ക്ഷേത്ര പെരുമ !

ഇത് ഉത്സവ തിരുവുത്സവ കാലം !

നായത്തോടിനു ഒരു പ്രത്യേകതയുണ്ട് ,പള്ളിപ്പെരുന്നാളുകളും ഉത്സവങ്ങളും എല്ലാം അടുത്തടുത്ത ദിവസ്സങ്ങളിലാണു കൊടികേറുന്നതും ഇറങ്ങുന്നതും ! ആകെ സന്തോഷത്തിന്റെ കാലം !

മകരമഞ്ഞ് തൂവുന്ന സംക്രാന്തിയിൽ തിരുനായത്തോട്ടപ്പനു 10 ദിവസ്സം നീണ്ടു നിൽക്കുന്ന ഉത്സവക്കാലം .  പുരാതനവും ചരിത്രപരമായും ഒത്തിരി അടയാളപ്പെടുത്തലുകൾ ഉള്ളതും വളരെ സവിശേഷതകൾ നിറഞ്ഞ പ്രതിഷ്ഠയും മറ്റു ക്ഷേത്രങ്ങളിൽ നിന്ന് തിരുനായത്തോട് ക്ഷേത്രത്തിനെ വേറിട്ടു നിറുത്തുന്നു. ശിവനും വിഷ്ണുവും ഒരുമിച്ച് ഒരു പീഠത്തിൽ ഇരിക്കുന്നു എന്ന അപൂർവത !


ചേരമാൻപെരുമാളിന്റെ കാലഘട്ടം എന്നുപറയുമ്പോൾ 16 - ആം നൂറ്റാണ്ടിൽ പണികഴിപ്പിച്ചത് എന്നാണു ഐതിഹ്യം ! നായത്തോട് എന്ന സ്ഥലനാമത്തിനും കാരണഭൂതമാവുന്നതും ഈ ഐതിഹ്യം തന്നെയാണു . ചേരമാൻ പെരുമാൾ  ഇസ്ലാം മതം സ്വീകരിച്ച് നാടു വിടുന്നതും മറ്റും ചരിത്രം !  എന്നാൽ അതിനു മുമ്പ് അദ്ദേഹത്തിനു യതിവര്യൻ എന്നൊരു ഗുരുവുണ്ടായിരുന്നെന്നും ,ഗുരു തന്റ്റെ ശിഷ്യനു സമാധി സമയത്ത് കൊടുത്ത വാക്ക്  നിറവേറ്റുന്നതിനുമായാണു, 
ഗുരുവിന്റെ പുനർജ്ജന്മമായി വന്ന  നായയെ പിന്നിട്  വെട്ടി വീഴ്ത്തേണ്ടിവരുന്നത് . അങ്ങനെ നായയെ വെട്ടിയ ഇടം .തോടിനു അരികെയുള്ള ഇടം എന്നതൊക്കെ ലോപിച്ച് നായത്തോട് ആവുകയും ചെയ്തു .

എന്തായാലും ഗുരുവിന്റെ വാക്ക് നിറവേറ്റിയെങ്കിലും അതുമൂലം ഗുരുവിന്റെ പുനർജ്ജന്മമെങ്കിലും ആ നായയെ വധിക്കുന്നതിലൂടെ ഉണ്ടായ ശാപമോക്ഷാർദ്ധം ആയിട്ട് ശിവക്ഷേത്രം പണികഴിപ്പിക്കുകയാണു ചേരമാൻ പെരുമാൾ ... എന്നാൽ പണികഴിയുമ്പോൾ മഹാവിഷ്ണു സാന്നിധ്യം കണ്ടതിനാൽ ശ്രീ വിഷ്ണുവിനെയും പീഠത്തിൽ ചേർത്തിരുത്തി എന്നും പറയുന്നു!
 അതല്ല ദക്ഷയാഗം കഴിഞ്ഞവേളയിൽ ,ദക്ഷൻ ക്ഷണിക്കാതെ എത്തിയ 
ശ്രീ പരമേശ്വരനെ , മഹാവിഷ്ണു തന്റെ സമീപം വിളിച്ച് തന്റെ  ഇരിപ്പിടത്തിൽ ചേർത്തിരുത്തുന്ന ആ രംഗമാണു പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നും ഐതിഹ്യം !
ചരിത്രത്തിലേക്ക് വരുമ്പോൾ ടിപ്പുവിന്റെ പടയോട്ടകാലവും  , ക്ഷേത്ര ശ്രീകോവിൽ ചുമരിനും മറ്റും ഉണ്ടായിട്ടുള്ള വിള്ളലുകളും മറ്റും കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലുകളായി പരാമർശിച്ചു കാണുന്നു !.
16 ആം നൂറ്റാണ്ടിലെ എന്ന് പറയുമ്പോൾ അതിന്റെ പഴമയിലും പ്രൗഢിയിലും എടുപ്പും കനപ്പും ക്ഷേത്ര നിർമ്മിതിയിൽ പ്രഥമദൃഷ്ട്യാ മനസ്സിലാവും . വട്ടശ്രീകോവിൽ അതായത് ,സ്തൂപാകൃതിയിൽ, പിന്നെ നാലമ്പലം , മുഖമണ്ഡപം , കൂത്തമ്പലം , തിടപ്പള്ളി ,
എല്ലാം കരിങ്കല്ലിൽ തീർത്തത് , ശ്രീകോവിൽ ചുമരിലെ ചുവർ ചിത്രങ്ങൾ ഇതൊക്കെ ആർക്കിയോളജി വകുപ്പ് ഏറ്റെടുത്ത് തനിമ നഷ്ടപ്പെടുത്താതെ നിലനിറുത്തന്നതും വളരെ വലിയ കാര്യം . എന്തും നഷ്ടപ്പെടുത്താൻ എളുപ്പമാ ...

പിന്നെയും എടുത്ത് പറയേണ്ടത് ക്ഷേത്രമതിൽ ആണു. ആനമതിൽ എന്നാണു അറിയപ്പെടുന്നത് ...അതിനുചുവടെ നമ്മൾ വെറും എറുമ്പ് . ക്ഷേത്രത്തിന്റെ ഗരിമ വിളിച്ചോതുന്ന ഗോപുരം ..ഗോപുരവാതിൽ എന്നൊക്കെ പറയുമ്പോൾ തന്നെയുണ്ട് അതിന്റെ എടുപ്പ് ! 
ആ ഗോപുരവാതിൽ കയറാൻ നിൽക്കുമ്പോൾ വലതുഭാഗത്ത് ചേർന്നു നിൽക്കുന്നതാണു നമ്മുടെ മലയാളത്തിന്റെ പേരു ഭാരതീയ സാഹിത്യ ചരിത്രത്തിൽ ആദ്യമായ് എഴുതി ചേർത്ത മഹാകവിയുടെ ജന്മഗേഹം !   മഹാ കവി ജി  ശങ്കരക്കുറുപ്പിന്റെ !
 അത് പറയുമ്പോളാണു ക്ഷേത്രത്തിന്റെ മാളിക കെട്ടിടം ,  ഏതോ രാജഭരണകാലത്തൊക്കെ കാണുന്ന വലിയ തൂണുകളും കോണിപ്പടികളുമൊക്കെയുള്ള ഇരുനില കെട്ടിടം ! മാളിക കെട്ടിടം എന്ന് അറിയപ്പെടുന്ന ,ക്ഷേത്ര ഓഫീസ് മുറികളുമൊക്കെയുള്ള    അത് ഞങ്ങൾ കുട്ടികൾക്കെല്ലാം വലിയ കൗതുകം ആയിരുന്നു ! അവിടെയാണു നമ്മുടെ മഹാകവി മൂവാറ്റുപുഴയിൽ നിന്നും തൃശൂർ പഠനകാലത്തും ജോലിയിലിരിക്കുമ്പോഴുമൊക്കെ   നാട്ടിൽ എത്തിയാൽ   ഉച്ചനേരങ്ങളിൽ വിശാലമായ വായനക്കും എഴുത്തിനുമൊക്കെ കയറിക്കൂടുന്നത് .
ആഹാ  !എന്തു കാറ്റും വെളിച്ചവുമുള്ള ഭംഗിയായ ഇടം !വെറുതെയല്ല മഹാകവിക്ക് ജ്ഞാനപീഠം ലഭിച്ച് നാട്ടിൽ നടന്ന  സ്വീകരണത്തിൽ പങ്കുകൊള്ളാനെത്തിയ
മഹാകവി കുറ്റിപ്പുഴ കൃഷ്ണപിള്ള അന്ന് ആ മാളിക മുകളിലെ വരാന്തയിൽ കയറി നിന്ന് ചുറ്റും വീക്ഷിച്ചു കൊണ്ട് അങ്ങനെ പറഞ്ഞത് ..." ഈ നാടാണു , ഈ ഗ്രാമസൗന്ദര്യമാണു ജി യെ കവിയാക്കിയത് !! " എന്ന് . 
ഈ ഗ്രാമ്യഭംഗിക്ക് ജീർണ്ണത സംഭവിക്കുന്നതിനും മുൻപ് ഞാനും അത് ഏറെക്കുറെ 
 കണ്ടിട്ടുള്ളതാണു !,അത് എന്റെയും ആ കാലഘട്ടത്തിൽ ഉള്ളവരുടേയും ഭാഗ്യം ! 
  ആ കെട്ടിടം ഇന്നും ഒരു മാറ്റവുമില്ലാതെ അവിടെയുണ്ട് !
തികച്ചും ശാന്തസുന്ദരമായ അന്തരീക്ഷത്തിൽ മകര മഞ്ഞിൽ കുളിച്ചു നിൽക്കുന്ന  മകരസംക്രാന്തിക്കാണു ഉത്സവം കൊടിയേറുന്നത് .
 .പത്ത് ദിവസവും കഥകളിയുണ്ടായിരുന്ന കാലം പോയ് മറഞ്ഞു...അർദ്ധ രാത്രിയിൽ തുടങ്ങി നേരം പുലരുവോളം കഥകളിയുണ്ടായിരുന്ന കാലവും പോയ്മറഞ്ഞു.
കാഴ്ച്ചകളെല്ലാം വിരൽത്തുമ്പിലേക്ക് ചുരുങ്ങി ,സമയത്തിനും ക്ഷാമമായി !



 , പിന്നെന്തിനു ഉറക്കമിളച്ചിരുന്ന് കാണണം ! !? വഴിമാറിയ കാലത്തിലും 
 അവശേഷിക്കുന്ന നാട്ടുപൊലിമയിൽ എല്ലാം ഒരു  സാമ്പിൾ വെടിക്കെട്ട് പോലെ നടക്കുന്നു ! 
നേരിയ  മഞ്ഞിൻ തണുപ്പിൽ തലമൂടിപ്പുത്തച്ച് ഉത്സവപ്പറമ്പിലെ പുല്ലിൽ സ്റ്റേജിനു മുന്നിൽ വന്നിരിക്കുമ്പോ ,  അവിടിരുന്ന് 
ഒരു കടല കൊറിക്കുമ്പോൾ , അല്ലെങ്കിൽ ഇന്ന് ഏത് വിദൂര നാട്ടിലിരിക്കുമ്പോഴും 
ആ ഓർമ്മകളിലേക്ക് ഒന്ന് ഊളിയിടുമ്പോൾ  തനി പച്ചയായ നാടിന്റെ ഹൃദയത്തെ തൊടാാൻ കഴിയണില്ലേ.....!?  നാട് വിളിക്കുന്നില്ലേ.....

ഇനിയും നാട്ടുനന്മയിൽ ചൂട്ടും കത്തിച്ച് പാടവും ഇടവഴിയും കടന്ന് കഥാപ്രസംഗവും ,ബാലെയും ,നാടകവും എത്ര ഗൃഹാതുരം !! 
എല്ലാവരും അവിടെ   അടങ്ങിഒതുങ്ങി ഇരുന്ന് അയവറക്കിക്കോ.....
വെറുതേ ...ഒരു സന്തോഷം !
ശുഭരാത്രി !

ചിത്രം ക്ഷേത്ര മതിക്കകം

!



Thirunayathode Dhaneesh
Kannan Madhavan

സ്നേഹപൂർവ്വം സ്നേഹിത
മായ ബാലകൃഷ്ണൻ ! നായത്തോട് .

Comments

Popular posts from this blog

വാഴക്കുല യ്ക്ക് 80 വയസ്സ്

കൃഷ്ണ കവിത

സൗഹൃദം ! സുകൃതം !!