വർണ്ണ പ്യൂപ്പ കാലം


  വർണ്ണ പ്യൂപ്പ കാലം .
========
അങ്ങനെ സ്കൂള്‍ കാലം കഴിഞ്ഞു . ഇനി മാലയിടാം , വളയിടാം, പാദസരമിടാം.......! കണ്ണെഴുതി പൊട്ടും തൊടാം ! (1986-87) ,
  അല്ലെങ്കി ....മ്ഹും !! നിനക്കൊക്കെ കണ്ണെഴുതി പൊട്ടും തൊട്ട് അണിഞ്ഞൊരുങ്ങി നടക്കാന്‍ നേരമുണ്ട് ; രണ്ടക്ഷരം പഠിക്കാനോ ഹോം വര്‍ക്ക് ചെയ്യാനോ നേരമില്ല !! .......... നീട്ടിങ്ങോട്ട് കൈ ; എന്നും പറഞ്ഞു , കന്യാസ്തീ ടീച്ചറുടെ മുന്നില്‍ മുഖോം കുനിച്ച് നില്‍ക്കുമ്പോ , അടുത്തിരിക്കുന്നവളുമാരുടെ ഇളിച്ച ചിരീം കാണണ്ട . (86)
      ഇനി അടിച്ചു പൊളിച്ചിട്ട്‌ തന്നെ കാര്യം. ടി വി യിൽ ഹിന്ദി ,ഇംഗ്ലീഷ് വാർത്താവായനക്കാരെ പോലെ ഹെയറ്‍ സ്റ്റൈല്‍ ഏതാ വേണ്ടേ ന്നു തീരുമാനിച്ചാ മതി ........മിനു വേണോ .റിനി സൈമൺ [ഖന്ന ] വേണോ,അതോ    ഗീതാഞ്ജലി അയ്യരോ ,ഉഷ അൽബുക്കർക്കോ  ..ആരുടെയാ വേണ്ടത് !?എന്നായിരുന്നു. 
   മ്ങ്ങും... ഇതിപ്പോ മൂണ്‍ മൂണ്‍ സെന്നിനെ പോലുണ്ട് ല്ലേ ... ശ്ശെന്താ..... ! കാര്യണ്ടായേ ! ദ’വന്മാര്‍ക്കൊക്കെ , തുമ്പു കെട്ടിയിട്ട് തുളസി ക്കതിര്‍ ചൂടിയ ദ’വളുമാരെയൊക്കെ മതിയായിരുന്നു .

   എന്നാലും ആ സ്വര്‍ണ്ണ മുടിയും ,തിളങ്ങുന്ന പച്ച കണ്ണ് മുള്ള ആ ജര്‍മ്മന്‍ സുന്ദരീണ്ടല്ലോ ... വിംബിള്‍ഡണിലെ പച്ചപ്പുല്‍ കോര്‍ട്ടിലും ഫ്രഞ്ച് ഓപ്പണ്‍ ലെ കളിമണ്‍ കോര്‍ട്ടിലും മിന്നി മിന്നി വന്നു എതിര്‍ കോര്‍ട്ടിലേക്ക് സ്മാഷ് അടിച്ച് ഓരോ സെറ്റും എടുക്കുന്ന ആ സ്വപ്ന സുന്ദരി!  കണ്ണീന്നു മായണില്ല. പിന്നേം മാര്‍ടീനമാര്‍ പലരും  വന്നു  , അലറിവിളിച്ചു മോണിക്കാ വന്നു , ,ചുരുണ്ട മുടിയുമായി കറുത്ത മുത്തുകള്‍ വില്യംസ്‌ സഹോദരിമാര്‍ ..........എന്നാലും എന്താ നമ്മുടെ സ്റ്റെഫി ഗ്രാഫ് നെ കഴിഞ്ഞിട്ടല്ലേ  ആരും ള്ളൂ !! ( 89 , 90 ,97.98 2000)

തുപ്പി തുപ്പി കോര്‍ട്ട് മുഴോനും വൃത്തികേടാക്കണ ഒരുത്തനുണ്ടല്ലോ ; ബോറിസ് ബെക്കര്‍ ! അവന്‍ 


അങ്ങനെ ബോറനൊന്നും ആയിരുന്നില്ലാ  . എന്നാല്‍ ആ നരച്ച കണ്‍ പീലികളുള്ള മെക്കന്റ്രോ ഉണ്ടല്ലോ ,തനി വല്യപ്പന്‍ ! ,എപ്പോഴും ദേഷ്യപ്പെട്ടു കൊണ്ടേയിരിക്കും . (89)
    പിന്നേം നമ്മുടെ ക്രിക്കറ്റ് എന്ന് പറഞ്ഞാ ഇന്ത്യേം പാകിസ്ഥാനും ഷാര്‍ജ കപ്പും ..ഹോ !!ചേതന്‍ ശര്‍മ്മയുടെ ആ ഒടുക്കത്തെ സിക്സര്‍ (89) ഇല്ലായിരുന്നെങ്കി... ഹി നമ്മള്‍ നാണം കെട്ടേനെ , ജയിക്കാന്‍ 5 റണ്ണും ഒരേ ഒരു ബോളും ! നെഞ്ചിടിച്ച് ചത്തെങ്കിലും എന്താ ; അന്ന് നമ്മള്‍ ജയിച്ചല്ലോ . 
മിയാന്‍ ദാ തവളയോ കുരങ്ങനോ ചാടിയാ നമുക്കെന്താ......മന്‍ജരേക്കര്‍ ബാറ്റ് കൊണ്ടടിച്ചെന്നും പറഞ്ഞ് എന്നാ പുകിലായിരുന്നു ; ഭജു ന്‍റെ അടി കൊണ്ട് മ്മടെ ശ്രീ കരണംപൊത്തി നടന്നില്ലേ . (2002...അതിന്‍റെ മറ്റൊരു വേര്‍ഷന്‍ !!
പിന്നേം സച്ചൂം വീരൂം. കണ്ണട വച്ചും വയ്ക്കതെയും കുംബ്ലെ ,ഈഡന്‍ഗാര്‍ഡന്‍സിലും ,ഫിറോഷാ കോട് ലായിലും എത്ര തിളങ്ങണ കണ്ടതാ ...!!യുവീം ബജൂം ..... കറാച്ചി ടെസ്റ്റ്‌ മറക്കാന്‍ പറ്റണില്ല്യ... വീരൂന്റെ ത്രിബ്ള്‍ സെഞ്ച്വറി!!!(2003) പാവം അക്തര്‍ ! ബോള്‍ ചെയ്ത് ബോള്‍ ചെയ്ത് കൈക്കുഴ പറിഞ്ഞിട്ടുണ്ടാകും .ബൌണ്ടറി ലൈന്‍ തുടങ്ങി ബോളും കൊണ്ട് ഓടി ഓടി കിതച്ച്.....എന്നാലും ആ വരവ് ഉണ്ടല്ലോ , അതൊരു ഒന്നൊന്നര വരവായിരുന്നു .! കറാച്ചി എക്സ്പ്രെസ്സ്  എന്ന് പേരും വീണു . നെഞ്ചും വിരിച്ച്,വായു വേഗത്തില്‍ , ആരെയും കൂസാത്ത ഭാവോം ! കണ്ടാ........ രണ്ടാമൂഴം ത്തില്‍ M T വരച്ചു വച്ച ഭീമനെ പോലുണ്ട് . ( 2000,2003,4,
 ക്യാപ്റ്റന്‍സിയില്‍ അത് നമ്മുടെ സൌരവ് ദാ തന്നെ !ബാറ്റുമായി കണ്ണടച്ചും ചിമ്മിയും നില്‍ക്കണ കണ്ടാ ഒരു പാവകുട്ട്യെ പോലെ ,ടീം ബൌള്‍ ചെയ്യാന്‍  ഗ്രൌണ്ടി ലിറങ്ങിയാല്‍ ആള് പുലിയാ ട്ടാ ..എല്ലാം കഴിഞ്ഞപ്പോ യുവീടേം ഭാജൂന്റെം ബന്ഗരേം പിന്നെ വാഗ അതിര്‍ത്തിലെ സ്വീകരണോം ...
..’83 നു ശേഷം ആദ്യമായ് ഫൈനലില്‍ എത്തിയ ആ വേള്‍ഡ് കപ്പ്‌ !ഓര്‍ക്കാനുള്ള ശക്തീല്ല്യ ...(2004)  ഏതാണ്ട് ഒരു മാസത്തോളമല്ലേ ന്നെ ഒരു വിഷാദ രോഗിയാക്കിയത് ങ്ങ് ..ങ്ങും മേണ്ട മേണ്ട ....ഞാനില്ല ! സച്ചു അന്ന് അച്ഛന്‍ മരിച്ചിട്ട് ചടങ്ങുകളെല്ലാം കഴിഞ്ഞയുടന്‍ തിരിച്ചു വന്ന് കളിക്കുക പോലുമുണ്ടായി .പതറി വീണിട്ടും  വന്മല പോലെ നിന്ന് ക്ഷമയോടെ ശാന്തമായി ബാറ്റ് വീശി ഓരോ റണ്ണും എടുത്തു ജയിപ്പിച്ചു കാണിച്ചു തന്ന ദ്രാവിഡ്‌ !! ജീവിതം പോലെയാണ് ഒരു ക്രിക്കറ്റ് മാച്ച് എന്നും പഠിപ്പിച്ചു തന്നു .
          അത് നില്ല് ,ഫുട്ബോളോ!! ആദ്യമായ് വേള്‍ഡ്കപ്പ്‌ കണ്ടതേ……..ഹോ !!. വായുവില്‍ നിന്ന് കറങ്ങി തിരിഞ്ഞു കൊണ്ടു, ചുരുണ്ട മുടിയുള്ള ആ കൊച്ചു മനുഷ്യന്റെ പ്രകടനമൊക്കെ ..കോരിത്തരിച്ചുപോയ്‌ .കഴുത്തോളം മുടിയുള്ള ആ കൊളംബിയക്കാരന്‍ ഹ്വിഗ്വിറ്റ . മറക്കാന്‍ പറ്റോ? , അവസാനം മ്മടെ മാധവേട്ടന്‍[N S] ലോഹേം മടക്കി കുത്തി എല്ലാ അതിര്‍ത്തികളും ഭേദിച്ച് വാതിലും ചവിട്ടിപ്പൊളിച്ചു ഹ്വിഗ്വിറ്റ് യെ അനശ്വരനാക്കിയില്ലേ  
അന്നൊക്കെ നമുക്ക് ഈ സന്തോഷ്‌ ട്രോഫി ന്നൊക്കെ  പറഞ്ഞാ അതൊരു ഒന്നൊന്നര വേള്‍ഡ്‌കപ്പ്‌ തന്നെയായിരുന്നില്ലേ ......സത്യന്‍ ,പാപ്പച്ചന്‍ ,ഷറഫലി, അതായത് നമ്മുടെ തൃശൂര്‍ക്കാരന്‍ വിജയേട്ടനും പിന്നെ ജോപോളുമൊക്കെ വരണേനും മുന്‍പ്‌ , കേരളോം പഞ്ചാബ് ഉം ഫൈനലില്‍ എത്തിയ വര്ഷം ,mm നമ്മുടെ ഗോളി ണ്ടല്ലോ  ചാക്കോ !!( 1987 -88)   ആളൊരു ഞെരിപ്പന്‍ തന്നെ !  ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് TV ല് കളി കണ്ടതിന്റെ പരിഭ്രാന്തി ഒന്ന് വേറെ ന്നെ യായിരുന്നു  ; എക്സ്ട്രാ ടൈം മും പെനാല്‍ടി ഷൂട്ട്‌ ഔട്ടും ,കഴിഞ്ഞു സഡന്‍ ഡെത്ത് ലെത്തിയ കളി ! ആകെ കൂടെ എല്ലാം ഒരേ കളര്‍  ഡ്രസ്സ്‌ ,പഞ്ചാബ് ഏതാപ്പാ ..... കേരളമേതാപ്പാ ,ഹോ !!  കളീം കണ്ടു ഉറങ്ങീട്ടു, രാത്രിയായപ്പോ ഇടയ്ക്ക് ഇടക്ക് ഉറക്കത്തീന്നു  ചേട്ടനെ വിളിച്ചുണര്‍ത്തും, കണ്ണ് കിള്ളി പൊളിച്ചു ചേട്ടന്‍ വന്നു  എന്ത്യേടി വിളിച്ചേ .. ‘’ ചേട്ടാ അതാണോ പഞ്ചാബ് ന്‍റെ ഗോളി !!അല്ലാ ഇപ്പൊ ആര്‍ക്കാ പെനാല്‍ടി  കിട്ട്യേ .!!’’ തലയ്ക്കിട്ട് ഒരു കിഴുക്ക് കിട്ട്യേപ്പോഴാ ഞാനും കണ്ണ് തുറന്നത്. ചേട്ടന്‍റെ കയ്യീന്ന്  അടി കിട്ടീല്യാന്നെയുള്ളൂ ,ഹിഹി..
 ഇന്നിപ്പോ ISL ഉം കേരള കൊമ്പന്മാരും ,എന്താ കാര്യം ; മലയാളി എന്ന് പറഞ്ഞു തലയെണ്ണാന് എത്റ പേരുണ്ടാവും ?‍  ഒരു സുശാന്ത് ഉം സബിത്തും പ്രദീപും  ., ഗ്രൌണ്ട് ല് മഷിയിട്ടു നോക്കണം ഒരു മലയാളി താരത്തെ കാണാന്‍ ! 2014
വിജയേട്ടന്‍ മോഹന്‍ ബഗാനു വേണ്ടി കളിച്ചപ്പോ കോയമ്പത്തൂര്‍ വച്ചു  സന്തോഷ്‌ ട്രോഫിയില്‍ കേരളവുമായി ഏറ്റു മുട്ടേണ്ടി വന്നു . മലയാളികള്‍ അന്ന് വിജയേട്ടനെ കൂവി  കൂവി ശരിപ്പെടുത്തി കളഞ്ഞു .അത്രയ്ക്കുണ്ട് !! ചെന്നൈ ലെ റെയില്‍വേ ട്രാക്കില്‍ സത്യനും ഒരു ദുരന്ത മാകുകയായിരുന്നല്ലോ. 
 ഇന്നിപ്പോ ബ്ലാസ്റ്റെര്‍സ് .....എന്തൂട്ട് ബ്ലാസ്റ്റെര്‍സ് ...
                  വേണ്ടപ്പെട്ടവരൊക്കെ തിരിഞ്ഞു നോക്കാനുണ്ടായിരുന്നെങ്കില്‍ ആ പൈസ കൊണ്ട് നമ്മുടെ പിള്ളേര്‍ക്ക് നല്ല പ്റാക്ടീസും   വല്ല  മുട്ടേം പാലും വാങ്ങി കൊടുത്തിരുന്നെങ്കില്‍ നമുക്കവരെയെല്ലാം നല്ല  കൊമ്പന്മാര്‍ ആക്കാമായിരുന്നു .ഇതിപ്പോ ആരാന്‍റെ വീട്ടിലെ സദ്യക്ക് വിളമ്പു കാണാന്‍ പോണ പോലെ ............ ആരുടെയെങ്കിലുമൊക്കെ കീശ നിറയുന്ന പദ്ധതി,  അതില്‍ കവിഞ്ഞ് എന്ത് !?
കണ്ണ് മിഴിക്കണ്ട ; ഞാനിതൊക്കെ എങ്ങനേന്ന്...
അന്നൊക്കെ ഇത് മാത്രേ ടി വി ല് കാണാനും കേള്‍ക്കാനും ഉണ്ടായിരുന്നുള്ളൂ ..ഒരു മലയാള സിനിമ വരണമെങ്കില്‍ മാസങ്ങള്‍ കാത്തിരിക്കണം .എന്നിട്ടോ ഉറക്കമിളച്ച്, വായുവില്‍ ഊതി വിടുന്ന പുകച്ചുരുളിന്റെ ദിശേം ഇലയനക്കോം നിഴല നങ്ങുന്നതും കണ്ട് ..അവസാനം എല്ലാവരും എഴുന്നേറ്റു പോയാലും  വാശിക്ക് ഇതിന്റെ അവസാനം എന്താന്നു ഒന്നറിയണമല്ലോ എന്നും പറഞ്ഞു കണ്ടു തീര്‍ക്കും .അശ്വത്ഥാമായും  ഉപ്പും ചാപ്പേം, ബക്കര്‍ പവിത്രന്‍ എന്നെല്ലാം എഴുതി കണ്ടതും വായിച്ചു ദീര്‍ഘ ശ്വാസോം വിട്ടുപോയ്‌ കെടന്നുറങ്ങും ,
ചെവിയും തലയും വെട്ടി പൊളിക്കുന്ന പരസ്യങ്ങളുടെ സ്ഥാനത്ത് നിറയാറുള്ള സാംസ്ക്കാരിക കലാകായിക രംഗത്തെ പ്രമുഖര്‍ അണിനിരക്കുന്ന ദേശഭക്തി ഗാനത്തോട്‌ കൂടിയ ആ സിംഫണി ഓര്‍ക്കുന്നില്ലേ ...(86,87,)  ബാലമുരളീകൃഷ്ണ, പണ്ഡിറ്റ്‌ ജസ് രാജ് , ഭീം സെന്‍ ജോഷി , ലത മങ്കേഷ്കര്‍ ,സിത്താര്‍ വിദ്വാന്‍ പണ്ഡിറ്റ്‌ രവി ശങ്കര്‍ ,തബലയില്‍ ഉസ്താദ്‌ ബിസ്മില്ലാഖാന്‍, സരോദ് വിദ്വാന്‍ , ഫ്ലുട്ടില്‍ ചൌരസ്യ, അഭിനയ പ്രതിഭകളായ മിഥുന്‍ ചക്രവര്ത്തി ,അമിതാഭ്ബച്ചന്‍ , സ്പോര്‍ട്സില്‍ കണ്ണട വച്ച ഹിര്‍വാനീം ഗവാസ്കറും, രവി ശാസ്ത്രീം അങ്ങനെ അങ്ങനെ ഓരോന്നും മിന്നി മായുമ്പോള്‍ അവസാനം ആനപ്പുറത്തേറി  തലേക്കെട്ടും കെട്ടി തോട്ടിം പിടിച്ച് താളത്തില്‍ ‘’എന്റെ സ്വരവും നിങ്ങളുടെ സ്വരവും ഒത്തു ചേര്‍ന്നാല്‍ നമ്മുടെ സ്വരമായ് ‘’ ഇത്രേം കേക്കുംബം ഏന്ത്  കുളിരാ ല്ലേ .... ഇന്നാര്‍ക്കാ ഇതൊക്കെ കാണാന്‍ താല്‍പ്പര്യം...  
ഹിന്ദിയില്‍ വരുന്ന നല്ല ഷോര്‍ട്ട് ഫിലിമ്സ് ഉം ഡോകുമെന്ററി കളും കാണാനും പരിചയപ്പെടാനും കഴിഞ്ഞത് ഭാഗ്യം . പഥേര്‍ പാഞ്ചാലി യും ചാരുലതയും പോലുള്ള ചിത്രങ്ങളിലൂടെ സത്യജിത് റായ് ,സുചിത്ര സെന്‍ ശബാന അസ്മി ,സ്മിത പാട്ടീല്‍ , രോഹിണി ഹട്ടംഗടി , നസറുദ്ദിന്‍ ഷാ , ഓം പുരി ഗിരിഷ് കര്‍ണാട് ഇങ്ങനെ വല്ല്യൊരു കൂട്ടം അഭിനയ പ്രതിഭകളെ അറിയാനും കഴിഞ്ഞതും ആ കാലഘട്ടത്തിന്റെ പ്രത്യേകതയാണ്.( 1988 89 ,90,91)
സൌകര്യങ്ങള്‍ കൂടിയപ്പോള്‍ ഇന്നിന്‍റെ തലമുറയ്ക്ക് നല്ലതൊന്നും വിളമ്പാനും കാണിച്ചു കൊടുക്കാനും ,അല്ലാ .... അത് അന്വേഷിച്ചു കണ്ടെത്താനും ആരും മെനക്കെടാറുമില്ല .
നല്ലൊരുകാലം എന്നെ ഞാനാക്കുന്നതിൽ, മാധ്യമങ്ങൾക്കു നടുവിൽ തളച്ചിട്ടു എന്നൊക്കെ പറയുന്നത് അരോചകം തന്നെയാ.... ആർജ്ജിക്കുകയായിരുന്നു..പുറന്തോട് പൊട്ടിച്ച് വരുംവരെ  സ്വരുക്കൂട്ടുകയായിരുന്നു.  . വർണ്ണശബളമായ കാലം തന്നെ ആയിരുന്നു എനിക്കവയെല്ലാം .

സ്നേഹപൂർവ്വം 
മായബാലകൃഷ്ണൻ 

Comments

Popular posts from this blog

വാഴക്കുല യ്ക്ക് 80 വയസ്സ്

കൃഷ്ണ കവിത

സൗഹൃദം ! സുകൃതം !!