മാനസികാരോഗ്യം ലേഖനം

മാനസികാരോഗ്യം   ========= 
വ്യക്തി , കുടുംബം , ജീവിതം ,സമൂഹം .

 പ്രസിദ്ധമായൊരു ഇംഗ്ലീഷ് ചൊല്ലുണ്ട് . 

" If wealth is gone , nothing is gone 
If health is gone ,something is gone 
If charector is gone everything is gone " 

 അതായത് സമ്പത്ത് നഷ്ടമായാൽ ഒന്നും നഷ്ടമായിട്ടില്ല ,ആരോഗ്യം നഷ്ടമായാൽ,ചിലതെല്ലാം നഷ്ടമായി ,  എന്നാൽ സ്വഭാവം നഷ്ടമായാൽ എല്ലാം നഷ്ടമായി എന്നാണ് .
 ആരോഗ്യമുള്ള ശരീരത്തിലല്ല , ആരോഗ്യമുള്ള മനസ്സിലാണു ഒരു നല്ല വ്യക്തി രൂപംകൊള്ളുന്നത്.  അതായത് നല്ല സ്വഭാവം കാഴ്ച്ചവയ്ക്കണമെങ്കിൽ നല്ല ആരോഗ്യമുള്ള മനസ്സു ഉണ്ടാവണം. മനസ്സ് തളരാത്തിടത്തോളം ഒരു ശാരീരിക പരിമിതിയോ വൈകല്യമോ ഒരാളെ ബാധിക്കില്ല എന്നാണ് . വിശ്രുത ശാസ്ത്രജ്ഞനായ സ്റ്റീഫൻ ഹോക്കിങ്സ് നെ അറിയില്ലേ...മസിൽസിനെ ബാധിക്കുന്ന മസ്കുലാർ ഡിസ്ട്രോഫി എന്ന അപൂർവ്വരോഗം ബാധിച്ച്  ,ഒന്നു ചലിക്കാനാവാതിരുന്നിട്ടും  അദ്ദേഹം എത്രയോ വർഷത്തെ ദീർഘമായ രോഗകാലത്തിനിടയിലും അത്ഭുതകരമായ കണ്ടുപിടിത്തങ്ങൾക്ക് അവകാശിയായി .

" when there is a  will ,there is a way "  
  നമ്മൾ അങ്ങേയറ്റം ആഗ്രഹിക്കുമ്പോൾ അല്ലെങ്കിൽ, അതിനുവേണ്ടി  പരിശ്രമിക്കുമ്പോൾ അവിടെ നമുക്കു മുന്നിലെ അടഞ്ഞവഴികളെല്ലാം തുറന്നു വരും എന്നാണ്.
 "എവിടെ മനസ്സ് നിർഭയമാകുന്നു ? അവിടെ നിൽക്കുന്നു ശീർഷം സമുന്നതം" എന്നുമാണല്ലോ വിശ്വമഹാകവി ടാഗോറും പാടിയിട്ടുള്ളത് . 

ആഗ്രഹവും അത്യുത്സാഹവുമുള്ള മനസ്സ് വേണം . അതിനു മനസ്സിൽ സന്തോഷം നിറഞ്ഞിരിക്കണം .അതായത് മനസ്സുണരുമ്പോൾ അവിടെ ഹൃദയത്തിൽ വെളിച്ചം നിറയും.ഊർജ്ജവും പ്രകാശവും ചുറ്റിലും നിറഞ്ഞൊഴുകും!അവിടെ ആഗ്രഹപൂർത്തീകരണം സാധ്യമാക്കാൻ വേണ്ട വഴികൾ തെളിയും !ആ വഴികൾ ജീവിതം ജയിക്കാനുള്ളതാകണം !

 ഇവിടെ ആ മനസ്സിലെ തിരിതെളിക്കാൻ എണ്ണയായിട്ടുള്ളത് സ്നേഹവും പരിഗണനയുമാണ് ! അർഹിക്കുന്ന സ്നേഹവും പരിഗണനയും കിട്ടാതെ ഒരു ഹൃദയം ചുറ്റിനും ലോകത്തെ വെറുക്കുമ്പോൾ അവർക്കെങ്ങനെ തനിക്കു ചുറ്റിനും സന്തോഷവും പ്രകാശവും പകരാനാവും ?

'വസുധൈവ കുടുംബകം' എന്നാണല്ലോ..ഈ പ്രകൃതി തന്നെ ഭൂമിയും അതിലെ സർവ്വചരാചരങ്ങളും പരസ്പര സ്നേഹത്തോടും ആശ്രയിച്ചും ഒരു കുടുംബം പോലെ ചേരുമ്പോളാണല്ലോ ഈ തത്ത്വം സാർത്ഥകമാകുന്നത് ! കുടുംബം എന്നാൽ കൂടുമ്പോൾ ഇമ്പമുള്ളത് എന്നാണ് . പലപല കുടുംബങ്ങൾ ചേർന്ന് സമൂഹവും സമൂഹങ്ങൾ വികസിച്ച് രാഷ്ട്രവും ഈ ലോകം തന്നെ ഉണ്ടാവുന്നു.
ഓരോ രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും അടിസ്ഥാനശില എന്നത് കുടുംബം ആകുമ്പോൾ അവിടെ മുതിർന്നവർ/ രക്ഷിതാക്കൾ നല്ല ചിന്തയും നന്മയും ചെയ്തു മാതൃകയാവണം!

കുട്ടികൾക്ക് തെറ്റുകൾ തിരുത്തിക്കൊടുത്തും സ്നേഹത്തോടെ ഉപദേശിച്ചും ശാസിച്ചും, ചേർത്തു നിറുത്തിയും തലോടിയും മാത്രമേ സ്നേഹമെന്ന എണ്ണ പകർന്നു നൽകാനാവൂ! ശരീരത്തിനു ഭക്ഷണമെങ്കിൽ മനസ്സിനുവേണ്ടതു കരുതലും തണലും നൽകുന്ന കരങ്ങളെയാണു!  നല്ലതു പറയാനും തനിക്കും സമൂഹത്തിനും ഗുണമുള്ളവനായും വളരണമെങ്കിൽ മാതാപിതാക്കളുടെ ശ്രദ്ധ അനിവാര്യമാണു.
മദ്യപിച്ചും വഴക്കടിച്ചും കുടുംബത്തിൽ ശ്രദ്ധയില്ലാത്തവനായി,  മനസ്സമാധാനവും ശാന്തിയും കെടുത്തുന്ന  ,അരക്ഷിതമായ കുടുംബസാഹചര്യങ്ങളിൽ വളരുന്ന കുട്ടികൾ അനുഭവിക്കുന്ന മാനസ്സികസമ്മർദ്ദം , അവരെ മനഃസ്സാന്നിധ്യവും ആത്മവിശ്വാസവും നഷ്ടപ്പെടുത്തി, ആരുടെ മുന്നിലും തലകുനിക്കുന്ന സ്ഥിതിയിലേ എത്തിക്കുള്ളൂ..

  അവരുടെയുള്ളിൽ ആരോടൊക്കെയോ പകയും വെറുപ്പും വിദ്വേഷവും നിറഞ്ഞ് അവനെ വഴക്കാളിയും കള്ളനും കൊലപാതകിയുമാക്കുന്ന അവസ്ഥയിൽ വരെ എത്തിച്ചേക്കാം . സമൂഹത്തിനും കുടുംബത്തിനും ഗുണമില്ലാത്തവനായി അവൻ ആരുടെ മനസ്സിലും പുറന്തള്ളപ്പെട്ടവനായിത്തീരും .   

എന്നാൽ അവർക്ക് സ്വന്തം പ്രശ്നങ്ങൾ ഒരു കൂട്ടുകാരനോടോ കൂട്ടുകാരിയോടോ എന്ന പോലെ മനസ്സ് തുറക്കാൻ കഴിയണമെങ്കിൽ വീട്ടിൽ സൗഹൃദാന്തരീക്ഷം വേണം!അതിനു എന്നും കുറച്ചു സമയം അവരോടൊപ്പം ചിലവഴിക്കാനും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാനും മാതാപിതാക്കൾ തയ്യാറാവണം !അവരെ  കേൾക്കാൻ കാതുകളുണ്ടെന്നും ,പിന്തുണ ലഭിക്കും എന്നുമുണ്ടെങ്കിൽ കുട്ടികൾ   മനസ്സു തുറക്കും ! അവരുടെ കൂട്ടുകാർ ആരൊക്കെ , അഭിരുചികൾ എന്തൊക്കെ , അവർ എവിടെയൊക്കെ പോകുന്നു. ആരോടൊക്കെ കൂട്ടുകൂടുന്നു ഇതൊക്കെ രക്ഷിതാക്കളും കുട്ടികളിലൂടെ സ്വയം മനസ്സിലാക്കുകയാണു വേണ്ടത്.   

ഇതൊക്കെ അവർ ചൂഷിതരാവാതിരിക്കാൻ /തെറ്റുകളിൽ വീഴാതിരിക്കാൻ സഹായിക്കും! അവരുടെ അഭിരുചികളെ പ്രോൽസാഹിപ്പിക്കണം! ഒരിക്കലും ഒന്നും, പഠനം പോലും അടിച്ചേൽപ്പിക്കും വിധത്തിൽ ആവരുത്! പഠനത്തിന്റെ ആവശ്യകത ഭാവിയിൽ അവരുടെ ജീവിതഭദ്രതയ്ക്ക് എന്ന് സ്വയം ബോധ്യപ്പെടുത്തുകയാണു വേണ്ടത്!

കൗമാരത്തിൽ കൂട്ടുകൂടി അനുഭൂതിപകരുന്ന മദ്യം ,മയക്കുമരുന്ന് ഇവയുടെ വലയിലകപ്പെടുകയാണു സാധാരണ കുട്ടികൾ . അതിനായി പണം കണ്ടെത്താനും പലപ്പോളും എളുപ്പവഴിയിൽ  കൂടുതൽ,പണമുണ്ടാക്കാം എന്ന തോന്നലും അവനെ കൂടുതൽ കൂടുതൽ തെറ്റിലേക്കേ കൂട്ടിക്കൊണ്ടുപോവുകയുള്ളൂ . ലഹരി -മരുന്നുകളുടെ ഉപയോഗം, പിന്നെ കുട്ടികളെ അതിന്റെ വില്പനക്കു ഉപയോഗപ്പെടുത്തിയും ചൂഷണവിധേയമാക്കുകയാണ്  . പെൺകുട്ടികളെയും മറ്റും സ്നേഹം നടിച്ച് ചതിക്കുന്നതും ഒരു ചൂഷണമാണ്. ഇന്റെർനെറ്റിന്റെ ലോകത്ത് ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളും ഇന്ന് മാതാപിതാക്കൾ ഏറ്റവും ഭയപ്പെടുന്നതാണ് !  

എന്നാൽ കുട്ടികൾക്കു നേരെയുള്ള കടുത്ത ശിക്ഷണങ്ങളും വിലക്കുകളും അവരെ കൂടുതൽ വിരുദ്ധ സ്വഭാവപ്രകൃതരാക്കാനും വഴിയുണ്ട് . ശരിയായ മാനസിക വളർച്ചക്ക് അവരെ ആവശ്യത്തിനു കളിച്ചും കൂട്ടുകൂടിയും മണ്ണും മഴയും വെയിലും അറിഞ്ഞ് ജീവിക്കാനും അനുവദിക്കണം! താൻ വളരുന്ന ലോകത്തിലെ  ജയവും തോല്വിയും ചെറുപ്പത്തിലേ ഉൾക്കൊണ്ട് വളരാനുള്ള അവസരമാണിതൊക്കെ  ! ഒറ്റയ്ക്കിരുന്ന് കളിച്ചും ഒരുമുറിയിൽ ഒതുങ്ങിക്കൂടി ലോകത്തെ വിരൽത്തുമ്പിലൂടെ കാണുന്ന കുട്ടിയേക്കാളും , അമ്മയും അച്ഛനും മുത്തശ്ശനും മുത്തശ്ശിയുമൊക്കെയുള്ള കൂട്ടുകുടുംബാന്തരീക്ഷത്തിൽ വളരുന്ന കുട്ടികൾ പ്രായോഗിക ബുദ്ധിയിലും മുൻപന്തിയിൽ ആയിരിക്കും.
ആരും തന്നെ ശ്രദ്ധിക്കാനില്ല ,സ്നേഹിക്കാനില്ല എന്ന ബോധമാണു അവനെ / അവളെ ചതിക്കുഴികളിലേക്ക് വീഴ്ത്തുന്നത്.

 അച്ഛനമ്മമാരുടെ പ്രതീക്ഷയാകുന്ന കുഞ്ഞ് കള്ളനും തട്ടിപ്പറിക്കാരനും കൊലപാതക ക്വട്ടേഷൻ സംഘത്തിലും പങ്കാളിയാവുന്നത് ഏതമ്മയ്ക്കാണു , അച്ഛനാണു സഹിക്കാനാവുക ?പണത്തിനു വേണ്ടി കൊലപാതകിയാവുക , പെൺകുട്ടികളുടെ മാനം കവരാൻ പോലും തയ്യാറാവുക , ഭീകരമാണത് !!
കുട്ടികൾ നേരിടുന്ന മാനസികപ്രശ്നങ്ങൾ കണ്ടുപിടിക്കാനും നിയന്ത്രിക്കാനും  അദ്ധ്യാപകർക്കും കുടുംബാഗങ്ങൾക്കും ,നല്ല സുഹൃത്തുക്കൾ ഉണ്ടെങ്കിൽ അവർക്കും കഴിയും! അതുമല്ലെങ്കിൽ ഇന്ന് സ്കൂളുകളിൽ ഇതിനെല്ലാം ചുമതലയുള്ള കൗൺസിലർമാരും ഉണ്ടല്ലോ.  

നമ്മുടെ നാടും ഇന്നു നേരിടുന്ന വലിയൊരു പ്രതിസന്ധി തകർന്നു പോകുന്ന   ദാമ്പത്യബന്ധങ്ങളാണ് .ഇത്തിരിപ്പോന്ന ജീവിതത്തിൽ സമയമില്ലായ്മ എന്ന ഒഴികഴിവുകൾ പറഞ്ഞു ലക്ഷ്യമില്ലാതലയുകയാണു നമ്മുടെ യുവതയും . ക്ഷമയും പരസ്പരവിശ്വാസവും ഇല്ലാതെ ജീവിതമൂല്യങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയും കൂടിയാവുമ്പോൾ കുടുംബബന്ധങ്ങൾക്ക് ആരും വിലകല്പിക്കാതെ വരുന്നു.. 

കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത പോലും മറന്ന് കുട്ടികളെ  ഉന്നത വിദ്യാഭ്യാസത്തിനും വിദേശജോലിയ്ക്കും പ്രാപ്തരാക്കാൻ രക്ഷിതാക്കൾ കിണഞ്ഞുശ്രമിക്കുന്നു..ഇതുപക്ഷെ മറ്റൊരു വിപത്തിലേക്കാണു അവരെ കൊണ്ടെത്തിച്ചിരിക്കുന്നത്. ഈ അവസ്ഥയിൽ ഒറ്റപ്പെട്ടു പോവുന്ന വാർദ്ധക്യത്തെ നേരിടാൻ അവർ മാനസികമായും തയ്യാറാവണം! തങ്ങൾ ജനിച്ചുവളർന്ന് ഇന്നോളം 70 ഉം 80 ഉം വർഷം ജീവിച്ച പരിസരവും അന്തരീക്ഷവും ഉപേക്ഷിച്ച് തികച്ചും വ്യത്യസ്തമായ ഒരു ലോകത്തേക്കുള്ള പറിച്ചുനടൽ അധികം ആരും ഇഷ്ടപ്പെടില്ല . 

ഒരുതരത്തിൽ വിദേശത്തേക്ക് അല്ലെങ്കിൽ പോലും നാട്ടിലെ സുരക്ഷിതമായ താവളങ്ങളിൽ ജീവിക്കാൻ മനസ്സുകൊണ്ടെങ്കിലും തയ്യാറുണ്ടെങ്കിൽ മാത്രമേ മക്കളിൽ ഇത്തരം സ്വപ്നങ്ങൾ കാണാവൂ....അവർ മാനസികമായി ഉയർന്നുചിന്തിക്കാൻ കഴിവുള്ളവരാണെങ്കിൽ ഒരുപരിധി വരെ അത്തരം ഓൾഡേജ് ഹോമുകളിലെ ജീവിതം സുന്ദരമാക്കാം ! എത്ര ദൂരത്തായിരുന്നാലും ഹൃദയങ്ങൾ തമ്മിലുള്ള ഇഴയടുപ്പം ആണുവലുത്. മൊബൈലും കമ്പ്യൂട്ടർ പരിജ്ഞാനവുമൊക്കെ വികസിച്ചുവരും നാളിൽ മക്കളോടുള്ള ആത്മബന്ധം നല്ലനിലയിൽ തുടരാനും സാധിക്കുന്നതാണ് .  

എന്നാൽ സ്വന്തം വീട്ടിൽ അന്യരായി കഴിയേണ്ടി വരുന്ന വൃദ്ധമാതാപിതാക്കൾ ! ഏറ്റവും ദാരുണം എന്നുപറയാം ഇതിനെ. സ്വത്തിലും സമ്പാദ്യത്തിലും കണ്ണുവയ്ക്കുന്ന മക്കൾ .അവരിൽ നിന്നും ഒന്നുംകിട്ടാനില്ലാ, തങ്ങളുടെ സുഖങ്ങളിൽ കരടാവുന്നു എന്നുമൊക്കെ ചിന്തിക്കുന്ന മക്കൾ , എത്ര വിദ്യാഭ്യാസം ഉള്ളവരെങ്കിലും സംസ്കാരശൂന്യരാണു. .മൂഢരാണ് !ജീവിതം എന്തെന്ന് അവർ അറിയുന്നില്ല. അനാരോഗ്യകരമായ പ്രവണതയാണ് അത് .വിദ്യാഭ്യാസം കൊണ്ടുമാത്രംഒരു മനുഷ്യനെ വിലയിരുത്താനാവില്ല. എങ്ങനെ പെരുമാറുന്നു ? സ്വന്തം കുടുംബത്തിലും സമൂഹത്തിലും നല്ലതെന്ന് പറയിപ്പിക്കാൻ കഴിയില്ലെങ്കിൽ പിന്നെ എന്തുണ്ടായാലും എന്താ ...?!  ഒരുപരിധി വരെ ഇത്തരം കാര്യങ്ങൾ   ,പഞ്ചായത്തുകളുടേയോ , ആരോഗ്യകേന്ദ്രങ്ങളുടെയോ കീഴിൽ പ്രായമായവർക്കും അവരുടെ പ്രശ്നങ്ങൾ കൗൺസിലിങ്ങിലൂടെ പരിഹരിച്ചുകൊടുക്കുന്നതിനു സർക്കാർ പദ്ധതികളും വേണം ! 

ഗുരുവിനെയും മാതാപിതാക്കളെയും  ഈശ്വരനെപ്പോലെ ആരാധിക്കണം എന്നുപറയുന്ന നാട്ടിൽ മൂല്യങ്ങൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു..പരസ്പര ബന്ധിതമാണു ആരോഗ്യം സമൂഹം കുടുംബം മൂല്യങ്ങൾ എല്ലാം!
  ഇന്ന് കുട്ടികൾ തൊട്ടു മുതിർന്നവർ വരെ ഏറെ പ്രയോഗിക്കുന്നൊരു വാക്കാണു ടെൻഷൻ !, ഓഫീസിലായാലും വീട്ടിലായാലും എല്ലാവർക്കും  ടെൻഷൻ ഒഴിഞ്ഞിട്ട് നേരമില്ല ! സമയമില്ല ,സമയമില്ല എന്നൊരു സ്ഥിരം പല്ലവിയും തിരക്കുപിടിച്ച ഇന്നിന്റെ ജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ് . ഇത്തരം സമ്മർദ്ദങ്ങൾ അതായത് മനസ്സിനെ ബാധിക്കുന്നത് ശരീരത്തെയും ബാധിക്കും എന്നാണു ശാസ്ത്രം! അതാണു ഇന്ന് പല രോഗങ്ങൾക്കും അടിസ്ഥാന കാരണം ! 
   ഒരു പരിധി വരെ മാനസികാരോഗ്യം നിലനിറുത്താൻ ശരിയായ ഭക്ഷണം, ഉറക്കം, വ്യായാമം, അടുക്കും ചിട്ടയുമുള്ള ജീവിതക്രമം ഇവകൊണ്ടു കഴിയും! ശ്വാസഗതിയെ നിയന്ത്രിക്കുന്ന ധ്യാനം ,യോഗ ഇവയിലൂടെയൊക്കെ മനസ്സിനു  ശാന്തിയും സ്വച്ഛതയും മാത്രമല്ല മനോനിയന്ത്രണം, ക്ഷമ ഇവയൊക്കെ  സാധ്യമാക്കുന്നതിനും കഴിയും.
തന്നെ മനസ്സിലാക്കാതെയുള്ള ഓരോ വ്യക്തിയുടേയും കുത്തഴിഞ്ഞ ജീവിതത്തിൽ ,  തന്നെ അറിയുക ,തന്റെ പരിമിതികളെ മനസ്സിലാക്കുക , അതാണു ജീവിതം . ജീവിക്കാൻ പഠിക്കലാണു ജീവിതം ! അതിനു ശരീരത്തിനപ്പുറം ആരോഗ്യമുള്ള മനസ്സാണു വേണ്ടത്! മനസ്സിനെ നിയന്ത്രിക്കാൻ പഠിക്കണം! ആ നിയന്ത്രണം മനസ്സിന്റെ സ്വച്ഛതയിൽ നിന്നുമാണു ഉത്ഭവിക്കുന്നത് !
മനസ്സിനെ നിയന്ത്രിക്കുക എന്നാൽ, കാറ്റിനെ  പോലെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടുള്ളത് എന്നാണു പറയുന്നത്. ആവശ്യങ്ങളും അത്യാവശ്യങ്ങളും തെറ്റുംശരിയും തിരിച്ചറിയാനുള്ള വിവേചനബുദ്ധിയും ക്ഷമയും ,ശാന്തമായ മനസ്സിന്റെ ഇരിപ്പടത്തിൽ നിന്നേ ഉണ്ടാവൂ ! ഭക്തിയും വിശ്വാസവും മതഗ്രന്ഥങ്ങളുമൊക്കെ വായിച്ചുൾക്കൊള്ളുന്നത് മനസ്സിനു പിന്തുണയും ബലവും കിട്ടാനുതകും വിധമാവണം! 

ശരീരത്തിനു അസുഖം വരുന്നതു പോലെ മനസ്സിനും അസുഖങ്ങൾ വരാം! മറ്റേതൊരു രോഗത്തെയും പോലെ മനസ്സിനെ ബാധിക്കുന്നവയും മരുന്ന് കഴിച്ച്    ചികിത്സിച്ച് സുഖപ്പെടുത്താം! പലപ്പൊളും മനസ്സിനു വരുന്ന അസുഖങ്ങളെ അധികമാരും ഒളിപ്പിച്ചുവയ്ക്കുകയാണു പതിവ് ! ഡോക്ടറെ കാണാനും സംസാരിക്കാനും മടിക്കുന്നു! ആരോഗ്യശാസ്ത്രം ഇത്രയേറെ വളർന്നിട്ടും ,സാക്ഷരരായിട്ടും എന്തുകൊണ്ടാണു നമ്മുടെ സമൂഹം മാറാത്തത് എന്ന് അത്ഭുതകരമാണ്  !

 മാനസികമായ വിഭ്രാന്തിയുള്ളവരെ സമൂഹം പിന്തുണയ്ക്കണം !മനസ്സിലാക്കണം.  കല്ലെടുത്തെറിഞ്ഞും പരിഹസിക്കുന്നതും അപക്വമായ സമൂഹമനസ്സിന്റെ ലക്ഷണമാണു! .ചെറിയ ചില മാനസികപ്രശ്നങ്ങളോ/ വൈകല്യങ്ങളോ ഇല്ലാത്ത മനുഷ്യർ ഉണ്ടാവില്ല എന്നാണു വിലയിരുത്തൽ .
എന്നാൽ കടുത്ത വിഷാദം , ഭയം , നിരാശ ഉത്ക്കണ്ഠ ,ആത്മഹത്യാപ്രവണത, അമിതമായ മദ്യാസക്തി  ഇവയൊക്കെ ഡോക്ടറുടെ കൃത്യമായ ചികിത്സയിൽ കൊണ്ടുവരേണ്ടതാണ്  . ചിലപ്പോൾ നിസ്സാര മരുന്നുകൊണ്ട് ചികിത്സിച്ചു മാറ്റാവുന്ന അസുഖങ്ങളെ, ആരെയൊക്കെയോ  ഭയന്നും ഒളിപ്പിച്ചും , യഥാർത്ഥ ചികിത്സ തേടാതെ ദുരിതപൂർണ്ണമായ ജീവിതം നയിക്കേണ്ടതായും വരുന്നു!  ഇങ്ങനെ കുടുംബ ജീവിതം തന്നെ തകർന്നു പോകുന്ന അവസ്ഥയിലേക്കും എത്താറുണ്ട്! മനശാസ്ത്രജ്ഞന്റെ അടുത്ത് പോവുന്നവരെല്ലാം ഭ്രാന്ത് ഉള്ളവരാണു ,അല്ലെങ്കിൽ  ഭ്രാന്തന്മരാണു എന്നത് പഴയകാല അറിവില്ലായ്മയാണു .

ലോകരാജ്യങ്ങളിൽ ഏറ്റവും പേർ ചികിത്സ തേടുന്നത് മാനസിക പ്രശ്നങ്ങൾക്കാണ് . അവർക്കറിയാം നിത്യജീവിതത്തിനു തടസ്സമാവാതെ വിലയേറിയതാണു നമ്മുടെ സമയവും ജീവിതവുമെന്ന് .സന്തത സഹചാരികൾ അലഞ്ഞുതിരിയുന്ന അവസ്ഥ വരെ അവർ കാത്തിരിക്കില്ല .തുടക്കത്തിലേ   കൃത്യമായ രോഗനിയന്ത്രണവും ഡോക്ടറുടെ നിർദ്ദേശങ്ങളും പാലിക്കും. കെട്ടുറപ്പില്ലാത്ത കുടുംബ ബന്ധങ്ങളും സുഹൃദ് ബന്ധങ്ങളുടെ അഭാവവുമൊക്കെ അതിനു കാരണമാവുന്നുണ്ടാവാം !  

അല്ലെങ്കിലും ജീവിതം എന്നുപറയുമ്പോൾ സുഖദുഃഖ സമ്മിശ്രമായിരിക്കും. ഒരിക്കലെങ്കിലും കണ്ണുകൾ ഈറനണിയാതെ ഈ ജീവിതപ്പുഴ നീന്തിക്കടക്കാൻ ആർക്കുമാവില്ല .ആർക്കെങ്കിലും തന്റെ കാലുകൾ നനയ്ക്കാതെ ഒരു പുഴനീന്തിക്കടക്കാനാവുമോ.അതുപോലെ തന്നെ ഈ ജീവിതസാഗരവും ! 
പരമാർത്ഥം / സത്യമായിട്ടുള്ളതിനെ ഉൾക്കൊള്ളാൻ പഠിക്കണം! ജീവിതത്തിൽ തോറ്റുപോകുന്ന അവസ്ഥ എന്നുതോന്നുമ്പോളൊക്കെ അത് വരാനിരിക്കുന്ന നല്ല  ഒരു കാലത്തേക്കുള്ള കാത്തിരിപ്പിന്റെ നിമിഷങ്ങൾ എന്നുകരുതണം! സത്ചിന്തകൾക്ക് ഇടംകൊടുക്കുമ്പോൾ മനസ്സിൽ ഊർജ്ജവും ഉത്സാഹവും നിറയും!സന്തോഷം നിറയും. മനസ്സിലെ അന്ധത , ഇരുട്ട് നീങ്ങി അവിടെ നമുക്കും മറ്റുള്ളവർക്കും വെളിച്ചമാവാൻ കഴിയും! 
തമസ്സോമാ ജ്യോതിർഗ്ഗമയാ ....

മായ ബാലകൃഷ്ണൻ!



Comments

Popular posts from this blog

വാഴക്കുല യ്ക്ക് 80 വയസ്സ്

കൃഷ്ണ കവിത

സൗഹൃദം ! സുകൃതം !!