ക്ഷേത്രം ,ഭക്തി ,ഭക്തൻ ! ആത്മീയ നവോദ്ധാരണം !


ക്ഷേത്രം ,ഭക്തി ,ഭക്തൻ !
ആത്മീയ നവോദ്ധാരണം !
****************

എന്റെ വിശ്വാസം ആരേയും ഹനിക്കുന്നതല്ലാ . ആരുടേയും മാനത്തിനു കണക്കു പറയുന്നതല്ലാ . അതെന്നെ ആത്മീയ ഉന്നതിയിലേക്ക് , എന്റെ ആത്മസത്തയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന അദ്ധ്യാത്മസാധനയാണു .
ഇത് ആത്മീയ നവോത്ഥാനത്തിന്റെ കാലമാണു .ഒരു മണ്ഡലം എന്നാൽ 41 ദിവസം ആണുള്ളത് .അദ്ധ്യാത്മിക സംസ്കൃതിയിൽ നിലകൊണ്ട്  മനുഷ്യ മനസ്സുകളെ നവീകരിച്ച് പുതുവെളിച്ചമേകുന്ന 41 ദിവസ്സം നീണ്ടുനിൽക്കുന്ന സാധനാനുഷ്ഠാനങ്ങളുടെ കഠിന പാതയിലൂടെ സഞ്ചരിച്ചാലേ അതിനു കഴിയൂ .
ഏതൊരു മതവും മനുഷ്യനന്മയേ ലക്ഷ്യം വയ്ക്കുന്നുള്ളൂ... ഏതൊരു മതത്തിനും തനതു സാധനാക്രമങ്ങളിലൂടെ അവനെ ഈശ്വരനിലേക്ക്  ഉയർത്തിക്കൊണ്ടു വരാനായി ഉദ്ദേശിച്ചുള്ളതാണ്  വ്രതം , നൊയ്മ്പ് എന്നിങ്ങനെ നമ്മൾ കേട്ടുപരിചയിച്ച വാക്കുകൾ .
കാലം മാറിയെന്നുകരുതി ഒരുത്തനും തനതു സംസ്കൃതിയെ / മൂല്യങ്ങളെ തള്ളി കെട്ടകാലത്തിന്റെ വക്താക്കൾ ആവേണ്ടതില്ലാ .
ക്ഷേത്രം , ഭക്തി ഭക്തൻ ഇവയെല്ലാം അദ്ധ്യാത്മ ജീവിതത്തിലെ ഒഴിവാക്കാനാവാത്ത  ഘടകങ്ങളാണു . സാധാരണക്കാരനെ ഈശ്വരീയ ഉന്നതിയിലേക്ക് എത്തിക്കുന്ന സാധനയുടെ ആദ്യ ചവിട്ടുപടികൾ മാത്രമാണിവ ! ഉപവസിക്കുക എന്നാൽ കൂടെ വസിക്കുക എന്നാണു . ഭഗവാനോട് കൂടെ അതായത് ആ ചിന്തകളിൽ, മന്ത്രങ്ങളിൽ മുഴുകി ഇരിക്കുന്നതാണു ഉപവാസം ! വയർ നിറഞ്ഞിരിക്കു ന്നവനു സാധിക്കുന്ന കാര്യമായിരിക്കില്ല . അമിത സന്തോഷം , അമിത ദുഃഖം എന്നിങ്ങനെ ഒന്നും മിതമല്ലാത്ത ഭാവത്തിൽ ആവരുത് . !

നാം ചോദിക്കുന്നതെന്തും എടുത്തു തരുന്നവനാണു ദൈവം, എന്നൊരു ധാരണയുണ്ട് പലർക്കും . എന്നാൽ ദൈവഹിതം നിറവേറ്റപ്പെടേണ്ടവർ ആണു നാം .  ഈശ്വരന്റെ നിലപാടുകളിലേക്ക് , ആ വഴിയേ ഈശ്വരൻ നമ്മെ കൂട്ടിക്കൊണ്ടു പോവുകയാണ് . അങ്ങനെ  ദൈവത്തോടു കൂടെ ഇരിക്കേണ്ടവർ ആണു നാം എന്നു പതിയെ മനസ്സിലാക്കിച്ചു തരുന്നതാണു വിശ്വാസത്തിന്റെ അത്യുന്നമായ നില . അത് പെട്ടെന്നൊരു ദിവസം കൊണ്ട് ആർജ്ജിക്കാൻ കഴിയുന്നതല്ലാ . നിരന്തരമായ സാധനാക്രമങ്ങളിലൂടെ സാധിച്ചെടുക്കേണ്ട അദ്ധ്യാത്മ വിചാരമാണത് .
മിതമായ ഭക്ഷണം മിതമായ ഉറക്കം മിതമായ സംസാരം എന്നിങ്ങനെ മിതത്വം നടത്തി പൂർണ്ണമായും മനസ്സ്  ഈശ്വരചിന്തകളാൽ നിറയുന്നതിനാണു ഉപവാസവും വ്രതങ്ങളും മറ്റും അനുഷ്ഠിക്കുന്നത് .അതിനു മനസ്സിന്റെ പിന്തുണ മാത്രം പോരാ ,ശരീരത്തിന്റെയും പിന്തുണ ഇതിനു സാധ്യമായിരിക്കണം !
മണ്ഡലവ്രതം പൂർത്തിയാക്കി തത്വമസീ ഭാവത്തിൽ എത്തിച്ചേർന്ന് ഇഹലോക ബന്ധം വിടുവിക്കുക ! തിരിച്ച് പുതിയൊരു മനുഷ്യനായി മലയിറങ്ങുക എന്ന പുതുവെളിച്ചത്തിന്റെ ആത്മീയ നവോത്ഥാനത്തിന്റെ പുണ്യമാസമാണു വൃശ്ചികത്തിൽ തുടങ്ങുന്നത് ! ആ നടയിൽ എത്തുന്നവർ സ്വാമിഭാവത്തിൽ എത്തിപ്പെടേണ്ടവർ ആണു . അവരുടെ സാധനകൾക്ക് , അവരുടെ വ്രതാനുഷ്ഠാനങ്ങൾക്ക് ഭംഗം വരുത്താതെ / ശല്യം ചെയ്യാതിരിക്കേണ്ടത് ഓരോരുത്തന്റേയും കടമയാണു . അന്യനെ ബഹുമാനിക്കുക , നോവിക്കാതിരിക്കുക ,എന്നതൊക്കെ സനാതനധർമ്മം വച്ചുപുലർത്തുന്ന ഈ നാടിന്റെ പവിത്രതയാണത് .

സ്ത്രീകളെ ഏറെ ആദരിക്കുകയും യജ്ഞ മണ്ഡപത്തിൽ പോലും യജ്ഞദീപം തെളിക്കുന്ന ആചാര്യനൊപ്പം പത്നിയ്ക്കും തുല്യത നൽകിക്കൊണ്ടാണു ഇരുവരും ഒരുമിച്ച് യാഗങ്ങളിൽ പങ്കുകൊള്ളുന്നത് . വേദങ്ങളും ഭാരതീയ സംസ്കാരവും സ്ത്രീയെ സമത്വവും സ്വാതന്ത്ര്യവും ഉള്ളവളായാണു കാണുന്നത് . 21 ആം നൂറ്റാണ്ടിലും മാതാ അമൃതാനന്ദമയിയും അതിനു മാതൃകയായി ക്ഷേത്ര പ്രതിഷ്ഠ തന്നെ നടത്തിയിട്ടുണ്ട് . ബ്രഹ്മചാരിണികളായ സ്ത്രീകളെകൊണ്ട് പൂജയും ഹോമാദികർമ്മങ്ങളും നടത്തിക്കാറുണ്ട് . ഇവിടെ കേരളം ഇരുട്ടിലല്ലാ . ഇവിടെ ഒരു സംസ്കാരശോഷണവും നടക്കുന്നില്ലാ . എന്നാൽ ശബരിമല ക്ഷേത്രം ഏതൊരു മലയാളിയുടേയും അഭിമാനസ്തംഭം ആയിട്ടുള്ള ആത്മീയ ദർശനത്തിന് ചൂണ്ടുപലക ആയിട്ടുള്ളയിടം അവിടെ സ്ത്രീകളിൽ യുവതികൾക്ക് പ്രവേശനം പാടില്ലാ എന്നുപറയുന്നത് ആ ക്ഷേത്രത്തിന്റെ മാത്രം സ്വത്വനിർമ്മിതിയിൽ അധിഷ്ഠിതമായ പ്രതിഷ്ഠയും വിശ്വാസവും ഉൾക്കൊണ്ടാണു . ക്ഷേത്രസംസ്കാരത്തിന്റെ ഭിന്നമുഖമാണു .

പലപ്പോഴും സ്ത്രീകളിൽ യുവതികൾക്ക് മണ്ഡലവ്രതത്തെ അതിന്റെ പൂർണ്ണ അർത്ഥത്തിൽ സാധ്യമാക്കാൻ അവളുടെ ശാരീരിക പ്രത്യേകതകൾ കൊണ്ട് കഴിയാറില്ലാ . പക്ഷേ സ്വന്തം കുടുംബത്തിലും , സമൂഹത്തിലും അന്യനെ ബഹുമാനിച്ചുകൊണ്ട് / ആരേയും ശല്യം ചെയ്യാതെ ,സ്വാമിഭാവത്തിൽ ഇരിക്കുന്നവരുടെ വ്രതാനുഷ്ഠാനങ്ങൾക്ക്  ഭംഗം വരുത്താതെ അതിൽ ഭാഗഭാക്കാകുവാൻ അവളിൽ കുടിയിരിക്കുന്ന സനാതന മൂല്യങ്ങൾക്ക് കഴിയാറുണ്ട് . ആരുടേയും വിശ്വാസങ്ങളെ വ്രണപ്പെടുത്താത്ത , സ്ത്രീയുടെ ഉയർന്ന സാംസ്കാരികമൂല്യവും വിശുദ്ധിയും അവളെ പൂർണ്ണ സ്ത്രീയാക്കുന്നു !
സ്ത്രീയാണു സൃഷ്ടി നടത്തുന്നവൾ ആണു , അവൾക്ക് അശുദ്ധിയോ എന്നു ചോദിക്കാറുണ്ടോ.... !!?   മരിച്ചുകിടക്കുന്നത് എന്റെ അച്ഛനാണു അച്ഛനെ ചിതയിൽ വച്ച് കത്തിക്കുകയോ ? മണ്ണിൽ അടക്കം ചെയ്യുകയോ?എന്ത് അസംബന്ധം? എന്നു ആരെങ്കിലും ചോദിക്കാറുണ്ടോ?  വികാരങ്ങൾക്ക് പ്രസക്തിയില്ലായിപ്പോവുന്ന സന്ദർഭങ്ങളുണ്ട് എന്ന് മനസ്സിലാക്കുക .

ശരീരത്തിനു ആവശ്യമില്ലാത്തതിനെയാണു ശരീരം വിസർജ്ജിക്കുന്നത് . അത് അഴുക്ക് തന്നെയാണു . എന്നുകരുതി അവൾ അഴുക്ക് എന്നല്ലാ . അവളുടെ ശാരീരികാരോഗ്യത്തിനു പിന്തുണ കൊടുക്കണം! സ്വസ്ഥവും ശാന്തവുമായ അന്തരീക്ഷം ഈ സമയം അവൾക്കുണ്ടാക്കി കൊടുക്കണം ! മെഡിക്കൽ ഷോപ്പിൽ പോയി മരുന്ന് വാങ്ങി കഴിച്ചാൽ മതിയല്ലോ എന്നു ചോദിക്കുന്നവരോട് , നിങ്ങൾ ആദ്യം പോയി നിങ്ങളുടെ ഭാര്യയോടോ അമ്മയോടോ പോയി  ചോദിച്ചാൽ അതിനുള്ള ഉത്തരം നന്നായി പറഞ്ഞുതരും !

അയ്യപ്പസ്വാമി മാളികപ്പുറം അമ്മയോട് പറഞ്ഞിരിക്കുന്ന കഥയും നമ്മൽക്കറിവുള്ളതാണല്ലോ... ഒരു കന്നി സ്വാമി പോലും ഇല്ലാത്ത കാലം വരെ   മാളികപ്പുറത്തമ്മയോട്‌ മുകളിലോട്ടു വരണ്ട എന്നല്ലേ നിർദ്ദേശിച്ചിരിക്കുന്നത്. ശബരിമലയിൽ കുടികൊള്ളുന്നത് താപസ്സനായ അയ്യപ്പനാണു . തപസ്സനുഷ്ഠിക്കാൻ അനുയോജ്യം ഏറ്റവും സ്വസ്ഥവും ശാന്തതയും അനുഭവപ്പെടുന്ന വനാന്തർഭാഗങ്ങളിൽ ആവുമല്ലോ . അതുകൊണ്ടാവും അധികമാരും എത്തിപ്പെടാത്ത മലയുടെ നെറുകിൽ തന്നെ പ്രതിഷ്ഠ നടത്തിയിരിക്കുന്നതും.  യുവതികളെ അകറ്റിനിറുത്താനാണു താപസ്സന്മാർ താല്പര്യപ്പെടുന്നത് . അങ്ങനെയുള്ള അയ്യപ്പ സന്നിധിയിൽ യുവതികൾ പ്രവേശിക്കണം എന്നുപറയുന്നതു ധാർഷ്ട്യമാണു . അതാത് നാടിനെ സംബന്ധിച്ച്  മിത്തും ഐതിഹ്യങ്ങളുമൊക്കെയായി ബന്ധപ്പെട്ടായിരിക്കും അതിന്റെ സംസ്കാരവും അധിഷ്ഠിതമായിരിക്കുന്നത് .
ഇനിയും ഈ മണ്ഡലവ്രതങ്ങളും പുണ്യമാസങ്ങളും കാലഹരണപ്പെട്ടു എന്ന് വരുത്തി തീർക്കാതെ ഏവരും ആത്മീയ നവോത്ഥാനത്തിനുള്ള അവസരമായി ഇതിനെ കാണണം !  ഒരു പരിധി വിട്ട് , അന്യന്റെ വിശ്വാസങ്ങളെ വ്രണിതപ്പെടുത്താൻ വരരുത് ആരും ! അത്തരം നിഗൂഢശ്രമങ്ങൾ നടത്തുന്നവർ ആരായാലും അകറ്റിനിറുത്തുക തന്നെ വേണം . അവന്റെ സ്വസ്ഥവും ശാന്തവുമായ വിശ്വാസങ്ങളിൽ കടന്നുകയറാൻ ശ്രമിച്ചാൽ ഒരുപക്ഷേ അവൻ മനുഷ്യനല്ലാതായി തീരാം !

നേതാക്കന്മാരുടെ വാക്കുകളല്ലാ ,വാദങ്ങളല്ലാ ! ഭൂരിപക്ഷം വരുന്ന വിശ്വാസികളുടെ വികാരം ഉൾക്കൊള്ളാൻ അവർ തയ്യാറവണം ! വിശ്വാസികൾ ഒന്നായിരിക്കും ! അവരെ കാകദൃഷ്ടിയോടെ രാഷ്ട്രീയ കളങ്കിതരാക്കരുത് !

പൊട്ടൻ ആട്ടം കാണും പോലെ വന്നുകയറുന്ന അന്യസംസ്ഥാന കടന്നുകയറ്റക്കാർ ഇതൊക്കെ അറിഞ്ഞിട്ട് ഇങ്ങോട്ട് എഴുന്നള്ളിയാൽ മതിയായിരുന്നു ! ടൂർ പോവും പോലെ കെട്ടുമുറുക്കി വരാനുള്ളതല്ലാ മലയാളിക്ക് ശബരിമല . ശരിയായ വ്രതവും നൊയമ്പും  എന്തെന്നറിഞ്ഞ് വരണം .ആചാരനുഷ്ഠാനങ്ങൾ പാലിക്കാനുള്ളതാണു . ഒരു അച്ചടക്കം ! അത് കുടുംബത്തിൽ ആയാലും നാട്ടിലായാലും പള്ളി ആയാലും അമ്പലങ്ങൾ ആയാലും ഉണ്ടാവും ! അത് പാലിക്കുന്നത് അവിടുത്തുകാരുടെ മര്യാദ ! ഏതൊരു മതത്തെയും ഉൾക്കൊള്ളുന്ന , ബഹുമാനിക്കുന്ന വിശാലമായ മാനവിക ഐക്യബോധം ഉൾക്കൊള്ളുന്ന സനാതനമൂല്യവും സാംസ്കാരവും ഉള്ള നാടാണിത് . കെട്ടകാലത്തിന്റെ മാറാലകൾ ഉയർത്തിക്കാട്ടി ആരുടെയും കണ്ണുകെട്ടേണ്ട കാര്യമില്ലാ .

ഇനിയും അവിശ്വാസികളേ , നമ്മൾ സമാന്തര രേഖകളിൽ സഞ്ചരിക്കുന്നവർ ആണു . അതൊരിക്കലും  കൂട്ടിമുട്ടാറില്ലാ എന്നറിയുക .

ഇതു വൃശ്ചികമാസം! മനസ്സിനെ ആത്മീയ നവോന്നതിയിലേക്ക് പാകപ്പെടുത്തേണ്ട പുണ്യസാധനയുടെ ദിനങ്ങളാണു . എല്ലാവർക്കും  പങ്കുകൊള്ളാം! ഒരുങ്ങിക്കൊള്ളുക !

സ്നേഹപൂർവം സ്നേഹിത
മായ ബാലകൃഷ്ണൻ

Comments

Popular posts from this blog

വാഴക്കുല യ്ക്ക് 80 വയസ്സ്

കൃഷ്ണ കവിത

സൗഹൃദം ! സുകൃതം !!