മാതൃരോദനം,!

മാതൃരോദനം
=======

 നെല്ലും കവുങ്ങും തെങ്ങും , കുന്നും മലയും, കാടും പുഴയും നിറഞ്ഞ പച്ചയും തെളിച്ചവുമുള്ള മഴയും വെയിലും തന്ന് അനുഗ്രഹിക്കപ്പെട്ട എന്റെ പ്രകൃതിയെ  ദൈവത്തിന്റെ നാട് എന്നും പറഞ്ഞ് പല കാലത്തായി പലരും വന്ന് എന്നെ കൊള്ളയടിച്ചു .അവർക്ക് എന്റെ ജൈവസമ്പത്തുകൾ മതിയായിരുന്നു.അപ്പൊഴും എനിക്ക് എന്റെ വേരുകൾ നഷ്ട്ടപ്പെടാതെ ,അവർ ,എന്റെ മണ്ണും മഴയും പുഴയും, ഇവിടെ തന്നെ ബാക്കി വച്ചിട്ടു പോയിരുന്നു 
.

എന്നാൽ എന്റെ മക്കൾ ഇന്ന് എന്റെ സർവാംഗങ്ങൾക്കും വിലയിട്ടിരിക്കുന്നു .അടിവയർ പിളർന്ന് വരെ എന്റെ ജീവനീർ ഊറ്റിയെടുത്തിരിക്കുന്നു .കുഞ്ഞോളങ്ങളിൽ പായ് വിരിച്ചുറങ്ങിയ മണൽത്തരികളെ മറയില്ലാതെ വലിച്ചിഴച്ച് ആഡംബര കെട്ടിടങ്ങളുടെ ചുമരുകളിലും മേൽക്കൂരകളിലും അടവയ്ക്കുകയാണു .ദിഗന്തങ്ങൾ കുലുങ്ങും വിധം എന്റെ മാറിടങ്ങളെ വെട്ടിപ്പൊളിച്ച്  എന്റെ അസ്ഥിയും മജ്ജയും കൊണ്ട് നിങ്ങളുടെ സ്വപ്നങ്ങൾക്ക് അടിത്തറ പണിതു .

എന്റെ കാടിന്റെ മക്കൾക്ക് ഇരിക്കാൻ ചില്ലയോ സ്വൈരമായ് വിഹരിക്കാൻ ഇടമോ  നൽകാതെ എന്റെ ജീവ ശ്വാസത്തിനു കടയ്ക്കൽ കത്തിവയ്ക്കുകയാണു .കാടിന്റെ കുരുന്നുകൾ അനാഥമാക്കപ്പെടുന്നു ..കുന്നും മലയും ഇടിച്ചു നിരത്തി കട്ടുറുമ്പുകൾ എന്നെ നഗ്നയാക്കുന്നു .

ഉറച്ചു നിൽക്കാനാവാതെ  ഞാൻ വെറുമൊരു തൊണ്ടായി  .കാലം വിളർത്ത് മഞ്ഞും മഴയും പെയ്യുന്നു .പൂക്കണോ കായ്ക്കണോ എന്നറിയാതെ വൃക്ഷങ്ങൾ ശ്വാസം മുട്ടുന്നു .എന്റെ മൊഴികൾ ക്കു നേരെ വിദ്യാലയങ്ങളുടെ വായ് മൂടിക്കെട്ടുന്നു .ഭാഷയില്ലാത്തവളായി ,വാക്കുകൾ നഷ്ട്ടപ്പെട്ടവളായി പിച്ചിചീന്തി വിവസ്ത്രയാക്കി എന്നെ ഇറക്കി വിടുകയാണു ..

സ്നേഹപൂർവ്വം സ്നേഹിത
മായ ബാലകൃഷ്ണൻ 2015 

Comments

Popular posts from this blog

വാഴക്കുല യ്ക്ക് 80 വയസ്സ്

കൃഷ്ണ കവിത

സൗഹൃദം ! സുകൃതം !!