ജി കവിതയുടെ ആത്മാന്വേഷണം

ജി കവിതകളും നാടും!

ഭാരതീയസാഹിത്യത്തിൽ മലയാളത്തിന്റെ പെരുമ ആദ്യമായ് എഴുതിച്ചേർത്ത മഹാകവി ജി    യുടെ രചനകളിലൂടെയും ജന്മനാടുമായുള്ള  ആത്മബന്ധവും അൻവേഷണാത്മകമായി തയ്യാറാക്കിയ കുറിപ്പ് ആണിത് .


കാലത്തിനു മുൻപേ നടക്കാനറിയുന്നവർ ,ക്രാന്തദർശികൾ ആണു കവികൾ എന്നു പറയാറുണ്ട് . ജീവിതത്തിന്റെ ഉൽകൃഷ്ടതകളെ അവർ  തനിക്കു ചുറ്റുനിന്നും നമ്മെ കാണിച്ചു തരുന്നു  .
അതിന്റെ ഉദാത്തമായ ഉദാഹരണമാണു മഹാകവി ജി തന്റെ കൃതികളിലൂടെ എടുത്തുകാട്ടുന്നത് .
" വിളഞ്ഞപാടം " എന്ന കവിതയിൽ വിളഞ്ഞു തല കുമ്പിട്ടു നിൽക്കുന്ന നെൽച്ചെടിയെ കാണിച്ച് തന്ന്, സ്വാർത്ഥനും അഹംഭാവിയുമായ മനുഷ്യനെ ഉണ്മയുടെ ,വിനയത്തിന്റെ അല്ലെങ്കിൽ " വിദ്യയേറുമ്പോൾ വിനയമേറുമോ ' !!?
അല്ലെങ്കിൽ " താഴ്ന്ന നിലത്തേ നീരോടൂ " എന്ന മണ്മറഞ്ഞ കാരണവന്മാരുടെ വാമൊഴികളെ കുറച്ചുകൂടെ വ്യക്തമായി മനസ്സിലാക്കി തരുകയാണോ അവിടെയാ കുമ്പിടൽ എന്ന് സംശയിച്ചുപോകും...എന്നാൽ
 " തലപോലുമഹോ പരാർത്ഥമായി -
ചെലവാക്കാൻ മടിയില്ലാത്ത സാധു നെല്ലേ ,
തവ ചേവടിയിൽ കുനിഞ്ഞിടട്ടെ
പടുവാം സ്വാർത്ഥപരായണൻ മനുഷ്യൻ ! "
( വിളഞ്ഞ പാടം മഹാകവി ജി   )
എന്ന് തലപോലും കൊടുക്കാൻ മടിയില്ലാത്തവനായ നെൽ ച്ചെടി !
ആ ചെടിയുടെ മുന്നിൽ മനുഷ്യൻ തല കുനിക്കണം . അത്രയും ദാന ശീലം പരാർത്ഥ സ്നേഹം വന്ദിക്കേണ്ടതു തന്നെ എന്നാണു കവി പറയുന്നത് ! തികഞ്ഞ മാനവികതയാണു കവി ദർശിക്കുന്നത് !

കാർഷിക സംസ്കൃതിയിൽ ഉരുവം കൊണ്ട നാടാണു കൈരളി .അവിടെ കർഷകനാണ് . ഈ മണ്ണിന്റെ നട്ടെല്ല് !  വിഷം വിളയുന്ന ഭക്ഷണം കഴിച്ച് പടുകുഴിയെണ്ണാൻ തുടങ്ങിയ നമ്മൾ ഇന്ന് മാത്രമേ ആ സത്യം ,കൃഷിയേയും മണ്ണിനേയും നമ്മോട് ചേർത്ത് നിർത്തേണ്ടതാണെന്ന തിരിച്ചറിവ് നേടുന്നുള്ളൂ..എന്നാൽ പത്തൻപത് വർഷങ്ങൾക്കു മുൻപേ കവി നമ്മോട്  ആ സത്യം വിളിച്ച് പറഞ്ഞിരുന്നു .
 'നാളെ ' എന്ന കവിതയിൽ മഹാകവി കർഷകന്റെ മാഹാത്മ്യം വിളിച്ചോതുന്ന വരികൾ നൽകിയിരിക്കുന്നത് ഇങ്ങനെയാണ്
" പാരിനെ മരതകപ്പച്ചയാലുടുപ്പിച്ച പാവമാമീ ഭവാൻ
 അർദ്ധനഗ്നനായ് കാലം പോക്കി
നാടിനു കതിരിടും കനകം നൽകീ
നാടോ കൂടിയ കടത്തിനു കുടി വിട്ടിറങ്ങിച്ചൂ ..
.എന്നു തുടരുന്ന വരികളിൽ........
*
 നിൻ നിണച്ചൂടില്ലെങ്കിൽ മരവിച്ചേനെ രാജ്യം !
നിൻ നെറ്റിവേർപ്പില്ലെങ്കിൽ മരുവായേനെ ലോകം നിൻ
 നടുവളഞ്ഞതു നാടിന്റെ ഭാരം മൂലം നിൻ നടു
    ....."
ഈ നാടിന്റെ ഭാരം താങ്ങിയാണു കർഷകന്റെ നടുവളഞ്ഞത് എന്നു പറയുന്നു!
എന്നാൽ ഇന്ന് കാർഷിക കടം താങ്ങാനാവാതെ തല തന്നെ മുറിച്ച് കൊടുക്കുകയാണ്  കർഷകർ . ഉണ്മയെ തിരിച്ചെടുക്കാൻ വെമ്പണം ഇനിയുള്ള കാലം നാം !
സ്വല്പം വിപ്ലവാത്മകമായാണു ചന്ദനക്കട്ടിൽ വരുന്നത് !
 മനുഷ്യന്റെ ആധിപത്യ സ്വഭാവം കൊടികുത്തി വാഴുന്ന  അവസ്ഥ അതായത്  സ്വത്തും സമ്പത്തും ഏറുമ്പോൾ മനുഷ്യൻ തന്നിൽ താണവനെ ഭരിക്കപ്പെടുന്ന അധീശത്വ മനോഭാവം ! കൊല്ലും കൊലയും ഏറുന്ന ധാർഷ്ട്യതയാണ്  ചന്ദനക്കട്ടിലിൽ എന്ന കവിത യും പറയുന്നത് .

" നെല്ലും പണവും കുമിഞ്ഞവർക്ക്
കൊല്ലും കൊലയും  കുലാധികാരം !" എന്ന് കവി വാക്യം !
വീണ്ടും  വിളഞ്ഞ പാടത്തിൽ തന്നെ
" കുല തെല്ലു ചുവന്ന പച്ചനെല്ലിൻ
നിരയെങ്ങും നിറയും നിലങ്ങൾ നീളേ "
എന്ന വരി വായിക്കുമ്പോൾ കവി തന്റെ ജന്മ നാട്ടിലേക്ക്, ആ  വീട്ടു മുറ്റത്തേക്ക് പറിച്ചു നടപ്പെടുകയാണ്  . അത്  തന്റെ വീടിന്റെ  ഉമ്മറക്കോലായിൽ ഇരുന്നു കവി കാണുന്ന ദൃശ്യമായിട്ടേ  ആ നാടും വീടും സുപരിചിതമായിട്ടുള്ളവർക്ക് തോന്നൂ  ...

നാടുമായുള്ള ആത്മബന്ധം പലയിടത്തും കാണാം .
വീണ്ടും ചന്ദനക്കട്ടിലിലേക്ക് വരുമ്പോൾ കിഴക്കൻ മലകളിൽ ചന്ദനമരം തേടി പോകുന്ന നായന്മാർ എന്നു പറയുന്നത് ശരിക്കും ഈ നാട്ടിൽ നിന്ന് പണ്ട് കിഴക്കന്മലകളിലേക്ക് അതായത് മലയാറ്റൂർ മലമുടികളിൽ, മേടുകകളിൽ ഈറ്റവെട്ടാൻ പോകുന്ന ക്രിസ്റ്റ്യൻ തൊഴിലാളികളുടെ ചിത്രമായിരുന്നു എന്ന് കവി തന്നെ ആത്മകഥയിൽ പറയുന്നുണ്ട് .

ജന്മനാടിന്റെ മണ്ണിൽ നിന്ന് ബീജാവാപം ചെയ്ത് എഴുതിയതാണു ചന്ദനക്കട്ടിലിലെ മറ്റൊരു ഭാഗം ! കട്ടിൽ പണിയാൻ ചന്ദന മരം തേടി വലിയമൂപ്പിലാരും നായന്മാരും യാത്രവേളയിൽ പറഞ്ഞു പോകുന്ന കഥകളിൽ നിറയുന്ന മുടിയേറ്റു കലാരൂപവും അതുമായി ബന്ധപ്പെട്ട ഐതിഹ്യം എന്ന് പറയാവുന്ന കഥയും പറയുമ്പോൾ
 അത് ഞങ്ങളുടെ  നാട്ടിലെ /കവി ജന്മനാട്ടിലേക്ക് , നായത്തോടിന്റെ മണ്ണിലേക്ക് തന്നെയാണ്  ഊളിയിട്ട് ഇറങ്ങുന്നത് . ഞങ്ങളുടെ മണ്മറഞ്ഞ കാരണവന്മാരിൽ നിന്നും ,നാട്ടിലെ  ഭഗവതി ക്ഷേത്രത്തിൽ നടന്നിട്ടുണ്ട് എന്നും പറഞ്ഞുകേട്ടിട്ടുള്ള ആ കഥ യിൽ, കവി തന്റെ കാവ്യധർമ്മം പ്രയോഗിച്ച് തമ്പുരാന്റെ വിധി നടപ്പാക്കുന്നതായാൺ് കവിതയിൽ ഉള്ളത് !
വെറും അഭിനയം പോര , സാക്ഷാൽ  ദാരികന്റെ തല അറുത്ത് എടുത്ത് താലത്തിൽ വയ്ക്കണം കാളി എന്നാണു മോളിൽ നിന്നും തമ്പുരാന്റെ വിധി .
ഇവിടെ  അങ്ങനെ ഏതോകാലത്ത്  സാക്ഷാൽ ദാരികനെ അങ്കക്കലി മൂത്ത്  വെട്ടി ക്ഷേത്രമുറ്റത്തെ കിണറ്റിൽ തള്ളി ഇട്ടിട്ടുണ്ട് എന്ന്  ഞങ്ങളെല്ലാം കേട്ടിട്ടുള്ള കഥ !
കവിതന്നെ ആത്മകഥയിൽ പറയുന്നുണ്ട് തന്റെ അമ്മയിൽ നിന്നും   പറഞ്ഞുകേട്ടിട്ടുള്ള നാട്ടുപഴം കഥകൾ ,തന്റെ പല കൃതികളുടെയും രചനാവേളയിൽ സഹായകമായിട്ടുണ്ട് എന്ന് ! അപ്പോൾ ഞങ്ങളുടെ തലമുറ കേട്ടിട്ടുള്ളതും കവി അമ്മയിൽ നിന്നും കേട്ടിട്ടുള്ളതുമൊക്കെ ഈ നായത്തോടിന്റെ ആത്മാവിൽ ചേർന്നിട്ടുള്ള കഥകൾ ആണ് .

വിശ്വദർശനം എഴുതുന്ന കവി പാരിന്റെ അനന്തവിസ്മയതക്കു മുന്നിൽ നമിച്ചു നിൽക്കുകയാണ് . ഓടക്കുഴലിൽ കവി,  ജീവിതത്തിന്റെ അന്തസ്സാര ശൂന്യതയെ വ്യക്തമാക്കുകയാൺ് .
  ഈ പ്രപഞ്ച സൃഷ്ടാവിന്റെ / ചൈതന്യത്തിന്റെ കുളിരലതയില്ലെങ്കിൽ എല്ലാം  മണ്ണടിഞ്ഞു ചേരുന്ന നശ്വരതയാണു  പരാമർശം .

 " നന്മയെ ചൊല്ലി വിനിശ്വസിക്കാം ചിലർ
തിന്മയെ പറ്റിയേ പാടൂ ലോകം !"എന്ന് ഓടക്കുഴലിൽ പാടിയതിനെ  കവി അർത്ഥവത്താക്കുകയാൺ് പെരുന്തച്ചനിലേക്ക് വരുമ്പോൾ   . പെരുന്തച്ചനിൽ തന്നെ ഏറെ ഗ്രാമീണമായ പദപ്രയോഗങ്ങൾ നിറഞ്ഞ് നാടിനെ ചേർത്തു നിറുത്തുന്ന കാവ്യഭാഷ ശ്രദ്ധിച്ചാൽ മനസ്സിലാക്കാവുന്നതെയുള്ളൂ...
'നോവും തിന്നു കരളിനേ പാടുവാനാവൂ
മധുരമായ് നിത്യമാർദ്രമായ് .....'  എന്നും ചില കവി വാക്യങ്ങൾ മനസ്സിനെ സ്പർശിക്കുന്നു. .

ടാഗോർ കവിതകളിൽ ഗീതാഞ്ജലിയുടെ പരിഭാഷയും എടുത്ത് പറയത്തക്കത് ആണു .
എവിടെ നിർഭയമാകുന്നു മാനസം
എവിടെ നില്ക്കുന്നു ശീർഷം സമുന്നതം
എവിടെ വിജ്ഞാനം പൂർണ്ണ സ്വതന്ത്രമായ്
അവികലമായ് വിരാജിപ്പൂ നിത്യവും !
മുക്തിതൻ സ്വർഗ്ഗരാജ്യമതിങ്കലേക്കെന്റെ
നാടൊന്നുണരണേ ദൈവമേ !
എന്റെ നാടൊന്നുണരണേ ദൈവമേ !"
ഗീതാഞ്ജലിക്ക്  മലയാളത്തിൽ വളരെയധികം തർജ്ജമകൾ ഉണ്ടായിട്ടുണ്ടെങ്കിലും   സംഗീതാത്മകമായി ചെയ്ത പദ്യരൂപത്തിൽ മനോഹരമായ ഒന്നാണു മഹാകവിയുടെ തർജ്ജമ !
 എന്നാൽ സ്ത്രീപക്ഷ ചിന്തകൾ വളരെ ശക്തമായ ഭാഷയിൽ കാണുന്നത് യശോധര എന്ന കവിതയിലാണു...
" നാരിക്കു സാത്വികശുദ്ധി പാടില്ലയോ
നാരി പുരുഷന്നു ചങ്ങല മാത്രമോ
ഒന്നനങ്ങുമ്പോൾ കരയുന്ന ചങ്ങല
ഒന്നു കുടഞ്ഞാൻ മുറുകുന്ന ചങ്ങല "  എന്നിങ്ങനെ യശോധരയുടെ ധർമ്മസങ്കടങ്ങൾ പങ്കുവയ്ക്കുന്ന കവിതയിൽ കാണാം !

കവി ,പ്രഭാഷകൻ /വിവർത്തകൻ, ഭാഷാപ്രവർത്തകൻ എന്നീ നിലകളിലും  സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട് ജി . കൂടാതെ ഏതാനും സിനിമാഗാനങ്ങളിലും ജി യുടെ കവിതകൾ ഉപയോഗിച്ചിട്ടുണ്ട്...ആദ്യകാല ചിത്രമായ നിർമ്മലയിലെ ശ്രാന്തമംബര ....എന്നു തുടങ്ങുന്ന കടുകട്ടി ഭാഷയെ നല്ല സംഗീത വഴക്കത്തോടെ ശ്രീ ദക്ഷിണാമൂർത്തിസ്വാമി ഗാനമാക്കിയിരിക്കുന്നതും ആനന്ദദായകം തന്നെ !കുട്ടികൾക്കു വേണ്ടി അദ്ദേഹം രചിച്ചിട്ടുള്ള കവിതകൾ കണ്ട് നാം അത്ഭുതം കൂറും!
വാ കുരുവീ വരു കുരുവീ .....എന്നതും
"വാർമഴവില്ലേ മായല്ലേ...."
"ഒന്നാനാം കൊച്ചുതുമ്പീ
എന്റെ കൂടേ പോരുമോ നീ"

" കാട്ടുമരത്തിൻ കൊമ്പുകൾ തോറും
കയറാം മറിയാം ചാടാം
വാലാൽ ചില്ലത്തുമ്പിൽ ചുറ്റി
വലിഞ്ഞുകിടന്നൊന്നാടാം " ഇങ്ങനെ നേഴ്സറി ഗാനമായും കൊച്ചു ക്ലാസ്സുകളിൽ ചൊല്ലിപ്പഠിച്ചിട്ടുള്ളതും മഹാകവിയുടെ വരികൾ ആണെന്ന് എത്ര പേർക്കറിയാൻ പറ്റും !!! ഇളംചുണ്ടുകൾ/ഓലപ്പീപ്പി എല്ലാം അദ്ദേഹത്തിന്റെ ബാലസാഹിത്യ കൃതികൾ ആണു...

എഴുത്തുകാരൻ എന്ത് ? എന്ന് പരാമർശിക്കുന്ന അദ്ദേഹത്തിന്റെ  ഒരു പ്രഭാഷണം ശ്രദ്ധേയം ആണു . ഒരു കർഷകൻ പാടത്ത് വിത്തെറിഞ്ഞ് നൂറുമേനി കൊയ്യുന്നതുപോലെ, ഒരു ശില്പി വെറും ഒരുകല്ലിനെ തന്റെ ഭാവനാ വിലാസം കൊണ്ട് കൊത്തിപരുവപ്പെടുത്തി സുന്ദരശില്പം മെനഞ്ഞെടുക്കുമ്പോൾ ഒരു എഴുത്തുകാരൻ തന്റെ ആശയങ്ങളെ, ഭാവനകളെ , സുന്ദര പദങ്ങളാലും അക്ഷരങ്ങളാലും കൊണ്ട് കോർത്തിണക്കി ഉൾക്കാഴ്ച്ചയേകുന്ന സൃഷ്ടികൾ  ആവിഷ്ക്കരിക്കുകയാണു . . എല്ലാവരും  ചെയ്യുന്നത് ഒരു കർമ്മം !

ആംഗലേയ സാഹിത്യത്തിന്റെ ആകർഷണം മലയാള ഭാഷയുടെ അപചയത്തിനു കാരണം ആവരുതെന്ന് മഹാകവി ഏതാണ്ട് 50 വർഷങ്ങൾക്കു മുൻപേ ഒരു പ്രഭാഷണത്തിൽ സൂചിപ്പിച്ചത് ഇന്നെത്രയോ സത്യമായിരിക്കുന്നു.  . ഇനിയും നമ്മൾ മണ്മറഞ്ഞ മഹാത്മാക്കളുടെ വാക്കുകൾക്ക് ചെവിയോർക്കേണ്ട കാലം  കഴിഞ്ഞിരിക്കുന്നു. ഉണ്മയുടെ പര്യായമായ മഹാകവികളുടെ നാമം  ഇവിടെ മുഴങ്ങികേൾക്കണം! വിശ്വദർശനത്തിൻ കാഹളം മുഴക്കിയ ഓടക്കുഴൽ നാദം നമുക്ക് അന്യമാവാതിരിക്കട്ടെ ....


സ്നേഹപൂർവ്വം സ്നേഹിത
മായ ബാലകൃഷ്ണൻ !

Comments

Popular posts from this blog

വാഴക്കുല യ്ക്ക് 80 വയസ്സ്

കൃഷ്ണ കവിത

സൗഹൃദം ! സുകൃതം !!