പ്രവേശനോത്സവം അക്ഷരദീപം തെളിക്കൽ


2019 ജൂണ് 6 പ്രവേശനോത്സവം അക്ഷരദീപം തെളിക്കൽ
*******************************
വളരെ യാദൃച്ഛികമായിട്ടാണ് വീടിനടുത്തുള്ള നായത്തോട് ജി മെമ്മോറിയൽ‌ സ്‌കൂളിൽ നിന്നും അദ്ധ്യാപക പ്രതിനിധികൾ വീട്ടിലെത്തി , എന്നോട് ജൂണ് 6 ന് നടക്കുന്ന പ്രവേശനോത്സവത്തിൽ വന്ന് അക്ഷരദീപം തെളിക്കാമോ എന്നുചോദിക്കുന്നത് . ശാരീരികമായി വളരെ അവശതകൾ നേരിടുന്ന ദിനങ്ങൾ ആയിരുന്നെങ്കിലും എന്റെ പൂർവ്വവിദ്യാലയം , കുട്ടികൾ,കൂടാതെ നവാഗതരായ കുഞ്ഞുകുട്ടികളും .ആ അന്തരീക്ഷം മനസ്സിൽ ഓർത്തപ്പോൾ തന്നെ ഒരുത്സാഹം തോന്നി
.
അന്ന് ജീവൻ ചേട്ടന് സൗകര്യപ്പെടുമെങ്കിൽ വരാം , ചേട്ടനോട് കൂടെ ഒന്ന് സംസാരിക്കൂ !എന്നിട്ട് ഉറപ്പിക്കാം എന്നുപറഞ്ഞു രവി സർ ഉം കൂട്ടരും യാത്രയായി .
6 ആം തീയതി സ്‌കൂൾ തുറക്കുന്ന അന്ന് പഴയപോലെ കുട്ടികളെ കാത്ത് മഴമുത്തശ്ശി ഉണ്ടായിരുന്നില്ല. പുതിയവർഷം സ്‌കൂൾ തുറന്ന് എത്തുന്ന കുട്ടിയെപ്പോലെ ഉത്സാഹത്തിൽ ആയി ഞാനും . നല്ല തെളിഞ്ഞ ആകാശം . എന്ത് സംസാരിക്കണം ? ഇതിനുമുമ്പും രണ്ടുമൂന്നു വട്ടം വീൽചെയറിൽ ഈ വേദിയിൽ വന്നിട്ടുണ്ട് . സംസാരിച്ചിട്ടുണ്ട് . പക്ഷേ ഇന്ന് എന്റെ മുന്നിലിരിക്കുന്നത് കുട്ടികൾ ആണല്ലോ . സുഹൃദ് വലയത്തിലുള്ള ടീച്ചേഴ്‌സ് നോടു പ്രവേശനോത്സവത്തെക്കുറിച്ച് സംസാരിച്ച് ഒരേകദേശ ധാരണയും ഉണ്ടാക്കി . ഏറ്റവും ലളിതമായ ഭാഷയിൽ ആയിരിക്കണം സംസാരിക്കാൻ . വളരെ ചുരുക്കി കുറഞ്ഞ സമയത്തിൽ വേണം എന്നും വേദിയിൽ ഉള്ളവരുടെ പേരുകൾ നോട്ടീസ്‌ ലിസ്റ്റിൽ നോക്കിക്കണ്ടു മനസ്സിലാക്കിയതു പ്രകാരം കരുതിവച്ചു . പക്ഷേ പറഞ്ഞുവരുമ്പോൾ സമയം കൂടുതൽ എടുത്തേക്കുമോ എന്നൊരു പേടി ഉണ്ടായി .


വേദി ഉയരത്തിൽ അല്ലാതെ സെറ്റ് ചെയ്യാം എന്നാണ് പറഞ്ഞിരുന്നത് . കുറച്ചു നേരത്തേ എനിക്കൊന്ന് അവിടെ ചെന്നിരുന്ന് ആ അന്തരീക്ഷം ഉൾക്കൊള്ളണം എന്നുമാത്രമേ ഞാൻ ചേട്ടനോട് പറഞ്ഞുള്ളൂ .കൂടുതൽ ക്ഷീണം അനുഭവപ്പെട്ടാൽ സംസാരിക്കാൻ വേഗത പോരാതെ ഇഴയും ഞാൻ .അതൊരു പേടി ഒഴിച്ചാൽ അവിടെയിരിക്കുവോളം മറ്റൊന്നും അലട്ടിയില്ല . എന്നെ വേദിയിൽ കയറ്റി ഇരുത്താൻ തയ്യാറായി ചേട്ടനും തീരുമാനിച്ചുറപ്പിച്ച പോലെ എല്ലാം പെട്ടെന്നായി . ആരൊക്കെ എനിക്ക് ചുറ്റും വശങ്ങളിലും ഇരിപ്പുണ്ട്‌ . എങ്ങട്ടും തിരിഞ്ഞുനോക്കാൻ എന്റെ കഴുത്ത് തിരിയന്ത്രം അല്ലാലോ ....
മുന്നിലിരിക്കുന്ന കുഞ്ഞുങ്ങൾ ,അവരുടെ അമ്മമാര് , മുത്തശ്ശിമാർ , അവിടെത്തന്നേ പഠിക്കുന്ന അവരുടെ ചേച്ചിമാർ ,ചേട്ടന്മാർ അങ്ങനെ ആ വിശാലമായ സ്‌കൂൾ ഓഡിറ്റോറിയം നിറയേ ആളുകൾ ഉണ്ടായിരുന്നു . അപ്പോഴും ഒഴിഞ്ഞുകിടക്കുന്ന നീളൻ വരാന്തയും സ്‌കൂൾ മുറ്റവും എന്നെ സംശയത്തിന്റെ നിഴലിൽ ആക്കി . മറ്റു ഹൈസ്‌കൂൾ ക്ലാസ്സിലെ കുട്ടികളൊക്കെ റൂമിൽ ആയിരിക്കുള്ളൂ . ഇതു കൊച്ചുകുട്ടികളുടെ പരിപാടി അല്ലേ എന്ന് വിചാരിച്ചു . ഞാനൊക്കെ സ്‌കൂളിൽ പഠിക്കുന്നകാലം എങ്ങോട്ട് തിരിഞ്ഞാലും എവിടെയും നിറയെ കുട്ടികൾ ഉണ്ടാവുമായിരുന്നു . ഇത് പഴയ കാലമല്ലാ എന്നറിയാമെങ്കിലും എല്ലാം കഴിഞ്ഞ് പുറത്തിറങ്ങിയിട്ടും എനിക്കത് വിശ്വസിക്കാൻ ആവുന്നില്ലായിരുന്നു .
കുട്ടികൾക്ക് ചുറ്റുവട്ടത്ത് നിറയേ സ്‌കൂളുകൾ ഉണ്ട് . സർക്കാർ സ്‌കൂളുകളെ അവഗണനയിൽ നിന്നും ഉയർത്തിക്കൊണ്ടു വരുന്നതിന്റെ ഭാഗമായിട്ടാണ് ഇത്രയെങ്കിലും കുട്ടികൾ ഉണ്ടായതുതന്നെ എന്ന ബോധം വീണ്ടും വീണ്ടും എന്നെ അത്ഭുത പ്പെടുത്തി .

വേദിയിൽ ഉണ്ടായിരുന്ന മുനിസിപ്പൽ ചെയർപേഴ്‌സൺ ഗ്രേസി ടീച്ചർ ,കൗണ്സിലർമാർ രേഖ ശ്രീജേഷ് , വിനിതാ ദിലീപ് ,അങ്ങനെ പലരുമായും മുൻപും വേദി പങ്കിട്ടുണ്ട് . നല്ല ആത്മവിശ്വാസം തോന്നി .
ആ വിദ്യാലയത്തിന്റെ തിരുമുറ്റത്ത് നിന്ന് ആ ദിവസത്തിന്റെ പ്രാധാന്യം ഓർത്തപ്പോൾ , ഈ പ്രപഞ്ചം എന്ന സത്യത്തിനു മുന്നിൽ ഞാൻ എത്രയും വിനയാന്വിതയായി കൈകൂപ്പി പോയി . അതുകൊണ്ടാവാം സർവ്വ ചരാചാരങ്ങൾക്കും വന്ദനം പറഞ്ഞു തുടങ്ങാൻ എന്റെ മനസ്സ് മന്ത്രിച്ചത് . അതിനുശേഷമേ വേദിയിലും സദസ്സിലും ഇരിക്കുന്നവരെ സംബോധന ചെയ്തുള്ളൂ....
മുന്നിലിരിക്കുന്ന കുഞ്ഞുങ്ങൾ , അവർക്ക് പ്രത്യേകം നമസ്തേ ആണ് കൊടുത്തത് . കാരണം ഈശ്വരന്റെ പ്രതിരൂപങ്ങൾ എന്നാണല്ലോ ശ്രീ വൈലോപ്പിള്ളി മാഷ് കുഞ്ഞുങ്ങളെ വിശേഷിപ്പിച്ചി രിക്കുന്നത് .
" വാക്കുകൾ കൂട്ടിച്ചൊല്ലുവാൻ കഴിയാത്ത കുഞ്ഞുങ്ങളേ
ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ ...." എന്നാണ് ആ വരികൾ .

ആ ഒരു ദിനത്തെ ഓർത്തപ്പോൾ ഈ കുഞ്ഞുമക്കൾ എന്നാണ് അവരെ വിളിച്ചതും. നവാഗതരാണ് . വിദ്യാലയ ജീവിതത്തിലെ ആദ്യദിനം . അവരുടെ ജീവിതത്തിലെ സുപ്രധാന ദിനം . അത്രയും നാൾ വീട്ടിൽ അച്ഛൻ അമ്മ അപ്പൂപ്പൻ അമ്മൂമ്മ ചേട്ടൻ ചേച്ചി ഇങ്ങനെ ഏവരുടെയും സ്നേഹവാത്സല്യങ്ങളിൽ സംരക്ഷണത്തിൽ കരഞ്ഞും വാശിപിടിച്ചും ഇരുന്ന കുട്ടികൾ . ആ കൈകൾ വിട്ട് വിദ്യാലയത്തിലേക്ക് , ഇനിമുതൽ സ്‌കൂളിൽ അദ്ധ്യാപകർ ആണ് അവർക്ക് അച്ഛനും അമ്മയും എല്ലാം ആയിട്ട് നേർവഴി തെളിക്കാൻ ഉള്ളവർ . ആ ആദ്യദിനം അവരുടെ ജീവിതത്തിലെ ഒരു വഴിത്തിരിവ് ആണ് . ഈ കുട്ടികൾ പ്രീ പ്രൈമറി 4 വയസ്സിൽ ഉള്ളവരായതു കൊണ്ട് ഒരുപക്ഷേ അവർ ഈ ദിനം എന്നെന്നും ഓർത്തിരിക്കാൻ സാധ്യതയില്ല .എങ്കിൽത്തന്നെയും അവരുടെ ജീവിതത്തിന്റെ ഒരു ഭാഗമാവാൻ കഴിഞ്ഞതിന്റെ സന്തോഷവും ഞാൻ അവരുമായി പങ്കുവച്ചു .
എന്നാൽ വെക്കേഷൻ ആഘോഷിച്ച് , പുതിയ ക്ലാസ്സിലേക്ക് എത്തുന്നവരെ ഇന്നത്തെ അവരുടെ അവധിക്കാല ആഘോഷങ്ങളായ സിനിമ ,മൊബൈൽ ഗെയിമുകൾ, കംപ്യൂട്ടർ എന്നിവയെക്കാളും ഗുണം ചെയ്യുന്നത് വായനയാണെന്ന് ഓർമ്മപ്പെടുത്തി . വായിക്കുമ്പോൾ കുട്ടികളിൽ ഭാവന നിറയും . ചിന്തിക്കാൻ പ്രാപ്തനാക്കും . ആശയങ്ങൾ സൃഷ്ടിക്കപ്പെടും .
അക്ഷരം അറിവാണ് , ആനന്ദമാണ് വെളിച്ചം ആണ് . അറിവ്‌ പകരുന്ന വായനകൾ ഉണ്ട് , മാനസികോല്ലാസം നൽകുന്ന വായനയുണ്ട് , ജീവിതത്തിൽ വഴികാട്ടിയാവുന്ന ,വെളിച്ചം പകരുന്ന മഹാന്മാരുടെ ദർശനങ്ങളും ജീവിതവും പറയുന്ന വായനകൾ ഉണ്ട് .
അറിവ് എന്നുപറയുമ്പോൾ ചരിത്രം പഠിക്കുമ്പോൾ നമ്മൾ ചരിത്ര ബോധമുള്ളവരായി തീരും . നാം ജീവിക്കുന്ന ലോകത്തേയും രാജ്യത്തെയും അറിയുകയും വഴി രാജ്യസ്നേഹവും വളരും .
ശാസ്ത്രം പഠിക്കുന്നതോടെ ശാസ്ത്രബോധം ഉള്ളവരാകും .ഇന്ന് നാം അനുഭവിക്കുന്ന സുഖസൗകര്യങ്ങൾ എല്ലാം ശാസ്ത്രത്തിന്റെ വളർച്ച കൊണ്ടു നേടിയതാണ് . , സൂപ്പർ മൂൺ , സൂര്യഗ്രഹണം ചന്ദ്രഗ്രഹണം എന്നിങ്ങനെയുള്ള ആകാശവിസ്മയങ്ങൾ കണ്ട് മനുഷ്യർ ഭയന്നിരുന്നകാലം ഉണ്ട്‌ . ഇന്ന് ആ അന്യഗ്രഹങ്ങളിലും ചന്ദ്രനിലും മറ്റും ജീവനുണ്ടോ ജലമുണ്ടോ എന്നിങ്ങനെയുള്ള അന്വേഷണങ്ങളുമായി മനുഷ്യർ അവിടെയെല്ലാം എത്തുന്നു .
ഇന്റർനെറ്റ് , ഫോണ് സംവിധാനങ്ങൾ ഒക്കെ പ്രവർത്തിപ്പിക്കുന്നത് ശാസ്ത്രത്തിന്റെ നേട്ടം ആണ് . ആരോഗ്യരംഗത്തും പുതിയ തരം രോഗങ്ങളെ കണ്ടെത്തി ചികിത്സയും പ്രതിരോധ മാർഗങ്ങളും വരെ മനുഷ്യന്റെ ഗവേഷണഫലം ആണ് . ഇങ്ങനെയെല്ലാം വായിച്ചു അറിഞ്ഞു പഠിക്കുന്നതു കൂടാതെ മൂല്യബോധവും സംസ്കാരം ഉള്ളവനുമാക്കി തീർക്കുക എന്നൊരു ലക്ഷ്യം കൂടി വിദ്യാഭ്യാസത്തിന് ഉണ്ട് . ഇന്നത്തെ തലമുറയ്ക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നതും ഇത്തരമൊരു മൂല്യബോധ സംസ്ക്കാരം ആണ് . ചീത്ത കൂട്ടുകെട്ടുകൾ വഴി കുട്ടികൾ തെറ്റായ ശീലങ്ങൾക്കും വഴിപ്പെടുന്നു . മദ്യത്തിനും മയക്കുമരുന്നിനും അടിമയാവുന്നു .എന്തിന്! അദ്ധ്യാപകരെയോ മാതാപിതാക്കളേയോ പോലും നിന്ദിക്കുന്നു .
സംസ്കാരം ഉള്ളവനാക്കുക എന്നാൽ , മനസ്സിനെ സംസ്കരിക്കുക , മാലിന്യമുക്തനാക്കുന്നു . തന്നേക്കാൾ മുതിർന്നവരെയും ഗുരുക്കന്മാരേയും പ്രായമായവരെയും ബഹുമാനിക്കാനും ശീലിക്കുന്നത് നല്ല സംസ്കാരത്തിന്റെ ഭാഗമാണ് .
നന്മ തിന്മകൾ തിരിച്ചറിയാൻ പ്രാപ്തനാക്കും . ഇരുളും വെളിച്ചവും പോലെയാണ് നന്മതിന്മകൾ . ഇരുളിൽ ഒരു മെഴുകുതിരി പ്രകാശിപ്പിച്ചാൽ ചുറ്റിലും വെളിച്ചം നിറയുംപോലെ ഹൃദയത്തിൽ സ്നേഹം ആർദ്രത, ദയ , കാരുണ്യം ,സത്യം ഇങ്ങനെ കൂട്ടായ്മയിൽ നിന്നും വളർന്നുവരേണ്ടതാണ് മൂല്യബോധം .വിദ്യാലയങ്ങളിൽ എത്തുന്നതോടെ ഒരു കുട്ടിയുടെ ലോകം വളരുകയാണ് . അവിടെ സൗഹൃദം എന്ന പാതയിലൂടെ അവനിലെ മൂല്യബോധം , സങ്കൽപ്പങ്ങൾ എല്ലാം വളരുകയാണ് .
ആദ്യമാദ്യം എന്റെ കൂട്ടുകാർ ,എന്റെ ക്ലാസ്സ് ,എന്റെ സ്‌കൂൾ , അവിടന്നും എന്റെ നാട് , ഇങ്ങനെ സ്നേഹത്തിന്റെ സൗഹൃദത്തിന്റെ ഐക്യത്തിന്റെ കൂട്ടായ്മയിലൂടെ വളർന്ന് അവൻ സമൂഹജീവിയായി വളരും .വീടിനും നാടിനും തനിക്കും കുടുംബത്തിനും ഗുണവാൻ ആയി, നന്മ ചെയ്യുന്നവൻ ആയി , ഉത്തമ പൗരൻ ആവും .
ഈ പ്രകൃതിയാണ് നമ്മുടെ ആദ്യ വിദ്യാലയം ! ഈ പ്രകൃതിയെ നിരീക്ഷിച്ചാൽ തന്നെ ഒരുപാടു കാര്യങ്ങൾ മനസ്സിലാക്കാൻ ഉണ്ട് .
മഹാകവി ഒളപ്പമണ്ണയുടെ വരികൾ ഓർത്തുപോകുന്നു .
" തിങ്കളും താരങ്ങളും തൂവെള്ളിക്കതിർ ചിന്നും
തുംഗമാം വാനിൻ ചോട്ടിലാണെന്റെ വിദ്യാലയം .
ഇന്നലെ കണ്ണീർവാർത്തു കരിഞ്ഞ കരിവാനം
ഇന്നിതാ ചിരിക്കുന്നൂ പാലൊളി ചിതറുന്നു "
ആകാശത്തിനു കീഴെ വൃക്ഷങ്ങളും കാറ്റും മഴയും വെയിലും പക്ഷിമൃഗാദികളും എല്ലാം നിറഞ്ഞ ഈ പ്രകൃതിയാണ് നമ്മുടെ യൊക്കെ ആദ്യ വിദ്യാലയം .
സുഖവും ദുഃഖവും സ്ഥായിയല്ല . മഴക്കാറു തെളിയുന്ന ആകാശം പോലെ സുഖവും ദുഃഖവും ജീവിതത്തിൽ വന്നും പോയിക്കൊണ്ടുമിരിക്കും എന്നാണ് .
വൃക്ഷങ്ങളെ ശ്രദ്ധിച്ചാൽ പരോപകാരം മാത്രം ചെയ്യുന്നുള്ളൂ . ത്യാഗത്തിന്റെ ത്യജിക്കലിന്റെ പര്യായമാണ് അവ . തീക്ഷ്ണമായ വെയിൽകൊണ്ടു നടന്നു തളർന്നുവരുന്ന പഥികന് തണലും കാറ്റും നല്കും . നമ്മൾക്കും അത്തരം സ്നേഹത്തലോടൽ നൽകാൻ കഴിയും . ഉദാഹരണത്തിന് അടുത്തിരിക്കുന്ന കൂട്ടുകാരന്റെ വിഷമം കണ്ട് അതെന്താണെന്ന് ആരായാനും, അവന്റെ വിഷമത്തിന് പരിഹാരം കാണാനും ,പരസ്പരം കൈകോർക്കാനുള്ള മനസ്സ് ,അവനെ ആശ്വസിപ്പിക്കുന്ന സ്നേഹവും ആർദ്രതയും കാണിക്കുമ്പോൾ നമ്മളിൽ മനുഷ്യത്വം ഉണരുകയാണ് . ഹൃദയത്തിൽ നന്മയാണ് തെളിയുന്നത് .
വൃക്ഷങ്ങൾ വിശക്കുന്ന പക്ഷികൾക്കും മൃഗങ്ങൾക്കും മനുഷ്യനും കായ്കനികളും നല്കും. കൂടുവയ്ക്കാൻ ചില്ലകൾ ഉണ്ട് . വീട് വയ്ക്കാൻ മനുഷ്യന് മരം വേണം . അതിന്റെ തടിയോ ഇലയോ പൂവോ ഒന്നും തന്നെ വൃക്ഷം എടുക്കുന്നില്ല . മറ്റുള്ളവർക്കായി അത് കായ്ക്കുന്നു പൂക്കുന്നു . ഇത്രയേറെ പരോപകാരിയാണ് വൃക്ഷങ്ങൾ . ആ വൃക്ഷങ്ങളെ ഒന്നുശ്രദ്ധിച്ചാൽ നമ്മുടെ കണ്ണുതുറക്കില്ലേ . "കണ്ണുകൾ വേണം ഇരുപുറം , അകത്തും പുറത്തും വേണം , ഉൾക്കണ്ണ് തുറക്കണം എന്നാണ് .
മരംകൊത്തി പക്ഷിയെ ശ്രദ്ധിച്ചാൽ അസാമാന്യ ക്ഷമയും നിശ്ചയദാർഢ്യവും വ്യക്തമാവും .എത്രയെത്ര ദിവസം എടുത്തിട്ടാണ് മരത്തിൽ ചുണ്ടുകൊണ്ട് കൊത്തി കൊത്തി മാളം
പോലെ തുരന്നു കൂടുവയ്ക്കുന്നത് . ജീവിതത്തിൽ നമ്മൾ ഈ ക്ഷമയും ഏകാഗ്രതയും ലക്ഷ്യബോധവും പുലർത്തിയാൽ നമ്മുടെ സ്വപ്നങ്ങളെ പൂർത്തീകരിക്കാൻ പറ്റും . അതാണ് ഡോക്ടർ എ പി ജെ അബ്ദുൾ കലാം കുട്ടികളോട് പറഞ്ഞത് . സ്വപ്നം കാണണം നിങ്ങൾ ! ഉണർന്നിരുന്ന സ്വപ്നം കാണണം ! എന്ന് . ഈ ലക്ഷ്യബോധവും പരിശ്രമവും ക്ഷമയും ആണ് ഉണർന്നിരിക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് .
ഞാനിന്ന് ഒരു മുറിക്കുള്ളിൽ ഒതുങ്ങിപ്പോവേണ്ടി വരുമായിരുന്നു . എന്നാൽ എല്ലാം അറിയണം എന്ന ആഗ്രഹവും കാലത്തിനൊപ്പം സഞ്ചരിക്കണം എന്ന ഇച്ഛാശക്തിയും ആണ് എന്നെ നിങ്ങൾ അറിയുന്ന മായ ബാലകൃഷ്ണൻ ആക്കിയത് .
" പരിശ്രമം ചെയ്യുകിലെന്തിനെയും വശത്തിലാക്കീടാം "എന്നുമുണ്ട് .
ജ്ഞാനപീഠ പുരസ്കാരത്തിലൂടെ മലയാളത്തിന്റെ ഖ്യാതി ഭാരതമണ്ണിലെങ്ങും എത്തിച്ച നമ്മുടെ മഹാകവി ജി ശങ്കരക്കുറുപ്പ് . അദ്ദേഹം ഈ നാട്ടുകാരൻ ആയിരുന്നു . അദ്ദേഹം ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥി ആയിരുന്നു .അദ്ദേഹത്തിന്റെ നാമധേയത്തിൽ ഉള്ള ഈ സ്‌കൂളിൽ പഠിക്കുന്നവർക്കും ഇവിടെ പഠിച്ചവർക്കും ഏതു നാട്ടിൽ ചെന്നാലും അഭിമാനത്തോടെ പറയാം . ഞാനും ഈ വിദ്യാലയത്തിന്റെ സന്തതി ആണ് എന്ന് !
ജീവിതത്തിലെ ഏറ്റവും നല്ല കാലം വിദ്യാലയ ജീവിതമാണ് . ബാല്യകൗമാരകാലം ഉത്തരവാദിത്വങ്ങൾ ഇല്ലാ . അദ്ധ്യാപകരുടെയും മാതാപിതാക്കളുടേയും സംരക്ഷണയിൽ അവരെ അനുസരിച്ചും കേട്ടും ബഹുമാനിച്ചും ഭാവിജീവിതം സുരക്ഷിതമാക്കാൻ പഠിക്കുകയാണ് കുട്ടികളിലെ ധർമ്മം . വിദ്യാലയങ്ങളിൽ എല്ലാ സൗകര്യങ്ങളും തയ്യാറാക്കി മുനിസിപ്പാലിറ്റിയും സർക്കാരും കുട്ടികൾക്ക് ഒപ്പമുണ്ട് .
മോശം കുട്ടിയെന്ന് ആരെക്കൊണ്ടും പറയിപ്പിക്കാതിരിക്കുക . എങ്കിൽ നമുക്ക് നല്ല കുട്ടിയായി വളരാം . എന്തും പഠിക്കാൻ , ഡ്രൈവിങ് ആയാലും നീന്തൽ പഠിക്കാൻ ആയാലും ഒരു ഗുരു വേണമല്ലോ ? . അതുപോലെ, തെറ്റായ മാർഗ്ഗങ്ങളിലൂടെ ദിശയിലൂടെ സഞ്ചരിക്കുന്നത് ജീവിതമാണെങ്കിൽ പോലും വഴിതെറ്റാം . അതുകൊണ്ട് തനിക്കു താനേ നിൽക്കാൻ ആദ്യം ഒരു താങ്ങ് , പിൻബലം വേണം . അതാണ് വിദ്യാലവും വിദ്യാഭ്യാസവും നല്കുന്ന നേരറിവുകൾ ഗുരുക്കന്മാർ വേണം .
ഉപസംഹരിക്കുന്നതിനു മുൻപ് നവാഗതരായ കുഞ്ഞുങ്ങൾക്കും പുതുഅദ്ധ്യയന വർഷത്തിൽ എത്തിയ എല്ലാവർക്കും ആശംസകൾ നേർന്നുകൊണ്ട് ഞാനും ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥിയാണെന്ന് ഓർപ്പിച്ചു . 100 വയസ്സു തികഞ്ഞ ഈ സ്കൂളിനേയും എന്റെ ഗുരുക്കന്മാരേയും വിദ്യാർത്ഥികളെയും സ്മരിച്ചുകൊണ്ട് ഞാനെഴുതിയ വരികൾ കൂടി ചൊല്ലി സംസാരം നിറുത്തി .
" എത്രയെത്ര കുഞ്ഞുപാദങ്ങൾ പതിഞ്ഞിടം
എത്രയെത്ര വാക്കിൻ വെളിച്ചം പകർന്നിടം
നല്ല ചിന്തകളോതീടുവാൻ നല്ലനാളെ പണിഞ്ഞീടുവാൻ
ഞങ്ങൾ തൻ ഊർജ്ജമായ് വന്ദ്യഗുരുക്കന്മാർ വാണിടം !
ഇന്നും ഓർമ്മതൻ മുറ്റത്തു മധുരമായെത്തിടുന്നു
എന്റെ വിദ്യാലയം! നിറവിൻ ആത്മവിദ്യാലയം ! "
അവസാനം നന്ദിയും നമസ്കാരവും പറഞ്ഞ് എന്റെ പെരുമഴപെയ്ത്തും കഴിഞ്ഞപ്പോൾ എനിക്കൊരാഗ്രഹം . അത്രയും നേരം എന്റെ മുന്നിലിരുന്ന കുറച്ചു ഡുംഡു മണികൾ !! എല്ലാത്തിനേം ചേർത്തുപിടിക്കണം . പിന്നെ ഒരു ഫോട്ടോയും എടുക്കണം എന്ന് തോന്നി.... ചിന്നിച്ചിതറി കുണുങ്ങി കുണുങ്ങി അങ്ങിങ് നിന്നവരെ ഒരുമിച്ച് കൊണ്ടുവന്നപ്പോ ഒന്ന് മിണ്ടിപ്പറഞ്ഞിരിക്കാൻ തുടങ്ങിയതാണ്. ദേ... ഫോട്ടോയും ക്ലിക്കി ....
കുഞ്ഞുങ്ങൾ ആരെയും ഞാൻ അറിയില്ലായിരുന്നു . പാവാടയും ഓറഞ്ചു ടോപ്പും ഇട്ട് അത്രേംനേരം തുള്ളി തുള്ളി മുന്നിൽ നടന്നിരുന്ന ആ കുട്ടിയെ ഞാൻ അടുത്തേക്ക് വിളിച്ചപ്പോ എന്തൊരു നാണം !
അപ്പൊ ദാ ഒരു കുട്ടി പറയണു .അത് ശശിയുടെ മോളാ.....ശശി എന്നുപറഞ്ഞപ്പോ പെട്ടെന്ന് മിന്നി...നാട്ടിൽ എന്റെ പോസ്റ്റുകൾ എപ്പോഴും കണ്ട് ലൈക്കും ഷെയറും തരുന്ന ശശി...വിജൂന്റെ അനിയൻ !
എന്തായാലും പറഞ്ഞാൽ ഞാൻ ഇവരെയൊക്കെ അറീയും ! പറഞ്ഞാലേ അറിയൂ...അയൽ വക്കത്തെ കുട്ടിയെപോലും...


സ്നേഹപൂർവ്വം സ്നേഹിത
മായ ബാലകൃഷ്ണൻ
******************

Comments

Popular posts from this blog

വാഴക്കുല യ്ക്ക് 80 വയസ്സ്

കൃഷ്ണ കവിത

സൗഹൃദം ! സുകൃതം !!