ബോധവല്ക്കരണ ദിനങ്ങൾ

ബോധവല്ക്കരണ ദിനങ്ങൾ

എല്ലാ വർഷവും  ഒക്ടോബറിലെ രണ്ടാം ശനിയാഴ്ച്ചയാണു വേൾഡ് പാലിയേറ്റീവ് ദിനം  ആയി ആചരിക്കുന്നത് . ഹൃദയ ദിനം ,കരൾ ദിനം , വൃക്ക ദിനം ,കാൻസർ ദിനം,   പുകയില വിരുദ്ധ ദിനം , ഇങ്ങനെ എന്തിനാണീ ഓരോ   ദിനാചരണങ്ങൾ എന്ന് നമുക്ക് തോന്നാവുന്നതാണു .

ബോധവൽക്കരണമാണു ഇതിന്റെയെല്ലാം പ്രധാന ഉദ്ദേശ്യം. അസുഖം വന്നു ചികിൽസിക്കുന്നതിനേക്കാളും ,  രോഗം വരുന്നത് എങ്ങനെ തടയാം ,വന്നാൽ തന്നെ എങ്ങിനെയൊക്കെ നിയന്ത്രിക്കാം . ഇതെല്ലാം ജനങ്ങളിലേക്ക് കൂടുതലായി എത്തിക്കുകയും ,ഇതു വഴി   ആരോഗ്യമുള്ള സമൂഹത്തെ പടുത്തെടുക്കുന്നതും  സാമൂഹത്തോടുള്ള   പ്രതിബദ്ധതയാൺ .
എന്നാൽ സാന്ത്വന ചികിൽസാ രംഗത്ത്,   കേരളത്തിൽ പെയ്ൻ &   പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളും ദിനാചരണവും തുടങ്ങിയിട്ട് അധിക കാലമൊന്നും ആയിട്ടില്ല .6 ,7 , വർഷം മുൻപും പിമ്പും താരതമ്യം ചെയ്യുമ്പോൾ ഈ രംഗത്ത്‌  വൻ  വിപ്ലവം തന്നെയാണൂ നടന്നിരിക്കുന്നത് .മുൻ കാലങ്ങളിൽ, രോഗം വരുന്നതും ജീവന്മരണ പോരാട്ടം നടത്തുന്നതുമൊക്കെ വ്യക്തികളിലും കുടുംബങ്ങളിലും മാത്രം ഒതുങ്ങി നിന്നിരുന്നു .

അസുഖത്തിന്റെ പാരമ്യാവസ്ഥയിൽ ,അല്ലെങ്കിൽ ഇനി ബാക്കി ഒന്നും ചെയ്യാനില്ല എന്നു പറയുന്ന സന്ദർഭങ്ങളിൽ ,     രോഗിക്കു  ആശ്വാസം നൽകാനോ ,  ഒരു വിധത്തിലും സഹായിക്കാനോ കഴിയാതെ, ഇനി  എന്തു  ചെയ്യും ?! എന്ന് വിഷമിച്ചു , നിസ്സഹായരായി   പോകുന്ന കുടുംബാംഗങ്ങൾ  !.സാമ്പത്തികമായും    തകർന്ന   അവസ്ഥയിൽ ആണെങ്കിൽ ചിന്തിക്കുക കൂടി വയ്യ !
   ഈ സന്ദർഭങ്ങളിൽ,    പുണ്യ പാപങ്ങളുടെ  കണക്കുകൾ   നിരത്തി ,സംശയ ദൃഷ്ടിയോടെ , അവജ്ഞയോടെ ,വീക്ഷിക്കുന്ന ഒരു സമൂഹമാണു ചുറ്റിനും എങ്കിലോ ?      ഒറ്റപ്പെടലും അവഗണനയും  നിറഞ്ഞ സ്ഥിതി വിശേഷമായിരുന്നു ഇക്കാലമത്രയും .  .
ഇന്ന് ഇതിനെല്ലാം മാറ്റം വന്നിരിക്കുന്നു .    ഏതാനും   വ്യക്തികളും ,,സന്നദ്ധ സംഘടനകളും നേതൃത്വം  നൽകി തുടങ്ങിയ സാന്ത്വന ചികിൽസാ പദ്ധതിയെ സർക്കാറും ഏറ്റെടുത്തിട്ടുണ്ട്  , ഉന്നത സംസ്ക്കാര മൂല്യ ബോധമുള്ള സമൂഹമായി നമ്മളും മാറിയിരിക്കുകയാണു . ഇതിൽ പത്ര മാധ്യമങ്ങൾക്കുള്ള പങ്കും  പ്രശംസനീയമാണു.
ഏതൊരു സ്പെഷലിസ്റ്റ്  ഡോക്ടറേയും പോലെ പാലിയേറ്റീവ് മെഡിസിൻ എന്നൊരു വിഭാഗവും ഉണ്ട് .കഴിഞ്ഞ 10 വർഷത്തിലധികമായ് ഇതിന്റെ മുഴുവൻ സമയ പ്രവർത്തകനായി, ബോധവൽക്കരണ ക്ലാസുകളും സേവനവും ചെയ്യുന്ന ഡോക്ടർ ജെറി ജോസഫ്,  നമുക്ക് സുപരിചിതനാണല്ലോ . ഒറ്റപ്പെടലും അവഗണനയും ശാരീരികവേദനയേക്കാളും വലിയ മുറിവായിരിക്കും നൽകുന്നത് .ഇവിടെയാണു ഞങ്ങളുണ്ട് കൂടെ എന്നു പറഞ്ഞുകൊണ്ട് പുഞ്ചിരിക്കുന്ന മുഖവുമായ് സാന്ത്വന ചികിൽസാ പ്രവർത്തകർ എത്തുന്നത് .
സ്നേഹം കൊണ്ട് കൂടാത്ത മുറിവ് ഉണ്ടാകില്ല .നിറഞ്ഞ വേദനകളിൽ അവർക്കിവിടെ തന്നെ സ്വർഗ്ഗം പകുത്ത് കൊടുക്കാം . കണ്ണു നീരോടെ വിട പറയേണ്ടി വരുമ്പോഴും സംതൃപ്തി യുടെ പുഞ്ചിരി ഉള്ളിൽ നിറച്ചു കൊണ്ട് അവർക്ക് മടങ്ങാനാകും  .
ഡോക്ടർ ജെറിയെ മാതൃകയാക്കിയാണു എന്റെ സുഹൃത്ത് ഷീനയും ഈ രംഗത്തെക്ക് എത്തുന്നത് . കാൻസർ രോഗിയായ തന്റെ അമ്മയുടെ അവസാന നാളുകളിൽ ഡോക്ടർ നൽകിയ സ്നേഹവും   സാന്ത്വനവുമാണു ഷീനക്ക്  ഇതിനു പ്രചോദനമായത് .
ഡോക്ടർ ജെറിയെ പോലെ ,ഷീനയെ പോലെ ,അങ്കമാലി പാലിയേറ്റീവിലെ സിസ്റ്റെർ ഷെർലിയെ പോലെ ,എത്രയോ സന്മനസ്സുകൾ പകർന്നു നൽകുന്ന വെളിച്ചമാണു ,ഈ സമൂഹത്തിലെ ഇരുട്ട് തുടച്ചു മാറ്റുന്നത് .ഇവരുടെ പ്രവർത്തനങ്ങൾക്ക്  കരുത്തും പ്രോൽസാഹനവുമേകാൻ കൂടി ഈ ദിനം ഉപകരിക്കട്ടെ !
ഒപ്പം ,  ആശയകന്ന മനസ്സുകളിൽ സ്നേഹത്തിന്റെ , സാന്ത്വനത്തിന്റെ പ്രത്യാശയുടെ ദീപം തെളിക്കാൻ നമുക്കേവർക്കും കഴിയട്ടെ !
എല്ലാവർക്കും സ്നേഹാശംസകൾ

സ്നേഹപൂർവ്വം October 2015
മായ ബാലകൃഷ്ണൻ .

Comments

Popular posts from this blog

വാഴക്കുല യ്ക്ക് 80 വയസ്സ്

കൃഷ്ണ കവിത

സൗഹൃദം ! സുകൃതം !!