മഴ പോലെ
മഴയോളങ്ങളില്‍ ഓര്‍മ്മയുടെ
ചാറ്റല്‍മഴ പെയ്യുകയാണ് ! പുറമേ
പെരും മഴയുടെ ഇരമ്പത്തില്‍ ഓര്‍മ്മകളും
ആര്‍ത്തിരമ്പുകയാണ് ..........
ഇവിടെ പകലുറങ്ങുന്ന വീടിന്റെ
നിശബ്ദതയില്‍ ഒരു കുളിര് കാറ്റ് വന്നെന്നെ
തഴുകിയുണര്‍ത്തി. തുറന്നിട്ട
ജാലകത്തിലൂടെ ഞാന്‍ കണ്ണുകള്‍
പായിച്ചു . അങ്ങകലെ ആകാശ ചെരുവില്‍ മഴ മേഘങ്ങള്‍ യാത്ര തുടങ്ങിയിരിക്കുന്നു , സൂര്യരശ്മികള്‍ തിളക്കമറ്റു
, മാനമിരുണ്ട് ,ഒരു സങ്കടപ്പെരുമഴയ്ക്കായ്
പ്രകൃതി വിതുമ്പി നില്ക്കുന്നു . കാടിറങ്ങി മലയിറങ്ങി , തോടും പാടവും
കടന്നു വന്ന കാറ്റില്‍ തലയിളക്കി മുറ്റത്തെ ചെത്തിയും ചെമ്പരത്തിയും ഓരോ
മഴത്തുള്ളിയെയും വരവേല്ക്കാനായ് നൃത്തം വയ്ക്കുകയാണ് .
ഈ സമയം മനസ്സില്‍ ആനന്ദപ്പൂമഴ പെയ്തു
തുടങ്ങി . ആ പൂമഴയില്‍ മനസിന്റെ താഴ്വാരങ്ങളില് ഓര്‍മ്മയുടെ വെയില് നാളങ്ങള്‍
തട്ടി വിരിഞ്ഞ വാങ്ങ്മയ ചിത്രങ്ങള്‍ക്ക് മാരിവില്ലിന്റെ ഏഴഴകുണ്ടായിരുന്നു .
പുള്ളിയുടുപ്പുമിട്ട് പുല്‍ച്ചാടിക്കും
പൂമ്പാറ്റകള്‍ക്കുമൊപ്പം പൂവുകള്‍ തോറും വേലികളും
അതിര്‍ത്തികളും കടന്നു കുട്ടി സഞ്ചയങ്ങള്ക്കൊപ്പം ;! മണ്ണപ്പം ചുട്ടും കഞ്ഞിയും
കറിയും വച്ചു നടന്ന ബാല്യം .!
പുറമേ ജാലകത്തിനപ്പുറം തളിരിലും
തരുക്കളിലും മഴത്തുള്ളിക്കിലുക്കങ്ങള്‍ കേട്ടു തുടങ്ങി . ആ കിലുക്കത്തില്‍ , മുറ്റത്ത് നിര നിരയായി
വലിച്ചു കെട്ടിയ വെള്ളി നൂലുകള്‍ കോര്‍ത്ത മഴ വെള്ളത്തെ തട്ടിത്തെറിപ്പിച്ചും
നനച്ചും കുളിച്ചും, കൈക്കുമ്പിളില്‍ മൊത്തിക്കുടിച്ചും കലപില കൂട്ടി ആര്‍ത്തുല്ലസിച്ച
ബാല്യത്തിന്റെ പാദസരമണികള്‍ കിലുങ്ങുന്നതും കേള്‍ക്കാനായി .
നിറഞ്ഞൊഴുകുന്ന മഴവെള്ളത്തില്‍ കടലാസ്സു വഞ്ചിയുണ്ടാക്കി കളിച്ച ബാല്യത്തിന്റെ
കാല്പാടുകളും ആ മുറ്റത്ത് പതിഞ്ഞു
കിടക്കുന്നതു കാണാമായിരുന്നു.
ജാലകത്തിനപ്പുറം
കാറ്റിനും മഴത്തുള്ളികള്‍ക്കും ശക്തിയേറുകയാണ് .കുന്നെന്നോ കുളമെന്നോ ഭേദമില്ലാതെ
പുല്‍മേടുകളിലും പര്‍വ്വതങ്ങളിലും , കുടിലിനും മാളിക മുകളിലും എത്രയും ഊക്കോടെ വന്നു
പതിക്കുന്ന മഴത്തുള്ളികള്‍ !അതിന്റെ ആര്‍ജവം ,ശക്തി സ്വാതന്ത്ര്യം, എല്ലാം ഓരോ അണുവിലും
എന്നെ കോരിത്തരിപ്പിക്കുന്നു.അടുത്ത ജന്മം
ഒരു മഴത്തുള്ളിയായ് തീര്‍ന്നെങ്കില്‍ എന്നു അറിയാതെ മോഹിച്ചു പോകുന്നു ! പുറമേ മഴ
കോരിച്ചൊരിയുകയാണ് . ഒപ്പം മനസ്സും !
അന്നവിടെ ആ കോരിച്ചൊരിയുന്ന
മഴയില്‍ മറ്റു കുട്ടികള്‍ക്കൊപ്പം യുണിഫോം അണിഞ്ഞു , നിവര്‍ത്തിപ്പിടിച്ച
കുടയുമായ് . കുളിച്ചീറനായ് അഴിച്ചിട്ട മുടിത്തുമ്പില്‍ ചുമന്ന റിബണ്ഉം കെട്ടി
പാഠപുസ്തകങ്ങളുടെ ഭാരവും പേറി നടന്നതാരോ !!
പിന്നെയും യൌവനത്തിന്റെ ചുവടുവയ്പ്പുകളില്‍
ശിങ്കാര്‍ പൊട്ടിന്റെ വട്ടത്തിനൊപ്പം മുടിയില്‍ ചൂടിയ കനകാംബര പൂക്കളുടെ കനല്
നിറവും ഒപ്പത്തിനൊപ്പം മത്സരിച്ചു . കണ്ണിലെഴുതിയ മഷി കറുപ്പും കഴുത്തിലണിഞ്ഞ
ഒറ്റക്കാശു മാലയും ഓര്‍മ്മ കണ്ണാടിയില്‍ തിളങ്ങി .
തണുത്ത കാറ്റ്
വീശിയടിക്കുന്നു . ജാലകത്തിനപ്പുറം കാറും
കോളും കൊണ്ട് പെരുംമഴയുടെ താണ്ഡവം തുടങ്ങി
,ദുരന്തം
വിതയ്ക്കുന്ന മഴ ! വൃക്ഷങ്ങള്‍ ഹാലിളകി പിശാചായി മാറുന്നു. മരവിപ്പിക്കുന്ന
തണുപ്പും ഇരുട്ടും വീണ്ടും ഓര്‍മ്മയില്‍ മിന്നല്‍പ്പിണരുകള്‍ പടര്‍ത്തി !!
അന്നവിടെ , സ്വപ്നങ്ങള്‍ വര്‍ണ്ണക്കുട
ചൂടിയ ക്യാമ്പസ്സിന്റെ മുറ്റത്ത് നിന്നും എല്ലാ വര്‍ണ്ണങ്ങളും തട്ടിയെടുത്ത്
കൊടുങ്കാറ്റും ഭീതിയും നിറച്ചു എന്നിലെ
വേദനയുടെ വിത്തുകള്‍ മുള പൊട്ടി പന്തലിച്ചു ,സംഹാര താണ്ഡവമാടിയ മഴ ! ആ
മഴയില്‍ കട പുഴകി വീണ ഒരു തൈമാവു കണക്കെ ! ഇന്നും അത് കിളിര്‍ക്കാതെ പൂക്കാതെ
........
ഓര്‍മ്മകള്‍ കെട്ടഴിഞ്ഞു
വീഴുമ്പോഴേക്കും പുറമേ മഴയുടെ താളം
പതിഞ്ഞു തുടങ്ങിയിരുന്നു . ഇലച്ചാര്‍ത്തുകളില്‍
പിന്നെയും മഴത്തുള്ളി കിലുക്കങ്ങള്‍ കേട്ടു തുടങ്ങി .വീണ്ടും വെയില് നാളം പരന്നു.
ഈ ജാലകത്തിനപ്പുറം ഇങ്ങനെ
എത്രയോ വട്ടം മഞ്ഞും മഴയും വെയിലും മാറി മാറി വന്നു !
പക്ഷെ ഋതുക്കള്‍ പലതും
കഴിഞ്ഞുവെങ്കിലും ,ഇന്നും മാറ്റമില്ലാതെ ഒന്നു മാത്രം !! ജാലകത്തിനിപ്പുറം കിളിര്‍ക്കാതെ.......തളിര്‍ക്കാതെ ,
....പൂക്കാതെ
.കായ്ക്കാതെ...ആ തൈമാവ് !! മഴകള്‍
ഓരോന്നും കൊണ്ട് ജീവിതപ്പാതയോരത്ത്
!നനഞ്ഞ് നനഞ്ഞ് !!
ഈ പെയ്തു തീരാത്ത മഴയില്‍, ഇത്തിരിക്കുടയും ചെറു വട്ടവുമായ് വെയിലിനെ നിലാവാക്കി തരുന്നവര്‍ , പിന്തിരിഞ്ഞു നിന്ന്
കൂടെ കൂട്ടുന്നവര്‍ ,അകലങ്ങളെ അരികിലെത്തിച്ചവര്
!
നന്ദി നന്ദി !! സുഹൃത്തുക്കളെ
ഒരായിരം നന്ദി , ഈ വഴി വരുന്ന ആര്‍ക്കും നന്ദി
, സ്നേഹം നിറഞ്ഞ, ഹൃദയം നിറഞ്ഞ നന്ദി !
‘’ എന്റെ വഴിയിലെ വെയിലിനും നന്ദി !
എന്റെ ചുമലിലെ ചുമടിനും നന്ദി
!
എന്റെ വഴിയിലെ തണലിനും
മരക്കൊമ്പിലെ കൊച്ചു കുയിലിനും
നന്ദി !’’ അറിയാതെ മൂളിപ്പോയതാ ട്ടോ ..
[വരികള്‍ പവിഴമല്ലി ,സുഗതകുമാരി ടീച്ചര്‍]
എന്റെ കൃഷ്ണാ നമിച്ചൂ
സ്നേഹപൂര്‍വം സ്നേഹിത
Maya Balakrishnan
സ്നേഹപൂര്‍വം സ്നേഹിത.........
ReplyDeleteനന്ദി സുധീര്‍ :)
ReplyDelete