പുസ്തക റിവ്യൂ...

മനോയാനം :-  ശ്രീജ വാര്യർ 
വായന :- മായ ബാലകൃഷ്ണൻ 

നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം ! മനോയാനം കിട്ടി . പുതു പുസ്തകമെടുത്ത് ആദ്യമേ തന്നെ  തെരു തെരേ പേജുകൾ മറിച്ച് പുതുമണം ആവാഹിച്ചു, . പേജുകൾക്കിടയിൽ കാണുന്ന കവിതാശകലങ്ങളിൽ തന്നെ ആദ്യം കണ്ണുടക്കി...കൊള്ളാം ,സാധാരണയിൽ നിന്നും വ്യത്യസ്താമായ ശൈലീകൃതമായ രചനയെന്ന് ആദ്യം തന്നെ മനസ്സിൽ കുറിച്ചിട്ടു .
കവിയത്രിയുടെ നോവൽ എന്നു പറയുമ്പോൾ പ്രത്യേക ആകാംക്ഷയുണ്ടായിരുന്നു. . വീണ്ടും  വരികൾക്കിടയിലൂടെ നൂണ്ടു മനസ്സിന്റെ കാണാപ്പുറങ്ങളിലൂടെ കടന്നു  സഞ്ചാരം തുടങ്ങുമ്പോഴേ മുന കൂർപ്പിച്ച് വായനയും തുടങ്ങി.  മനോയാനം ! 
" ഉണ്മയിൽ നിന്നും ഉണ്മയിലേക്കുള്ള  കൂടുമാറ്റമാണു  മരണം ! .ഒരിടത്ത് ഇരുട്ടാകുന്നത് മറ്റൊരിടത്ത് വെളിച്ചമാകുന്നു . 

 ഒരു സ്വപ്നത്തിലെന്ന പോലെ ഏതാനും വരികൾ നമ്മെ കൈപിടിച്ചു    ്കൊണ്ടുപോകുന്നു.!
 65 പേജുകളിൽ ചുരുണ്ട് കൂടിയിരിക്കുന്ന ജന്മ ജന്മാന്തരങ്ങളുടെ ഇടവഴികളിൽ വഴിയറിയാതെ എങ്ങോട്ടോ പിടിച്ചു വലിച്ചു കൊണ്ടുപോകുന്ന നിമിഷാർധങ്ങളുടെ ഇടവേളയിലൂടെ നിവർന്നുവരുന്ന  ഇതിവൃത്തം .   ജനവും മരണവും അതിനിടയിലെ ജീവിതവും ,ആന്തരീക മനോവ്യാപാരങ്ങളുടെ നൂലിഴ കീറി  സർഗ്ഗ സൃഷ്ടികളിലൂടെ , വായനക്കാരനു മുന്നിൽ തുന്നിവയ്ക്കുകയാണു എഴുത്തുകാരി ശ്രീജാ വാര്യർ .
കാലത്തിന്റെ ഇരുൾകനക്കും  ചതിക്കുഴികളിൽ  പെട്ടുപോകുന്ന സ്നേഹവും അലിവും നൈർമ്മല്യവുമുള്ള കഥാപാത്രങ്ങൾ , ഒരു മറുചോദ്യമായ് കഥാകാരന്റെ മനസ്സിൽ വേലിയേറ്റം സൃഷ്ടിക്കുന്നു.. 
കാല്പനികസൗന്ദര്യത്താൽ ഏറെ മനോഹരമായ് അതിദാരുണമായ മൂന്നാം അദ്ധ്യായം . 
ആദി എന്ന ആദർശ് അച്ഛനും അമ്മയുടെയും ഏകനാ യ അരുമപ്പുത്രൻ !അവ നു കളിക്കൂട്ടുകാരനായും മുതിർന്നപ്പോൾ  ഏകാന്തയിൽ സുഹൃത്തായും വളർന്ന വീട്ടുമുറ്റത്തെ ഇലഞ്ഞിപ്പൂ മരം.   വാത്സല്യവും വസന്തവുമായ് ,കഥയിൽ ശ്വാസവും നിശ്വാസവായുവും ആയി തീരുന്നത് ,പിന്നെ ആ ആദിയുടെ ജീവൻ ആ ചില്ലയിൽ ഒരു മരച്ചില്ലയായ് മരവിച്ച് ചേരുന്നതുമൊക്കെ അവതരണത്തിൽ കാവ്യാത്മകമായി അനുഭപ്പെടുന്നു....
ഗദ്യത്തിലും പദ്യത്തിലും ഒരേപോലെ തിളങ്ങുന്ന സൃഷ്ടി ചാരുത !എഴുത്തുകാരിയുടെ നയനൈപുണ്യം തന്നെ ! 
സൃഷ്ടിയും സൃഷ്ടാവും ഏറ്റുമുട്ടുമ്പോൾ ,ഇവിടെ ദാരുണാന്ത്യം സംഭവിച്ച കഥാപാത്രങ്ങൾ , ഇമ എന്ന പെൺകുട്ടിയും ആദർശും ,ഇവരുടെ പുനർജ്ജനിക്കുന്ന നീറുന്ന ഓർമ്മകളിൽ പെട്ട് വെന്തുരുകുമ്പോൾ, ചോദ്യശരങ്ങൾ തീർത്ത് സ്രഷ്ടാവിനെ വീർപ്പുമുട്ടിക്കുമ്പോൾ , അല്പം ആശ്വാസത്തിനായ്   കഥാകാരനു മുന്നിലേക്ക് എത്തുന്നത് എന്നോ ,തന്റെ തന്നെ തൂലികത്തുമ്പിലൂടെ പിറവികൊണ്ട ,  സംസാരത്തിനിടയിൽ  ഓരോ വരിയിലും കൃഷ്ണ നാമം ജപിക്കുന്ന ഒരു മുത്തശ്ശി കഥപാത്രമാണു .. ഇവിടെ നികേതൻ എന്ന എഴുത്തുകാരനു ജീവാത്മാ ,പരാമാത്മ ചൈതന്യമായ് ഏതു ജീവനിലും കുടികൊള്ളുന്ന പരബ്രഹ്മത്തെ ചൂണ്ടി നിത്യശാന്തിയിലേക്കുള്ള നേർ  വഴി കാണിച്ചുകൊടുക്കുകയാണു ഈ മുത്തശ്ശി ... മോക്ഷത്തിന്റെ മാർഗ്ഗം!,ഉപദേശിക്കുന്നു.




കൃഷ്ണ പ്രേമത്തിന്റെ  മനോഹരമായ ,മനം മയക്കുന്ന ,ഇമ്പമാർന്ന മുത്ത്ശ്ശി ചൊല്ലുകൾ, ചിന്തകൾ , വായനക്കാരനിലും പ്രത്യേക അനുഭൂതിയും ശാന്തിയും നിറയ്ക്കുകയാണു 4 ആം അദ്ധ്യായം ! 
 'കൃഷ്ണാ നിൻ കാലടികളിൽ മയങ്ങും തുളസീദളമല്ലേ ഞാൻ....'
'ഗാനമാകൂ നീ  ഈണമായിടാം കണ്ണാ   ഞാൻ  !.' ..എന്നിങ്ങനെ
ഈണങ്ങളും ശീലുകളും 

" കുനുകുനെ തിങ്ങും ചികുരഭംഗിയും 
കറുകറെ മിന്നും നയനകാന്തിയും 
കുറുമൊഴികളും മൃദുല ഹാസവും 
കണികണ്ടുണരാൻ കൊതിയാണു കൃഷ്ണാ !
കിലുകിലെ തുള്ളും അരമണികളും 
കതിരൊളി ചിന്തും വസനഭംഗിയും 
കമനീയമായ കണംകാലുകളും 
കനവുകണ്ടീടാൻ കൊതിയാണു കൃഷ്ണാ...!
കനകച്ചിലങ്ക അണിയുന്ന പാദം
കദനക്കടലിൻ കരയാകും പാദം 
കതിരോനോടൊപ്പം സാക്ഷിയാകും പാദം 
കർമ്മങ്ങളിൽ ചേർക്കാൻ കൊതിയാണു കൃഷ്ണാ ...! "  
ഭക്തനും ആർത്തനും ഒരേ നിമിഷം അമൃതാകുന്ന സ്നേഹക്കടലാകും വരികൾ .

 അതെ തുടർന്ന് ജനനവും മരണവും ഒരു പൂവിന്റെ രണ്ടിതൾ പോലെ  വിരിയുകയും ഗന്ധം നിറയുകയും ചെയ്യുന്ന   വളരെ സുന്ദരമായ കാഴ്ച്ചപ്പോടോടെ അടുക്കി ചേർത്തിരിക്കുകയാണു.അടുത്ത അദ്ധ്യായം .
ഗർഭഗേഹത്തിൽ കുമിളപൊട്ടി കൈകൂപ്പി ഭൂമീതലേ സ്പർശിക്കുന്നതു  മുതൽ മരണം എന്ന ഒരു നിമിഷം ! ,ആദ്യമായും അവസാനമായും കടന്നുപോകുന്ന ഒരേയൊരു നിമിഷം ! ജനനം പോലെ അനുഭൂതികൾ അറിയാതെ കടന്നുപോവുന്ന തലം .എന്നാണു പരാമർശിക്കുന്നത് .
ഇതിനിടയിലെ ജന്മം ,ജീവിതം ! സൂര്യരഥത്തിലേറി ജനിമൃതികൾ തേടിയുള്ള നിമിഷ യാത്രയെന്ന് ദ്യോതിപ്പിക്കുന്ന കവിതാശകലത്തിലൂടെ ...
" കാലം തെളിക്കും സൂര്യരഥത്തിൽ
കയറും നിമിഷങ്ങളേ 
കനവും നിനവും നിങ്ങളിലൂടെ 
കാണൂ ജനിമൃതി നിങ്ങളിലൂടെ ...!" 
എഴുത്തുകാരന്റെ സൃഷ്ടി വേളയിലെ ആത്മസംഘർഷങ്ങളെ നിസ്തുലം പ്രകടമാക്കുന്ന കഥാപാത്ര സൃഷ്ടി ..നമിതയെന്ന കുഞ്ഞും യശോദയെന്ന മാതാവിലൂടെയും ആ വെല്ലുവിളി ഏറ്റെടുത്ത് ചിത്രീകരിച്ചിരിക്കുന്നത് ശ്രദ്ധേയം തന്നെ ! 

ലൗകിക ബോധത്തിൽ ബന്ധിതനായ ഒരുവൻ വെറും ഉപ്പുക്കൂറ്റനാണ് . ആദിയുമന്ത്യവുമറിയാതെ അവൻ ചുമക്കുന്ന /അവൻ തേടി നടക്കുന്ന നിമിഷങ്ങൾ . അവിടെ തന്നിലെ താനെ തിരിച്ചറിയപ്പെടുന്ന നിമിഷം , തന്നിലെ ശാന്തിയും സമാധാനവും താൻ തന്നെയെന്ന് , ആ ഈശ്വരൻ തന്നിൽ തന്നെയുണ്ട് , താൻ കാണുന്നതിലും കേൾക്കുന്നതിലും പൂവിലും പുല്ലിലും പരബ്രഹ്മമായി എങ്ങും നിറഞ്ഞിരിക്കുന്നു എന്ന് തിരിച്ചറിയപ്പെടുമ്പോൾ      അവിടെ എഴുത്തുകാരനിൽ ജീവനെ ആവാഹിച്ച് നൽകുന്ന ശിഖി പുനവതരിക്കപ്പെടുകയാണു . അവിടെ ഒരു യാത്ര തുടങ്ങിയിടത്ത്   അവസാനിക്കുകയാണു . ഒരിടത്ത് ഇരുട്ടാകുന്നത് മറ്റൊരിടത്ത് വെളിച്ചമാകുന്നു !ഉണ്മയിൽ നിന്നും ഉണ്മയിലേക്കുള്ള കൂടുമാറ്റമാണു മരണം എന്ന അറിയിപ്പോടെ സൂര്യരഥത്തിലേറി യുള്ള ഒരു പ്രയാണം പൂർത്തിയാവുമ്പോൾ , അവനിലെ മൂഢതയൊഴിഞ്ഞ് അവൻ അഹംഭാവി എന്നതിൽ നിന്നും അഹംബോധി എന്ന നിലയിലേക്ക് ഉയർത്തപ്പെടുന്നു . 
സൃഷ്ടികളുടെ അപഥ സഞ്ചാര പാതയിലൂടെ അലഞ്ഞ കഥാകാരൻ , ജന്മസത്യം തേടിപ്പോയ മറ്റൊരു കഥാപാത്രമായ സന്നിവേശന്റെ കൈപിടിച്ച് മനസ്സിന്റെ എല്ലാ ചാഞ്ചല്യങ്ങളേയും പൊട്ടിച്ചെറിഞ്ഞ് , തന്റെ അസ്ഥിത്വവും വ്യതിത്വവും വെടിഞ്ഞ്  ബ്രഹ്മ ഹവിസ്സായ് ചിതയിലേക്ക് ഉരുണ്ടുകൂടുന്ന  സ്ഫുടം ചെയ്തെടുക്കുന്ന മനസ്സിന്റെ വ്യതിരിക്തമായ അവതരണം അവസാന അദ്ധ്യായം ,ഗംഭീരമായി !



ഉന്നതമായ സാംസ്ക്കാരിക ബോധവും ,ജ്ഞാന ബോധവും,  എഴുത്തിൽ അത് പ്രകടിപ്പിക്കാൻ കഴിയുന്ന , ആർദ്രവും നിർമ്മലീകരിക്കാൻ കഴിയുന്നതുമായ  ഭാഷയും എല്ലാം  ഈ മനോയാന സഞ്ചാരത്തെ ,സ്ഥയിയായ, മനുഷ്യന്റെ വാസനാമുകുളങ്ങളെ സ്പർശിച്ച് കടന്നു പോകാൻ പര്യാപ്തമാണു എന്ന് തന്നെയാണു എന്റെ വായനയും അനുഭവപ്പെടുത്തുന്നത് . 
ഇടയ്ക്ക് വരുന്ന കവിതാശകലങ്ങൾ ഓരോ അദ്ധ്യാത്തിലും വിഷയത്തിനു മാറ്റുകൂട്ടുന്നു. അനാവശ്യ ചേരുവകളോ എടുത്തുപറയത്തക്ക അഭംഗികളോ ഒരു വരിയിൽ പോലുമോ ഒരദ്ധ്യായത്തിലോ എടുത്തുകാണിക്കാൻ കഴിയുന്നില്ല എന്നിടത്തും എഴുത്തുകാരിയുടെ വിജയവും ,വിമർശകരുടെ വായടപ്പിക്കുന്ന രചനാതന്ത്രവും ആയി കാണാം !  
ആശംസകൾ ! അഭിനന്ദനങ്ങൾ ശ്രീജ വാര്യർ !
   
സ്നേഹപൂർവ്വം , 
മായ ബാലകൃഷ്ണൻ 


Comments

Popular posts from this blog

വാഴക്കുല യ്ക്ക് 80 വയസ്സ്

കൃഷ്ണ കവിത

സൗഹൃദം ! സുകൃതം !!