്നള്ളിച്ച് ഇരുത്താൻ ചേട്ടന്മാരെ നിർബന്ധിക്കയൊന്നും വേണ്ട. ഏതുമഴയത്തും കുളിച്ചുവന്നു ഈറൻ ഉടുത്ത് ആ ചടങ്ങു ചെയ്യാൻ അവർക്ക് ഒരു മടിയുമുണ്ടായില്ലാ. അവർ ആ സാഹസത്തിനു മുതിരുന്നതിനു പിന്നിൽ ഒരു രഹസ്യം ഉണ്ട്. മഹാബലിക്കു അട നേദിച്ചു ചടങ്ങു പൂർത്തിയായാൽ അപ്പൊതന്നെ അടയും പഴ നുറുക്കും ഉപ്പേരിയും ഒക്കെ അവർക്ക് ആദ്യം കഴിക്കാം.
പൂത്തറ അരിമാവണിഞ്ഞ് പലകയൊക്കെയിട്ട് തൂശനിലയിൽ മാവേലിയെ കുളിപ്പിച്ച് വച്ചു ചന്ദനം തൊടുവിച്ചു തുമ്പക്കുടം കൊണ്ട് മൂടി നിലവിളക്കു കൊളുത്തി, തേങ്ങാ പൊട്ടിച്ച് വെള്ളം ഒഴിച്ച് അഭിഷേകം ചെയ്യും ആദ്യം. എന്നിട്ട് ആ രണ്ടുതേങ്ങാ പൊളിയിലും കിഴികെട്ടി തിരി തെളിച്ചുവയ്ക്കും, തമ്പുരാനു അടയും നിവേദിച്ച് ആ ചടങ്ങു കഴിയും. പടി വരെ ഓരോ കളത്തിലും ഈ ചടങ്ങുകൾ നടത്തി പടിക്കു വെളിയിലെ കളത്തിലും അടയും നേദ്യവും വയ്ക്കും. ഗണപതിക്കു അവലും മലരും നേദിക്കാൻ വയ്ക്കലും കൂടെ കഴിയും. പടിക്കു പുറത്തുവയ്ക്കുന്ന മാവേലിയെയും അടയും മോഷ്ടിച്ചു കൊണ്ടുപോകുന്നതും, പാത്തുനിന്ന് കണ്ടുപിടിക്കുന്നതും മറ്റും രസകരമാണു.
അന്നൊക്കെ ഓണ അടയുടെ ടേസ്റ്റ് മറ്റൊന്നിനും കിട്ടില്ലാ. സദ്യയാണെങ്കിലും ഓണസദ്യ തന്നെ !
ഉത്രാടത്തിനു കോടിയുടുക്കണം എന്നാണു. തിരുവോണത്തിനു അലക്കിയുടുക്കണം എന്നും പറയും. ഓണസദ്യ കഴിഞ്ഞാൽ തിരുവോണത്തിന്റെ അന്നത്തെ ഓണക്കളി ബഹുകേമമാണു. അത്തം തുടങ്ങിയുള്ള ദിവസ്സങ്ങളിൽ രാത്രിയിലാണു നാട്ടിലെ ചില വീടുകളിൽ എല്ലാവരും ഒരുമിച്ചു കൂടി കളിക്കാറ്. തിരുവോണ നാളിൽ ഉച്ചക്കുശേഷം നാട്ടിലെ വലിയൊരു പുരുഷാരം ഓണക്കളി കാണാൻ തടിച്ചു കൂടും. സ്ത്രീകളേക്കാൾ പുരുഷന്മാരാണു ഇവിടങ്ങളിൽ കളിക്കാൻ കൂടാറുള്ളത്. വട്ടമിട്ടുനിന്നു പാട്ടുപാടി ഏറ്റുചൊല്ലി കൈകൊട്ടി, ചുവടുവച്ചു സ്ത്രീകളും കുട്ടികളുമൊക്കെ അവർക്കൊപ്പം നിരക്കും!
തനി ഗ്രാമീണമായ ശൈലിയിലാണു ആ പാട്ടുകൾ. ഗണപതി, സരസ്വതി, കൃഷ്ണലീലകൾ, ഇതൊന്നുംകൂടാതെ പച്ചക്കറികളുടെ പേരും സദ്യവട്ടങ്ങളും,നാട്ടിലെ സാമൂഹികാവസ്ഥയുമൊക്കെ ഈ ഓണപ്പാട്ടിൽ കടന്നുവരും! എന്നാൽ ഇന്ന് ആ തലമുറയൊക്കെ നാടുനീങ്ങിയതോടെ വലിയൊരു സംസ്കാരത്തിന്റെ അവശേഷിപ്പുകൾ തന്നെ മാഞ്ഞുപോയി. വലിയൊരു നഷ്ടം തന്നെയാണു പുതുതലമുറക്ക് അതെല്ലാം.
നമ്മുടെ ഓണം, കൃഷി , പുഴകൾ മലകൾ നാട്ടു നന്മകൾ എല്ലാം തിരിച്ചെടുത്താലേ നമുക്ക് നമ്മുടെ മണ്ണിലേക്കും വേരുകളിലേക്കും എത്തിപ്പിടിക്കാൻ കഴിയുള്ളൂ. അതുവരേക്കും നമ്മൾ മലയാളികൾ വേരുകൾ നഷ്ടപ്പെട്ട്, മാനുഷികമൂല്യങ്ങളും സംസ്കാരവും നശിച്ച്, ആടിയുലയുന്നൊരു വടവൃക്ഷമായ് ഇന്നിന്റെ കാലത്തിൽ നിലം പതിക്കും. മുന്നോട്ടുള്ള കുതിപ്പിനു ഒരു തിരിഞ്ഞുനോട്ടം, ഓർമ്മയുടെ മുറ്റത്തു പൂക്കളംതീർത്തു നമുക്ക് നമ്മുടെ കുട്ടികളെ ചേർത്തു നിറുത്താം. ഒരുമയുടെ ഓണം. അതാകട്ടെ ഓണം! ചെറിയവൻ, വലിയവൻ എന്ന ഭേദങ്ങളില്ലാതെ, വർണ്ണവ്യതിയാനങ്ങളില്ലാതെ ഏവരും ഒന്നാവാൻ, പ്രതീക്ഷകൾതരുന്ന പൊൻകിരണങ്ങൾ കതിരണിയട്ടെ...മണ്ണിലും മനസ്സിലും!
മായ ബാലകൃഷ്ണൻ
🌷🌷🌷🌷🌷
Comments
Post a Comment