സ്നേഹപൂർവ്വം
' തുടികൊട്ട് ' പുസ്തകം വായിച്ചും പത്രക്കുറിപ്പുകൾ കണ്ടും
പോസ്റ്റൽ ആയി എഴുതി അറിയിച്ച ചില അഭിപ്രായങ്ങളും ആശംസാകുറിപ്പുകളുമാൺ് ഇത് .
വളരെ അപ്രതീക്ഷിതമായ ലഭിച്ച അപരിചിതരുടെ കത്തുകൾ കണ്ട് അത്ഭുതവും ആകാംക്ഷയും ആയിരുന്നു., പക്ഷേ ചെന്നെത്തിച്ചത് നമ്മളേവരും ഇഷ്ടപ്പെടുന്ന പ്രിയ എ എസ് എന്ന കഥാകൃത്തിന്റെ അച്ഛനാണു എഴുതിയിരിക്കുന്നത് എന്നറിഞ്ഞപ്പോൾ മനസ്സ് നിറഞ്ഞുപോയി.ആ വലിയ മനസിനേ നമിച്ചേ തീരൂ.
എന്നാൽ രണ്ടാമത് വന്നത്,പത്ര വാർത്ത വന്നതിനു ശേഷമാണ് . ഒരു തുണ്ടു കടലാസ്സ് എന്ന് പറയാവുന്ന വൺ സൈഡ് പേപ്പറിൽ എഴുതിയ , ഇപ്പൊഴും പിടി തരാത്ത ഒരു അജ്ഞാത കർത്താവിന്റെ കവിതയിലൊളിപ്പിച്ച ഭാവുകങ്ങൾ ആയിരുന്നു.അത് .. ആ അക്ഷരങ്ങളും ഭാഷയും ,ഒരു പ്രായമായ വ്യക്തിയാണ് അതെന്ന് വെളിപ്പെടുത്തുന്നുണ്ട് . ഫോൺ നമ്പറോ പേരോ പോലും വയ്ക്കാതിരുന്നത് കഷ്ടമായിപ്പോയി .നമ്മുടെ ഒരു വരി പോലും മറ്റൊരാൾക്ക് അവകാശപ്പെട്ടതാകരുത് എന്ന് ചിന്തിക്കുന്ന നമുക്കേവർക്കും ഈ നിസ്വാർത്ഥത മനസിലായെന്ന് വരില്ല .
വായിക്കൂ .....
ആസ്വാദ കുറിപ്പ് 🌲🌹🌲
കെ .ആർ .സദാശിവൻ നായർ
ശിഖ ,ഗ്രേസ് ഗാർഡൻസ്
തൃക്കാക്കര ,കൊച്ചി 21
സ്വയം ആഗതയായ കവിതകൾ
🌲🌲🌲💥💥💥💥💥💥
ചലന സംബന്ധമായ അസുഖത്തെ തുടർന്ന് കോളേജ് വിദ്യാഭ്യാസം നിലച്ചു പോയെങ്കിലും
മായ ബാലകൃഷ്ണന്റെ മാനസിക ഭാവങ്ങൾ ചലനാത്മകമായി നിലനിൽക്കുന്നു.. അതുകൊണ്ടാണല്ലോ താൻ ജീവിക്കുന്ന കാലത്തോട് സംവദിക്കാൻ കഴിയുന്നത് .
ഈ കവിതകൾ ഒറ്റയിരുപ്പിൽ വായിച്ചു . ലളിതവും ഹൃദ്യവും കാവ്യാത്മകവുമായ രചനാശൈലി . കവിയുടെ മാനസിക ഭാവങ്ങൾ ഉൾക്കൊള്ളാൻ കഴിയണം . എങ്കിൽ മാത്രമേ കവിത ആസ്വാദ്യമാവുകയുള്ളൂ . കവിത മധുരവും സൗമ്യവും ദീപ്തവുമായി വായനക്കാരനു തോന്നുന്നുവെങ്കിൽ കവി വിജയകിരീടം ചൂടി എന്നു പറയാം .ഭക്തിയും ആത്മീയതയും മാനവ സ്നേഹവും പ്രകൃതിയെ ഹൃദത്തോട് അണച്ചുപിടിക്കലും ഈ കവിതകളുടെ മുഖ്യ വിഷയങ്ങളാണെന്ന് ഞാൻ കരുതുന്നു. .
" നീ ചൂടിയ ചെമ്പക മലരുകളിൽ
ചേർത്തു വയ്ക്കെൻ ഗന്ധവും മൗനവും " എന്ന് പിംഗളാ ഗാത്രിയോട് അർത്ഥിക്കുമ്പോൾ അതിൽ ഒരു അർപ്പണ ബോധമുണ്ട് .മാധുര്യമുണ്ട് .
" എന്നും കാണുവാൻ മോഹിക്കുന്നൊരു
രൂപമുണ്ടെന്നുള്ളിലുണ്ണി ക്കണ്ണാ ...." എന്ന് കവി ഉണ്ണിക്കണ്ണനെ സംബോധന ചെയ്യുമ്പോൾ അതിൽ ആത്മാർത്ഥമായ ഭക്തിഭാവങ്ങളുണ്ട് . ' കൃഷ്ണാ ഗുരുവായൂരപ്പാ ' എന്ന കവിതയിലും എന്നും കാണാൻ കൊതിക്കുന്ന ഉണ്ണിക്കണ്ണന്റെ രൂപമുണ്ട് .' മറ്റൊരു രാധയിൽ '' പ്രേമോദാരനായ കണ്ണനെയും കാണാം .
ഓടക്കുഴലും മണിനാദവും മുഴങ്ങുന്ന , അമ്പല മണികളും കളിയച്ഛനും കളിത്തൊട്ടിലാക്കിയ കാവ്യ ഭാവനകളെ കവി വണങ്ങുന്നു മലയാണ്മ എന്ന കവിതയിൽ .
" ചമയങ്ങളില്ലാത്ത ചമൽക്കാരമാണു എന്റെ കവിത എന്നു തുറന്നു പറയുന്നു .
" എവിടെയോ എന്തോ "എന്ന കവിതയിൽ പുൽക്കൊടിത്തുമ്പിനെ പോലും സ്നേഹിക്കുന്ന കവി മനസ്സ് നമുക്ക് ഇതിൽ ദർശിക്കാം .
" ഭാരത മഹിമ " എന്ന കവിതയിൽ ശാന്തമായ് , സൗമ്യമായ് വിരാജിക്കുന്ന സ്വന്തം ദേശത്തിന്റെ മഹിമയേയും അവിടെ പുണ്യാത്മാക്കളായ് ശാന്തി ദൂതന്മാരായി പിറന്ന മഹാത്മാക്കളേയും വാഴ്ത്തുന്നു .നമ്മുടെ മഹിതമായ സംസ്ക്കാരത്തെ ചൊല്ലി അഭിമാനം കൊള്ളുന്നു. കണ്ണന്റെ മണിമുറ്റത്ത് പൂക്കളിറുത്ത് നടന്ന ഗുരുവായൂർ പുരേശനു പ്രിയയാം മഞ്ജുളയെ "മന്ദാരപ്പൂമൊഴി" എന്ന കവിതയിൽ ഭക്തിപൂർവം സ്മരിക്കുന്നു .
" പ്രണയ സന്ധ്യകളിൽ " നിറദീപങ്ങൾക്കു മുൻപിൽ പ്രണയം കൺതുറക്കുന്നു .ഓരോ മലരിലുമിതളിലും പ്രപഞ്ച മാതാവ് കൺ തുറക്കട്ടെ എന്നാണു കവിയുടെ പ്രാർത്ഥന ' " ഇതൾപ്പൂ ' ' എന്ന കവിതയിൽ .
മധുരം പൊഴിക്കുന്ന മുത്തശ്ശി മരത്തെ കവി വണങ്ങി നിൽക്കുന്നു .
കാടുകൾ പൂക്കുമ്പോൾ " അതിൽ ഇനിയും പറയാൻ ബാക്കി വച്ച മോഹങ്ങളാകുന്ന കുന്നിമണികൾ ഒന്നൊന്നായ് പെറുക്കിയെടുക്കാൻ മോഹിക്കുന്നു..
കവിത വായിക്കുമ്പോൾ സഹൃദയന്റെ മനസ്സിൽ നിറയുന്നതെന്താണോ അതാണു കാവിത .മായയുടെ കവിതകൾ നമ്മുടെ മനസ്സിൽ സൗന്ദര്യ ഭാവങ്ങൾ നിറയ്ക്കുന്നു. അതുകൊണ്ട് സൗമ്യ കവിയാണു ." തുടികൊട്ട് " കവിതയുമാണു .
ഈ കവി ഇനിയും ശാഖോപശാഖകളായി വളർന്ന് തളിർക്കുകയും പൂക്കുകയും ചെയ്യട്ടെ എന്നാശംസിക്കുന്നു .ഭാവുകങ്ങൾ നേർന്നു കൊണ്ട് ,
കെ .ആർ .സദാശിവൻ നായർ
ശിഖ ,ഗ്രേസ് ഗാർഡൻസ്
തൃക്കാക്കര ,കൊച്ചി 21
🌲💥🌲💥🌲💥
ഭാവുകങ്ങൾ ( അജ്ഞാത കർത്താവ് )
💥🌲💥🌲
ചാരു കസേരയിൽ തളർന്നുറങ്ങുന്ന
ചാരുമുഖീ നിൻരൂപം
നിതാന്ത സ്മരണയുണർത്തു -
മെന്നിലൊരു മയൂഖനൃത്തം പോലെ
താഴെ വീണ തംബുരുവിനെ
താനേ പാടിയുണർത്തിയവൾ നീ
പാടാത്ത പൈങ്കിളിയെ
വിളിച്ചു രാമായണം ചൊല്ലി
കേൾപ്പിച്ചാൽ ചലിക്കാത്ത
കാലുകൾ വീണ്ടും ചലിച്ചു തുടങ്ങു
-മെന്നോർമ്മ വേണം.
രാവിലെയുണർന്നു സൂര്യനെ
നോക്കിയാൽ ആത്മഭാവ -
ത്തിൽ നീയെത്തി ചേരും .
അതു കണ്ടുകണ്ടങ്ങനെ പോകുമ്പോൾ
അകതാരിൽ ഒരു താമര വിരിയും .
💥😊🌲🌲🌲🌲💥💥💥💥🌲🌲🌲🌲
ആരെന്ന് അറിയില്ലെങ്കിലും ആ വിനീത ഹൃദയത്തിനു എന്റെ
നന്ദിയും സ്നേഹവും ഇവിടെ അറിയിക്കുന്നു .ആയുരാരോഗ്യ സൗഖ്യങ്ങൾ .! നന്മകൾ
പ്രാർത്ഥനകൾ .
സ്നേഹപൂർവം
മായ ബാലകൃഷ്ണൻ 🌲💥🌲😊
Comments
Post a Comment