മരങ്ങൾ,കഥ പറയുമ്പോൾ ============ രശ്മി മൂത്തേടത്ത്

മരങ്ങൾ,കഥ പറയുമ്പോൾ
============  രശ്മി മൂത്തേടത്ത്
വായന (മായ ബാലകൃഷ്ണൻ )

മരണവും ഏകാന്തതയും ,ഒറ്റപ്പെടലും അജ്ഞാത ആത്മാക്കളും ,തറവാടും കാവും കുളവും കുങ്കുമത്തറയും , പാരമ്പര്യത്തിന്റെ പിന്തുടർച്ചകളായി പഴമയും സംസ്കൃതിയും കളമൊരുക്കിയ മണ്ണിന്റെ തട്ടകത്തിലേക്ക്  ഇറക്കിക്കൊണ്ടുവരുന്ന കഥകളുമായ് ഇവിടെ ഇങ്ങനെയൊരു കഥാകാരി നമുക്കിടയിൽ ഉണ്ടായിരുന്നു !
" മരങ്ങൾ,കഥ പറയുമ്പോൾ " എന്ന ഒലീവ് പ്രസിദ്ധീകരണത്തിന്റെ 15 കഥകളുമായി  രശ്മി ഗോപകുമാർ എന്ന *രശ്മി മൂത്തേടത്ത് * . കണ്ടറിഞ്ഞതിനേക്കാളും കേട്ടറിഞ്ഞതിനേക്കാളും വായിച്ചറിയുമ്പോഴാണു ശരിയായി അറിയുന്നത് !
തുടക്കം മുതൽ,ഒടുക്കം വരെ ക്രമമായി വായിക്കുന്ന സ്വഭാവമുണ്ടായില്ലാ.
അതുകൊണ്ടാണു ആ രാത്രിയിലും പത്തു പതിനൊന്നു മണിയായപ്പോൾ
ആദ്യമെടുത്ത  "  പത്മിനി എന്ന പപ്പുമ്മായി "  വായിച്ച് ഹരം കൊണ്ട് കഥാകാരിയെ ഫോൺ ചെയ്തത് ! ഒരു സാധാരണ നാട്ടിൻ പുറത്തുകാരി കഥാപാത്രം! 'ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ചില ജന്മങ്ങൾ !'  പപ്പുമ്മായിമാർ എവിടെയും ഉണ്ടാവും. ബന്ധുവീടുകളിൽ ജനനം മുതൽ മരണം വരെയുള്ള ഏതുവിശേഷത്തിനും ക്ഷണിക്കാതെ തന്നെ കാലേക്കൂട്ടി എത്തുന്നവർ .ധാരാളം പണിയെടുത്തു കൊള്ളും എന്നതിനാൽ ആദ്യകാലങ്ങളിലൊക്കെ അവർക്ക് സ്വീകാര്യതയുണ്ടാവുമെങ്കിലും പ്രായമായാൽ അവരെ ആർക്കും അത്ര പഥ്യമായെന്നു വരില്ല . പക്ഷേ ധാരാളം നാട്ടുവീട്ടു പുരാണങ്ങളും കഥകളും പങ്കുവയ്ക്കുന്നതിനാൽ കുട്ടികളൊക്കെ  അവരെ ഇഷ്ടപ്പെട്ട് ചുറ്റും ഉണ്ടാവും! തനിമയോടുള്ള അവതരണം   .
" നാളെയൊരു പക്ഷേ എന്റെ മുന്നിലും പപ്പുമ്മായിയും കൂട്ടരും വരുമായിരിക്കും "
മരണത്തിന്റെ പരിപ്രേക്ഷിതങ്ങളായ് കാഴ്ചകൾ മുന്നിൽ വന്നു നിറയുന്നിടത്ത് നിന്ന് കഥയുടെ പരിസമാപ്തിയിലും അത്തരമൊരു കാഴ്ചപ്പാടിൽ  അവസാനിപ്പിക്കുന്ന നല്ലൊരു എൻഡ് ആ കഥക്കുണ്ട് !


ഒറ്റയ്ക്കായിപ്പോവുന്നവരുടെ മനസ്സിന്റെ സഞ്ചാരങ്ങളിൽ തന്നോട് ചേർത്തു നിറുത്താവുന്ന ആത്മാവിന്റെ പ്രതിബിംബ സൃഷ്ടികൾ കൂട്ടായി വരുന്ന ഒരുതരം മാനസികാവസ്ഥയാവാം ഭുവന എന്ന കഥാപാത്രവും ഗംഗ എന്ന അപര ആത്മാവും !
"സുഭദ്രാമ്മയും നാരായണേട്ടനും പിന്നെ കാലനും " എന്ന കഥയിൽ മരണാനന്തരവും യമപുരിയിലെത്തിയാലും തന്റെ ഭർത്താവ് തന്റ്റെതു തന്നെ ആയിരിക്കണം എന്ന് വാശിപിടിക്കുന്ന സുഭദ്രാമ്മ !സ്വല്പം രസകരമായി നർമ്മത്തിന്റെ മേമ്പോടി ചേർത്ത കഥകളും കഥാപാത്രങ്ങളും   "എന്നാലും ന്റെ കൃഷ്ണാ ...!" യിലും ഉണ്ട് .കൃഷ്ണഭക്തിയിൽ അലിഞ്ഞുചേർന്ന സാക്ഷാൽ ഭക്തമീരയിലേക്ക് കുടിയേറിയ മീരാദേവി എന്ന വീട്ടമ്മ .കക്ഷിയുടെ  പ്രതിരോധമുറ കറിയിലും മറ്റും ഉപ്പുകൂടുതൽ ചേർത്തുകൊടുക്കലാണു .ഒരുവേള കള്ളകൃഷ്ണനെ പോലും ഇത്തിരി ഉപ്പുതീറ്റിച്ചാലോന്ന്  ആലോചിക്കുന്നു!  പാൽപ്പായസത്തിൽ ഉപ്പ് ചേർത്ത് നിവേദിക്ക !
" കാല്പാടുകൾ " കളിൽ
മലയാളകഥാ സാഹിത്യ തറവാടായ കണ്ടാണിശ്ശേരിൽ സാക്ഷാൽ 'തട്ടക'ത്തിന്റെ മണ്ണിൽ നിന്നു വരുന്ന കഥാകാരിക്ക് ആ പഴമയുടെ ,പുരാവൃത്തങ്ങളുടെ കാലടിപ്പാടുകൾ പിന്തുടർന്ന്  എഴുത്തിലും തന്റെ കാരണവരുടെ പിന്തുടർച്ച അവകാശപ്പെടാം!
സംസ്കൃതിയുടെ പച്ചത്തഴമ്പാർന്ന മണ്ണിൽ തീർച്ചയായും അവ  നമ്മെ എത്തിക്കുന്നുണ്ട് .
" അങ്ങ് ദൂരെ കിണറ്റിൻ കരയുടെ മറപറ്റി കുരുത്തോല കൊണ്ട് തലപ്പാവുണ്ടാക്കി അതിൽ നിന്നും കുറച്ചു കുരുത്തോലകൾ മുഖത്തിന്റെ രണ്ടുവശത്തും തൂക്കിയിട്ട് , ചുവന്ന ചായമടിച്ച മുഖവും മഷിവാരി തേച്ച കണ്ണുകളുമായി വെള്ള മുണ്ടുടുത്ത് കയ്യിലൊരു വാളുമായി ആരോ ഒരാൾ നടന്നുവരുന്നു !മരംകോട് മുത്തപ്പൻ !"
നമ്മുടെ മുന്നിലും തെളിഞ്ഞുവരുന്ന കാഴ്ചയും രൂപവും തറവാട് കാത്തുപോരുന്ന ദേവിയും കുളവും ഉടനീളം ആദിമമായ കാലത്തിന്റെ ചൊൽക്കാഴ്ചകളിൽ ചെറിയൊരു പേടിയും വിസ്മയവും നിറയ്ക്കുന്നു!
മരങ്ങൾ കഥ പറയുമ്പോൾ ,അതിൽ പ്രകൃതിയും സസ്യജാലങ്ങളും വളർത്തുമൃഗങ്ങളും ഉള്ള കാലം ഒരു മനുഷ്യനും ഒറ്റയ്ക്കായി പോവുകയില്ല ! സീതമ്മയെ വായിക്കുമ്പോൾ നമുക്ക് അങ്ങനെയാണു അനുഭപ്പെടുന്നത് .
"പ്രണയം പാർക്കുന്ന മനസ്സുകൾ "   ,രാമകൃഷ്ണന്റെ പ്രഭാതങ്ങൾ ,ഒടുക്കം മടക്കം ,കാക്കയുടെ സഞ്ചാര രഹസ്യം തേടിപ്പോവുന്ന '" തെക്കോട്ടുപറക്കുന്ന പക്ഷികൾ"  മായാത്ത മഷിപ്പാടുകൾ , നിഗൂഢതകൾ ഒളിപ്പിച്ചിരിക്കുന്ന പ്യൂപ്പ , മരണത്തെ നിലാവ് പോലെ , ഇളം തെന്നൽ പോലെ നേർത്തുനേർത്ത് പോവുന്ന അനുഭവമാക്കിത്തീർക്കുന്ന " യാത്ര"കണ്ടുകണ്ടങ്ങിരിക്കും പോൽ മാഞ്ഞുപോകുന്ന നൈമിഷികത കാണിച്ചുതരുന്ന
"വഴിയോരക്കാഴ്ചകൾ " തിരക്കുകളുടെ ലോകത്തും ആത്മാവിൽ മുട്ടിവിളിക്കുന്ന പോലെ ചില പരിചിത മുഖങ്ങൾ ,സൗഹൃദങ്ങൾ ഇവയെ തേടിയുള്ള " ആത്മായനം ' ഇങ്ങനെ ഒരൊഴുക്കിൽ അജ്ഞാതമായൊരു ശക്തിക്കു പിന്നിലൂടെ ഓരോ കഥയും നമ്മെ കൈപിടിച്ചു നടത്തുന്നു! ഏകാന്തതയിലെ സഞ്ചാരങ്ങൾ ആണു ഈ കഥകൾ പലതും!

എഴുത്തിലെ ഭാവുകത്വവും കൈയ്യടക്കവും ഒതുക്കവും മികച്ച രചനയാക്കുന്നു! രശ്മിക്ക്  ഇനിയുമേറെ എഴുത്തിന്റെ ലോകത്ത് അറിയപ്പെടാനും നല്ല സൃഷ്ടികൾ നടത്തുവാനും കഴിയട്ടെ !
അഭിനന്ദനങ്ങൾ രശ്മി മൂത്തേടത്ത് .

സ്നേഹപൂർവ്വം
മായ ബാലകൃഷ്ണൻ !

Comments

Popular posts from this blog

വാഴക്കുല യ്ക്ക് 80 വയസ്സ്

കൃഷ്ണ കവിത

സൗഹൃദം ! സുകൃതം !!